വിവാദങ്ങൾ തട്ടമിട്ടിറങ്ങുമ്പോൾ

SEPTEMBER 9, 2026, 9:50 AM

ആധുനിക സമൂഹത്തിൽ കാര്യമായി ചെലവാകാത്ത ഒന്നാണ് സ്ത്രീവിരുദ്ധത. അതിനെ എതിർക്കുകയും എതിർക്കാൻ വേണ്ടി എതിർക്കുകയും ചെയ്യുന്നവർ കൈകോർക്കുമ്പോൾ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നവർ ഒറ്റപ്പെടും. പറയുന്നത് കാന്തപുരം അബൂബക്കർ മുസലിയാർ ആണെങ്കിൽപ്പോലും. സ്വന്തം സമുദായത്തിൽ ഇരുചേരിയായി നിൽക്കുന്ന വിഭാഗങ്ങൾക്ക് കൊമ്പ് കോർക്കാൻ ഇടയ്ക്കിടെ ഇത്തരം ചില പരാമർശങ്ങൾ മതി.

കേരള രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽ മുന്നണികൾക്ക് പിന്നിൽ വോട്ട് ബാങ്കായി നിലകൊള്ളുന്ന മത ശക്തികൾ പുറപ്പെടുവിക്കുന്ന പ്രസ്താവനകൾ പലപ്പോഴും രാഷ്ട്രീയ ഇന്ധനമായി വർത്തിക്കാറുണ്ട്. അത് തെരഞ്ഞെടുപ്പ് കാലമാണെങ്കിൽ കൂടുതൽ ആളിക്കത്തും എന്നുമാത്രം. എങ്കിലും തങ്ങളോടുള്ള ബന്ധത്തിൽ രാഷ്ട്രീയ കക്ഷികൾ എവിടെ നിൽക്കുന്നു എന്നറിയാനുള്ള ഒരു ടെസ്റ്റ് ഡോസ് കൂടിയാണ് പലപ്പോഴും വിവാദ പരാമർശങ്ങൾ. ഇത്തരം പരീക്ഷണങ്ങൾക്കെതിരെ ജാഗ്രത പുലർത്തിയ നേതാവാണ് ഇ.എം.എസ് നമ്പൂതിരിപ്പാട്. സമുദായങ്ങളെ അടുപ്പിക്കുമ്പോൾ എത്രമാത്രം ശ്രദ്ധ വേണമെന്ന് ഇ.എം.എസ് പതിറ്റാണ്ടുകൾക്ക് മുമ്പ് നിലപാടെടുത്തത് ഇടതുപക്ഷത്ത് സൃഷ്ടിച്ച വിള്ളലുകൾക്ക് കേരളം സാക്ഷിയാണ്. ബദൽ രേഖ എഴുതി എം.വി.രാഘവനും മറ്റും പാർട്ടി വിട്ടത് അതിനു പിന്നാലെയാണ്.

സമസ്തയുടെ പേരിലൊരു രാഷ്ട്രീയ പ്രസ്ഥാനമെന്ന ആശയം മനസ്സിൽ കൊണ്ടുനടന്ന കാന്തപുരത്തിനും അനുയായികൾക്കും നല്ല അവസരം തെളിഞ്ഞു വന്നത് 1985ലെ ഷാബാനു ബീഗം കേസിനെ തുടർന്നുണ്ടായ ശരീഅത്ത് വിവാദം കേരളമെങ്ങും അലയടിച്ചതോടെയാണ്. ഇ.എം.എസ്. നമ്പൂതിരിപ്പാട് ശരീഅത്തിനെതിരെ പരസ്യനിലപാട് എടുത്തതോടെ മാർക്‌സിസ്റ്റ് പാർട്ടിയുടെ കൂടെ സഖ്യം ചേർന്നിരുന്ന അഖിലേന്ത്യാ മുസ്‌ലിംലീഗ് സഖ്യം ഉപേക്ഷിക്കുകയും തുടർന്ന് രണ്ടു ലീഗുകളും ലയിച്ച് ശരീഅത്ത് സംരക്ഷണ പോരാട്ടം ശക്തമാക്കുകയും ചെയ്ത കാലമായിരുന്നു അത്. 

vachakam
vachakam
vachakam

മതനേതാവ് ആണെങ്കിലും കാന്തപുരത്തിന്റെ ഇടത് അനുകൂല രാഷ്ട്രീയം അതിനെ ആളിക്കത്തിക്കുകയും ചെയ്യും. എതിരാളികൾക്ക് എന്നും വിമർശിക്കാനുള്ള ഒരു വക ഇട്ടുകൊടുത്ത് കേരള രാഷ്ട്രീയത്തിൽ തന്നോടൊപ്പമുള്ള സമുദായാംഗങ്ങളുടെ കരുത്ത് തെളിയിക്കുക കാന്തപുരത്തിന് ഒരു ലഹരിയാണ്.

മുഖം മറയ്ക്കാത്ത വിവാദം

കാന്തപുരത്തിന്റെ പ്രസ്താവന കേവലം സ്ത്രീവിരുദ്ധത മാത്രമല്ല; അത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമാണെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് പറയുമ്പോഴാണ് അതിൽ രാഷ്ട്രീയം കടന്നുവരുന്നത്. മതരാഷ്ട്രവാദത്തിന്റെ ആദ്യ വെടിയൊച്ചയാണ് കാന്തപുരത്തിലൂടെ ഉയരുന്നതെന്നും ബി.ജെ.പി വിലയിരുത്തി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമുള്ള  അടവുനയത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കാന്തപുരത്തെ തിരുത്തിയുള്ള പ്രസ്താവന. അല്ലെങ്കിൽ, അക്കൂട്ടത്തിൽ മുസ്ലിംലീഗിനെയും തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാവണം. സ്ത്രീവിരുദ്ധ പരാമർശം രാഷ്ട്രീയ ഇന്ധനമാക്കുന്നതിന്റെ ഏറ്റവും വലിയ തെളിവ് !

vachakam
vachakam
vachakam

പരമ്പരാഗത ഇസ്‌ലാമിക പണ്ഡിതൻ എന്ന നിലയിൽ കാന്തപുരം ഉയർത്തിപ്പിടിക്കുന്ന മതപരമായ നിലപാടുകൾ ഒരു വിഭാഗം സംരക്ഷിക്കുമ്പോൾ, മറുവിഭാഗം അത് ആധുനിക ജനാധിപത്യ മൂല്യങ്ങൾക്കും ലിംഗസമത്വത്തിനും വിരുദ്ധമാണെന്ന് വിമർശിക്കുന്നു. മതം രാഷ്ട്രീയത്തിലിടപെടാൻ പാടുണ്ടോ, രാഷ്ട്രീയം മതത്തിലിടപെടാൻ പാടുണ്ടോ എന്ന ചർച്ചക്ക് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഇടയലേഖനങ്ങളിലൂടെ വോട്ടു രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന ക്രിസ്തീയ പൗരോഹിത്യം സ്വീകരിക്കുന്ന ലൈനിലേക്ക് കേരളത്തിലെ മുസ്‌ലിം പൗരോഹിത്യവും കടന്നുവരുന്നതിന്റെ സൂചനകളാണോ മുസ്ലിം പണ്ഡിതരിലൂടെ പുറത്തേക്ക് വരുന്നത് എന്ന് ആശങ്കപ്പെടുന്നവരും ഇല്ലാതില്ല. പ്രത്യേകമായ വോട്ടുബാങ്കുകൾ സൃഷ്ടിച്ച് രാഷ്ട്രീയ പാർട്ടികളെ സമ്മർദത്തിലാക്കുന്ന തന്ത്രങ്ങൾ ചില മൗലാനമാർ ഉത്തരേന്ത്യയിൽ പയറ്റുന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. കേരളം അതിൽ നിന്നും ഭിന്നമായിരുന്നു. ഇസ്ലാമിക ആഘോഷങ്ങളിൽ തെരുവുകളിലോ വേദികളിലോ മറ്റ് പുരുഷന്മാർക്ക് മുന്നിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട്, സംസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ കാന്തപുരം മഹല്ലുകൾക്ക് സംയുക്തമായി ഒരു സർക്കുലർ പുറപ്പെടുവിച്ചതിലൂടെ കേരളം ഒരിക്കൽ കൂടി നവീകരിക്കപ്പെട്ടു !

ആ നവീകരണം മതങ്ങളുടെ കാഴ്ചപ്പാടും ആധുനിക സമൂഹത്തിന്റെ ചിന്താഗതിയും ഒരിക്കൽ കൂടി ചർച്ചയ്ക്ക് വയ്ക്കാൻ വഴിയൊരുക്കി. ഇത്തരം ചിന്താഗതികൾ നമ്മുടെ സമൂഹത്തിന്റെ കീഴ്ത്തട്ടിൽ ഇപ്പോഴും ഉറങ്ങിക്കിടക്കുന്നു എന്ന് പുതുതലമുറയെ ഓർമ്മിപ്പിക്കാനും ഇത് അവസരം ഒരുക്കി. ആ നിലയ്ക്ക് നോക്കിയാൽ കാന്തപുരം ഉയർത്തിയ വിവാദം,ദോഷത്തേക്കാൾ ഏറെ ഗുണമാണ് ചെയ്തത്.

vachakam
vachakam
vachakam

ചന്ദ്രികയിൽ അലിയുമോ?

സമസ്തയുടെ മുഖപത്രമായ സുപ്രഭാതവും മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയവും സംഘടനാപരവുമായ അഭിപ്രായവ്യത്യാസങ്ങൾ മുഖപ്രസംഗങ്ങളിലൂടെ പുറത്തു വരുമ്പോൾ കൊച്ചു കേരളത്തിൽ ഒരു സമുദായം ഉയർത്തുന്ന ഭിന്ന സ്വരം വ്യക്തമായി കേൾക്കാം. ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുള്ള രാഷ്ട്രീയ ചേരിതിരിവാണ് ഇരുപത്രങ്ങളും തമ്മിലുള്ള വാർത്താ യുദ്ധങ്ങൾക്ക് പിന്നിലുള്ള പ്രധാന കാരണം. മുൻകാലങ്ങളിൽ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തോട് പൂർണ്ണമായും ചേർന്നുനിന്നിരുന്ന സമസ്തയുടെ ചില നേതാക്കളും അണികളും, സമീപകാലത്തായി ഇടത് മുന്നണിയോട് പുലർത്തുന്ന രാഷ്ട്രീയ അടുപ്പം പത്രങ്ങളിലെ ഉള്ളടക്കത്തിലും പ്രതിഫലിക്കാൻ തുടങ്ങി. ഇത് ഇരുപത്രങ്ങളും തമ്മിലുള്ള പരസ്യമായ വിയോജിപ്പുകൾക്ക് വഴിതുറന്നു.

അപ്പോഴാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉന്നം വെച്ച് അതിരിൽ വന്നു നിൽക്കുന്ന സംഘപരിവാര ശക്തികളുടെ സാന്നിധ്യം തിരിച്ചറിയുന്നത്. അതുകൊണ്ടാണ് സ്ത്രീവിരുദ്ധതയുടെ പേരിലാണെങ്കിലും സതീശൻ സർക്കാരിനെ തൊടാൻ ഞങ്ങൾ അനുവദിക്കില്ല എന്നൊരു പ്രഖ്യാപനവുമായി പി.കെ. കൃഷ്ണദാസ് എത്തിയത്. നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. മതതീവ്രവാദികൾക്ക് നിയന്ത്രിക്കാൻ അതിനെ വിട്ടുകൊടുക്കില്ല എന്ന കൃഷ്ണദാസ വചനം ശ്രദ്ധേയമാണ്.

ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരവും രംഗത്തെത്തി

ഇത്തരം അഭിപ്രായങ്ങൾ ആദ്യമായല്ല കേൾക്കുന്നത്. എന്നാൽ കോൺഗ്രസ്-മുസ്ലിം ലീഗ് സർക്കാർ വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ കഴിഞ്ഞ 100 ദിവസത്തിനിടെ, ഇന്ത്യൻ ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ഒരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്കും വിരുദ്ധമായി കേരളത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്' അദ്ദേഹം പറഞ്ഞു.

കാന്തപുരം മാത്രമല്ല, ഏതൊരു മത നേതാവും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളോട് തൽക്ഷണം പ്രതികരിക്കാൻ കഴിയുന്ന ഒരു പൊതു സമൂഹം ഇവിടെ നിലനിൽക്കുകയും അത് ഒരു സംഘർഷത്തിലേക്ക് നീങ്ങാതിരിക്കുകയും ചെയ്യുന്നിടത്താണ്, കേരളം എക്കാലത്തും അഭിമാനത്തോടെ പറയാറുള്ള ആ സമത്വ സുന്ദര ഭൂമിക എന്ന ചിത്രം ഒരിക്കൽ കൂടി തെളിയുന്നത്. ഇടയ്ക്കിടെ  അതിന്റെ മാറ്റുരയ്ക്കാൻ അവസരം തരുന്ന വൃദ്ധ നേതൃത്വങ്ങളോട് യുവതലമുറയ്ക്ക് നന്ദി പറയാം.

പ്രജിത്ത് രാജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam