വലിയൊരു ക്രിപ്‌റ്റോകറൻസി തട്ടിപ്പിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെടുന്ന ഒരു കോടീശ്വര ബിസിനസുകാരനെ കംബോഡിയ ചൈനയ്ക്ക് കൈമാറിയതായി വ്യക്തമാക്കി കംബോഡിയൻ സർക്കാർ രംഗത്ത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്ത് വഴി തൊഴിലാളികളെ ബലമായി ക്യാമ്പുകളിലേക്ക് കൊണ്ടുപോയി ലോകമെമ്പാടുമുള്ള ആളുകളെ വഞ്ചിച്ചിരുന്നുവെന്നാണ് ഇയാൾക്കെതിരായുള്ള പ്രധാന ആരോപണം.
ചെൻ ജി എന്ന ബിസിനസുകാരനാണ് കേസിലെ പ്രധാന പ്രതി. 2024 ജനുവരി 6-നാണ് അന്തർദേശീയ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മാസങ്ങളോളം നീണ്ട സംയുക്ത അന്വേഷണത്തിന് ശേഷം, ചെൻ ജിയുൾപ്പെടെ മൂന്ന് ചൈനീസ് പൗരന്മാരെ കംബോഡിയ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ചൈനയ്ക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
37 വയസ്സുള്ള ചെൻ ജി, ചൈനയുടെ തെക്കുകിഴക്കൻ പ്രദേശത്താണ് ജനിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ, കംബോഡിയയിൽ നിന്നാണ് ഇന്റർനെറ്റിലൂടെ തട്ടിപ്പുകൾ നിയന്ത്രിച്ചുവെന്ന് ആരോപിച്ച് യുഎസ് സർക്കാർ അദ്ദേഹത്തിനെതിരെ കേസ് എടുത്തത്. ഈ തട്ടിപ്പുകളിലൂടെ ഇയാൾ ബില്ല്യൺ കണക്കിന് ക്രിപ്‌റ്റോകറൻസി മോഷ്ടിച്ചതായാണ് യുഎസ് ആരോപിക്കുന്നത്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നടപടികളിലൊന്നും, ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ബിറ്റ്‌കോയിൻ പിടിച്ചെടുപ്പുമാണ് എന്നാണ് യുഎസ് പ്രോസിക്യൂട്ടർമാർ പറയുന്നത്.
ഒക്ടോബറിൽ യുഎസ് ചെൻ ജിക്കെതിരെ വഞ്ചന, കള്ളപണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. എന്നാൽ അയാൾ എവിടെയാണെന്നത് വ്യക്തമല്ലായിരുന്നു. എന്നാൽ ബുധനാഴ്ച, കംബോഡിയൻ ആഭ്യന്തര മന്ത്രാലയം ചെൻ ജി, ഷു ജി ലിയാങ് , ഷാവോ ജി ഹുയി എന്നീ മൂന്ന് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്ത് ചൈനയിലേക്ക് കൈമാറിയതായി വ്യക്തമാക്കി. ചെൻ ജിയെ എവിടെയാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ഒരു ഉത്തരവിലൂടെ ചെൻ ജിയുടെ കംബോഡിയൻ പൗരത്വം റദ്ദാക്കിയതായും സർക്കാർ അറിയിച്ചു.
വർഷങ്ങളായി കംബോഡിയയിലെ ഭരണകൂടത്തിലെ ഉന്നത നേതാക്കൾക്ക് ചെൻ ജിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ചില റിപ്പോർട്ടുകൾ പ്രകാരം, കംബോഡിയയിലെ സമ്പദ്‌വ്യവസ്ഥയുടെ പകുതി വരെ ഇത്തരം തട്ടിപ്പ് ബിസിനസുകൾ ആശ്രയിച്ചിരിക്കാമെന്നും വിലയിരുത്തപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
