മണികിലുക്കം! ലക്ഷം ഡോളര്‍ ക്ലബില്‍ ഇടം നേടാന്‍

SEPTEMBER 11, 2024, 2:56 PM

ലോകത്ത് സമ്പന്നരും അതിസമ്പന്നരും നിരവധിയുണ്ടെങ്കിലും ഭൂമിയില്‍ ഇന്നുവരെ ഒരു ട്രില്യണയര്‍ അഥവ ലക്ഷം കോടിപതി ഉണ്ടായിട്ടില്ല. നിലവില്‍ ലോകത്ത് ലക്ഷം കോടിപതി ഇല്ലെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ ചരിത്രം വഴിമാറുമെന്നാണ് വെല്‍ത്ത് ട്രാക്കിങ് കമ്പനിയായ ഇന്‍ഫോര്‍മ കണക്റ്റിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സ്പേസ് എക്സിന്റെയും ടെസ്ലയുടെയും ഉടമയായ എലോണ്‍ മസ്‌ക് 2027 ഓടെ ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചികയില്‍ 237 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ നിലവിലെ ആസ്തി. മസ്‌കിന്റെ സമ്പത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്കും വാര്‍ഷിക വളര്‍ച്ച നിരക്ക് ശരാശരി 110 ശതമാനമായി തുടരുകയും ചെയ്യുകയാണെങ്കില്‍ മസ്‌ക് രണ്ട് വര്‍ഷത്തിനുള്ളില്‍ ട്രില്യണയര്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ വളര്‍ച്ചാ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണെങ്കില്‍, ലോക ശതകോടീശ്വര സൂചികയില്‍ പതിമൂന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ വ്യവസായ ഭീമന്‍ ഗൗതം അദാനി 2028 ഓടെ രണ്ടാമത്തെ ലക്ഷം കോടീശ്വരന്‍ ആയേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറഞ്ഞത് ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളറിന് തുല്യമായ ആസ്തിയാണ് അദാനിക്ക് 2028 ഓടെ പ്രതീക്ഷിക്കുന്നത്. അദാനി സമ്പത്തിലെ നിലവിലെ 123 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ച നിരക്ക് തുടരുകയാണെങ്കില്‍ ഇത് സാധ്യമാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2030 ഓടെ മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, എല്‍വിഎംഎച്ച് സ്ഥാപകന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടും അദ്ദേഹത്തിന്റെ കുടുംബവും, 'നൈക്കെ'യുടെ ഫില്‍ നൈറ്റ് അദ്ദേഹത്തിന്റെ കുടുംബം ട്രില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ചേരും. റിലയന്‍സ് ഇന്‍ഡസ്ട്രി ഉടമ മുകേഷ് അമ്പാനി 2033- ഓടെ ട്രില്യണയര്‍ ക്ലബ്ബില്‍ ചേരുമെന്നാണ് വിലയിരുത്തല്‍. അര-ഡസന്‍ കമ്പനികളാണ് ട്രില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയം നേടിയത്. വിപണി മൂലധനത്തില്‍ 3.357ലക്ഷം കോടി ഡോളറുമായി മൈക്രോസോഫ്റ്റ് ആണ് കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഒരു ലക്ഷംകോടി ഡോളര്‍ ക്ലബിലേക്ക് ചുവടുവയ്ക്കാന്‍ ഈ ഇന്ത്യന്‍ കമ്പനികളും

ഒരു ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ 2032 ഓടെ ഇന്ത്യന്‍ കമ്പനികളും ഇടംപിടിക്കുമെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയാകും ആദ്യം ഇടംപിടിക്കുന്ന കമ്പനികളെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ എക്സ്ചേഞ്ച് നിരക്കനുസരിച്ച് ഏകദേശം 84 ലക്ഷം കോടി രൂപയാണ് ഒരു ട്രില്യണ്‍ ഡോളര്‍.

ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ ലാഭ ക്ഷമത ജി.ഡി.പിയുടെ ഏഴ് ശതമാനമെങ്കിലും എത്തുമ്പോഴാണ് അവ ലക്ഷം കോടി വിപണി മൂല്യം നേടുകയെന്നതാണ് അനുമാനം. അതനുസരിച്ചാണ് ഈ മൂന്ന് കമ്പനികള്‍ക്ക് സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. എച്ച്.ഡി.എഫ്.സിയുടെ നിലവിലെ വളര്‍ച്ച 20 ശതമാനമാണെങ്കിലും ഇനിയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അത് 25 ശതമാനം വീതം നിലനിര്‍ത്താനായാല്‍ 2032 ഓടെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളറിലെത്തുമെന്നാണ് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് കണക്കാക്കുന്നത്. നിലവില്‍ 12.7 ലക്ഷം കോടി രൂപയാണ് എച്ച്.ഡി.എഫ്.സിയുടെ വിപണി മൂല്യം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യത്തിലെത്തണമെങ്കില്‍ 21 ശതമാനം വീതം ലാഭ വളര്‍ച്ച നേടേണ്ടതുണ്ട്. നിലവില്‍ 18.7 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം. ബജാജ് ഫിനാന്‍സിനാകട്ടെ അവരുടെ മുന്‍കാല വളര്‍ച്ചയായ 35-40 ശതമാനം നിലനിര്‍ത്താനായാല്‍ 2023ല്‍ ഒരു ലക്ഷം കോടി ഡോളര്‍ ക്ലബില്‍ കടന്നു കൂടാമെന്നും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 4.7 ലക്ഷം കോടി രൂപയാണ്.

നിലവില്‍ ഈ ആറ് കമ്പനികള്‍

ലോകത്ത് നിലവില്‍ ആറ് കമ്പനികള്‍ മാത്രമാണ് ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടം പിടിച്ചിട്ടുള്ളത്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണ് ആദ്യമായി ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടം പിടിച്ചത്. 2018 ഓഗസ്റ്റിലാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്. തൊട്ടു പിന്നാലെ 2019 ഏപ്രിലില്‍ ടെക്നോളജി ഭീമനായ മൈക്രോസോഫ്റ്റും പട്ടികയിലെത്തി. എന്നാല്‍ നിലവില്‍ 2.9 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യവുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മൈക്രോസോഫ്റ്റാണ്. 2.8 ലക്ഷം കോടിയാണ് ആപ്പിളിന്റെ വിപണി മൂല്യം.

സൗദി അറേബ്യന്‍ എണ്ണ കമ്പനിയായ സൗദി ആരാംകോയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു കമ്പനി. പൊതുമേഖലയില്‍ നിന്ന് ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ കമ്പനിയാണിത്. 2019 ഡിസംബറിലാണ് സൗദി ആരാംകോ പട്ടികയിലിടം പിടിച്ചത്. 2.08 ലക്ഷം കോടി ഡോളറാണ് സൗദി ആരാംകോയുടെ നിലവിലെ വിപണി മൂല്യം.

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 2020 ജൂലൈയിലാണ് ട്രില്യണ്‍ ഡോളര്‍ കമ്പനിയായി മാറുന്നത്. 1.79 ലക്ഷം കോടി ഡോളറാണ് ആല്‍ഫബെറ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം. പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ആമസോണ്‍ 2020 ഏപ്രിലിലാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്. 1.58 ലക്ഷം കോടി ഡോളറാണ് ആമസോണിന്റെ വിപണി മൂല്യം.

അമേരിക്കന്‍ ടെക്നോളജി കമ്പനിയായ എന്‍ഡീവിഡിയ കോര്‍പറേഷന്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയ അവസാന കമ്പനി. 2023 മേയിലാണ് എന്‍വീഡിയ ഈ നേട്ടത്തിലെത്തിയത്. 1.39 ലക്ഷം കോടി ഡോളറാണ് കമ്പനിയുടെ വിപണി മൂല്യം.

പുറത്തായവര്‍

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 2021 ജൂലൈയിലും അമേരിക്കന്‍ കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ല ആ വര്‍ഷം ഒക്ടോബറിലും ഈ നേട്ടം സ്വന്തമാക്കിയിരുന്നെങ്കിലും ഓഹരിയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ നിന്ന് പുറത്താകുകയായിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam