ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ജൂലൈ നാലിന് തലസ്ഥാനമായ ടെഹ്റാനിൽ തുടക്കമാകുമെന്ന് റിപ്പോർട്ട്.
ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ജൂലൈ ഒൻപതിന് വടക്കുകിഴക്കൻ നഗരമായ മഷാദിലെ പ്രശസ്തമായ ഇമാം റെസായുടെ ശവകുടീരത്തിന് സമീപമാകും അദ്ദേഹത്തിന്റെ ഖബറടക്കം നടക്കുക. ഇറാനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാർ ഉടൻ ഒപ്പുവെക്കുമെന്ന വാർത്തകൾക്ക് തൊട്ടുപിന്നാലെയാണ് ഈ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മുജ്തബ ഖമേനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ചുമതലയേറ്റെങ്കിലും, പരിക്കുകളെത്തുടർന്ന് ഇതുവരെ അദ്ദേഹം പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഖമേനിയുടെ മകൾ, മകളുടെ ഭർത്താവ്, കൊച്ചുമകൻ, ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദ, പ്രമുഖ സൈനിക മേധാവികൾ എന്നിവരും അന്ന് നടന്ന ശക്തമായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ ഖമേനിയുടെ മരണവാർത്ത ആഗോളതലത്തിൽ ചർച്ചയായെങ്കിലും, വളരെ വൈകിയാണ് ഇറാൻ ഭരണകൂടം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
യു.എസ് - ഇറാൻ സമാധാന ചർച്ചകൾ അനുകൂലമായ പശ്ചാത്തലത്തിലാണ് ഇപ്പോൾ സംസ്കാര ചടങ്ങുകളുടെ കൃത്യമായ തീയതികൾ പുറത്തുവിട്ടിരിക്കുന്നത്. ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്ര സംഘടിപ്പിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ടെഹ്റാൻ, ഖോം, മഷാദ് എന്നീ നഗരങ്ങളിൽ നടക്കുന്ന വിപുലമായ ചടങ്ങുകൾക്ക് ശേഷം ജൂലൈ 9-ന് ഖബറടക്കം നടക്കും. അന്താരാഷ്ട്ര പ്രതിനിധികളും ലക്ഷക്കണക്കിന് ജനങ്ങളും ഈ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
