ജനഹിതത്തിന്റെ ട്രാക്ക് തെറ്റിച്ച് , ഈ രാഷ്ട്രീയക്കാർ പരക്കം പായുന്നത് എങ്ങോട്ട് ?

MARCH 19, 2026, 1:13 AM

കണ്ണൂരിലെ സി.പി.എം. പാളയത്തിലും കോൺഗ്രസ് കൂടാരത്തിലും അരങ്ങേറുന്ന പൊട്ടിത്തെറികൾ കണ്ട് ഇരുമുന്നണികളിലെ അണികളും വണ്ടറടിച്ചു നിൽക്കുന്നു. കണ്ണൂരിലെ പിണറായി എന്ന ഗ്രാമത്തിലെ പാറപ്പുറം എന്ന സ്ഥലത്താണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ യോഗം നടന്നത്. പിന്നീട് കണ്ണൂരിൽ വീണ ചോരത്തുള്ളികളാണ് ആ പാർട്ടി പതാകയുടെ 'ചുവപ്പ് നിറം' പോകാതെ കാത്തുസൂക്ഷിച്ചത്. ഇപ്പോൾ അതേ പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ നിന്ന് 'കമ്മ്യൂണിസം' ചോർന്നു പോയതിൽ ആകുലപ്പെടുന്ന നേതാക്കളുടെ വിലാപമുയരുന്നു.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടർന്നുണ്ടായ കോലാഹലങ്ങളുടെ അവസാന വിവരണങ്ങളിൽ നാം കണ്ടത് വി.കുഞ്ഞിക്കൃഷ്ണന്റെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ്. ഇപ്പോൾ  കുഞ്ഞിക്കൃഷ്ണനെ യു.ഡി.എഫ്. പിന്തുണയ്ക്കാൻ തീരുമാനിച്ചു കഴിഞ്ഞു. തളിപ്പറമ്പിൽ  എം.വിഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പരസ്യമായ കലഹത്തിനു മുതിർന്നിട്ടുള്ളത് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.കെ.ഗോവിന്ദനാണ്. പിണറായി വിജയന്റെ ബന്ധുവാണ് ഗോവിന്ദൻ. പദവികൾ പലതും വാഗ്ദാനം ചെയ്തുവെങ്കിലും ടി.കെ.ജി. അതൊന്നും ഏറ്റെടുക്കാൻ തയ്യാറായില്ല.

ഏറ്റവും ഒടുവിലാണ് 6 മാസമായി തൊഴിലാളികൾക്ക് ശമ്പളവും ആനുകൂല്യങ്ങളും കുടിശ്ശികയായിരുന്ന 'ചൈനാക്ലേ' കമ്പനി അദ്ദേഹത്തെ നിർബന്ധപൂർവം ഏൽപ്പിച്ചത്. ആ കമ്പനിയുടെ ബാധ്യതകൾ തീർത്ത് കമ്പനി ലാഭത്തിലാക്കിയ ചരിത്രമാണ് ടി.കെ.ജി.യുടേത്. കമ്പനി ത്വരിതഗതിയിൽ നടപ്പാക്കിയ ആധുനികവത്കരണം വൈവിധ്യവൽക്കരണവും മൂലമായിരുന്നു ഈ വിജയം നേടാനായത്. അഴിമതിയുടെ കറപുരളാത്ത ടി.കെ.ജി.യെ വർഗവഞ്ചകനെന്നു വിളിച്ച് പാർട്ടി നടത്തിയ ജാഥയ്ക്കു മുമ്പിൽ പിണറായി വിജയൻ ചവിട്ടിയൊതുക്കിയ എം.വി.ജയരാജനും പി.ജയരാജനുമുണ്ടായിരുന്നുവെന്നതാണ് വിചിത്രം.

vachakam
vachakam
vachakam

സാജന്റെ പ്രേതം വീണ്ടും അലറുന്നു...

ആന്തൂരിലെ കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകാത്തതു മൂലമുണ്ടായ, ഒരു പ്രവാസി വ്യവസായിയായ സാജന്റെ ആത്മഹത്യ ഇപ്പോൾ പലരും മറന്നിട്ടുണ്ടാകും. തളിപ്പറമ്പിൽ ശ്യാമള സ്ഥാനാർത്ഥിയായതോടെ സാജന്റെ മരണം സംബന്ധിച്ച പുനരന്വേഷണത്തിനുപോലും സാധ്യതയേറുകയാണ്. ആന്തൂർ മുൻസിപ്പൽ ചെയർപെഴ്‌സൺ ആയിരുന്ന പി.കെ. ശ്യാമള, ''ഞാൻ ഈ കസേരയിൽ ഉള്ളിടത്തോളം തന്റെ കൺവെൻഷൻ സെന്ററിന് മുനിസിപ്പാലിറ്റിയുടെ അനുമതി ലഭിക്കില്ലെന്ന് ' ഒരു പെൺപുലിയുടെ ശൗര്യത്തോടെ പ്രഖ്യാപിച്ചത് അന്നുതന്നെ മാധ്യമങ്ങളിൽ വന്നിരുന്നു.

ഇടതു പത്രത്തിൽ സാജന്റെ മരണത്തിനു കാരണം ഭാര്യയുടെ ജാര സമ്പർക്കമണെന്നു  ആരോപിച്ചതു വായനക്കാർ മറന്നിട്ടില്ല. ഒരു സുപ്രഭാതത്തിൽ സാജന്റെ കൺവെൻഷൻ സെന്റർ സംബന്ധിച്ച ഫയലുകളെല്ലാം മുനിസിപ്പൽ ഓഫീസിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ശ്യാമളയുടെ പേര് ജില്ലാ കമ്മിറ്റിയിൽ മൂന്ന് അംഗങ്ങൾ ഒഴികെ എല്ലാവരും എതിർത്തിട്ടും എങ്ങനെ സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നുവെന്ന ചോദ്യത്തിന് ഇപ്പോഴും മറുപടിയില്ല.

vachakam
vachakam
vachakam

പാർട്ടി സെക്രട്ടറി കൂടിയായ എം.വിഗോവിന്ദൻ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് നടത്തിയ 'ആർട് ഫെസ്റ്റിവൽ' സംബന്ധിച്ച കണക്കുകളും ഇതേ വരെ പാർട്ടിയുടെ ജില്ലാ കമ്മിറ്റിക്കു മുമ്പിൽ അവതരിപ്പിച്ചിട്ടില്ല. ഈ ചോദ്യങ്ങളെല്ലാം ഉന്നയിച്ചുകൊണ്ടാണ് ടി.കെ.ജി. വീണ്ടും രംഗത്തിറങ്ങിയിട്ടുള്ളത്. മാത്രമല്ല, ഷൈലജ ടീച്ചറിനെ പേരാവൂരേയ്ക്ക് നാട് കടത്തിയതും ടി.കെ.ജി. പരാമർശിക്കുന്നുണ്ട്.

തളിപ്പറമ്പിൽ മൂന്നു തവണ സ്ഥിരമായി ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തിൽ 'ഭാര്യ അത്ര പോരാ' എന്ന് ജനം വിധിയെഴുതിയാൽ ഗോവിന്ദൻ മാഷിന്റെ ഗമയെല്ലാം നഷ്ടപ്പെടും. സി.പി.എം.ലെ പുതിയ കാലത്തെ നേതാക്കൾക്കെല്ലാം നിറഞ്ഞുകവിയുന്ന കുടുംബസ്‌നേഹമാണുള്ളത്. ഓർമ്മയില്ലേ എ.വിജയരാഘവൻ പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ ഭാര്യ ബിന്ദുവിനെ എം.എൽ.ഏ.യാക്കിയതും മന്ത്രിയാക്കിയതും.

തലശ്ശേരിയിൽ സ്പീക്കർ ഷംസീറിന് പകരം ടി.പി.വധക്കേസിലെ പ്രതി കാരായി രാജനെ സി.പി.എം. മൽസരിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. മലബാർ മേഖലയിൽ ഇതേവരെ ഒരു മുസ്ലീം നാമധാരിയായ സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാത്തത് ഇപ്പോൾ തന്നെ ചർച്ചയായിട്ടുണ്ട്. കാരായി രാജന് സീറ്റ് നൽകുക വഴി ഭൂരിപക്ഷ പ്രീണനത്തിന്റെ പാതയിലാണ് പാർട്ടിയെന്നു കരുതപ്പെടുന്നു.

vachakam
vachakam
vachakam

തൊണ്ടി മുതൽ, മന്ത്രിപദം, ഒടുവിൽ സീറ്റും 

കേരള നിയമസഭാ മന്ദിരം സ്ഥിതി ചെയ്യുന്ന പ്രസ്റ്റീജ് മണ്ഡലമാണ് തിരുവനന്തപുരം സെൻട്രൽ. തൊണ്ടിമുതൽ കേസിൽ പ്രതിയാണെന്ന് കീഴ്‌ക്കോടതി കണ്ടെത്തിയതിനെ തുടർന്ന് ആന്റണി രാജുവിന് മന്ത്രിപദം ഉപേക്ഷിക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ആന്റണി രാജുവിന് ക്ലീൻ ചിറ്റ് നൽകിയില്ല. അതോടെ ഇടതു മുന്നണിയിലെ ഒറ്റ സീറ്റ് പ്രാതിനിധ്യമുള്ള ജനാധിപത്യ കേരളാ കോൺഗ്രസ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ സാധ്യതയില്ലെന്ന കാര്യം ഉറപ്പ്.

ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് എതിരെ സി.എം.പി.യിലെ സി.പിജോൺ മൽസരിച്ചേക്കാം. കോൺഗ്രസുകാർ നിഷേധിക്കുമെങ്കിലും വലതു മുന്നണി അധികാരത്തിലെത്തിയാൽ സി.പി.ജോൺ ധനമന്ത്രിവരെയാകുമെന്നാണ് തലസ്ഥാനത്തെ അടക്കം പറച്ചിൽ. 
ഒറ്റപ്പാലത്ത് പെണ്ണുകേസിൽ അതിതീവ്രമല്ലാത്ത പീഡനം നടത്തിയ പി.കെ.ശശിയെ യു.ഡി.എഫ്. സ്ഥാനാർത്ഥിയാക്കുമ്പോൾ പെരുമ്പാവൂരിൽ ഇതേ ആരോപണമുള്ള എൽദോസ് കുന്നപ്പിള്ളിയെ മാറ്റിനിർത്തുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. മാർച്ച് 26ന് എൽദോസിന്റെ കേസ് ഹൈക്കോടതിയിൽ എത്തുമ്പോൾ, എൽദോസിനെതിരെ പരാമർശമുണ്ടായാലോ എന്നതാണ് പാർട്ടി നേതൃത്വത്തെ വിഷമിപ്പിക്കുന്നത്. എൽദോസ് മാറിനിൽക്കേണ്ടിവന്നാൽ രമേശ് ചെന്നിത്തലയുടെ ഒപ്പം നിൽക്കുന്ന ഉല്ലാസ് തോമസ് അവിടെ സ്ഥാനാർത്ഥിയാകാം.

എന്നാൽ സീറോ മലബാർ സഭ മനോജ് മൂത്തേടനെ പിന്തുണയ്ക്കുന്നുണ്ടെന്ന് പത്രവാർത്തകളുണ്ട്. തൃപ്പൂണിത്തുറയിൽ കൊച്ചി ഡെപ്യൂട്ടി മേയറായ ദീപക് ജോയി മൽസരിക്കട്ടെ എന്ന് കെ.ബാബു സൂചന നൽകിയിട്ടുണ്ട്. വീക്ഷണം പത്രത്തിന്റെ മേൽവിലാസത്തിൽ കൊച്ചി കോർപ്പറേഷനിൽ കൗൺസിലർ വരെയായ  പി.എൻ. പ്രസന്നകുമാറിന്റെ ജ്യേഷ്ഠ സഹോദര പുത്രനാണ് ദീപക്. പ്രസന്നൻ ജീവിച്ചിരിപ്പില്ലെങ്കിലും, ആ പത്ര പ്രവർത്തകൻ റിട്ടയർമെന്റിനുശേഷം താവളം കണ്ടെത്തിയ 'യോഗനാദ' ത്തിലൂടെ വെള്ളാപ്പള്ളി നടേശനുമായി നല്ല ബന്ധത്തിലായിരുന്നു. ആ എസ്.എൻ.ഡി.പി. ബന്ധം ദീപകിന് തുണയായേക്കാം.

ഗ്രൂപ്പോ, അതെന്താ എന്ന് ചോദിക്കുന്നവരുണ്ടേ....    

കോൺഗ്രസിൽ കരുണാകരനും ആന്റണിയും പിൽക്കാലത്ത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം വളർത്തിക്കൊണ്ടുവന്ന ഗ്രൂപ്പ് പ്രതിഭാസം ഇപ്പോഴുമുണ്ട്. കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, കെ.സുധാകരൻ തുടങ്ങിയവരുടെ ആശീർവാദത്തോടെയുള്ള 'ഗ്രൂപ്പ് കളി' കോൺഗ്രസിലുമുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ മേൽപ്പറഞ്ഞ പല നേതാക്കളുടെയും 'അദൃശ്യമായ ഇടപെടൽ' ഉണ്ടെന്ന് വാർത്തകളുണ്ട്. കൊച്ചി സീറ്റ് മുഹമ്മദ് ഷിയാസിന് നൽകണമെന്ന് സതീശന് ആഗ്രഹമുണ്ട്. കെ.സി.യുടെ പിന്തുണയോടെ ദീപ്തി മേരി വറുഗീസ് കൊച്ചി മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. പോസ്റ്ററുകളും ദീപ്തിക്കായി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഡെൽഹിയിൽ എല്ലാ നേതാക്കളും പുറമേ ശാന്തരാണെന്നു ഭാവിക്കുകയാണ്. ഉള്ളിൽ പലരും കട്ടക്കലിപ്പിലാണ്.

എന്തുകൊണ്ട് ഇത്രയേറെ ആക്രാന്തം?

കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ ഒരു മന്ത്രിപദം ചുളുവിൽ കിട്ടുമെന്ന ചിന്ത കെ.സുധാകരനും അടൂർ പ്രകാശിനുമുണ്ട്. വരുംകാല മുഖ്യമന്ത്രിയാകാനുള്ള എം.എൽ.ഏ.മാരുടെ എണ്ണം ചെന്നിത്തല ഉറപ്പിച്ചു കഴിഞ്ഞുവെന്ന് ബുധനാഴ്ച രാവിലെ ഏഷ്യാനെറ്റ് ലേഖകൻ അരുൺകുമാറിനോട് സംസാരിക്കവേ വ്യക്തമായിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി.സതീശന്റെ പെർഫോമൻസാണ് പിണറായി വിജയനെ കൂടുതൽ ജനവിരുദ്ധനാക്കിയതെന്ന് പറയാതെ വയ്യ. സതീശൻ മുഖ്യമന്ത്രിയായാലും വേണ്ടില്ല, ആഭ്യന്തരം കിട്ടണമെന്ന് ചെന്നിത്തലയ്ക്ക് വാശിപിടിക്കാം.  സദ്യ തയ്യാറാകും മുമ്പേ ഇലയിട്ട് കാത്തിരിക്കുന്ന കോമഡിയായും മനപ്പായസമായും ചിലരെങ്കിലും കരുതുന്നില്ലേ?

വോട്ടിന് താരാട്ട് മാത്രം, ബാക്കിയെല്ലാം നഹി....

ജനകീയ പ്രശ്‌നങ്ങൾ പലതുമുണ്ട്. എൽ.പി.ജി. ക്ഷാമം, വന്യജീവി ആക്രമണം, പേപ്പട്ടി ആക്രമണം, പട്ടാപ്പകൽ പിടിച്ചുപറിയും ബലാൽസംഗവും, നടുറോഡിൽ സിനിമാസ്‌റ്റൈൽ കൊലപാതകം... അങ്ങനെ മലയാളികൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളും മാധ്യമങ്ങൾ ഇപ്പോൾ  ''ഹൈലൈറ്റ്'' ചെയ്യുന്നില്ല.

84കാരിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കയറി തെരുവ് നായ കടിച്ചുകൊന്നതും, ആറളത്ത് വീട്ടുമുറ്റത്തു നിന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതുമെല്ലാം ഇപ്പോൾ മാധ്യമങ്ങൾ ആഘോഷിക്കുന്നില്ല. ഒരു സെലിബ്രിറ്റിയും ഇത്തരം ദുരന്ത സ്ഥലങ്ങളിലേക്ക് ഓടിച്ചെല്ലുന്നില്ല. 
ഏതൊരു രാഷ്ട്രീയപാർട്ടിയും ജനങ്ങളെ കൈവിട്ടുള്ള പൊറാട്ടുനാടകത്തിനു മുതിർന്നാൽ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കുമെന്നതിന് കേരളാ രാഷ്ട്രീയ ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. അധികാരം കൈയ്യകലത്തിൽ നിൽക്കുമ്പോൾ ജനാധിപത്യ മൂല്യങ്ങൾ ഇനിയും നഷ്ടപ്പെടാത്ത പാർട്ടികളിൽ അതിന് കടകവിരുദ്ധമായ പലതും സംഭവിക്കുന്നുണ്ടോ? വോട്ടർമാർ പൊട്ടന്മാരല്ല, കഴുതകളുമല്ല. ശ്രദ്ധിക്കണേ, രാഷ്ട്രീയക്കാരേ...

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam