ശക്തമായ ആഭ്യന്തര വളര്‍ച്ച; പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ലാഭം കൊയ്ത് കനേഡിയന്‍ ബാങ്കുകള്‍

MAY 28, 2026, 7:44 PM

ടൊറന്റോ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും കാനഡയിലെ മുന്‍നിര ബാങ്കുകളായ റോയല്‍ ബാങ്ക് ഓഫ് കാനഡ, ടിഡി ബാങ്ക്, സിഐബിസി എന്നിവ രണ്ടാം പാദത്തില്‍ മികച്ച ലാഭം രേഖപ്പെടുത്തി. ഉയര്‍ന്ന പണപ്പെരുപ്പവും മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും സൃഷ്ടിച്ച വെല്ലുവിളികളെ മറികടന്നാണ് ബാങ്കുകള്‍ വിശകലന വിദഗ്ധരുടെ പ്രവചനങ്ങളെക്കാള്‍ ഉയര്‍ന്ന ലാഭം കൈവരിച്ചത്.

കനേഡിയന്‍ ബാങ്കിംഗ് മേഖലയിലെ 'ബിഗ് സിക്‌സ്' (പ്രധാന ആറ് ബാങ്കുകള്‍) എല്ലാം തന്നെ ഇത്തവണ വിപണി പ്രതീക്ഷകളെ മറികടക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഉയര്‍ന്ന പലിശ നിരക്കും ചരക്ക് വിലയും ഉപഭോക്താക്കളുടെ സാമ്പത്തിക ശേഷിയെ ബാധിച്ചിട്ടുണ്ടെങ്കിലും, ബാങ്കിംഗ് മേഖല ശക്തമായ പ്രതിരോധശേഷി പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

'പണപ്പെരുപ്പം ഉപഭോക്താക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഞങ്ങളുടെ വായ്പാ (PCL - Provision for Credit Losses)നഷ്ട നീക്കിവെക്കല്‍ പരിശോധിച്ചാല്‍ അത് പ്രതീക്ഷിച്ചതിലും കുറവാണ്. ഉപഭോക്താക്കള്‍ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധികളെ നന്നായി പ്രതിരോധിക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്.' ടിഡി ബാങ്ക് സിഎഫ്ഒ കെല്‍വിന്‍ ട്രാന്‍ വ്യക്തമാക്കി.

ബാങ്കുകളുടെ പ്രധാന വരുമാന സ്രോതസുകളായ വ്യക്തിഗത, വാണിജ്യ ബാങ്കിംഗ് വിഭാഗങ്ങളിലാണ് ഏറ്റവും വലിയ മുന്നേറ്റമുണ്ടായത്. വായ്പകളില്‍ നിന്ന് ലഭിക്കുന്ന പലിശയും നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയും തമ്മിലുള്ള വ്യത്യാസമായ അറ്റ പലിശ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. എല്ലാ ബാങ്കുകളുടെയും ക്യാപിറ്റല്‍ മാര്‍ക്കറ്റ് വരുമാനത്തില്‍ 23% മുതല്‍ 46% വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിപണിയിലെ പ്രമുഖ സാമ്പത്തിക വിശകലന വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ മികച്ചതായിരുന്നു ഓരോ ബാങ്കിന്റെയും യഥാര്‍ത്ഥ വരുമാനം. ആര്‍ബിസി വിപണി പ്രവചിച്ച C$3.78 ന് പകരം C$3.90 നേടി. ടിഡി ബാങ്ക് പ്രവചിച്ച C$2.26 ന് പകരം C$2.38 രേഖപ്പെടുത്തി. സിഐബിസി പ്രവചിച്ച C$2.44 നെ മറികടന്ന് C$2.54 കൈവരിച്ചു.

നിലവില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും വരും മാസങ്ങളില്‍ ചില ആഗോള പ്രതിസന്ധികള്‍ ബാങ്കിംഗ് മേഖലയെ ബാധിച്ചേക്കാമെന്ന് ബാങ്ക് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുഎസ്-കാനഡ വ്യാപാര ചര്‍ച്ചകള്‍, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ ദൈര്‍ഘ്യം, പലിശ നിരക്കുകളില്‍ വരാവുന്ന മാറ്റങ്ങള്‍ എന്നിവ വായ്പാ ഡിമാന്‍ഡിനെയും വിതരണ ശൃംഖലയെയും സ്വാധീനിച്ചേക്കാം. ചില പ്രത്യേക മേഖലകളില്‍ ബലഹീനതകള്‍ പ്രകടമാണെങ്കിലും അത് സമ്പദ്‌വ്യവസ്ഥയെ പൊതുവായി ബാധിച്ചിട്ടില്ല. എങ്കിലും വരും ദിവസങ്ങളിലെ അനിശ്ചിതത്വം ഉയര്‍ന്നതായി തന്നെ തുടരും എന്ന് ആര്‍ബിസി സിഇഒ ഡേവ് മക്കേ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam