ഹൃദയാഘാതം: ആശുപത്രിയില്‍ കാത്തിരിക്കേണ്ടിവന്നത് 8 മണിക്കൂര്‍; ഇന്ത്യന്‍ വംശജന് കാനഡയില്‍ ദാരുണാന്ത്യം

DECEMBER 25, 2025, 4:42 AM

ഒട്ടാവ: കാനഡയിലെ എഡ്മോണ്ടണില്‍ ഇന്ത്യന്‍ വംശജന് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ദാരുണാന്ത്യം. 44 വയസുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രശാന്തിനെ ചികിത്സയ്ക്കായി എട്ടു മണിക്കൂറിലേറെ സമയം അധികൃതര്‍ കാത്തുനിര്‍ത്തിയെന്ന് അദ്ദേഹത്തിന്റെ പിതാവ് കുമാര്‍ ശ്രീകുമാര്‍ ആരോപിച്ചു. ഡിസംബര്‍ 22-നായിരുന്നു സംഭവം.

ഡിസംബര്‍ 22-ാം തീയതി ജോലി സ്ഥലത്തുവെച്ചാണ് പ്രശാന്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. പ്രശാന്തിന്റെ ക്ലൈന്റ് ഉടന്‍ തന്നെ അദ്ദേഹത്തെ തെക്കുകിഴക്കന്‍ എഡ്മോണ്ടണിലെ ഗ്രേ നണ്‍സ് ആശുപത്രിയിലെത്തിച്ചു. ഇയാളോട് ട്രയാജിലെ ആദ്യഘട്ട പരിശോധനയ്ക്കുശേഷം കാത്തിരിക്കാന്‍ ആശുപത്രി അധികൃതര്‍ പറയുകയായിരുന്നു.

കുറച്ചു സമയത്തിനു ശേഷം, അദ്ദേഹത്തിന്റെ പിതാവ് കുമാര്‍ ശ്രീകുമാര്‍ ആശുപത്രിയില്‍ എത്തി. തനിക്ക് വേദന സഹിക്കാനാകുന്നില്ലെന്ന് പ്രശാന്ത്, പിതാവിനോട് പറഞ്ഞിരുന്നു. ഇക്കാര്യം പ്രശാന്ത് ആശുപത്രി അധികൃതരോടും പറഞ്ഞു. എന്നാല്‍ ഇസിജിയില്‍ കാര്യമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുപറഞ്ഞ് വീണ്ടും കാത്തിരിക്കാന്‍ പറയുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ടൈലനോള്‍ നല്‍കി. കാത്തിരിപ്പ് നീണ്ടതോടെ ഇടയ്ക്കിടെ ഒരു നേഴ്സ് വന്ന് പ്രശാന്തിന്റെ രക്ത സമ്മര്‍ദം പരിശോധിക്കുകയും ചെയ്തിരുന്നു. രക്തസമ്മര്‍ദം കൂടിയും കുറഞ്ഞും കണ്ടിട്ടും അവര്‍ യാതൊരു നടപടിയും എടുത്തില്ലെന്നും പ്രശാന്തിന്റെ പിതാവ് പറഞ്ഞു.

ഒടുവില്‍ എട്ടുമണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ എമര്‍ജന്‍സി റൂമിലേക്ക് വിളിപ്പിച്ചത്. ഇതോടെ പ്രശാന്ത് കുഴഞ്ഞുവീഴുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കുഴഞ്ഞുവീണിട്ടും സഹായത്തിനായി വിളിച്ചെങ്കിലും ഏറെ വൈകിയാണ് നേഴ്സുമാര്‍ എത്തിയതെന്നും പ്രശാന്തിന്റെ പിതാവ് ആരോപിച്ചു. മൂന്ന്, പത്ത്, 14 വയസ്സുള്ള മൂന്ന് കുട്ടികളുടെ പിതാവുമാണ് മരിച്ച പ്രശാന്ത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam