ബോബ് ഡിലന്‍ വാത്തിക്കാനില്‍; ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി, വിശുദ്ധ ജപമാല സമ്മാനിച്ച് മാര്‍പാപ്പ

NOVEMBER 4, 2026, 8:30 PM

വാത്തിക്കന്‍ സിറ്റി: പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞനും നോബല്‍ സമ്മാന ജേതാവുമായ ബോബ് ഡിലന്‍ വാത്തിക്കാനിലെത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഇറ്റലിയിലെ സംഗീത പര്യടനത്തിന്റെ ഭാഗമായുള്ള ഇടവേളയിലാണ് ഡിലന്‍ മാര്‍പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത്. ആത്മീയവും സാംസ്‌കാരികവുമായ മാനങ്ങള്‍ നിറഞ്ഞതായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ബോബ് ഡിലന് ഒരു ജപമാല സമ്മാനമായി നല്‍കിയപ്പോള്‍, തന്റെ പ്രശസ്തമായ ആത്മകഥ 'ക്രോണിക്കിള്‍സ്: വോളിയം വണ്‍' ഡിലന്‍ മാര്‍പാപ്പയ്ക്ക് കൈമാറി. ആഗോള ആയുധ മത്സരത്തിനും ആണവായുധ ഭീഷണിക്കുമെതിരെ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് 2026-ല്‍ പുറത്തിറക്കിയ 'ഡിസാര്‍മഡ് ആന്‍ഡ് ഡിസാര്‍മിംഗ്: പീസ് ഈസ് എ ഗിഫ്റ്റ്' എന്ന പുസ്തകത്തില്‍ മാര്‍പാപ്പ ഡിലന്റെ വരികള്‍ ഉദ്ധരിച്ചിരുന്നു. 1963-ല്‍ ബോബ് ഡിലന്‍ എഴുതിയതും ഇതുവരെ ഔദ്യോഗികമായി പുറത്തിറങ്ങാത്തതുമായ 'ഗോ എവേ യു ബോംബ്' എന്ന പ്രക്ഷോഭ ഗാനത്തിലെ 'മനുഷ്യന്‍ നിര്‍മ്മിച്ചതും, മനുഷ്യന്റെ ഉടമസ്ഥതയിലുള്ളതും, മനുഷ്യന്‍ കൈകാര്യം ചെയ്യുന്നതുമായ ഒന്നായതുകൊണ്ടാണ് എനിക്ക് നിന്നോട് ഇത്ര വെറുപ്പ്' എന്ന വരികളാണ് മാര്‍പാപ്പ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.വാത്തിക്കന്‍ സാംസ്‌കാരിക മന്ത്രാലയം ഉദ്യോഗസ്ഥന്‍ ഫാദര്‍ അന്റോണിയോ സ്പദാരോ, എല്‍ ഒസ്സെര്‍വറ്റോറെ റൊമാനോ പത്രത്തിന്റെ എഡിറ്റര്‍ ആന്ദ്രിയ മോണ്ട എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

1955-ല്‍ ഷിക്കാഗോയില്‍ ജനിച്ച ലിയോ മാര്‍പാപ്പ, ചെറുപ്പം മുതലേ ബോബ് ഡിലന്റെ സംഗീതത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണെന്ന് ഫാദര്‍ സ്പദാരോ നിരീക്ഷിച്ചു. കൂടാതെ, മാര്‍പാപ്പയുടെ സന്യാസ സമൂഹത്തിന് പ്രചോദനമായ വിശുദ്ധ അഗസ്റ്റിനെക്കുറിച്ച് ഡിലനും ആഴത്തിലുള്ള അറിവുണ്ട്. 1967 ല്‍ പുറത്തിറങ്ങിയ ജോണ്‍ വെസ്ലി ഹാര്‍ഡിംഗ് എന്ന ആല്‍ബത്തില്‍ 'ഐ ഡ്രീംഡ് ഐ സോ സെന്റ് അഗസ്റ്റിന്‍' എന്ന ഗാനം ഡിലന്‍ രചിച്ചിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് ഡിലന്‍ ഒരു മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. മുന്‍പ് 1997-ല്‍ ഇറ്റലിയിലെ ബൊലോഗ്‌നയില്‍ നടന്ന യൂക്കരിസ്റ്റിക് കോണ്‍ഗ്രസില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് മുന്‍പില്‍ അദ്ദേഹം ഗാനം ആലപിച്ചിരുന്നു. തന്റെ മതവിശ്വാസങ്ങളെക്കുറിച്ച് സമീപകാലത്തായി കൂടുതല്‍ തുറന്നു പറയാന്‍ ആഗ്രഹിക്കാത്ത ഡിലന്‍, താന്‍ ദിവസവും പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും വേദഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് 2022 ലെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇറ്റലിയിലെ സംഗീത കച്ചേരിക്ക് തൊട്ടുമുമ്പ് തന്റെ പ്രശസ്തമായ ട്രൈയിന്‍ ടു ഗെറ്റ് ടു ഹെവന്‍ എന്ന ഗാനവും അദ്ദേഹം ആലപിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam