എന്താണ് മാര്‍പാപ്പയെ ബാധിച്ച ഡബിള്‍ ന്യുമോണിയ?

FEBRUARY 25, 2025, 11:01 PM

ഫെബ്രുവരി 14-നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുശ്വാസകോശങ്ങളിലേക്കും അണുബാധ വ്യാപിച്ച് ഡബിള്‍ ന്യുമോണിയയായി മാറുകയായിരുന്നു. ആശുപത്രിയിലെത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും മാര്‍പാപ്പയുടെ ആരോഗ്യാവസ്ഥയില്‍ മാറ്റമൊന്നും ഇല്ലെന്നാണ് വ്യക്തമാകുന്നത്. ഡബിള്‍ ന്യുമോണിയ നിയന്ത്രണവിധേയമായെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് 'സെപ്‌സിസ്' എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

ഞായറാഴ്ച അദ്ദേഹം കുര്‍ബാനയ്ക്ക് പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യനില മോശമാണെങ്കിലും ആശുപത്രി മുറിക്കുള്ളിലിരുന്ന് മാര്‍പാപ്പ തന്റെ ചുമതലകള്‍ പരമാവധി നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍ സെര്‍ഗൈയോ ആല്‍ഫേറിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ് മാര്‍പാപ്പ ആശുപത്രിയില്‍ കഴിയുന്നത്.

മാര്‍പാപ്പയ്ക്ക് വെന്റിലേറ്ററിന്റെ സഹായം നല്‍കിയിട്ടില്ലെന്നും ശ്വാസതടസ്സമുള്ളതിനാല്‍ പരിമിതമായി മാത്രയേ ശരീരചലനം നടത്തുന്നുള്ളുവെന്നും ഡോ.സെര്‍ഗൈയോ ആല്‍ഫേറി അറിയിച്ചു. ഈയവസ്ഥയിലും മാര്‍പാപ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നര്‍മ്മസംഭാഷണം തുടരുന്നതായും ഡോക്ടര്‍ പറയുന്നു.

എന്താണ് ഡബിള്‍ ന്യൂമോണിയ

ന്യൂമോണിയയെ കുറിച്ച് നമ്മള്‍ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഡബിള്‍ ന്യൂമോണിയ പലര്‍ക്കും പുതിയ വാക്കായിരിക്കും. ബാക്ടീരിയ, വൈറസ്, ഫംഗസ്, മൈകോപ്ലാസ്മ തുടങ്ങിയ സൂക്ഷ്മജീവികള്‍ കാരണം ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് ന്യൂമോണിയ. ശ്വാസകോശത്തിലെ കുമിളകള്‍ പോലുള്ള വായു അറകളെയാണ് ഇവ പ്രധാനമായും ബാധിക്കുക. തുടര്‍ന്ന് ഈ ഭാഗത്ത് നീര്‍ക്കെട്ടോ പഴുപ്പോ ഉണ്ടാകുന്നു. ഇത് ശ്വാസത്തിനും ഓക്സിജന്‍ സ്വീകരിക്കുന്നതിനും തടസമുണ്ടാക്കും.

എന്നാല്‍ ഇത്തരം അണുബാധ രണ്ട് ശ്വാസകോശങ്ങളേയും ബാധിക്കുന്നതാണ് ഡബിള്‍ ന്യുമോണിയ. ഇത് സാധാരണ ന്യുമോണിയയേക്കാളും ഗുരുതര സ്വഭാവമുള്ളതാണ്. ശ്വാസകോശത്തില്‍ വലത് ഭാഗത്ത് മൂന്ന് ലോബുകളും ഇടത് ഭാഗത്ത് രണ്ട് അറകളുമാണുള്ളത്. ഒന്നിലധികം ലോബുകളില്‍ ന്യൂമോണിയ ഉണ്ടാകുന്നതിനെ മള്‍ട്ടി ലോബാര്‍ ന്യൂമോണിയ എന്നാണ് പറയുക. അത് ചിലപ്പോള്‍ ഒരുവശത്ത് മാത്രമാകാം. അല്ലെങ്കില്‍ രണ്ട് വശത്തേയും ബാധിക്കാം. അപ്പോഴാണ് ഡബിള്‍ ന്യുമോണിയയായി മാറുന്നത്.

ലോബുകളിലുണ്ടാകുന്ന അണുബാധ അല്ലാതേയും ന്യുമോണിയ ഉണ്ടാകും. ശ്വാസകോശത്തിന്റെ വിവിധ കലകളുടെ ചില ഭാഗങ്ങളില്‍ ചെറിയ തുരുത്തുകളായി അണുബാധ ഉണ്ടാകും. ഇതിനെ ബ്രോങ്കോ ന്യൂമോണിയ എന്നാണ് പറയുന്നത്. ഇതും രണ്ട് ശ്വാസകോശത്തേയും ബാധിക്കാം. എന്നാല്‍ മാര്‍പാപ്പയെ ബാധിച്ചിരിക്കുന്നത് പോളിമൈക്രോബിയല്‍ അണുബാധയാണ്. ഒന്നിലധികം സൂക്ഷ്മാണുക്കള്‍ കാരണമാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ കൂടുതല്‍ സങ്കീര്‍ണമായ ചികിത്സ ഇതിന് ആവശ്യമാണ്. നിലവില്‍ ആന്റിബയോട്ടിക്കുകളും കോര്‍ട്ടികോസ്റ്റീറോയിഡുകളും അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് വത്തിക്കാന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ന്യുമോണിയയുടെ ലക്ഷണങ്ങള്‍

ശക്തമായ പനി, കുളിരും വിറയലും, ചുമ, പ്രത്യേകിച്ച് കഫത്തോടുകൂടിയുള്ള ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, കഫത്തോടൊപ്പം രക്തം കാണപ്പെടുക, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രായമായവരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും ചിലപ്പോള്‍ ക്ഷീണം, ഭക്ഷണത്തോടുള്ള താത്പര്യക്കുറവ് എന്നീ ലക്ഷണങ്ങള്‍ മാത്രമായും കാണാറുണ്ട്.

ന്യൂമോണിയ പലതരം

ബാക്ടീരിയല്‍ ന്യൂമോണിയ:

ശ്വാസകോശത്തിലെ അറകളെ ബാക്ടീരിയകള്‍ ബാധിക്കുകയും ന്യൂമോണിയയായി പരിണമിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

വൈറല്‍ ന്യൂമോണിയ:

വൈറസ്ബാധ മൂലമുണ്ടാകുന്ന ന്യൂമോണിയയാണിത്. ഇന്‍ഫ്‌ളുവന്‍സ വൈറസ്, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്, കൊറോണാവൈറസ്, അഡിനോവൈറസ്, പാരഇന്‍ഫ്‌ളുവന്‍സ വൈറസ്, ഹെര്‍പെസ് സിംപ്ലക്സ് വൈറസ്, വരിസെല്ല സോസ്റ്റര്‍ വൈറസ് എന്നിവയാണ് ഇതിന് കാരണമാകുന്നത്

ഫംഗല്‍ ന്യൂമോണിയ:

പ്രതിരോധശേഷി കുറഞ്ഞ രോഗികളിലാണ് പൊതുവെ ഫംഗല്‍ ന്യൂമോണിയ കണ്ടുവരുന്നത്. പലപ്പോഴും രോഗ സ്ഥിരീകരണം വൈകാനും സാധ്യതയുണ്ട്. ബാക്ടീരിയ, വൈറസ് എന്നിവയെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാകാന്‍ സാധ്യതയുള്ളതാണ് ഇത്.

മൈക്കോപ്ലാസ്മ ന്യൂമോണിയ:

ബാക്ടീരിയ അനുബന്ധമായ ന്യൂമോണിയയില്‍ ഉള്‍പ്പെടുന്ന ഒന്നാണിത്. വാക്കിങ് ന്യൂമോണിയ എന്നും ഇത് അറിയപ്പെടുന്നു. പലപ്പോഴും സങ്കീര്‍ണമായ ലക്ഷണങ്ങള്‍ കാണിക്കുകയും ആശുപത്രിവാസം ഉള്‍പ്പെടെ ആവശ്യമായിവരികയും ചെയ്യുന്ന അവസ്ഥയാണിത്. അടുത്ത കാലത്തായി മൈക്കോപ്ലാസ്മ ന്യൂമോണിയയും സങ്കീര്‍ണതകളും ചെറുപ്പക്കാരിലും കുട്ടികളിലും കൂടുതലായി കണ്ടുവരുന്നുണ്ട്.

പരിശോധനകള്‍

ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞ്ചികിത്സ ആരംഭിക്കുന്നത് രോഗം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്.

ശരീരപരിശോധന: സ്റ്റെതസ്‌കോപ്പിന്റെ സഹായത്താല്‍ ശ്വാസകോശത്തില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കും.

രക്തപരിശോധന: അണുബാധയുണ്ടോ എന്നറിയാനും അവയുടെ തീവ്രത മനസ്സിലാക്കാനും രക്തപരിശോധനകള്‍ സഹായകരമാകും.

നെഞ്ചിന്റെ എക്സ്‌റേ:
അണുബാധയുടെ വ്യാപ്തിയും ബാധിച്ച മേഖലയും തിരിച്ചറിയാന്‍ സഹായകരമാകുന്നു.

കഫം പരിശോധന: കഫം കള്‍ച്ചര്‍ ചെയ്യുന്നതിലൂടെ, രോഗകാരിയായ സൂക്ഷ്മാണു ഏതാണെന്നറിയാനും കൃത്യമായ ചികിത്സ നിര്‍ണയിക്കാനും സാധിക്കുന്നു.

ബ്രോങ്കോസ്‌കോപി: തീവ്രമായ ന്യുമോണിയ കേസുകളില്‍ ശ്വാസകോശത്തിലേക്ക് കുഴലിറക്കി കഫമെടുത്ത് പരിശോധിക്കേണ്ടിവരും.
ചികിത്സയോട് പ്രതികരിക്കാത്ത സാഹചര്യങ്ങളില്‍ ചിലപ്പോള്‍ സി.ടി. തൊറാസിക്‌സ് ആവശ്യമായിവരാറുണ്ട്. ഇതിലൂടെ അണുബാധയുടെ വിശദമായ ചിത്രം ലഭിക്കും.

രണ്ടാഴ്ചയ്ക്കുമുകളില്‍ നില്‍ക്കുന്ന ചുമ, കഫക്കെട്ട് , മാറാതെയുള്ള ന്യുമോണിയ എന്നീ അവസ്ഥകളില്‍ ക്ഷയരോഗ പരിശോധനയും നടത്താറുണ്ട്.

ചികിത്സ

രോഗകാരണം, തീവ്രത, ബാധിച്ചിരിക്കുന്ന സൂക്ഷ്മാണു, രോഗിയുടെ ശാരീരികാരോഗ്യം, മറ്റ് രോഗാവസ്ഥകള്‍ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്.

ബാക്ടീരിയല്‍ ന്യൂമോണിയ: ആന്റിബയോട്ടിക്കുകളാണ് പ്രധാനമായും ചികിത്സയ്ക്കായി സ്വീകരിക്കുന്നത്.

വൈറല്‍ ന്യുമോണിയ: ആന്റിവൈറല്‍ മരുന്നുകളാണ് ചികിത്സയില്‍ പ്രധാനം. ജലാംശം നിലനിര്‍ത്തുന്നതിനും വിശ്രമത്തിനും പ്രാധാന്യം നല്‍കാറുണ്ട്.

ഫംഗല്‍ ന്യുമോണിയ: ആന്റിഫംഗല്‍ മരുന്നുകളും, ഓക്സിജന്‍ തെറാപ്പിയും, പനി കുറയ്ക്കാനുള്ള ചികിത്സയുമാണ് പ്രധാനം. ആശുപത്രിവാസം ആവശ്യമായി വരികയാണെങ്കില്‍ ധമനികളിലൂടെ നല്‍കുന്ന ദ്രാവകരൂപത്തിലുള്ള മരുന്നുകളും, ശ്വസിക്കാനുള്ള പിന്തുണയും ആവശ്യമായിവരാറുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam