നമ്മുടെ കൈയില്‍ എത്രമാത്രം നിക്ഷേപം ഉണ്ട് എന്ന് കണക്കാക്കുന്നത് പലപ്പോഴും നമ്മുടെ കൈയിലെ സ്വര്‍ണത്തിന്റെ കഅളവ് അനുസരിച്ചാണ്. എന്നാല്‍ ഇനി സ്വര്‍ണത്തേക്കാള്‍ മികച്ച ലാഭം നല്‍കാന്‍ വെള്ളിയ്ക്ക് (Silver) സാധിക്കുമെന്നാണ് വിപണിയിലെ പുതിയ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്.
വെറും ഒരു ആഭരണ ലോഹം എന്നതിലുപരി, ലോകത്തിന്റെ ഊര്‍ജ്ജ വിപ്ലവത്തിലെ ഏറ്റവും പ്രധാനപ്പെട്ട 'ആയുധമാണ' വെള്ളി എന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഇ.വി മുതല്‍ മൈക്രോചിപ്പുകള്‍ വരെ വെള്ളിയെ ആശ്രയിച്ചാണ് മുന്നേറുന്നത്. ഇതിനിടയിലാണ് സാംസംഗിന്റെ പുതിയ ബാറ്ററി പരീക്ഷണവും. വെള്ളി വില ഉയര്‍ത്തുന്ന ചില കാര്യങ്ങള്‍ നോക്കാം.
സോളിഡ്-സ്റ്റേറ്റ് ബാറ്ററി
വെള്ളിയുടെ ഡിമാന്‍ഡ് കുതിച്ചുയരാന്‍ പോകുന്നതിന്റെ പ്രധാന കാരണം സാംസംഗ് വികസിപ്പിച്ച പുതിയ സോളിഡ്-സ്റ്റേറ്റ് ബാറ്ററി (Solid-State Battery) സാങ്കേതികവിദ്യയാണ്. നിലവിലെ ഇലക്ട്രിക് വാഹന ബാറ്ററികളേക്കാള്‍ സുരക്ഷിതവും, 9 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാവുന്നതും, ഒറ്റ ചാര്‍ജില്‍ 900 മൈല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്നതുമാണ് ഈ ബാറ്ററികള്‍.
ഈ ബാറ്ററികളുടെ ആനോഡില്‍ (Anode) 'സില്‍വര്‍ കാര്‍ബണ്‍ നാനോ കോമ്പോസിറ്റ്' പാളിയാണ് ഉപയോഗിക്കുന്നത്. ഇത് ബാറ്ററിക്കുള്ളില്‍ തീപിടുത്തമുണ്ടാകുന്നത് തടയുന്നു. ഒരു സാധാരണ കാറില്‍ 20 ഗ്രാം വെള്ളി ഉപയോഗിക്കുമ്പോള്‍, പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഒരു വാഹനത്തിന് 100 ഗ്രാം മുതല്‍ 1 കിലോ വരെ വെള്ളി ആവശ്യമായി വരും. ഇത് ലോകത്തെ മൊത്തം വെള്ളി ഉല്‍പ്പാദനത്തിന്റെ 25% മുതല്‍ 35% വരെ വാഹന വ്യവസായത്തിന് മാത്രം ആവശ്യമായി വരുമെന്ന അവസ്ഥയുണ്ടാക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ കൂടുന്നത് വെള്ളിയെ കേവലം ഒരു ലോഹം എന്നതിലുപരി ഒരു സ്ട്രാറ്റജിക് അസറ്റായി മാറ്റുന്നു എന്നാണ് വിലയിരുത്തല്‍.
സൗരോര്‍ജ്ജപാനലുകള്‍ മുതല്‍ എ.ഐ വരെ
സൗരോര്‍ജ്ജ പാനലുകളില്‍ വൈദ്യുതി വിതരണത്തിന് 'സില്‍വര്‍ പേസ്റ്റ്' അത്യാവശ്യമാണ്. പുനരുപയോഗ ഊര്‍ജ്ജത്തിന് (Renewable Energy) സര്‍ക്കാരുകള്‍ നല്‍കുന്ന പ്രാധാന്യം സോളാര്‍ മേഖലയില്‍ വെള്ളിയുടെ ആവശ്യം കുത്തനെ ഉയര്‍ത്തും. ഡിജിറ്റല്‍ സാമ്പത്തിക രംഗത്തും വെള്ളിക്ക് നിര്‍ണായക സ്ഥാനമുണ്ട്. വേഗതയും വിശ്വാസ്യതയും പ്രധാനമായ എഐ ചിപ്പുകളിലും ഡാറ്റാ സെന്ററുകളിലും വെള്ളി ഉപയോഗിക്കുന്നു. വലിയ അളവിലുള്ള വൈദ്യുതി കൈകാര്യം ചെയ്യാനും എഐ ജോലികള്‍ക്കിടയില്‍ ഉണ്ടാകുന്ന അമിതമായ ചൂട് കുറയ്ക്കാനും വെള്ളിയുടെ താപചാലകത സഹായിക്കുന്നു.
നാണയങ്ങള്‍ക്കും ബാറുകള്‍ക്കുമായുള്ള വെള്ളിയുടെ ഉപയോഗത്തില്‍ കുറവുണ്ടെങ്കിലും, ആഭരണങ്ങള്‍, ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലെല്ലാം വെള്ളിയുടെ ആവശ്യം ശക്തമായി തുടരുന്നു.
സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് അനുസരിച്ച്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വെള്ളിയുടെ വ്യാവസായിക ആവശ്യം ക്രമാനുഗതമായി വര്‍ദ്ധിക്കും. ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് (Oxford Economics) ഈ മാസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഓട്ടോമൊബൈല്‍ മേഖലയില്‍ വെള്ളിയുടെ ആവശ്യം 2031 വരെ ഓരോ വര്‍ഷവും 3.4% വര്‍ധിക്കും. കൂടാതെ, ഇതേ കാലയളവില്‍ യുഎസ് ഡാറ്റാ സെന്ററുകളുടെ നിര്‍മ്മാണത്തിലുണ്ടാകുന്ന 65% വര്‍ധനയും വെള്ളിയുടെ ഡിമാന്‍ഡ് വലിയ തോതില്‍ ഉയര്‍ത്തും.
സപ്ലൈ കുറയും ഡിമാന്‍ഡ് കൂടും
ലോകത്ത് വെള്ളിയുടെ ഉല്‍പ്പാദനം കുറഞ്ഞുവരികയാണ്. മെക്സിക്കോ, പെറു തുടങ്ങിയ പ്രധാന ഖനന രാജ്യങ്ങളില്‍ നിന്നുള്ള ലഭ്യത കുറയുന്നതും പകരമായി സൗരോര്‍ജ്ജ പാനലുകള്‍ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വെള്ളിയുടെ ആവശ്യം കൂടുന്നതും വരും കാലത്ത് വലിയ വിലക്കയറ്റത്തിന് കാരണമാകും.
വിപണിയിലെ നിലവിലെ മുന്നേറ്റം
ഇന്ത്യന്‍ വിപണിയില്‍ (MCX) വെള്ളി കിലോയ്ക്ക് ഇന്ന് ഒറ്റദിവസം കൊണ്ട് ഏകദേശം 15,000 രൂപ വരെ വര്‍ധിച്ചു. വില 2.90 ലക്ഷം രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ വെള്ളി ഔണ്‍സിന് 89 ഡോളര്‍ കടന്നിരിക്കുകയാണ്. ഇത് വൈകാതെ തന്നെ 100 ഡോളറിലേക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
കേരളത്തില്‍ ഒറ്റയടിക്ക് വെള്ളി വില 10 രൂപ ഉയര്‍ന്ന് ഗ്രാമിന് 285 രൂപയിലെത്തി. 2025 ജനുവരി ഒന്നിന് ഒരു ഗ്രാമിന് 93 രൂപയായിരുന്ന വെള്ളി വിലയാണ് ഇപ്പോള്‍ 285 രൂപയിലെത്തി നില്‍ക്കുന്നത്. അതായത് ഒരു വര്‍ഷത്തിനിടയില്‍ വിലയിലുണ്ടായത് 206 ശതമാനം വര്‍ധന. ഒരു ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം ആദ്യം വെള്ളിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ അതിന്റെ മൂല്യം ഇപ്പോള്‍ 3,06,000 രൂപയാകുമായിരുന്നു.
നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യം
സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളിയുടെ വിലയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ (Sharpe swings) ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.
ഫിസിക്കല്‍ വെള്ളിയേക്കാള്‍ (ആഭരണങ്ങള്‍), സില്‍വര്‍ ബാറുകള്‍, ഇടിഎഫ് (ETF), ഡിജിറ്റല്‍ സില്‍വര്‍ എന്നിവയാണ് നിക്ഷേപത്തിന് കൂടുതല്‍ അനുയോജ്യം.
അടുത്ത 5 മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ വെള്ളിയുടെ മൂല്യം വലിയ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ സ്വര്‍ണത്തിനൊപ്പം തന്നെ നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ വെള്ളിക്കും ഒരുഭാഗം നല്‍കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
