അമ്പമ്പോ, ഇത് പൊന്നിൻ ചിങ്ങമല്ല, പൊള്ളും ചിങ്ങമാണ്. മലയാളികൾ വെയിൽത്തീനാളങ്ങൾക്ക് കീഴിൽ വിയർത്തൊഴുകി നിൽക്കുന്നു. ഇലക്ട്രിസിറ്റി ബോർഡ് വൈദ്യുതി ഉപയോഗം കൂടിയതിൽ അങ്കലാപ്പിലാണ്. ഉമ്മൻചാണ്ടി സർക്കാർ ഒപ്പുവച്ച ദീർഘകാല കരാറനുസരിച്ച് യൂണറ്റിന് 4.29 പൈസയ്ക്ക് 25 വർഷത്തേയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്നു. രണ്ടാം പിണറായി സർക്കാർ യാതൊരു കാരണവും പറയാതെ ഈ കരാർ റദ്ദാക്കി. തുടർന്ന് യൂണിറ്റിന് 14 രൂപ വരെ വില നൽകി ബോർഡിന് വൈദ്യുതി വാങ്ങേണ്ടിവന്നു. ഇടതുമുന്നണി യു.ഡി.എഫ്. സർക്കാർ ഒപ്പിട്ട പഴയ കരാറിനെപ്പറ്റി ഇപ്പോഴും മൗനത്തിലാണ്. പകരം പുതിയ യു.ഡി.എഫ്. സർക്കാർ കേരളത്തെ ഇരുട്ടിലാക്കിയെന്ന് അവർ പഴി പറയുന്നു.
'പിണറായി കുടുംബ യൂണിറ്റ്' ആരോപണങ്ങളുടെ കൊടും ചൂട് അനുഭവിക്കുകയാണ്. ചെങ്ങന്നൂർ കല്ലിശ്ശേരിയിലുള്ള പി.ഡബ്ലിയു.ഡി. റെസ്റ്റ് ഹൗസിൽ വച്ച് മാധ്യമ പ്രവർത്തകരോട് പിണറായി തട്ടിക്കയറിയത് ബുധനാഴ്ച ഉച്ചയ്ക്കാണ്. ഇ.ഡി. അന്വേഷണത്തെപ്പറ്റി വാർത്താ ലേഖകർ ചോദിച്ചപ്പോഴാണ് പിണറായി ക്ഷുഭിതനായത്. 'നിങ്ങളെന്താ, എന്റെ കൂടെ ബാത്‌റൂമിലേക്ക് വരികയാണോ'' എന്ന് പിണറായി കോപിച്ച് ഉരിയാടിയതോടെ, മാധ്യമപ്പടയെ അംഗരക്ഷകർ റൂമിൽ നിന്ന് ഉന്തിത്തള്ളി പുറത്താക്കി. മാന്നാറിൽ സി.പി.എം. ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ വച്ച് ഇ.ഡി. നടപടിയെക്കുറിച്ച് പിണറായി ന്യായീകരണ ക്യാപ്‌സൂൾ വച്ച് കാച്ചി.
വിശാല സമ്മേളനവും വിശാല ഹൃദയരും...
കോഴിക്കോട്ട് നടക്കുന്ന സി.പി.എം. വിശാല സമ്മേളനം പിണറായിക്കും ഗോവിന്ദനുമെതിരെ അത്യപൂർവ നടപടികളിലേക്ക് പോകുമെന്ന് കരുതുന്നവർ പഴയ സിനിമാ ഡയലോഗ് ഓർമ്മിക്കുന്നത് നല്ലതാണ്. നടൻ ശ്രീനിവാസൻ എഴുതി വച്ച 'എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി...'' എന്നു തുടങ്ങുന്ന ഡയലോഗ് പോലെ കോഴിക്കോട് സമ്മേളനം സമാപിക്കാനാണ് എല്ലാ സാധ്യതയും. ഇ.ഡി.യുടെ പുതിയ നടപടി പോലും പിണറായി കുടുംബത്തിന് ഒരു 'ഇരവാദ' മുന്നയിക്കാൻ കഴിയുന്ന വിധം സൈബർ സഖാക്കൾ വളച്ചൊടിച്ചു കഴിഞ്ഞു. കോഴിക്കോട്ട് അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതായി ഗോവിന്ദൻമാഷ് ഇന്ന് (ബുധൻ) മാ.പ്ര. കളോട് പറഞ്ഞത് വെറുതെയല്ല. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ, സംസ്ഥാനത്തെ സി.പി.എം. നേതൃത്വത്തിന് പറ്റിയ പാളിച്ചകൾ അക്കമിട്ട് പറഞ്ഞിട്ടുണ്ടെങ്കിലും, അതെല്ലാം വെള്ള പൂശാനുള്ള തന്ത്രങ്ങൾ പിണറായിക്ക് ഇനിയും കൈമോശം വന്നിട്ടില്ലെന്നതാണ് സത്യം. ഒരർത്ഥത്തിൽ ഇ.ഡി.യുടെ 'ടൈമിംഗ്' തീർച്ചയായും പിണറായിക്ക് ഗുണകരമായേക്കുമെങ്കിലും, യു.ഡി.എഫ്. സർക്കാർ ഇക്കാര്യത്തിൽ തട്ടറിഞ്ഞേ കളിക്കൂ. അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടാൽ അത് കോൺഗ്രസ് ബി.ജെ.പി ഡീൽ എന്നു പറയുന്ന ഗോവിന്ദൻ മാഷ് 'ബഡായി ബംഗ്ലാവി'ൽ പറഞ്ഞിരുന്ന ഭാഷ ഉപയോഗിക്കുന്നത് നിവൃത്തികേടുകൊണ്ടാണ്.
ഹോംവർക്ക്: സി.എം. തന്നെ മിടുക്കൻ
ബുധനാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ വി.ഡി. സതീശൻ കേരളത്തിന്റെ ഭരണചക്രമുരുളാനുള്ള ഒരു കൃത്യമായ കളം വരച്ചിട്ടത് വ്യാഴാഴ്ച മാധ്യമങ്ങളിൽ വരുമോയെന്നറിയില്ല. എങ്കിലും ബജറ്റിൽ പ്രഖ്യാപിച്ച സർക്കാർ പദ്ധതികൾ നടപ്പാക്കാൻ, ആ പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിന് സർക്കാർ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കുറെക്കൂടി ഇക്കാര്യം വ്യക്തമാക്കാം: പി.ഡബ്ലിയു.ഡി. കണ്ണാടിപ്പരുവത്തിൽ നന്നാക്കിയ റോഡ് പിറ്റേ ദിവസം വാട്ടർ അതോറിറ്റിക്കാർ വന്ന് വെട്ടിപ്പൊളിക്കുന്നത് വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്ന സ്ഥിരം കോമഡിയാണ്. ഇത്തരം 'നിസ്സഹകരണം' വകുപ്പുകളിൽ ഇനി നടക്കില്ല. ബജറ്റിൽ പ്രഖ്യാപിച്ച 23 പദ്ധതികൾ നടപ്പാക്കാൻ അതിനോട് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്. മാത്രമല്ല, ഈ പദ്ധതി നിർവഹണത്തിനാവശ്യമായ വിവിധ തലങ്ങളിലുള്ള സാങ്കേതിക സഹകരണം കൂടി ഉറപ്പാക്കാനാണ് സർക്കാർ ശ്രമം. 10 പദ്ധതികൾ മാത്രമേ മറ്റ് വകുപ്പുകളുമായുള്ള കമ്മ്യൂണിക്കേഷൻ വേണ്ടാത്തതായി കണ്ടെത്തിയിട്ടുള്ളൂ. ഇനി മുതൽ ബജറ്റിലെ 'പശു പുല്ല്' തിന്നുമെന്ന കാര്യം സർക്കാർ ഉറപ്പാക്കുമെന്ന് ചുരുക്കം. പഴയ സർക്കാരിന്റെ രീതി വേറെ തരത്തിലുള്ളതായിരുന്നു. ഉദാഹരണം പറയാം: ഇടതു സർക്കാരിന്റെ അവസാന നാളുകളിൽ വരൾച്ച നേരിടാൻ ഓരോ ജില്ലയ്ക്കും 1 കോടി രൂപ വീതം അനുവദിച്ച വാർത്ത നാം വായിച്ചതാണ്. പക്ഷെ, വാർത്തയിലെ 'കോടി' പഴയ ധനമന്ത്രി പടിയിറങ്ങിപ്പോകുന്നതുവരെ ജില്ലകൾക്ക് കിട്ടിയതേയില്ല. ചുരുക്കത്തിൽ നടപ്പക്കാവുന്ന കാര്യമേ ഈ സർക്കാർ പറയൂ എന്ന് ചുരുക്കം.
എൻഡോസൾഫാൻ : കണ്ണീരൊപ്പും സർക്കാർ
എൻഡോസൾഫാൻ ദുരിതബാധിതരെ ഉമ്മൻചാണ്ടി സർക്കാർ അവഗണിക്കുന്നുവെന്ന വൻ പ്രചാരത്തെ തുടർന്നാണ് പിണറായി ഭരണം പിടിച്ചത്. എന്നാൽ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ ഇടതു സർക്കാർ പിന്നീട് തിരിഞ്ഞു നോക്കിയതേയില്ല. വൈകല്യം ബാധിച്ച മക്കളുമായി എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ സമരവും പിണറായി സർക്കാരിന്റെ കണ്ണ് തുറപ്പിച്ചില്ല. ദുരിതബാധിതർക്കായുള്ള മരുന്നിന്റെ വിലയായി ഇടതു സർക്കാർ കുടിശ്ശിക വരുത്തിയ 15 കോടി രൂപ യു.ഡി.എഫ്. സർക്കാർ നൽകിക്കഴിഞ്ഞു. ദുരിതബാധിതർക്ക് ആവശ്യമുള്ള എല്ലാ മരുന്നുകളും ഇപ്പോൾ ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ദുരിതബാധിതരുടെ മറ്റ് പ്രശ്‌നങ്ങൾ കഴിയുന്നത്ര വേഗം പരിഹരിക്കാനും ശ്രമം തുടങ്ങിയിട്ടുള്ളതായി മുഖ്യമന്ത്രി വാർത്താലേഖകരെ അറിയിക്കുകയുണ്ടായി.
രമ്യയും കോൺഗ്രസ് പാർട്ടിയും
രമ്യ ഹരിദാസ് നന്നായി പാടും. എന്നാൽ ചേലക്കരയിലും ആലത്തൂരിലും 'പാട്ട്' ഏൽക്കാതായപ്പോൾ കോൺഗ്രസ് പാർട്ടി അവർക്ക് ചിറയിൻകീഴ് സീറ്റ് നൽകി. കോൺഗ്രസ് പാർട്ടി ജയിക്കാൻ സാധ്യതയില്ലാതിരുന്ന ആ സീറ്റിൽ രമ്യ ജയിച്ചത് പിണറായി വിരുദ്ധ തരംഗത്തിന്റെ ബലത്തിലാണ്. എന്നാൽ, രമ്യ ഇപ്പോഴും വിശ്വസിക്കുന്നത് തന്റെ സന്തതസഹചാരിയായ ഒരു പ്രാദേശിക നേതാവാണ് അവരെ ജയിപ്പിച്ചതെന്നാണ്. പാർട്ടി ആ നേതാവിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് നിന്ന് പുറത്താക്കി. പിറ്റേന്ന് മുൻകാല പ്രാബല്യത്തോടെ ആ 'വലിയ' നേതാവിനെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് രമ്യ കത്ത് നൽകിയത് തീരെ ചീപ്പായ നടപടിയായി. അങ്ങനെയൊരു കത്ത് സ്വീകരിക്കാനാവില്ലെന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ നിലപാടാകട്ടെ രമ്യയ്ക്ക് മറ്റൊരു തിരിച്ചടിയാകുകയും ചെയ്തു.
കോൺഗ്രസിലെ ഗ്രൂപ്പുകളിയിലൂടെ 'സ്വാർത്ഥ താത്പര്യങ്ങൾ' മുതലാക്കുന്നവർ ഇപ്പോഴും ആ പാർട്ടിയെ ജനസമക്ഷം താറടിക്കുന്നുണ്ട്. ചേന്തി അനിൽ സംഭവത്തെക്കുറിച്ച് ചോദിച്ച മാ.പ്ര.കളോട് മുഖ്യമന്ത്രി പറഞ്ഞത് അതൊരടഞ്ഞ അധ്യായമാണെന്നാണ്. ഇനിയും കോൺഗ്രസ് നേതാക്കൾ സൂക്ഷിക്കണം. രമ്യമാരെ പിടികൂടുന്ന ഇത്തിക്കണ്ണികളെയും, എന്റെ ഗ്രൂപ്പ് നേതാവ് എന്നെ കാത്തുകൊള്ളുമെന്നു കരുതി റിയൽ എസ്റ്റേറ്റ് അടക്കമുള്ള 'ഡാർക്ക്' പരിപാടികളിൽ ഏർപ്പെടുന്നവരെയും സൂക്ഷിക്കണം. അതല്ലെങ്കിൽ ജനങ്ങൾക്ക് യു.ഡി.എഫ്. നൽകിയ വാക്ക് പാഴായി മാറും.
മാധ്യമങ്ങളുടെ തിരക്കഥകൾ
കാന്തപുരത്തിന്റെ സ്ത്രീകളെ പരാമർശിച്ചുള്ള പ്രസ്താവന ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മാ.പ്ര.കൾ വീണ്ടും കുത്തിപ്പൊക്കി. കാന്തപുരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന 'മൃദുവാക്കാൻ' ആ മുസ്ലീം നേതാവിനോടൊപ്പമുള്ള ചില നേതാക്കൾ തന്നെ കാണാനെത്തിയെന്ന മാധ്യമങ്ങളുടെ 'ഇല്ലാക്കഥ' മുഖ്യമന്ത്രി പൊളിച്ചടുക്കി. ഈ വാർത്ത സംഭവിക്കുന്നതിന് മൂന്നാഴ്ച മുമ്പ് കാന്തപുരത്തിനോടൊപ്പമുള്ള നേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയ കൂടിക്കാഴ്ചയ്ക്കാണ് അവർ എത്തിയതെന്നും, എന്നാൽ ചില മാധ്യമങ്ങൾ ഈ വാർത്ത വക്രീകരിച്ചുവെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. മാധ്യമങ്ങളിലെ 'സ്വപ്‌നലോകത്തിലെ ബാലഭാസ്‌ക്കര'ന്മാർ പടച്ചുവിട്ട പി.എം.ശ്രീ സംബന്ധിച്ച് താൻ രാഹുൽഗാന്ധിയുമായി ചർച്ച നടത്തിയെന്ന 'വാർത്താ ഗുണ്ടും' വൃഥാവിലായില്ലേയെന്നായിരുന്നു മുഖ്യന്റെ ചോദ്യം. അടച്ചിട്ട മുറിയിൽ രാഹുൽ ഗാന്ധിയും താനും നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി താനോ രാഹുൽഗാന്ധിയോ ഒന്നും പറയാതിരിക്കെ, ചില മാധ്യമങ്ങൾ ഈ വാർത്ത കെട്ടിച്ചമച്ചതിൽ ദുരുദ്ദേശമില്ലേയെന്ന സന്ദേഹം ആ വാക്കുകളിലുണ്ടായിരുന്നു.
ഇടതുഭരണകാലത്ത് പി.എം.ശ്രീ.യിൽ ഒപ്പിട്ട ശേഷം രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി 7 മാസങ്ങൾ കഴിഞ്ഞിട്ടും യോഗം ചേർന്നില്ലെന്ന കാര്യം മുഖ്യമന്ത്രി വാർത്താ ലേഖകരെ ഓർമ്മിപ്പിച്ചു. യു.ഡി.എഫ്. സർക്കാരിന്റെ മന്ത്രിസഭാ ഉപസമിതി ഇതിനകം ആദ്യത്തെ യോഗം ചേർന്ന കാര്യവും മുഖ്യൻ അറിയിച്ചത് നിഷ്പക്ഷരായ വാർത്താലേഖകർ ചെറുചിരിയോടെയാണ് കേട്ടിരുന്നത്.
എവിടെ സമരമുണ്ടോ, അവിടെ എസ്.എഫ്.ഐ.യുണ്ട് !
കേന്ദ്രസർക്കാരിന്റെ പ്രോട്ടോക്കോളനുസരിച്ച് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവരുടെ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്നുണ്ട്. ഇതിനെതിരെ നിയമസഭാ സെക്രട്ടറിയേറ്റിനു മുമ്പിൽ എസ്.എഫ്.ഐ. സമരം നടത്തുന്നത് അപഹാസ്യമല്ലേ? അത്തരമൊരു തീരുമാനമെടുത്ത കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യേണ്ടതിനുപകരം എന്തുകൊണ്ട് എസ്.എഫ്.ഐ. സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം നടത്തുന്നുവെന്ന ചോദ്യത്തിന് ഇതുവരെ ഒരൊറ്റ സി.പി.എം. നേതാവും കമാന്നൊരക്ഷരം പറഞ്ഞിട്ടില്ല. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കാൻ പോലും കഴിയാത്തവിധം ഇവരുടെ സമരകാരണങ്ങൾ വെറും 'ഊശിയായി' ജനം കണ്ടുതുടങ്ങിയിട്ടുണ്ട്.
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
