ഇക്കൊല്ലം നമ്മുടെ കേന്ദ്രസർക്കാർ സദയം കേരളത്തോട് കാട്ടിയ ഒരേ ഔദാര്യമാണ് കടലാമ സംരക്ഷണം. അതും കൂടി കിട്ടിയാൽ കേരളം സ്വയം പര്യാപ്തതയുടെ നിറകുടം ആയി മാറിയേക്കും.
കുറെ തെങ്ങ് മുളപ്പിച്ചോളാൻ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ. മണ്ടരിയും ചെല്ലിയും മുടിപ്പിച്ച തെങ്ങുകൃഷിയെ രക്ഷിക്കണമെങ്കിൽ, റംബൂട്ടാൻ പരിരക്ഷിക്കാൻ വല കെട്ടുന്നതുപോലെ, വിവിധ നിറത്തിലുള്ള നെറ്റുകൾ കെട്ടി നിർത്തിയാൽ, നവോഢയായ മണവാട്ടിയെപ്പോലെ അണി നിരന്നു നിൽക്കുന്ന കേരനിരകളെ കണ്ടാസ്വദിക്കാൻ ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഓടിയെത്തും.
കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണ്.
കേരളത്തോട് എന്ത് അനുഭാവം കാണിച്ചാലും അവിടെ താമര വിരിയിക്കാൻ പാടാണെന്ന് അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഒന്നും കൊടുക്കേണ്ട എന്ന തീരുമാനമാണ് അങ്ങ് തലസ്ഥാനത്തു നിന്നും കൈക്കൊണ്ടിരിക്കുന്നെങ്കിൽ ഹാ കഷ്ടം!
നേരെമറിച്ചു പാവം കർഷകരെയെങ്കിലും ഗൗനിക്കാഞ്ഞത് തെറ്റായ നയമായിപ്പോയി. ഇന്ത്യയിൽ വാഹനങ്ങൾ വിൽപ്പനയിലും ഉപയോഗത്തിലും വൻ വർധനയുണ്ടായത് നിസ്സാര കാര്യമല്ല. ശരാശരി രണ്ടും മൂന്നും വാഹനങ്ങൾ ഓരോ വീട്ടിലുമുണ്ട്. ഗതാഗത, വില്പന വിതരണ ശ്രംഖലകളിൽ എത്രയോ വൻ വാഹനങ്ങൾ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്നു. ഇവയ്ക്കാവശ്യമായ ടയറുകൾ നിർമ്മിക്കുന്ന റബ്ബർ പ്രധാനമായും കേരളകർഷകന്റെ വിയർപ്പിന്റെ ഫലമാണ്. അതിന് താങ്ങുവിലയായി ഇപ്പോഴത്തെ വിലയിൽ അമ്പതോ നൂറോ കിലോയ്ക്ക് വർധിപ്പിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ നെല്ലിനും തേങ്ങയ്ക്കും ന്യായമായ വില നിജപ്പെടുത്തിയിരുന്നെങ്കിൽ, കേരളത്തിലെ കർഷകർ ഒന്നടങ്കം കേന്ദ്രഗവൺമെന്റിനെ സപ്പോർട്ട് ചെയ്യുകയില്ലായിരുന്നോ? വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എന്തെങ്കിലും പ്രതീക്ഷയ്ക്കുള്ള ചലനമെങ്കിലും സൃഷ്ടിക്കയില്ലായിരുന്നോ? വേണ്ടെന്നാണ് തീരുമാനമെങ്കിൽ പാളിപ്പോയി നേതാവേ, പാളിപ്പോയി
പ്രകൃതിദുരന്തത്തിൽപ്പോലും കണ്ടതല്ലേ നമ്മോടുള്ള സഹാനുഭൂതി?
പക്ഷേ ചിന്തിച്ചു തുടങ്ങിയ വിഷയം അതല്ലല്ലോ. കേന്ദ്രം പറഞ്ഞുതന്നപ്പോഴാണ്, കേരളത്തിലെ നീറുന്ന പ്രശ്‌നം കടലാമയുടെ പ്രജനനം ആണെന്ന് ഈയുള്ളവനും ബോധ്യമായത്.
ഇനി എന്തൊക്കെ പുകിലുകളാണോ വരാനിരിക്കുന്നത് ? പാവം മുക്കുവരുടെ വീടുകൾ സംരക്ഷിക്കാൻ കടൽഭിത്തി കെട്ടാനാവില്ല. പണ്ടത്തെപ്പോലെ കടല് കാണാനെന്നും പറഞ്ഞുകൊണ്ട് കടൽത്തീരത്തുകൂടി ഓടിനടക്കാതിരിക്കാൻ നിയമങ്ങൾ വന്നേക്കും.
ഒരു ഹരിദാസും മേനകയും ഇറങ്ങിത്തിരിച്ചപ്പോൾ മൃഗസ്‌നേഹം വഴിഞ്ഞൊഴുകിയിട്ടു, കേരളത്തിൽ നായശല്യവും പേപ്പട്ടി കടിയുമേറ്റ് ആയിരങ്ങൾ വലഞ്ഞുകൊണ്ടിരിക്കുന്നു. മൃഗസ്‌നേഹികളെ, മനുഷ്യൻ എന്ന മൃഗത്തെ പരിരക്ഷിച്ചു കഴിഞ്ഞു മതി മറ്റു സുന്ദരമായ മൃഗങ്ങൾ.
കടൽത്തീരത്തു കൂടി അലസമായി നടന്നു കടലാമയുടെ മുട്ടയെങ്ങാനും ചവിട്ടിപ്പൊട്ടിച്ചിട്ടുണ്ടെങ്കിൽ, പ്രജകളെ നിങ്ങളുടെ കാര്യം കട്ടപ്പുക. ഞങ്ങൾ കടലാമസംരക്ഷണസമിതി (കെ.എസ്.എസ് ) രൂപം കൊണ്ടുകഴിഞ്ഞു. നായയെ പരിരക്ഷിക്കുന്നതിനേക്കാൾ, കടലാമയെ വളർത്തിയെടുക്കാൻ ഞങ്ങൾ പുതിയ നിയമങ്ങൾ താമസിയാതെ നടപ്പിലാക്കും. ഗ്രീൻ ടർട്ടിൽ, ഒലിവ് റിഡ്‌ലി, ലെതർ ബായ്ക് എന്നതൊക്കെ നമ്മുടെ സ്വന്തമല്ലേ, അവർക്ക് മറ്റാരുമില്ല, ആയിരക്കണക്കിന് കിലോമീറ്റർ അകലെനിന്നും നമ്മുടെ കടൽത്തീരത്തെത്തി മുട്ടയിട്ടശേഷം ആമകൾ മടങ്ങും. മുട്ടകൾ വിരിയുന്നത് വരെ അവയെ സംരക്ഷിക്കേണ്ടത് 'നമ്മൾ മലയാളികളുടെ മാത്രം' ഉത്തരവാദിത്വമാണ്, അതിന് കേന്ദ്രം നിർലോഭം വാരിക്കോരിത്തരും.
ഇനി അതെങ്കിലും കാത്തിരിക്കാം കൂട്ടരേ!
ഡോ. മാത്യു ജോയിസ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
