കോണര്‍ മര്‍ഫിയുടെ മരണത്തില്‍ ദുരൂഹത: തായ്‌ലന്റിലെ വില്ലയില്‍ പെയിന്റും സിറിഞ്ചുകളും; പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

JULY 8, 2026, 9:51 PM

ബാങ്കോക്ക്: ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും ദശലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്ത അമേരിക്കന്‍ ബോഡിബില്‍ഡറും ലുക്സ്മാക്‌സിംഗ് (Looksmaxxing) ഇന്‍ഫ്‌ലുവന്‍സറുമായ കോണര്‍ മൈക്കിള്‍ മര്‍ഫി (32) തായ്ലന്‍ഡില്‍ തടാകത്തില്‍ മുങ്ങി മരിച്ചു. ബാങ്കോക്കിന് സമീപമുള്ള ഒരു ലക്ഷ്വറി റെസിഡന്‍ഷ്യല്‍ വില്ലേജിലാണ് സംഭവം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ടാക്‌സിയില്‍ വില്ലേജിലെത്തിയ കോണര്‍ ഡ്രൈവര്‍ക്ക് വലിയ തുക പണമായി നല്‍കാന്‍ ശ്രമിച്ചെങ്കിലും അസ്വാഭാവികമായ പെരുമാറ്റം കണ്ട് ഡ്രൈവര്‍ പണം വാങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വഴിയേ പോയ മറ്റൊരു വാഹനത്തില്‍ കയറാന്‍ ശ്രമിച്ച ഇയാളെ വില്ലേജിലെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. ഇതില്‍ പ്രകോപിതനായ കോണര്‍ നിലത്തുരുണ്ട് ഉറക്കെ അലറിവിളിക്കുകയും പ്രാര്‍ത്ഥിക്കുന്ന രീതിയില്‍ കൈകള്‍ ഉയര്‍ത്തുകയും ചെയ്തു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ സമീപത്തുള്ള തടാകത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മുപ്പത് അടിയോളം ആഴമുള്ള തടാകത്തില്‍ കുറച്ചുനേരം നീന്തിയെങ്കിലും പിന്നീട് ക്ഷീണിതനായി വെള്ളത്തില്‍ താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ അരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

കോണറും കാമുകിയും വാടകയ്ക്ക് താമസിച്ചിരുന്ന ആഡംബര വില്ല പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കാഴ്ചകളാണ് കാണാന്‍ കഴിഞ്ഞത്. വീടിന്റെ മതിലുകളിലും ഫര്‍ണിച്ചറുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും കറുപ്പും മഞ്ഞയും നിറത്തിലുള്ള പെയിന്റുകള്‍ ഒഴിച്ച നിലയിലായിരുന്നു. കൂടാതെ മര്‍ഫിയുടെ വാഹനത്തില്‍ നിന്ന് ഉപയോഗിക്കാത്ത രണ്ട് സിറിഞ്ചുകളും തിരിച്ചറിയാത്ത ചില വെളുത്ത ഗുളികകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ മര്‍ഫി മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും സംഭവ ദിവസത്തെ പെരുമാറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും ഇയാളുടെ ഇരുപത്തിരണ്ടുകാരിയായ കാമുകി മൊഴി നല്‍കിയിട്ടുണ്ട്.

ഫിറ്റ്നസ് ലോകത്തെ പ്രമുഖന്‍

ടെക്‌സസിലെ ഓസ്റ്റിനില്‍ ജനിച്ച കോണര്‍ മര്‍ഫി, ഫിറ്റ്‌നസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോകളിലൂടെയും പ്രാങ്ക് വീഡിയോകളിലൂടെയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായത്. വ്യായാമം, ഭക്ഷണക്രമം, ഗ്രൂമിംഗ് എന്നിവയിലൂടെ സ്വന്തം ബാഹ്യരൂപം മികച്ചതാക്കാന്‍ ശ്രമിക്കുന്ന ലുക്സ്മാക്‌സിംഗ് കൂട്ടായ്മയിലെ പ്രമുഖ വ്യക്തിത്വമായിരുന്നു ഇയാള്‍. യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ഇരുപത്തേഴ് ലക്ഷത്തിലധികം ആരാധകരാണ് ഇയാള്‍ക്കുണ്ടായിരുന്നത്.

അന്വേഷണം പുരോഗമിക്കുന്നു

മൃതദേഹത്തില്‍ ബാഹ്യമായ ആക്രമണങ്ങളുടെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫോറന്‍സിക്, വിഷാംശ പരിശോധന ഫലങ്ങള്‍ പുറത്തുവന്നതിനു ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. തായ്‌ലാന്റിലെ യു.എസ് എംബസിയെയും സംഭവം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam