മോസ്കോ : റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മരണം വിഷം നൽകിയാണെന്ന് ആരോപിച്ചു അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ. വിഷതവളകളുടെ തൊലിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന മാരകമായ വിഷമാണ് നവൽനിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് ലബോറട്ടറി പരിശോധനകളിൽ തെളിഞ്ഞതായി ഈ രാജ്യങ്ങൾ വ്യക്തമാക്കി.
യുകെ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളാണ് ശനിയാഴ്ച ഈ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ടു വർഷം മുമ്പ് ജയിലിൽ മരിച്ച നവൽനിയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് എപ്പിബറ്റൈഡിൻ (epibatidine) എന്ന വിഷാംശം കണ്ടെത്തിയതായി ഇവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. തെക്കേ അമേരിക്കയിലെ വിഷതവളകളിൽ കാണപ്പെടുന്ന ഈ വിഷം റഷ്യയിൽ സ്വാഭാവികമായി ലഭ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
റഷ്യ നവൽനിയെ ഒരു ഭീഷണിയായാണ് കണ്ടിരുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇുവെറ്റ് കൂപ്പർ പ്രതികരിച്ചു. ഇത്തരമൊരു വിഷം ഉപയോഗിച്ചതിലൂടെ, റഷ്യൻ ഭരണകൂടം തങ്ങളുടെ കൈവശമുള്ള ക്രൂരമായ മാർഗ്ഗങ്ങളും രാഷ്ട്രീയ എതിരാളികളോടുള്ള കടുത്ത ഭയവുമാണ് പ്രകടിപ്പിച്ചതെന്ന് അവർ പറഞ്ഞു.
പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഏറ്റവും കടുത്ത എതിരാളിയായിരുന്ന നവൽനി, ഔദ്യോഗിക അഴിമതികൾക്കെതിരെ പോരാടുകയും വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. 19 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികെ, 2024 ഫെബ്രുവരിയിൽ ആർട്ടിക് പെനൽ കോളനിയിൽ വെച്ചാണ് നവൽനി കൊല്ലപ്പെടുന്നത്.
തന്റെ ഭർത്താവ് മരിക്കുന്നതിന് തൊട്ടുമുമ്പ് വിഷബാധയേറ്റതായി രണ്ട് സ്വതന്ത്ര ലബോറട്ടറികൾ കണ്ടെത്തിയതായി നവൽനിയുടെ ഭാര്യ യൂലിയ നവൽനയ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. നവൽനിയുടെ മരണത്തിന് കാരണം പുടിനാണെന്ന് അവർ ആവർത്തിച്ച് ആരോപിച്ചിരുന്നുവെങ്കിലും, റഷ്യൻ അധികൃതർ ഈ ആരോപണം ശക്തമായി നിഷേധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
