ദുബായ്: ദുബായില്‍ കളഞ്ഞു കിട്ടുന്ന വസ്തുക്കള്‍ പൊലീസില്‍ ഏല്‍പിച്ചാല്‍ അരലക്ഷം ദിര്‍ഹം വരെ സമ്മാനം ലഭിക്കും. പുതിയ ലോസ്റ്റ് ആന്റ് ഫൗണ്ട് നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നിയമം അനുസരിച്ച് വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം വരെ പ്രതിഫലം ലഭിക്കും. ഇത് പരമാവധി 50000 ദിര്‍ഹം ആയിരിക്കും.
നിയമത്തില്‍ വസ്തുക്കളെ നഷ്ടപ്പെട്ടത്, ഉപേക്ഷിച്ചത് എന്നിങ്ങനെ പ്രത്യേകം തരംതിരിച്ചിട്ടുണ്ട്. മൂല്യവും ഉടമസ്ഥാവകാശമുള്ളതുമായ ബോധപൂര്‍വം ഉപേക്ഷിച്ചതല്ലാത്ത പണമോ മറ്റ് വസ്തുക്കളെയോ ആണ് നഷ്ടപ്പെട്ട ഗണത്തില്‍ ഉള്‍പെടുത്തുന്നത്. മനപൂര്‍വം ഉപേക്ഷിച്ച ഇത്തരം വസ്തുക്കള്‍ ഉപേക്ഷിച്ചത് എന്ന ഗണത്തിലും ഉള്‍പ്പെടും. അതേസമയം അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഈ വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വസ്തുക്കള്‍ ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ ദുബായ് പൊലീസിന്റെ ഇലക്ട്രോണിക് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം 48 മണിക്കൂറിനുള്ളില്‍ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനില്‍ വസ്തു ഏല്‍പിക്കണം. കളഞ്ഞുകിട്ടുന്നവര്‍ വസ്തു ഉപയോഗിക്കുകയും സ്വന്തമാണെന്ന് അവകാശപ്പെടുകയും ചെയ്യരുത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉടമസ്ഥന്‍ അവകാശവാദം ഉന്നയിച്ച് എത്തിയില്ലെങ്കില്‍ കണ്ടെത്തിയയാള്‍ക്ക് പൊലീസ് നിബന്ധനകള്‍ക്ക് വിധേയമായി വസ്തു സ്വന്തമാക്കാന്‍ അപേക്ഷിക്കാം. ഒരു വര്‍ഷത്തിന് ശേഷം ഉടമസ്ഥന്‍ എത്തിയാല്‍ വസ്തു നല്‍കുകയും ചെയ്യണം. ഇവ ലംഘിച്ചാല്‍ ക്രിമിനല്‍ വസ്തു കണ്ടെത്തിയ ആള്‍ നിയമനടപടി നേരിടേണ്ടി വരും. നിയമലംഘകര്‍ക്ക് 2 ലക്ഷം ദിര്‍ഹം വരെയാണ് പിഴ.
നഷ്ടപ്പെട്ട വസ്തു അവകാശി എത്താതെ വിറ്റുപോയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉടമസ്ഥന് അതിന്റ മൂല്യം അവകാശപ്പെടാം. ഒന്നിലധികം ആളുകള്‍ ഉടമസ്ഥാവകാശവുമായി വന്നാല്‍ അന്തിമവിധിയിലൂടെ സ്ഥിരീകരിച്ച വ്യക്തിക്ക് വസ്തുവോ അതിന്റെ മൂല്യമോ നല്‍കും. നഷ്ടപ്പെട്ട വസ്തുവിന്റെ മൂല്യം വീണ്ടെടുക്കുന്നതിന് പരസ്യപ്പെടുത്തുന്നതിനുണ്ടായ ചെലവുകള്‍ ഉടമയാണ് വഹിക്കേണ്ടത്. 2015 ലോസ്റ്റ് ആന്റ് ഫൗണ്ട് നിയമത്തെ ഭേദഗതി ചെയ്താണ് പുതിയ നിയമം നിലവില്‍ വന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
