മോദിയുടെ ഗ്യാരന്റിയും പിണറായിയുടെ ഉറപ്പും ഏറ്റുമുട്ടുമ്പോൾ...

FEBRUARY 1, 2024, 11:17 AM

ധനമന്ത്രി കെ.എൻ. ബാലഗോപാലിനോട് വ്യക്തിപരമായി ആർക്കും കലിപ്പില്ല. എന്നാൽ മന്ത്രിയായ ബാലഗോപാലിനെ ചോദ്യങ്ങൾ കൊണ്ട് 'പച്ചയ്ക്ക് കത്തിക്കാനാണ്' ചൊവ്വാഴ്ച്ച  (ജനു.30) നിയമസഭയിൽ സതീശനും കൂട്ടരും ശ്രമിച്ചത്. എന്നാൽ, കേരളത്തിന് കേന്ദ്രം നൽകാനുള്ള കുടിശ്ശിക 57,000 കോടിയാണെന്നും, 'സാമ്പത്തിക ഫെഡറലിസം' മോദി സർക്കാർ തകർത്തു തരിപ്പാണമാക്കുകയാണെന്നും ധനമന്ത്രിയും ഭരണപക്ഷവും വാദിക്കുന്നു.

കേന്ദ്രം ഇനി എന്തു തരാനുണ്ടെന്നു ചോദിച്ചാൽ, നേരെ മൂക്കിൽ പിടിക്കേണ്ടതിനു പകരം വളഞ്ഞ്  'പൃഷ്ഠം ചൊറിയുന്ന പരുവത്തിൽ' ധനകാര്യ മാനേജ്‌മെന്റ് പരാജയപ്പെട്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സംസ്ഥാന ബജറ്റിൽ ജനത്തിനു സുഖിക്കാവുന്ന നിർദ്ദേശങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. പകരം ഇനിയും നികുതി ചുമത്താവുന്ന മേഖലകൾ കണ്ടുപിടിച്ച് കുരുക്കിടുന്ന പരിപാടിയായിരിക്കും  ബാലഗോപാലും കൂട്ടരും ബജറ്റിൽ നടപ്പാക്കാൻ ഉദ്ദേശിക്കുകയെന്നാണ് പൊതുവേയുള്ള പ്രവചനങ്ങൾ. വ്യാഴാഴ്ച (ഫെബ്രു.1) അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ നിരവധി ക്ഷേമ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചേക്കാം. ഈ ആരവത്തിൽ ഫെബ്രുവരി 5ന് അവതരിപ്പിക്കേണ്ട കേരള ബജറ്റ് ഒരു പഴയ ചിമ്മിനി വിളക്കിന്റെ ക്ഷേമ പ്രകാശമെങ്കിലും പരത്തിയാൽ ഭാഗ്യമെന്നേ പറയാനാവൂ. കേന്ദ്രം തെരഞ്ഞെടുപ്പിനു ശേഷം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുമ്പോൾ, തീർച്ചയായും നികുതി ചുമത്തലിന്റെ രഥഘോഷയാത്രയുണ്ടായേക്കാം. കാരണം, ജനങ്ങളെ വോട്ടെടുപ്പിനു മുമ്പ് തലോടുകയും, അതിനുശേഷം നികുതി ചുമത്തിയും ഇന്ധന വില വർദ്ധിപ്പിച്ചും പീഡിപ്പിക്കുകയും ചെയ്യുകയെന്നതാണല്ലോ കേന്ദ്ര സർക്കാർ സ്‌റ്റൈൽ.

കേന്ദ്രവിഹിതക്കണക്ക് കുഴമ്പു പരുവത്തിൽ

vachakam
vachakam
vachakam

കേരളത്തിന്റെ റവന്യൂ വരുമാനത്തിൽ ഏറെയും ഗവർണറെയും മന്ത്രിമാരെയും അവരുടെ പെഴ്‌സണൽ സ്റ്റാഫിനെയും സർക്കാർ ജോലിക്കാരെയും അധ്യാപകരെയുമെല്ലാം തീറ്റിപ്പോറ്റുവാൻ ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരോ, ഭരണകക്ഷിളോ, എന്തിന് സ്പീക്കറോ ഗവർണറോ പോലും സംസ്ഥാനത്തിന്റെ പരിതാപകരമായ അവസ്ഥയറിഞ്ഞ് സ്വന്തം ചെലവുകൾ വെട്ടിക്കുറയ്ക്കാൻ മനസ്സ് കാണിക്കുന്നില്ല. റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രിക്ക് സല്യൂട്ട് സ്വീകരിക്കാനുള്ള വാഹനമോടിക്കാൻ പോലും പൊലീസ് സ്വകാര്യ കരാറുകാരനെ ആശ്രയിക്കേണ്ടി വന്ന സംസ്ഥാനത്ത് പണം ചെലവഴിക്കാനുള്ള പ്രിയോറിറ്റി (മുൻഗണന) ഏതെന്നു പോലും ഇനിയും ധനവകുപ്പ് നിർണ്ണയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വീട്ടിൽ പുതിയ കർട്ടനിടാൻ 7 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് കെ.കെ. രമ ഇന്നലെ നിയമസഭയിൽ പറഞ്ഞതു കേട്ട് പ്രതിപക്ഷത്ത് ചിരിയുയർന്നിരുന്നു. ''ഇതെന്താ, സ്വർണ്ണം കൊണ്ടാണോ കർട്ടനുണ്ടാക്കിയിട്ടുള്ളത്?'' എന്ന രമയുടെ ചോദ്യവും പിന്നാലെയെത്തി. അങ്കമാലി എം.എൽ.എ. റോജി എം. ജോൺ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞതോടെ സഭാന്തരീക്ഷത്തിൽ ഉണ്ടാകാൻ പോകുന്ന കാറും കോളും ഏതു വിധത്തിലാകുമെന്ന ഏകദേശ ധാരണയുണ്ടായിരുന്നു. ബജറ്റ് തയ്യാറാക്കുന്ന തിരക്കിലായിരുന്നിട്ടും ധനമന്ത്രിക്ക് കേന്ദ്രം നൽകേണ്ട കുടിശ്ശികയെന്തെന്ന് സഭയിൽ വ്യക്തമാക്കാൻ കഴിഞ്ഞില്ല.

കേന്ദ്രം തരുന്നത് വാങ്ങിയെടുക്കാൻ മടിയോ?

'കെ-റെയിൽ വരും കേട്ടോ' എന്ന് തുടരെ പറയുന്ന മുഖ്യമന്ത്രി അങ്ങനെയുള്ള സ്വപ്‌ന  പദ്ധതികൾക്കായി യാതൊരു ഉറപ്പുമില്ലാത്ത പരുവത്തിലും ചെലവഴിച്ച കോടികളെത്രയായിരുന്നു? എങ്ങനെയാണ് 'സ്പിരിച്വൽ ടൂറിസം' വഴി കോടികൾ കൊയ്യുകയെന്ന് കേന്ദ്രവും യു.പി. സർക്കാരും അയോധ്യയിലൂടെ കാണിച്ചുതന്നിരിക്കെ, 357 കോടി രൂപയിലേറെ ഈ വർഷം മാത്രം വരുമാനം ലഭിച്ച ശബരിമലയിൽ സംസ്ഥാന സർക്കാർ എത്ര വലിയ പരാജയമായിരുന്നുവെന്ന് മണ്ഡലകാല വിശേഷങ്ങളിൽ നാം വായിച്ചതല്ലേ? ശബരിമല വിമാനത്താവള ഇടപാട് സ്വയം പ്രഖ്യാപിത ബിഷപ്പ് യോഹന്നാനുമായി ഉറപ്പിച്ചിരിക്കെ, ശബരി റെയിൽ സംബന്ധിച്ച 'ചെലവ് പങ്കിടൽ രേഖ' ഒരു വർഷമായി സംസ്ഥാന സർക്കാർ പിടിച്ചുവച്ചിരിക്കുന്നത് എന്തുകൊണ്ട് ? കേരള സംസ്ഥാനം വികസന ഭൂപടത്തിൽ മുന്നിലാണെങ്കിലും കഴിയുന്നത്ര കേന്ദ്ര സർക്കാർ വിഹിതം വാങ്ങി സംസ്ഥാനത്തിന്റെ വികസനം 'ഡബിൾ എഞ്ചിൻ' വേഗത്തിലാക്കാനല്ലേ നാം ശ്രമിക്കേണ്ടത്?

vachakam
vachakam
vachakam

സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരനാവല്ലേ

കേന്ദ്രം തരാനുള്ള കുടിശ്ശികത്തുകയിൽ 'സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരൻ' ശൈലിയിലല്ല ജനങ്ങളോട് സംസ്ഥാന ധനമന്ത്രി മറുപടി പറയേണ്ടത്. ജി.എസ്.ടി. നഷ്ടപരിഹാരം അഞ്ച്   വർഷത്തേയ്ക്ക് മതിയെന്ന് എല്ലാ സംസ്ഥാനങ്ങളും കൈയടിച്ചു പാസാക്കിയതാണ്. 5 വർഷം കഴിഞ്ഞപ്പോൾ നഷ്ടപരിഹാരം ഇനിയും നീട്ടണമെന്ന കേരളത്തിന്റെ അവകാശവാദം ആരാണ് വകവച്ചു തരിക?

മറ്റൊരു മുഖ്യപ്രശ്‌നം കടമെടുപ്പ് പരിധിയുടേതാണ്. കിഫ്ബി പോലുള്ള 'കളിക്കുടുക്ക' പരിപാടിയിൽ 18 ശതമാനം പലിശയ്ക്കാണ് കാനഡയിലെ ലാവ്‌ലിൻ ബന്ധമുള്ള ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം വായ്പയെടുത്തുവെന്നാണ് പറയുന്നത്. ജിഡിപി (ആഗോള വരുമാനം)യുടെ 39.1 ശതമാനം കേരളം ഇപ്പോൾ കടം വാങ്ങിക്കഴിഞ്ഞു. അപ്പോൾ കേന്ദ്രം കടമെടുക്കുന്നില്ലേ, അതും ജി.ഡി.പി.യുടെ പരിധി ലംഘിച്ചിട്ടില്ലേയെന്ന ചോദ്യമുണ്ട്. കേന്ദ്രം ജി.ഡി.പി.യുടെ 40 ശതമാനം വായ്പയെടുത്തിട്ടുണ്ടെന്നത് ശരി. എന്നാൽ കേരളം വായ്പാപരിധി ഇനിയും കൂട്ടണമെന്ന് ശഠിക്കുന്നത്. നിത്യനിദാനച്ചെലവുകൾക്ക് വേറെ വഴിയില്ലെന്ന അവസ്ഥയിലാണെന്ന കാര്യം മറക്കരുത്.

vachakam
vachakam
vachakam

സ്‌പോൺസർമാർ വരുന്ന വഴികൾ

നികുതിപിരിവിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ച കേരളീയത്തിനും നവകേരള സദസ്സിനും സ്‌പോൺസർമാരെ കണ്ടെത്താനുള്ള കുറുക്കുവഴിയാക്കുകയാണ് രണ്ടാം പിണറായി സർക്കാർ  ചെയ്തതെന്ന ആരോപണം ശക്തമാണ്. കേരളീയത്തിന് കഴിഞ്ഞയാഴ്ച അനുവദിച്ച 20 കോടി ആരുടെ കീശയിലേയ്ക്കായിരിക്കാമെന്നതിനെപ്പറ്റി ഊഹിക്കാനേ പറ്റൂ.

പൊന്നിന് ജി.എസ്.ടി 1.5 ശതമാനം!

സ്വർണ്ണം ഒരു അവശ്യ വസ്തുവാണോ? അതിന് എത്ര ജി.എസ്.ടി.യാവാം? കേന്ദ്രസംസ്ഥാന ഭരണകൂടങ്ങൾ 5 ശതമാനം വാറ്റ് പിരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 1.5 ശതമാനമാണ് ജി.എസ്.ടി. ഈ  മിനിമം നികുതി പിരിക്കുന്നതിൽ പോലും അനാസ്ഥ വന്നപ്പോൾ 4 ജില്ലകളിലെ 33 കടകൾ മാത്രം  പരിശോധിച്ചപ്പോൾ 1000 കോടി രൂപയുടെയെങ്കിലും നികുതി വെട്ടിപ്പ് കണ്ടെത്തി. കേരളത്തിൽ 7000ൽ ഏറെ ജ്വല്ലറികളുണ്ട്. പൊന്നു കച്ചവടത്തിൽ പാർട്ടിയ്‌ക്കെന്താ കാര്യമെന്നു ചോദിക്കരുത്. കാരണം, സ്വർണ്ണക്കടകളുടെ നികുതി വെട്ടിപ്പിനു മറപിടിച്ച ജി.എസ്.ടി. ഉദ്യോഗസ്ഥന് മുഖ്യമന്ത്രി പ്രത്യേക  ബഹുമതി നൽകി 'കേരളീ'യത്തിൽ വച്ച് ആദരിച്ചതിന്റെ പിന്നിലെ രഹസ്യമെന്ത്? ആരെല്ലാമായിരുന്നു കേരളീയത്തിലെ സ്‌പോൺസർമാർ? സർക്കാർ പരിപാടിയായ നവകേരള സദസ്സ് കേരളത്തിലെ 139  ഇടങ്ങളിൽ നടത്തിയതിന്റെ 'വരവ് കാ, ചെലവ് കാ' എത്ര? സർക്കാർ മൗനത്തിലാണ്. ഇതുവരെ നവകേരള സദസ്സ് വഴി എത്ര പരാതികൾ പരിഹരിക്കപ്പെട്ടു? 13.8 ശതമാനം പരാതികൾ  പരിഹരിച്ചുവെന്നു ഊഹക്കണക്ക് കണ്ടു. പാവം ജനം, പൊരിവെയിലിൽ നിന്ന് പരാതി നൽകിയത്, ഓരോ സർക്കാർ വകുപ്പിലേക്ക് 'ഫോർവേഡ്'ചെയ്ത് സംഘാടകർ തടിതപ്പിയെന്നതല്ലേ സത്യം

ജനാധിപത്യവും ഫെഡറലിസവും പിണറായിസവും

നികുതി വിഹിതത്തിന്റെ കാര്യത്തിൽ ഫെഡറലിസവും ജനാധിപത്യവുമെല്ലാം എടുത്ത് തലങ്ങും വിലങ്ങും വീശുന്ന സി.പി.എം. നേതാക്കൾ നിലവിലുള്ള ഇടതുസർക്കാർ ഈ അടിസ്ഥാന മൂല്യങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതല്ലേ? കൂടുതൽ നികുതി പിരിക്കേണ്ട സംസ്ഥാനത്തിന്  കൂടുതൽ വിഹിതം വേണമെന്നു പറയുന്നത് എങ്ങനെ ഫെഡറലിസത്തിന്റെ തത്വത്തിൽപെടും?  കേരളത്തിന്റെ നികുതി വിഹിതത്തിൽ 45% ഉം പിരിച്ചു നൽകുന്ന എറണാകുളം ജില്ലയിൽ വാഹനയുടമയിൽ നിന്ന് 1560 രൂപ മുൻകൂർ വാങ്ങിയെടുത്തിട്ടും ആർ.സി.ബുക്ക് അച്ചടിക്കാൻ പേപ്പർ വാങ്ങി നൽകാത്തത് ഏത് ധനകാര്യ മാനേജ്‌മെന്റിൽപെടും? ഈ ദയനീയാവസ്ഥ ചോദ്യം ചെയ്തു   തേവര സർക്കാർ പ്രസിൽ കുത്തിയിരുന്ന ബോസ്‌കോ കളമശ്ശേരിയെന്ന പൊതുപ്രവർത്തകനെ  അറസ്റ്റ് ചെയ്തത് ഏതു തരം ജനാധിപത്യ മര്യാദയാണ്?

ജനപക്ഷം 'സെക്കുലറും' ബി.ജെ.പി.യും

ബി.ജെ.പിയിൽ ചേർന്ന് വാലും തലയും മുറിഞ്ഞ തുഷാർ വെള്ളാപ്പള്ളിക്ക് പിന്നാലെ പി.സി. ജോർജിന്റെ ജനപക്ഷം ബി.ജെ.പിയിൽ ചേർന്ന് കഴിഞ്ഞു. പത്തനംതിട്ട ലോക്‌സഭാ സീറ്റാണ് ജോർജ്ജിന്റെ ലക്ഷ്യം. ശബരിമലയിലെ പ്രശ്‌നങ്ങൾ, പ്രാദേശിക ജന സമൂഹത്തെ വല്ലാതെ നോവിച്ചിട്ടുണ്ട്. സി.പി.എം. വിരോധികളായ ഹിന്ദു വോട്ടുകളും ബി.ജെ.പിയോടൊപ്പം ചിന്തിക്കുന്ന ക്രിസ്ത്യൻ വോട്ടുകളും ചേർന്നാൽ സീറ്റ് പിടിക്കാമെന്ന് പി.സി. കരുതുന്നുണ്ട്. ഇടതുവലതു മുന്നണികൾ പടിയടിച്ച് പിണ്ഡം വച്ച പി.സിക്ക് പോകാൻ മറ്റ് വഴികളില്ല. ബി.ജെ.പി. സീറ്റ് തന്നാൽ 'കിട്ടിയാൽ ഒരു സീറ്റ്, അല്ലെങ്കിൽ ഇലക്ഷൻ ഫണ്ട്' എന്ന മധുര സ്വപ്‌നം പി.സിക്കുണ്ട്. രാഷ്ട്രീയത്തിൽ ആ 'വലിയ മനുഷ്യനെ' പിച്ചിച്ചീന്തിയ കേരളാ കോൺഗ്രസുകാരും പിണറായിയും ഗതിപിടിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ 'കൊന്തയുരുട്ടി' സത്യം ചെയ്തത് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജനപക്ഷം (സെക്കുലർ) എന്ന പാർട്ടിയുടെ പേര് തേച്ചുമായിച്ച് ബി.ജെ.പിയിൽ ചേരേണ്ടിവന്ന പി.സി.യുടെ 'രാഷ്ട്രീയ ഭാവിക്ക് ' ഏതായാലും ഇനി താമരഗന്ധമുണ്ടാകും.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam