ആഴംകൊണ്ടും എഞ്ചിനീയറിംഗ് മികവ് കൊണ്ടും അത്ഭുതപ്പെടുത്തുന്ന ഏറ്റവും അപകടകരമായ ഇടം

FEBRUARY 3, 2026, 10:23 AM

ലോകത്തിലെ തന്നെ ഏറ്റവും ആഴമേറിയ സ്വര്‍ണ്ണ ഖനി ദക്ഷിണാഫ്രിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാര്‍ലട്ടണ്‍വില്ലിന് സമീപമുള്ള വിറ്റവാട്ടര്‍സ്റാന്‍ഡ് ബേസിനില്‍ സ്ഥിതി ചെയ്യുന്ന എംപോനെങ് സ്വര്‍ണ്ണഖനി ഭൂമിക്കടിയിലേക്ക് നാല് കിലോമീറ്ററിലധികം (2.5 മൈല്‍) ആഴമുള്ളതാണ്. പത്ത് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗുകള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവെക്കാവുന്ന അത്രയും ആഴം ഈ ഖനിക്കുണ്ട്. 

ഭൂനിരപ്പില്‍ നിന്നും നാല് കിലോമീറ്ററിലധികം താഴേക്ക് വ്യാപിച്ചുകിടക്കുന്ന ഈ ഖനിയില്‍ കഠിനമായ ചൂടും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിലാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. അവര്‍ ഓരോ ദിവസവും അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്‌തെടുക്കുന്നു. ഈ ഖനി അതിന്റെ ആഴം കൊണ്ട് മാത്രമല്ല, മറിച്ച് അത് സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ എഞ്ചിനീയറിംഗ് മികവ് കൊണ്ടും ലോക പ്രശസ്തമാണ്.

ആദ്യം ആംഗ്ലോഗോള്‍ഡ് അശാന്തിയുടെ കീഴിലായിരുന്ന ഈ ഖനി 2020-ലാണ് ഹാര്‍മണി ഗോള്‍ഡ് ഏറ്റെടുത്തത്. ന്യൂയോര്‍ക്ക് സിറ്റിയിലെ സബ്വേ സിസ്റ്റത്തേക്കാള്‍ ദൈര്‍ഘ്യമുള്ള, ഏകദേശം 380 കിലോമീറ്ററിലധികം (236 മൈല്‍) തുരങ്കങ്ങള്‍ ഈ ഖനിക്കുള്ളിലുണ്ട്. ഇതിന്റെ ഏറ്റവും താഴത്തെ തട്ടിലെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റുകള്‍ (കേജുകള്‍) ഉപയോഗിച്ച് ഏകദേശം രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ എടുത്താണ് ഖനിയുടെ അടിത്തട്ടിലേക്ക് തൊഴിലാളികള്‍ എത്തുന്നത്.

മാത്രമല്ല ഭൂമിക്കടിയില്‍ വളരെ ദുഷ്‌കരമായ സാഹചര്യങ്ങളാണ് നിലവിലുള്ളത്. എംപോനെങ്ങിലെ ഖനികളിലെ പാറകളുടെ താപനില 66°C (150°F) വരെ എത്താറുണ്ട്. ഖനിത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനായി, ദിവസേന ഏകദേശം 6,000 ടണ്‍ ഐസ് മിശ്രിതം (Ice Slurry) ഭൂമിക്കടിയിലെ സംഭരണികളിലേക്ക് പമ്പ് ചെയ്യുന്നു. ഇത് തുരങ്കങ്ങളിലെ താപനില ഏകദേശം 28°C ആയി കുറയ്ക്കാന്‍ സഹായിക്കുന്നു. മുകള്‍ഭാഗത്തുള്ള പാറകളുടെ ഭീമമായ ഭാരം കാരണം അവിടെ നിരന്തരമായ ഭൂകമ്പ മര്‍ദ്ദവും (Seismic pressure) അനുഭവപ്പെടാറുണ്ട്. തുരങ്കങ്ങള്‍ ഇടിഞ്ഞു വീഴാതിരിക്കാന്‍ സ്റ്റീല്‍, കോണ്‍ക്രീറ്റ്, ഡയമണ്ട് മെഷ് വലകള്‍ എന്നിവ ഉപയോഗിച്ച് അവ ശക്തമായി ബലപ്പെടുത്തിയിട്ടുമുണ്ട്.

ഏകദേശം 30 ഇഞ്ച് മാത്രം വീതിയുള്ള വെന്റര്‍സ്‌ഡോര്‍പ്പ് കോണ്‍ടാക്റ്റ് റീഫ് (Ventersdorp Contact Reef) എന്ന് വിളിക്കപ്പെടുന്ന പാളികളിലാണ് ഇവിടെ സ്വര്‍ണം കാണപ്പെടുന്നത്. ഏകദേശം 5,000 പൗണ്ട് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഖനിത്തൊഴിലാളികള്‍ ഓരോ ദിവസവും ശരാശരി 6400 ടണ്‍ പാറകള്‍ പൊട്ടിക്കുന്നു. ഇത്രയും വലിയ അധ്വാനത്തിലൂടെ ലഭിക്കുന്ന ചെറിയ അളവിലുള്ള സ്വര്‍ണം പോലും അങ്ങേയറ്റം മൂല്യമുള്ളതാണ്. ഖനനം ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ടണ്‍ പാറയില്‍ നിന്ന് വെറും 0.35 ഔണ്‍സ് സ്വര്‍ണം മാത്രം ലഭിച്ചാല്‍ മതിയാകും.

എംപോനെങ് ഖനിയില്‍ നിന്ന് പ്രതിവര്‍ഷം 8,000 കിലോഗ്രാമിലധികം സ്വര്‍ണ്ണമാണ് ഉത്പാദിപ്പിക്കുന്നത്. അതായത് ഏകദേശം 250,000 മുതല്‍ 275,000 ഔണ്‍സ് വരെ. ഭൂമിക്കടിയിലെ തുരങ്ക ശൃംഖല വളരെ വിശാലമായതിനാല്‍ ഉത്പാദനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ തൊഴിലാളികള്‍ വിവിധ ഷിഫ്റ്റുകളിലായാണ് ജോലി ചെയ്യുന്നത്. ഓരോ ദിവസവും തുരങ്കങ്ങള്‍ക്കുള്ളിലെ ദീര്‍ഘദൂര പാതകളിലൂടെയാണ് ഇവര്‍ സഞ്ചരിക്കുന്നത്. പ്രവര്‍ത്തനക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന രീതിയിലാണ് ഇവിടുത്തെ ലോജിസ്റ്റിക് സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മാതമല്ല ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ സ്വര്‍ണ്ണ ഖനന പ്രവര്‍ത്തനങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.

അതേസമയം ചില തുരങ്കങ്ങള്‍ 'സാമ സാമാസ്' (zama zamas) എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധ ഖനിത്തൊഴിലാളികള്‍ കൈക്കലാക്കിയിട്ടുണ്ട്. സ്വര്‍ണ്ണം, ഇരുമ്പയിര്, കല്‍ക്കരി, മാംഗനീസ് തുടങ്ങിയ ധാതുക്കള്‍ക്കായി ഇവര്‍ മാസങ്ങളോളം ഭൂമിക്കടിയില്‍ തന്നെ താമസിക്കാറുണ്ട്. ഇസിസുലു (isiZulu) ഭാഷയില്‍ 'ഒരു കൈ നോക്കുക' അല്ലെങ്കില്‍ 'അവസരം മുതലാക്കുക' എന്നാണ് സാമ സാമ എന്ന വാക്കിന്റെ ഏതാണ്ട് അര്‍ത്ഥം വരുന്നത്. ഖനനത്തിനായി വളരെ ലളിതമായ ഉപകരണങ്ങളും സ്‌ഫോടക വസ്തുക്കളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്.

അതുപോലെ തന്നെ ഖനിയുടെ ഉള്ളിലെ ഭൂഗര്‍ഭ ജലത്തില്‍ ശാസ്ത്രജ്ഞര്‍ സവിശേഷമായ ഒരു തരം ബാക്ടീരിയയെ കണ്ടെത്തിയിട്ടുണ്ട്. 'ഡെസള്‍ഫോറൂഡിസ് ഔഡാക്‌സ്വിയേറ്റര്‍' (Desulforudis audaxviator) എന്ന് വിളിക്കപ്പെടുന്ന ഇവയ്ക്ക് സൂര്യപ്രകാശത്തിന്റെ സഹായമില്ലാതെ പൂര്‍ണ്ണമായും അതിജീവിക്കാന്‍ കഴിയും. പാറകളിലെ സ്വാഭാവികമായ റേഡിയോ ആക്ടീവ് ശോഷണത്തില്‍ (Radioactive decay) നിന്നാണ് ഇവ അതിനാവശ്യമായ ഊര്‍ജ്ജം കണ്ടെത്തുന്നത്.

ഖനിയുടെ ആഴം വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിനായി 2024 ന്റെ ആരംഭത്തില്‍ ഏകദേശം 4,500 കോടി രൂപ (7.9 ബില്യണ്‍ റാന്‍ഡ്) ചിലവ് വരുന്ന ഒരു വമ്പന്‍ പദ്ധതിക്ക് ഹാര്‍മണി ഗോള്‍ഡ് അംഗീകാരം നല്‍കി. ഈ വിപുലീകരണത്തിലൂടെ ഖനിയുടെ ആഴം 270 മീറ്റര്‍ കൂടി വര്‍ദ്ധിക്കും. ഇതോടെ ഉപരിതലത്തില്‍ നിന്ന് 4.22 കിലോമീറ്റര്‍ ആഴത്തിലേക്ക് ഖനി എത്തുന്നതിനോടൊപ്പം, അതിന്റെ പ്രവര്‍ത്തന കാലാവധി ഏകദേശം 20 വര്‍ഷം കൂടി നീട്ടാനും സാധിക്കും.

എംപോനെങ് കൂടാതെ, ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വര്‍ണ്ണഖനികളില്‍ പലതും ദക്ഷിണാഫ്രിക്കയിലെ വിറ്റവാട്ടര്‍സ്റാന്‍ഡ് ബേസിനിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനിയായി അറിയപ്പെട്ടിരുന്ന ടൗടോണ (TauTona) ഏകദേശം 3.9 കിലോമീറ്റര്‍ ആഴത്തിലുള്ളതാണ്. ജോഹന്നാസ്ബര്‍ഗിന് സമീപം സ്ഥിതി ചെയ്യുന്ന സാവുക (Savuka) ഖനി 3.7 കിലോമീറ്റര്‍ ആഴവുമായി തൊട്ടുപിന്നിലുണ്ട്. ഏകദേശം 3.585 കിലോമീറ്റര്‍ ആഴം രേഖപ്പെടുത്തിയ ഈസ്റ്റ് റാന്‍ഡ് ഖനിയും ചരിത്രപരമായ മറ്റൊരു പ്രധാന ഖനന കേന്ദ്രമാണ്.

കൂടാതെ അത്യന്തം ആഴമേറിയ നിലകളില്‍ പ്രവര്‍ത്തനം തുടരുന്ന മറ്റ് പല ഖനികളും ലോകത്തുണ്ട്. പ്രധാന സ്വര്‍ണ്ണ ഉത്പാദന കേന്ദ്രമായ ഡ്രീഫോണ്ടെയ്ന്‍ (Driefontein) ഏകദേശം 3.42 കിലോമീറ്റര്‍ ആഴത്തിലാണുള്ളത്. ക്ലൂഫ് (Kloof), കുസാസലേത്തു (Kusasalethu) എന്നീ ഖനികള്‍ 3.3 കിലോമീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ബ്ലൈവൂര്‍സിച്ച് (Blyvooruitzicht) ഏകദേശം 3.2 കിലോമീറ്റര്‍ ആഴത്തില്‍ സ്വര്‍ണ്ണത്തോടൊപ്പം യുറേനിയവും ഉത്പാദിപ്പിക്കുന്നു. 

ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തുള്ള ഖനികളില്‍, പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ ഏറ്റവും ആഴമേറിയ ഖനികളിലൊന്നായി കാനഡയിലെ ലാറോണ്ട് (LaRonde) ഖനി വേറിട്ടുനില്‍ക്കുന്നു. ഇതിന്റെ ഖനന പ്രവര്‍ത്തനങ്ങള്‍ ഉപരിതലത്തില്‍ നിന്ന് 3 കിലോമീറ്ററിലധികം താഴേക്ക് വ്യാപിച്ചുകിടക്കുന്നതാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam