വാഷിംഗ്ടൺ: ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാൻ്റെ ഭാവി ഭരണാധികാരിയെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖമേനിക്ക് ശേഷം ഇറാനെ ആര് നയിക്കുമെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും എന്നാൽ അത് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖമേനിയുടെ മരണശേഷം ഇറാനിൽ തീരുമാനങ്ങൾ എടുക്കുന്നത് ആരാണെന്ന ചോദ്യത്തിന്, "എനിക്കത് കൃത്യമായി അറിയാം, പക്ഷേ നിങ്ങളോട് പറയാൻ കഴിയില്ല" എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാൻ്റെ തലപ്പത്ത് വരാൻ താൻ ആഗ്രഹിക്കുന്ന ചില വ്യക്തികളുണ്ടോ എന്ന ചോദ്യത്തിന്, "അതെ, ചില നല്ല സ്ഥാനാർത്ഥികൾ അവിടെയുണ്ട്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ്റെ പുതിയ നേതാവ് ആരാകണമെന്ന് ചോദിക്കാൻ അവർ തന്നെ വിളിക്കുന്ന ഒരു സമയം വരുമെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു.
ഖമേനിയുടെ മരണം ലോകത്തിന് ലഭിച്ച നീതിയാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. "ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ വ്യക്തികളിൽ ഒരാളായിരുന്നു ഖമേനി. ഇറാൻ ജനതയ്ക്ക് മാത്രമല്ല, ഖമേനിയുടെയും സംഘത്തിന്റെയും ക്രൂരതയ്ക്ക് ഇരയായ അമേരിക്കക്കാർക്കും ലോകത്തെ മറ്റ് രാജ്യങ്ങൾക്കും ഇതൊരു വലിയ ആശ്വാസമാണ്," ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറാനിലെ ലക്ഷ്യങ്ങൾ തകർക്കാൻ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ എപിക് ഫ്യൂറി (Operation Epic Fury) ഇനിയും തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ കൃത്യതയാർന്ന ബോംബാക്രമണങ്ങൾ തടസ്സമില്ലാതെ തുടരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടാണ് ഈ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
