കുവൈത്ത് സിറ്റി: ഒരു വർഷത്തോളം നീണ്ടുനിന്ന താൽക്കാലിക വിലക്കിന് ശേഷം കുവൈത്തിലെ ബാങ്കുകൾ തങ്ങളുടെ സേവിങ്സ് അക്കൗണ്ടുകൾക്കും പ്രൊമോഷണൽ ഉൽപ്പന്നങ്ങൾക്കുമുള്ള സമ്മാന നറുക്കെടുപ്പുകൾ പുനരാരംഭിക്കുന്നു. ആകെ 18.2 ദശലക്ഷം (1.82 കോടി) കുവൈത്തി ദിനാറാണ് വിവിധ ബാങ്കുകൾ വഴി സമ്മാനത്തുകയായി വിതരണം ചെയ്യപ്പെടാൻ പോകുന്നത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ (CBK) പുതിയതും കർശനവുമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ഇനി നറുക്കെടുപ്പുകൾ നടക്കുക.
സമ്മാന വിതരണത്തിൽ കൂടുതൽ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളാണ് സെൻട്രൽ ബാങ്ക് കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം, ഒരിക്കൽ സമ്മാനം ലഭിച്ചവർക്ക് നിശ്ചിത കാലയളവിൽ അതേ ബാങ്കിൽ നിന്ന് വീണ്ടും സമ്മാനം ലഭിക്കില്ല.
50,000 ദിനാറിൽ താഴെ സമ്മാനം ലഭിക്കുന്നവർക്ക് അടുത്ത 90 പ്രവൃത്തി ദിവസത്തേക്കും (ഏകദേശം നാല് മാസം), 50,000 ദിനാറിന് മുകളിൽ സമ്മാനം ലഭിക്കുന്നവർക്ക് അടുത്ത 12 മാസത്തേക്കും നറുക്കെടുപ്പിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. 10 ലക്ഷം മുതൽ 20 ലക്ഷം ദിനാർ വരെയുള്ള വൻകിട സമ്മാനങ്ങൾ നേടുന്നവർക്കും ഈ വിലക്ക് ബാധകമായിരിക്കും.
നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള കുറഞ്ഞ ബാലൻസ് തുക 200 ദിനാറായി നിശ്ചയിച്ചിട്ടുണ്ട്. ഓരോ 50 ദിനാറിനും ഒരു കൂപ്പൺ എന്ന നിലയിലായിരിക്കും ചാൻസുകൾ ലഭിക്കുക. കൂടാതെ, ഒരാൾക്ക് പരമാവധി 5,00,000 ദിനാർ വരെ മാത്രമേ നറുക്കെടുപ്പിനുള്ള നിക്ഷേപമായി പരിഗണിക്കൂ. അതായത് ഒരാൾക്ക് പരമാവധി 10,000 ചാൻസുകൾ മാത്രമേ ലഭിക്കൂ എന്ന് ചുരുക്കം. വലിയ നിക്ഷേപകർ മാത്രം സമ്മാനം തട്ടിയെടുക്കുന്നത് തടയാനാണ് ഈ നിയന്ത്രണം.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഏപ്രിൽ ആദ്യ വാരം മുതൽ നറുക്കെടുപ്പുകൾ തുടങ്ങാനാണ് ബാങ്കുകളുടെ നീക്കം. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ (NBK) പ്രശസ്തമായ 'അൽ ജവാഹറ' പദ്ധതിയായിരിക്കും ആദ്യം നറുക്കെടുപ്പ് പുനരാരംഭിക്കുക. നറുക്കെടുപ്പുകൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും വിജയികളുടെ വിവരം ഔദ്യോഗികമായി പരസ്യപ്പെടുത്തണമെന്നും സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലെ വിശ്വാസ്യത വർദ്ധിപ്പിക്കാനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
