കൊളംബോ: ശ്രീലങ്കയില്‍ നിന്നും ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറക്കുകയായിരുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് യാത്രാമധ്യേ മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 207 യാത്രക്കാരും 16 ജീവനക്കാരും ഉള്‍പ്പെടെ 223 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ശ്രീലങ്കന്‍ പ്രാദേശിക മാധ്യമമായ ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് പ്രകാരം, വിമാനത്തിന് മിന്നലേറ്റ ഉടന്‍ തന്നെ വലിയൊരു ശബ്ദം കേള്‍ക്കുകയും ഒരു എന്‍ജിനില്‍ നിന്ന് തീപ്പൊരികള്‍ ഉയരുകയും ചെയ്തു. എന്നാല്‍ പൈലറ്റുമാരുടെയും വിമാന ജീവനക്കാരുടെയും കൃത്യമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു. വിമാനം പറന്നുയരുന്ന സമയത്തും പിന്നീട് അടിയന്തരമായി തിരിച്ചിറക്കുന്നതിനിടയിലും എന്‍ജിനില്‍ നിന്ന് തീപ്പൊരികള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ഡെയ്ലി മിറര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മിന്നലേറ്റതിനെ തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന് നേരിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പൈലറ്റുമാര്‍ പിന്നീട് യാത്രക്കാരെ ഔദ്യോഗികമായി അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് സിഡ്നിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വിമാനം എത്രയും വേഗം കൊളംബോയിലെ ഭണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിട്ടത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പകരമുള്ള യാത്രാ സൗകര്യങ്ങള്‍ എയര്‍ലൈന്‍ അധികൃതര്‍ പിന്നീട് ഒരുക്കി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
