ഇറാനെതിരെ പ്രത്യാക്രമണം കടുപ്പിച്ച് അമേരിക്ക: വന്‍ പടയൊരുക്കത്തിന് ട്രംപ്; ആഗോള വിപണിയില്‍ എണ്ണ വില കത്തുന്നു

JULY 24, 2026, 11:03 AM

ജെറുസലേം: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം അതിതീവ്ര തലങ്ങളിലേക്ക് വഴിമാറുന്നു. അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയെയും ഊര്‍ജ്ജ വിപണിയെയും സമ്മര്‍ദ്ദത്തിലാക്കി ഇറാന്‍ മേഖലയില്‍ പുതിയ പോര്‍മുഖങ്ങള്‍ തുറന്നതോടെ, ഇറാന് നേരെ യു.എസ് വീണ്ടും ശക്തമായ ആക്രമണം നടത്തി. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ഇതുവരെ കാണാത്ത തരത്തിലുള്ള വളരെ വലിയ സൈനിക ആക്രമണം നടത്താന്‍ ആലോചിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

അമേരിക്കയുടെ തുടര്‍ച്ചയായ 13-ാം രാത്രിയിലെ സൈനിക ആക്രമണങ്ങള്‍ക്കും ട്രംപിന്റെ പുതിയ ഭീഷണികള്‍ക്കും ഇടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും കുതിച്ചുയരുകയാണ്.

സംഘര്‍ഷം ചെങ്കടലിലേക്കും

ലോകവ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം ഇറാന്റെ ആക്രമണങ്ങളെ തുടര്‍ന്ന് ഏതാണ്ട് പൂര്‍ണ്ണമായി തടസ്സപ്പെട്ട നിലയിലാണ്. ഇതിന് പുറമേ, ചെങ്കടലിനെയും ഏഷ്യന്‍-യൂറോപ്യന്‍ വ്യാപാര പാതയെയും ബന്ധിപ്പിക്കുന്ന ബാബ് അല്‍ മന്ദേബ് കടലിടുക്കിലേക്കും ഇറാന്‍ സംഘര്‍ഷം വ്യാപിപ്പിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരാണ് ഈ പ്രദേശത്ത് ആക്രമണം ശക്തമാക്കിയത്.

സൗദി അറേബ്യയ്ക്ക് നേരെ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ചെങ്കടലില്‍ രണ്ട് സൗദി ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഇറാന് നേരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഹൂതികള്‍ ഇറാന്റെ നിഴല്‍ സൈന്യമായി പ്രവര്‍ത്തിക്കുകയാണെന്നും, ഇനി ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇറാന് ആയിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ കപ്പലുകള്‍ക്കും ചരക്കുകള്‍ക്കും ഉണ്ടാകുന്ന നഷ്ടം നികത്താന്‍ യു.എസ് പിടിച്ചെടുത്ത ഇറാന്റെ സ്വത്തുക്കള്‍ ഉപയോഗിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതിഷേധമറിയിച്ചു.

കുതിച്ചുയരുന്ന് എണ്ണ വില

പോരാട്ടം രൂക്ഷമായതോടെ ആഗോള ഇന്ധന വിതരണം തടസ്സപ്പെടുമെന്ന ഭീതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയര്‍ന്നു. പിന്നീട് വില 97 ഡോളര്‍ നിരക്കിലേക്ക് നേരിയ തോതില്‍ താഴേക്ക് വന്നെങ്കിലും വിപണിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല.

അതേസമയം മേഖലയില്‍ ദിവസേനയുണ്ടാകുന്ന സംഘര്‍ഷ വര്‍ദ്ധനവിലും നയതന്ത്ര പുരോഗതിയില്ലാത്തതിലും അറബ് രാജ്യങ്ങള്‍ അമര്‍ഷത്തിലാണ്. കാര്യങ്ങള്‍ ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തതയില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറുകയാണെന്നും മുതിര്‍ന്ന അറബ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

അതേസമയം ഇറാന്റെ കമാന്‍ഡ് സെന്ററുകള്‍, ഡ്രോണ്‍ സംഭരണ ശാലകള്‍, വാര്‍ത്താവിനിമയ ശൃംഖലകള്‍, തീരദേശ നിരീക്ഷണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാന് നേരെ ശക്തമായ ആക്രമണം തുടരുകയാണ്. അഹ്വാസ് മേഖലയിലുണ്ടായ യു.എസ് ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ അറിയിച്ചു.

മറുപടിയായി കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും അവകാശപ്പെട്ടു. ഇറാഖിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് സമീപവും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ മങ്ങിയ നിലയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam