ഒട്ടാവ: കാനഡയ്‌ക്കെതിരായ ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാര യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, യുഎസ് പ്രസിഡൻ്റിൻ്റെ പേരുള്ള ഒരു തെരുവിൻ്റെ പേര് മാറ്റാൻ ഒട്ടാവ നഗരം തയ്യാറെടുക്കുന്നു. ഒട്ടാവയിലെ സെൻട്രൽ പാർക്ക് പ്രദേശത്തുള്ള ട്രംപ് അവന്യൂവിൻ്റെ പേര് മാറ്റാനുള്ള സമയം ഒടുവിൽ വന്നെത്തിയിരിക്കുകയാണെന്ന് ഒരു സിറ്റി കൗൺസിലർ വ്യക്തമാക്കി.
നേരത്തെ ഈ തെരുവിൻ്റെ പേര് മാറ്റാൻ ശ്രമങ്ങൾ നടന്നിരുന്നു. പ്രദേശവാസികളുമായി നടത്തിയ ചർച്ചയിൽ ഭിന്നഭിപ്രായങ്ങൾ ഉയർന്നതിനെ തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയാണുണ്ടായത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കാനഡയുടെ പരമാധികാരത്തിനും സാമ്പത്തിക ഭദ്രതയ്ക്കും നേരെ ട്രംപ് നിരന്തരം ഭീഷണി ഉയർത്തുന്നതിനാൽ ഈ പേര് തുടരുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് കൗൺസിലർ റൈലി ബ്രോക്കിംഗ്ടൺ ചൂണ്ടിക്കാട്ടി.
രാജ്യത്തിൻ്റെ തലസ്ഥാന നഗരിയിൽ ഡൊണാൾഡ് ട്രംപിൻ്റെ പേരിൽ ഒരു തെരുവ് നിലനിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കൗൺസിലർ വ്യക്തമാക്കി. സ്വന്തം രാജ്യത്തിന് പോലും വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ച ഒരു വ്യക്തിയെ ഇത്തരത്തിൽ ആദരിക്കുന്നത് അവസാനിപ്പിക്കണം. അടുത്ത തിരഞ്ഞെടുപ്പിന് ശേഷം പ്രദേശവാസികളുടെ പിന്തുണയോടെ പേര് മാറ്റാനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം നികുതി ചുമത്തിയതിനെ തുടർന്ന് പ്രാദേശിക ബിസിനസുകളെ സഹായിക്കാൻ മേയർ മാർക്ക് സട്ട്ക്ലിഫ് അവതരിപ്പിച്ച പ്രമേയത്തിൻ്റെ ചർച്ചയ്ക്കിടെയാണ് ഈ വിഷയം ഉയർന്നുവന്നത്. അതേസമയം തെരുവിൻ്റെ പേര് മാറ്റുന്നത് അവിടെ താമസിക്കുന്ന ആളുകൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളിൽ വിലാസം മാറ്റേണ്ട ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് മേയർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ട്രംപിൻ്റെ പേരിൽ ഒട്ടാവയിൽ യാതൊന്നും ഉണ്ടാകരുതെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും മേയർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
