ഇറാനിൽ നടന്ന വ്യോമാക്രമണങ്ങൾക്ക് പിന്നാലെ നിരവധി രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധി ആണ് രൂപപ്പെട്ടിരിക്കുന്നത്. വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയിരിക്കുന്നത്.
ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം നടത്തിയതിനെ തുടർന്ന് ഇറാനും പ്രദേശത്തെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചടികൾ നടത്തി. ഇതോടെ മധ്യപൂർവ്വേഷ്യയിലെ പല രാജ്യങ്ങളുടെയും വ്യോമപാതകൾ അടുത്ത അറിയിപ്പുവരെ അടച്ചിരിക്കുകയാണ്.
മധ്യപൂർവ്വേഷ്യയിലെ പ്രധാന കേന്ദ്രങ്ങളായ ദുബായ്, ദോഹ, അബൂദാബി വിമാനത്താവളങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ബന്ധിപ്പിക്കുന്ന പ്രധാന ഇടനില കേന്ദ്രങ്ങളായ ഇവിടങ്ങളിൽ ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരാണ് സഞ്ചരിക്കുന്നത്. വിമാന വിശകലന സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം, ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾ ആയ എമിറേറ്റ്സ്, ഖത്തർ എയർവൈസ്, എത്തിഹാദ് എയർവൈസ് എന്നിവർ ചേർന്ന് ദിവസേന ഏകദേശം 90,000 ഇടനില യാത്രക്കാരെ കൊണ്ടുപോകുന്നുണ്ട്.
അമേരിക്കയിലേക്ക് മടങ്ങാൻ ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ജൈവീർ ചീമ എന്ന യാത്രക്കാരൻ പറയുന്നത് അനിസരിച്ചു, ഭക്ഷണമൊന്നും നൽകാതെ അഞ്ച് മണിക്കൂർ വിമാനത്തിനുള്ളിൽ ഇരുത്തിയശേഷമാണ് യാത്രക്കാരെ ഇറക്കിയതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്കേറിയ ടെർമിനലിലേക്ക് എല്ലാവരെയും മാറ്റി.
“അടുത്ത പല മണിക്കൂറുകളും പൂർണ്ണമായും ആശയക്കുഴപ്പമായിരുന്നു. സുരക്ഷാ ജീവനക്കാരോടും കമ്പനി ജീവനക്കാരോടും സംസാരിച്ചപ്പോൾ ഓരോരുത്തരും വ്യത്യസ്ത മറുപടികളാണ് നൽകിയതെന്ന്” അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിൽ നീണ്ട നിരകളിൽ മണിക്കൂറുകളോളം കാത്തുനിന്നശേഷം ഹോട്ടൽ സൗകര്യത്തിനുള്ള കൂപ്പൺ ലഭിച്ചെങ്കിലും, താമസ സൗകര്യം ലഭിക്കാൻ ഏറെ വൈകിയതായി അദ്ദേഹം പറഞ്ഞു. രാത്രി പന്ത്രണ്ടിനു ശേഷവും മുറി ലഭിക്കാതെ കാത്തിരിക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.
ലെബനനിലെ ബേറുട് ഹരിരി ഇന്റർനാഷണൽ എയർപോർട്ടിലും നിരവധി യാത്രക്കാർ കുടുങ്ങിയിരിക്കുകയാണ്. ജർമ്മനിയിലെ ലുഫ്ത്താനസ ഗ്രൂപ്പ് മാർച്ച് 7 വരെ ബെയ്റൂത്ത്, ടെൽ അവീവ്, അമ്മാൻ, എർബിൽ, ടെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു. ഇസ്രയേൽ, ലെബനൻ, ജോർദാൻ, ഇറാഖ്, ഖത്തർ, ഇറാൻ എന്നിവയുടെ വ്യോമപാതകളും ഉപയോഗിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ ദുബായ്, അബൂദാബി, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
നേപ്പാളിലെ ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വ്യോമപാത നിയന്ത്രണങ്ങൾ കാരണം അന്താരാഷ്ട്ര സർവീസുകൾ വൈകുകയോ പുനഃക്രമീകരിക്കപ്പെടുകയോ റദ്ദാകുകയോ ചെയ്യാമെന്ന് അറിയിച്ചു. പ്രധാന വിമാനക്കമ്പനികളായ ഖത്തർ എയർവേയ്‌സ്, ടർക്കിഷ് എയർലൈൻസ് എന്നിവയുമായി ബന്ധപ്പെടാനും യാത്രക്കാരോട് നിർദേശിച്ചു.
ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലും വ്യോമപാത അടച്ചതിനെ തുടർന്ന് സർവീസുകൾ തടസ്സപ്പെട്ടു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനം എന്ന് അധികൃതർ അറിയിച്ചു.
ഇംഗ്ലണ്ടിലെ ലണ്ടൻ ഗാട്വിക്ക് എയർപോർട്ടിലും മധ്യപൂർവ്വേഷ്യയിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കി. ഖത്തർ എയർവേയ്‌സിന്റെയും എമിറേറ്റ്സിന്റെയും സർവീസുകളിൽ തടസ്സം പ്രതീക്ഷിക്കാമെന്ന് വിമാനത്താവള വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രദേശത്ത് വിമാനത്താവളങ്ങൾ ഉടൻ പ്രവർത്തനം പുനരാരംഭിക്കാനാകാത്ത പക്ഷം, ലോകമെമ്പാടുമുള്ള യാത്രാ സംവിധാനത്തിൽ വലിയ പ്രതിസന്ധി രൂപപ്പെടാനാണ് സാധ്യത. നിരവധി യാത്രക്കാരാണ് ഇപ്പോഴും അനിശ്ചിതത്വത്തിൽ കഴിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
