സോൾ : ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിൻഗാമിയായി മകൾ കിം ജു-എ നിയോഗിക്കപ്പെട്ടേക്കുമെന്ന് ദക്ഷിണ കൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS). ഇതുമായി ബന്ധപ്പെട്ട കൃത്യമായ സാഹചര്യത്തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഏജൻസി വ്യക്തമാക്കുന്നു. നിലവിൽ കൗമാരക്കാരിയായ ജു-എയെ ഭരണാധികാരിയാകാനുള്ള പ്രത്യേക പരിശീലനങ്ങൾക്ക് വിധേയയാക്കിയതായാണ് റിപ്പോർട്ടുകൾ.
നോർത്ത് കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ, ഈ മാസം അവസാനം നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ കിം ജു-എ പങ്കെടുക്കുമോ എന്നാണ് ദക്ഷിണ കൊറിയൻ ഏജൻസി നിരീക്ഷിക്കുന്നത്. തലസ്ഥാനമായ പോങ്യാങിലാണ് പാർട്ടി കോൺഗ്രസ് നടക്കുക. കിം ജോങ് ഉന്‍റെ പിൻഗാമിയാകാനുള്ള പരിശീലനം കിം ജു-എയ്ക്ക് ലഭിച്ചതായി എൻഐഎസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണാധികാരിയാകാനുള്ള പ്രായം കിം ജു-എയ്ക്ക് ആയി എന്നും ദക്ഷിണകൊറിയൻ ഏജൻസി വിലയിരുത്തുന്നു.
ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനും നേതൃത്വം നൽകാനും ആവശ്യമായ പ്രായവും പക്വതയും കിം ജു-എ കൈവരിച്ചതായാണ് ദക്ഷിണ കൊറിയൻ ഏജൻസിയുടെ പുതിയ വിലയിരുത്തൽ. കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രധാന സൈനിക പരീക്ഷണങ്ങളിലും ഔദ്യോഗിക ചടങ്ങുകളിലും കിം ജോങ് ഉന്നിനൊപ്പം ജു-എ സ്ഥിരസാന്നിധ്യമാണ്.
ഉത്തരകൊറിയയിലെ അതിപ്രധാനമായ കുംസുസാൻ കൊട്ടാരം കിം ജു-എയെക്കൊണ്ട് സന്ദർശിപ്പിച്ചത് ഗൗരവകരമായ മാറ്റമായിട്ടാണ് നിരീക്ഷകർ കാണുന്നത്. കിം ജോങ് ഉന്നിന്റെ പിതാവിന്റെയും മുത്തശ്ശന്റെയും ഭൗതികശരീരം സംരക്ഷിച്ചിരിക്കുന്ന ഈ സ്ഥലം രാജ്യത്തെ ഏറ്റവും പവിത്രമായ കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം സന്ദർശനങ്ങൾ ജൂ ആയുടെ പദവി ഉയർത്തുന്നതിന്റെ ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്നു.
കൗമാരക്കാരിയായ കിം ജു-എയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ കുറവാണെങ്കിലും 2022-ൽ ഒരു മിസൈൽ പരീക്ഷണ വേദിയിലാണ് അവൾ ആദ്യമായി ലോകത്തിന് മുന്നിലെത്തിയത്. അതിനുശേഷം പ്രധാന സൈനിക പരേഡുകളിലും നയതന്ത്ര കൂടിക്കാഴ്ചകളിലും പിതാവിനൊപ്പം ജൂ ആയെ നിരന്തരം കാണാറുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ചൈന സന്ദർശിച്ചപ്പോഴും കിമ്മിനൊപ്പം കിം ജു-എ ഒപ്പമുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
