സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 45 ഓളം ഇന്ത്യൻ തീർഥാടകർ മരിച്ചതായി സംശയം. മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം ഏകദേശം 1.30 ഓടെയാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിച്ചതിന് പിന്നാലെ ബസ് പൂർണമായും കത്തി നശിക്കുകയായിരുന്നു. ബസിൽ 46 യാത്രക്കാരുണ്ടായിരുന്നതായും ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപകടത്തിൽ മരിച്ചവരിൽ അധികവും തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ളവരാണെന്നാണ് വിവരം. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അപകടസമയത്ത് ബസിലെ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. ജെദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുകയും സഹായത്തിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിടുകയും ചെയ്തു. ടോൾ ഫ്രീ നമ്പർ: 8002440003 ആണ്. കൂടാതെ, 0122614093, 0126614276, 0556122301 (വാട്ട്‌സ്ആപ്പ്) എന്നീ നമ്പറുകളിലും സഹായം തേടാവുന്നതാണ്.
ദുരന്തത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. റിയാദിലെ എംബസിയും ജെദ്ദയിലെ കോൺസുലേറ്റും ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ തിരിച്ചെത്തിക്കുന്നതിനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും വിദേശകാര്യ മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. തെലങ്കാനയിൽ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും സൗദി എംബസിയുമായി ചേർന്ന് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തെലങ്കാന സെക്രട്ടേറിയറ്റിലും ഒരു കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
