ടെല്‍ അവീവ്: ഇസ്രയേലിന്റെ ദോഹ ആക്രമണത്തെ 'സെപ്റ്റംബര്‍ 11' ഭീകരാക്രമണവുമായി താരതമ്യപ്പെടുത്തി ന്യായീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2023 ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ആക്രമണം ഇസ്രയേലിനെ സംബന്ധിച്ച് '9/11' നിമിഷമാണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
അമേരിക്കയുടെ ചരിത്രത്തിലെ ഇരുണ്ട ദിനമായ 2001 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 9/11നു മറുപടിയായി യുഎസ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചോ അതുതന്നെയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. അന്ന് ഭീകരസംഘടനയായ അല്‍ഖായിദയ്‌ക്കെതിരേ യുഎസ് നടത്തിയ പോരാട്ടത്തെയും നെതന്യാഹു അനുസ്മരിച്ചു.
''സെപ്റ്റംബര്‍ 11-നുശേഷം യുഎസ് എന്താണ് ചെയ്തത്. ആ നിന്ദ്യമായ പ്രവൃത്തിചെയ്ത ഭീകരരെ അവര്‍ എവിടെയായിരുന്നാലും വേട്ടയാടിവീഴ്ത്തുമെന്ന് പ്രതിജ്ഞചെയ്തു. ഒരു രാജ്യവും ഭീകരര്‍ക്ക് അഭയം നല്‍കരുതെന്നുപറഞ്ഞ് യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം പാസാക്കി. അല്‍ഖായിദ ഭീകരരെത്തേടി അഫ്ഗാനിസ്താനിലിറങ്ങി. ഒസാമ ബിന്‍ലാദനെ പാകിസ്താനില്‍ച്ചെന്ന് വധിച്ചു. ഇതുതന്നെയാണ് ഇസ്രയേലും കഴിഞ്ഞദിവസം ചെയ്തത്.'' -നെതന്യാഹു പറഞ്ഞു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച ലോകരാജ്യങ്ങള്‍ സ്വന്തം പ്രവൃത്തിയോര്‍ത്ത് ലജ്ജിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഹമാസുകാര്‍ക്ക് സഹായധനവും അഭയവും ആഡംബരജീവിതവുമൊരുക്കുന്നെന്നു പറഞ്ഞ് ഖത്തറിനെ കുറ്റപ്പെടുത്തി. ഭീകരര്‍ക്ക് താവളമൊരുക്കുന്ന ഖത്തറിനോടും മറ്റു രാജ്യങ്ങളോടും തനിക്ക് പറയാനുള്ളത്, ഒന്നുകില്‍ നിങ്ങള്‍ അവരെ പുറത്താക്കണം, അല്ലെങ്കില്‍ നിമയത്തിനു വിട്ടുകൊടുക്കണം. നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ തങ്ങള്‍ ചെയ്യുമെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
