1950 മുതലാണ് എല്ലാ വര്‍ഷവും ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആഘോഷിച്ച് തുടങ്ങിയത്. 1950 ല്‍ ഇതേ ദിവസമാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ 1949 നവംബര്‍ 26 നാണ് ഇന്ത്യന്‍ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെട്ടത്. എന്നാല്‍ ഈ വലിയ രാഷ്ട്രത്തിന്റെ സമന്വയവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഏകീകരണവും 1950 ജനുവരി 26 നാണ് പൂര്‍ത്തിയായത്. അതായത് അന്നാണ് ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നത്.
ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ പൗരന്മാരുടെയും നടപടിക്രമങ്ങള്‍, അധികാരങ്ങള്‍, കടമകള്‍, മൗലികാവകാശങ്ങള്‍, നിര്‍ദ്ദേശക തത്വങ്ങള്‍ എന്നിവ പ്രതിപാദിക്കുന്ന ഒരു വലിയ രേഖയാണ് ഇന്ത്യന്‍ ഭരണഘടന. ഇന്ത്യന്‍ ഭരണഘടനയുടെ നിയന്ത്രണ തത്വം ''ജനങ്ങളുടെ, ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍' എന്നാണ്. അധികാരം ഇന്ത്യയിലെ പൗരന്മാരുടെ കൈകളില്‍ നിക്ഷിപ്തമാണെന്ന് ഇത് സൂചിപ്പിക്കുന്നു. റിപ്പബ്ലിക് ദിനം ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വന്തം ഗവണ്‍മെന്റിനെ തിരഞ്ഞെടുക്കാനുള്ള ശാക്തീകരണത്തിന്റെ ആഘോഷത്തെ അടയാളപ്പെടുത്തുന്നു.
നേരത്തേ അംഗീകരിക്കപ്പെട്ട ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ എന്തിന് തൊട്ടടുത്ത വര്‍ഷം ജനുവരി 26 വരെ കാത്തിരുന്നു എന്ന സംശയം നമ്മുക്കുണ്ടാവാം. നിയമപരമായി പ്രാബല്യത്തില്‍ വരുത്താന്‍ തിരഞ്ഞെടുത്ത ദിവസത്തിന് മറ്റൊരു ചരിത്രപ്രധാന്യം കൂടെയുണ്ട് എന്നതാണ് അതിന്റെ പ്രത്യേകത. 1930 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ പൂര്‍ണ സ്വരാജ് എന്ന പേരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ദിവസമാണ് ജനുവരി 26 എന്നതുകൊണ്ടാണ് റിപ്പബ്ലിക് ദിനമായി ആ ദിവസം തിരഞ്ഞെടുക്കപ്പെട്ടത്.
ബ്രിട്ടീഷുകാര്‍ വച്ചു നീട്ടിയ അര്‍ധസ്വാതന്ത്ര്യത്തിന് എതിരെയായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ചത്. ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണ സ്വരാജ് ദിനമായി ആചരിക്കാനും തീരുമാനിച്ചു. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ രാജ്യ വ്യാപകമായി ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള വിത്തുപാകി എന്നതാണ് ഈ പ്രമേയത്തിന്റെ ചരിത്ര പ്രാധാന്യം.
ഡോ. ബി.ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. 7,600 ഓളം നിര്‍ദേശങ്ങള്‍ വന്നതില്‍ നിന്ന് ഏകദേശം 2,400 എണ്ണം സമിതി ഒഴിവാക്കിയിരുന്നു. ഭരണഘടനയുടെ ആദ്യപകര്‍പ്പ് 1948 ഫെബ്രുവരിയില്‍ ആണ് പ്രസിദ്ധീകരിച്ചത്. 1949 നവംബര്‍ 26 ന് ഭരണഘടനാ അസംബ്ലിയുടെ അവസാന സെഷനിലാണ് ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെടുന്നത്. 284 അംഗങ്ങള്‍ ഒപ്പുവച്ച ഇന്ത്യന്‍ ഭരണഘടന അങ്ങനെ 1950 ജനുവരി 26 ന് പ്രാബല്യത്തില്‍ വന്നു. ബ്രിട്ടീഷുകാരുടെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിന്‍വലിച്ചാണ് ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്നത്. 395 ആര്‍ട്ടിക്കിളുകളും 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950 ല്‍ അംഗീകരിച്ചത്.
വിവിധ രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് മികച്ചവ തിരഞ്ഞെടുത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ജനകീയ തിരഞ്ഞെടുപ്പും പാര്‍ലമെന്റ് സംവിധാനവും ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്ന്, സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനം അമേരിക്കന്‍ ഭരണഘടനയില്‍ നിന്നും, വ്യക്തി സ്വാതന്ത്ര്യം ഫ്രാന്‍സില്‍ നിന്നും, മൗലികാവകാശങ്ങള്‍ സോവിയറ്റ് യൂണിയനില്‍ നിന്നും, ഭരണഘടനാ ഭേദഗതി ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് തിരഞ്ഞെടുത്തത്.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മം നടന്നതിന്റെ നാലാം നാളാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത്. ഇവിടെ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. പക്ഷെ ചോദിക്കാന്‍ ഭയമാണ്. ഇന്ത്യന്‍ റിപ്പബ്ലികിന് മുകളില്‍ മറ്റെന്തിനെങ്കിലുമാണോ സ്ഥാനം? അതിനുളള ഉത്തരം ഓരോരുത്തരും സ്വയം കണ്ടെത്തട്ടെ. അധികാരത്തിന് പരിധി കല്‍പ്പിക്കുന്ന അവകാശ പത്രികയായ ഭരണഘടനയേക്കാള്‍ അധികാര രാഷ്ട്രീയത്തിന്റെ ചിഹ്നങ്ങള്‍ക്ക് സ്ഥാനം കല്‍പിക്കുമ്പോള്‍ നമ്മുടെ ഭരണഘടന എവിടെ എത്തി നില്‍ക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള ബല പരീകഷണത്തില്‍ മനുഷ്യന്‍ ഞെരുങ്ങുന്നത് അറിയാതെ പോകുന്നു. എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ രാജ്യം എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് നമ്മുക്ക് മുന്നില്‍ തെളിഞ്ഞ് നില്‍ക്കുന്ന പലതും.
മതനിരപേക്ഷതയുടേയും ബഹുസ്വരതയുടേയും മൂന്നാം മാര്‍ഗമാണ് ഇന്ത്യന്‍ ഭരണഘടന നമ്മുക്ക് മുന്നില്‍ തുറന്നു തരുന്നത്. മതം വിശ്വാസം ആകുമ്പോള്‍ മനുഷ്യനെ ഒരുമിപ്പിക്കുമെന്നും അത് രാഷ്ട്രീയ വത്കരിക്കപ്പെടുമ്പോള്‍ മനുഷ്യ സമൂഹം വിഭജിക്കപ്പെടുമെന്നുമുള്ള തിരിച്ചറിവാണ് ഇതിന് പിന്നില്‍. സ്‌നേഹം എന്നത് മതമല്ല. അത് സ്വയം ഒരു ധര്‍മ്മവും വിശ്വാസവുമാണ്. സാഹോദര്യത്തിലും സ്ഥിതിസമത്വത്തിലും ഊന്നി നില്‍ക്കുന്ന നമ്മുടെ റിപ്പബ്ലിക്കന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യവും അത് തന്നെയാണ്.
റിപ്പബ്ലിക്കും ജനാധിപത്യവും കൂടിച്ചേരുമ്പോള്‍ അതൊരു ജീവിത രീതിയായി മാറുന്നു. സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ തോളോടു തോള്‍ ചേര്‍ന്നുനിന്ന് പരസ്പരം സഹകരിക്കുകയും ബഹുമാനിക്കുകയും വിട്ടുവീഴ്ചകള്‍ക്ക് തയാറാവുകയും ചെയ്യുന്നതാണ് അതിന്റെ അടിത്തറ. സുതാര്യതയും സംവാദവും ഇതിന് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്.
റിപ്പബ്ലിക് എന്നത് ലാറ്റിന്‍ പദമാണ്. ഇതിന്റെ അര്‍ഥം പൊതുകാര്യം എന്നാണ്. രാഷ്ട്രീയത്തില്‍ അത് ഭരണസുതാര്യതയ്ക്കും ശക്തമായ പൊതുമണ്ഡലത്തിനും വേണ്ടി നിലകൊള്ളുന്നു. ഒരു രാജ്യം ജനാധിപത്യ റിപ്പബ്ലിക് ആവുന്നത് ജനങ്ങള്‍ പരസ്പരം സംഭാഷണത്തിലേര്‍പ്പെടുകയും ശ്രവിക്കുകയും മനസിലാക്കുകയും ചെയ്യുമ്പോഴാണ്. മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന സംവാദത്തിന്റെ പൊതു സംസ്‌കാരം ഇതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിലൂടെയാണ് പൊതു താല്‍പര്യവും പൊതുജനാഭിപ്രായവും രൂപം കൊള്ളുന്നത്. മറിച്ചാകുമ്പോള്‍ സ്വകാര്യ താല്‍പര്യവും സ്വകാര്യാഭിപ്രായവും പൊതുതാല്‍പര്യത്തിന്റെയും പൊതുജനാഭിപ്രായത്തിന്റെയുമേല്‍ കടന്നുകയറ്റം നടത്തുന്നു. അത് റിപ്പബ്ലിക്കിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും. ഇവിടെയാണ് സ്വതന്ത്ര മാധ്യമങ്ങളുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം നാം തിരിച്ചറിയേണ്ടത്.
ഭരണഘടനാ മൂല്യങ്ങളുടെ ഓര്‍മ പുതുക്കലും അവ നമ്മുടെ രാഷ്ട്രീയത്തെ എത്രകണ്ട് സമ്പന്നമാക്കി എന്നതിന്റെ കണക്കെടുപ്പുമാണ് റിപ്പബ്ലിക് ദിനാഘോഷത്തെ ആവേശഭരിതമാക്കേണ്ടത്. അല്ലാത്തവയെല്ലാം വെറും ആഘോഷങ്ങള്‍ക്ക് വേണ്ടിയുളള വെച്ചുകെട്ടലുകള്‍ മാത്രമാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1