പാർട്ടികളിലെ ഗ്രൂപ്പുകളുടെ തുരങ്കപ്പാതകളിൽ നിന്ന് ഒളിപ്പോരിന്റെ ദുർഗന്ധം

JULY 22, 2026, 8:18 AM

രാഷ്ട്രീയപാർട്ടികൾ തീർത്ത സ്വന്തം ഗ്രൂപ്പുകളുടെ തുരങ്കപ്പാതകളിൽ സംഘർഷം നുരയുകയാണ്. യു.ഡി.എഫ്. നയിക്കുന്ന കോൺഗ്രസിലെ ചിലർ  ഇപ്പോഴും സതീശന്റെ സർക്കാർ പ്രതിപക്ഷത്തിന്റേതാണെന്ന് ചിന്തിക്കുന്നുണ്ട്. കാത്തുകാത്തിരുന്ന് കേരളത്തിൽ ഭരണം കിട്ടിയിട്ട് രണ്ടു മാസം കഴിയുന്നതിനുമുമ്പേ സതീശനെതിരേ 'ഒളിപ്പോര്' തുടങ്ങിയത് രാഷ്ട്രീയത്തിലെ ഹീനമായ നടപടിയായേ കരുതാനാവൂ. അത് കെ.എസ്.യു.എന്ന സംഘടനയുടെ തലപ്പത്തുനിന്നുള്ള കുന്തമേറാകുമ്പോൾ, തീർച്ചയായും ആർക്കായാലും കുരു പൊട്ടും.

വിവാദങ്ങൾക്ക് നടുവിൽ പുതിയ സർക്കാർ പെട്ടെന്ന് അഭിമുഖീകരിക്കേണ്ട ചില പ്രശ്‌നങ്ങളുണ്ട്, വീട്ടിൽ ഉറങ്ങിക്കിടന്ന ചോരക്കുഞ്ഞിനെ പോലും കടിച്ചുകുടയുന്ന പേപ്പട്ടികളുടെ ശല്യമാണ് ഈ പട്ടികയിൽ ആദ്യത്തേത്. രണ്ടാമത്തേത്, കെ.എസ്.ആർ.ടി.സി. നടപ്പാക്കിയ 'സൗജന്യയാത്ര' മൂലം ജീവിതം കട്ടപ്പുറത്തായ സ്വകാര്യ ബസ്സുടമകളുടെ പ്രശ്‌നം.

മൂന്നാമത്തേത്, പെട്രോൾ-ഡീസൽ വില കൂടിയിട്ടും ചാർജ് കൂട്ടാൻ കഴിയാത്ത ഓട്ടോടാക്‌സികളുടെ പ്രശ്‌നം. ചില വകുപ്പുകളിൽ അഞ്ചും ആറും മാസമായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന സർക്കാർ, അർദ്ധസർക്കാർ ജീവനക്കാരുണ്ട്. അടിയന്തിരമായി പരിഗണിക്കേണ്ട പല വിഷയങ്ങളിൽ ചിലത് കൂട്ടിക്കാണിച്ചതായി കരുതിയാൽ മതി കേട്ടോ. 

vachakam
vachakam
vachakam

'യുടേൺ' പാർട്ടി പത്രത്തിലും 

യു.ഡി.എഫ്. സർക്കാർ 'യുടേൺ' സർക്കാരാണെന്ന് മുൻ മന്ത്രി വാസവൻ കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു. അച്ചടിച്ചുവച്ച പാർട്ടി പത്രത്തിന്റെ വാരാന്തപ്പതിപ്പ് പോലും യുടേൺ പരുവത്തിലായതിനെക്കുറിച്ച് മന്ത്രിക്ക് എന്തു പറയാനുണ്ട്? എല്ലാ ഏകാധിപതികളും സംശയരോഗികളാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഏതെങ്കിലും ഒരു  തലവാചകം സഖാവിനെ ഉദ്ദേശിച്ചാണോയെന്ന സംശയം ആദ്യം ഏകാധിപതിക്കു ചുറ്റും നിൽക്കുന്ന കൈമണിക്കാരാണ് കുത്തിപ്പൊക്കാറുള്ളത്. 

പാർട്ടിപത്രം ജൂലൈ 19ന് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന സഖാവ് വി.എസിനെക്കുറിച്ച്, അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി.സുധാകരൻ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടിൽ തന്നെ പിണറായിക്ക് ഒരു കൊട്ടുണ്ടായിരുന്നു. ശംഖുമുഖം കടത്തീരത്തുവച്ച് പാർട്ടി സമ്മേളനത്തിൽ നിന്ന് വി.എസ്. ഇറങ്ങിപ്പോയപ്പോൾ പിണറായി ആർത്തിരമ്പുന്ന കടലിരസത്തെക്കുറിച്ച് വാചാലനായത് നമ്മുടെ ഓർമ്മയിലുണ്ട്.

vachakam
vachakam
vachakam

ഒരു ബക്കറ്റിൽ കടൽ ജലം ശേഖരിച്ച കുട്ടിക്ക്, ആ ഇത്തിരിവെള്ളത്തിൽ ഇരമ്പം കേൾക്കാനായില്ല. കുട്ടിയുടെ ആ പരാതിക്ക് പിണറായി മറുപടി പറഞ്ഞത്, കടലിന്റെ മാർത്തട്ടിലാണെങ്കിലേ കടൽ ജലത്തിന് ഇരമ്പിയാർക്കാനാവൂ എന്നാണ്. വി.എസ്. എന്ന നേതാവ് പാർട്ടിയിൽ നിൽക്കുമ്പോഴാണ് കടലിരമ്പമുണ്ടാകുന്നതെന്നും ഒറ്റപ്പെട്ടുപോയാൽ, ആ ഗർജ്ജനമെല്ലാം ദീനവിലാപമാകുമെന്ന ധ്വനി പിണറായി പിണറായിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. 

വി.എസിന് പുന്നപ്രവയലാർ സ്മാരകത്തിനടുത്തും തിരുവനന്തപുരത്തും സ്മാരകങ്ങൾ നിർമ്മിക്കാൻ സി.പി.എം. ആലോചിച്ചിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ ഇക്കാര്യത്തിൽ ഉഴപ്പി. പകരം മുൻമന്ത്രി കെ.എം.മാണിക്ക് സ്മാരകം പണിയാൻ ജോസ്. കെ.മാണിക്ക് സൗജന്യമായി സ്ഥലം പതിച്ചു നൽകി. ഇന്നലെ (ചൊവ്വ) വി.എസിന്റെ അമ്പലപ്പുഴയിലെ വീട്ടുവളപ്പിൽ കുടുംബത്തിന്റെ ചെലവിൽ കാനായി ഉണ്ണി എന്ന ശിൽപ്പി നിർമ്മിച്ച അർധകായ പ്രതിമയാണ് അനാവരണം ചെയ്യപ്പെട്ടതെന്നറിയുമ്പോൾ, വി.എസ് മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ചില നേതാക്കളിൽ അണയാതെ കിടക്കുന്ന പകയുടെ കനലുകൾ നമുക്ക് കാണാൻ കഴിയുന്നു.

കള്ളനല്ലാത്ത 'കള്ളൻ വിജയൻ' 

vachakam
vachakam
vachakam

പാർട്ടി പത്രത്തിന്റെ അതേ വാരാന്തപ്പതിപ്പിന്റെ നാലാം പേജിൽ, വി.എസിനെക്കുറിച്ചുള്ള ലേഖനത്തിന്റെ തുടർച്ചയുണ്ട്. അതോടൊപ്പം തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടുകാരനായ 'കള്ളൻ വിജയനെ'ക്കുറിച്ച് ടി.സി. രാജേഷ് സിന്ധു എഴുതിയ ഒരു കൊച്ചു ലേഖനമുണ്ടായിരുന്നു. വാരാന്തപ്പതിപ്പിന്റെ 'സോഫ്റ്റ് കോപ്പി' കണ്ടപ്പോൾ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ 'കള്ളൻ വിജയൻ ധന്യ നാടകം ഗ്രാമം മുത്തിപ്പാറ' എന്ന തലവാചകം മാറ്റണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വാരാന്തപ്പതിപ്പിന്റെ എഡിറ്റർ കെ.ആർ. അജയനാകട്ടെ,

അതിനു വഴങ്ങിയില്ല. അതോടെ 'കള്ളൻ വിജയ' ന്റെ ഫീച്ചർ ഉൾപ്പെടുത്തിയ വാരാന്തപ്പതിപ്പ് വിതരണം ചെയ്യേണ്ടതില്ലെന്ന് ദേശാഭിമാനി മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഈ വിവാദം വാർത്താലേഖകരെ കണ്ട് തിങ്കളാഴ്ച (ജൂലൈ 20) വിശദീകരിക്കുമ്പോഴും റസിഡന്റ് എഡിറ്റർ എം. സ്വരാജ്  ഉരുണ്ട കളിക്കുന്നതുകണ്ട് ചിലർ ഊറിച്ചിരിക്കുകയായിരുന്നു. 

ആരാണ് കള്ളൻ വിജയൻ? പതിമൂന്നാമത്തെ വയസ്സ് മുതൽ നാടകട്രൂപ്പുകളോടൊപ്പം സഹായിയായി സഞ്ചരിച്ചു തുടങ്ങിയ എസ്. വിജയകുമാറാണ് വീട്ടുകാർ 'കൊച്ചുകള്ളാ' എന്നു കൊഞ്ചിച്ച് വിളിച്ച്  'കള്ളൻ വിജയൻ' എന്ന പദവിയിലെത്തിയത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എല്ലാ നാടകഗ്രൂപ്പുകാർക്കും പ്രിയങ്കരനാണ് കള്ളൻ വിജയൻ. രംഗസജ്ജീകരണം എന്ന പേരിനു താഴെ എഴുതുന്നതും ആ പേര് തന്നെ. നാട്ടുകാർ വിളിക്കുന്നതും 'കള്ളനണ്ണൻ' എന്നു തന്നെ. എന്തായാലും, ആരുമറിയാതിരുന്ന ഒരു നാടക കലാകാരൻ ഇപ്പോൾ ലോക പ്രശസ്തനായിക്കഴിഞ്ഞു. ഇതിന് നന്ദി പറയേണ്ടത് പാർട്ടി പത്രത്തിലെ ഒരു നേതാവിനു മാത്രം ഓശാന പാടുന്ന ചില കുനുഷ്ടുബുദ്ധിക്കാരോടാണ്. 

അദാനിയുടെ സ്വന്തക്കാരനാര്?

വിഴിഞ്ഞം പദ്ധതിക്കായി 13,000 കോടി രൂപയുടെ വിദേശനിക്ഷേപം 'മ്മടെ വിജയൻ സർക്കാർ' കൊണ്ടുവന്നുവെന്ന് പാർട്ടിപത്രം എഴുതിവച്ചത് തലവേദനയായതും നാം കണ്ടു. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പോലും ആ വാർത്തയുടെ പേരിൽ പാർട്ടിപത്രത്തെ തള്ളിപ്പറയുകയുണ്ടായി. 

ഇപ്പോൾ 'ഇരുണ്ട ദിനങ്ങൾ' കേരളത്തിന് സമ്മാനിച്ചത് യു.ഡി.എഫ്. സർക്കാരാണെന്ന വാദവും ഇന്നത്തെ വാർത്താ സമ്മേളനത്തിൽ  (ബുധൻ) മുഖ്യമന്ത്രി പൊളിച്ചടുക്കി. 4 രൂപ 29 പൈസയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ ഒപ്പുവച്ചത് ഉമ്മൻചാണ്ടി സർക്കാരായിരുന്നു. ഒന്നാം പിണറായി സർക്കാർ ആ കരാറനുസരിച്ചു തന്നെ വൈദ്യുതി വാങ്ങിയിരുന്നു. രണ്ടാം പിണറായി സർക്കാർ 2 വർഷത്തെ ഭരണം തികച്ചതോടെ ഈ കരാർ റദ്ദാക്കി; പകരം കരാറിൽ ഏർപ്പെട്ടത് അദാനിയുടെ കമ്പനിയുമായിട്ടായിരുന്നു.

യൂണിറ്റിന് 14 രൂപ വരെ വിലവച്ച് വൈദ്യുതി വാങ്ങിയതായി ബോർഡിന്റെ രേഖകളിലുണ്ട്. അദാനിയുമായിട്ടുള്ള ഈ ഡീലിൽ ഇടതുസർക്കാരിലെ ആരാണ് പണം പിടുങ്ങിയത്? ഡാമുകളിലെ ജലശേഖരം ഇപ്പോൾ 27 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞവർഷം ഇതേ നാളുകളിൽ 60 ശതമാനത്തിലേറെ വെള്ളമുണ്ടായിരുന്നു! വെള്ളത്തിൽ നിന്നുള്ള വൈദ്യുതി നിസ്സാരവിലയ്ക്ക് ബോർഡ് വിറ്റതായും രേഖകളിലുണ്ട്. ഇതെല്ലാം മറച്ചുവച്ചുകൊണ്ട് യു.ഡി.എഫ്. സർക്കാരിനെ പ്രതിപക്ഷനേതാവും, പഴയ 'വൺ ടൂ ത്രീ' ഫെയിം ഇടുക്കി നേതാവും കുറ്റപ്പെടുത്തുന്നതിൽ എന്ത് അർത്ഥമാണുള്ളത്?


ഡോ. റാമും പൊലീസ് കണക്ഷനും 

അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റവാളിയെന്നു കരുതപ്പെടുന്ന ഡോ.റാമിനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തതുതന്നെ മൂന്നു മാസം കഴിഞ്ഞതായിരുന്നു. എന്നാൽ അറസ്റ്റിനായുള്ള  വ്യവസ്ഥകൾ  പൊലീസ് പാലിച്ചില്ലെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റ് കോടതി റാമിന് ജാമ്യം നൽകിയത് ഇന്ന് (ബുധൻ) കേരളാ ഹൈക്കോടതി അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

ഒരു ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഈ പൊലീസ് ഉദ്യോഗസ്ഥന് സുപ്രീം കോടതി അറസ്റ്റിനായി നിർദ്ദേശിച്ചിട്ടുള്ള ജാമ്യവ്യവസ്ഥകളെപ്പറ്റി അറിയില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ പ്രസ്തുത ഉദ്യോഗസ്ഥൻ യോഗ്യനല്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. മാത്രമല്ല, ഭരണസംവിധാനങ്ങൾ പൂർണ്ണ പരാജയമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്. ജാമ്യം നൽകിയ തലശ്ശേരി കോടതിയിലെ മജിസ്‌ടേട്ടിന്റെ നടപടിയും ഹൈക്കോടതി സംശയത്തോടെയാണ് കണ്ടിട്ടുള്ളതെന്നതും  ശ്രദ്ധേയമണ്. 

സഹകരണമേഖലയും പാർട്ടികളും

തോപ്രാൻകുടി സഹകരണ സംഘത്തിലെ നിക്ഷേപകർ ആകെ സങ്കടക്കണ്ണീരിലാണ്. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളിൽ  സംസ്ഥാനത്തെ മിക്ക പാർട്ടികളും പ്രതിക്കൂട്ടിലുണ്ട്. എക്‌സൈസിനോടൊപ്പം സഹകരണവകുപ്പും കൈവശമുള്ള മന്ത്രി എം.ലിജു എന്തുകൊണ്ടോ ഈ പ്രശ്‌നങ്ങൾക്കുള്ള സമഗ്ര പരിഹാരം കണ്ടെത്തുന്നിൽ കാലതാമസം വരുത്തുകയാണ്. സാധാരണക്കാരും പാവങ്ങളും എപ്പോഴും സാമ്പത്തിക സഹായത്തിനായി  ഓടിച്ചെല്ലുന്ന സഹകരണ ബാങ്കുകളിൽ പലതും കെടുകാര്യസ്ഥതയുടെ പടുകുഴികളിലാണ്.

രാജ്യത്താദ്യമായി ഒരു പാർട്ടിയുടെ ഭാരവാഹികൾ പോലും സഹകരണ ബാങ്ക് തട്ടിപ്പുകളുടെ പേരിൽ ഇ.ഡി.യുടെ ചോദ്യമുനയിൽ നിൽക്കേണ്ടിവന്നുവെന്നത് നല്ല വാർത്തയല്ല. സഹകരണ ബാങ്കുകളുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു. ഇതിനിടയിൽ, കേന്ദ്ര സർക്കാരിന്റെ ആശിർവാദത്തോടെ വിചിത്ര പേരുകളിൽ ചില സഹകരണ സംഘങ്ങൾ കേരളത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും നിലവിൽ സംസ്ഥാനത്തില്ലെന്നത് ഖേദകരമാണ്. 

ചില ഉദ്യോഗസ്ഥരും കിഫ്ബിയും

പൊലീസിൽ ഇപ്പോഴും ഇടതുപക്ഷ സഹയാത്രികർ ഏറെയുണ്ട്. പിണറായിയുടെ കാലത്ത് കൈക്കൂലി വാങ്ങി 'കൊട്ടാരം' പണിതവരെല്ലാം തന്ത്രപൂർവം യു.ഡി.എഫ്. കൂടാരത്തിലെത്താൻ പല തന്ത്രങ്ങളും പയറ്റുന്നുണ്ട്. ഈ നീക്കങ്ങൾക്ക് തടയിട്ടില്ലെങ്കിൽ പുതിയ സർക്കാരിനെ അവർ കുഴപ്പത്തിലാക്കും. കള്ളന്മാർക്ക് കഞ്ഞിവച്ചവരുടെ സംഘമാണ്  കിഫ്ബിയെന്ന് മുഖ്യമന്ത്രി സതീശനറിയാം. പക്ഷെ, കിഫ്ബിയുടെ എല്ലാമായിരുന്ന കെ.എം. എബ്രഹാം രാജിവച്ചൊഴിഞ്ഞു കഴിഞ്ഞു. കിഫ്ബിയും സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുമായുള്ള ബന്ധത്തെപ്പറ്റി എന്തേ പുതിയ സർക്കാർ കരുതലെടുക്കാത്തത്? 

ഉദാഹരണം വേണോ? കേട്ടോളൂ; സർക്കാരിന്റെ ചിട്ടി കമ്പനിയായ കെ.എസ്.എഫ്.ഇ. തുടങ്ങിയ പ്രവാസ ചിട്ടികൾ വൻ നഷ്ടത്തിലാണ്. എന്നിട്ടും സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ എന്ന പേരിൽ 3 മാസം കൂടുമ്പോൾ, കെ.എസ്.എഫ്.ഇ. 3 കോടി രൂപ കിഫ്ബിക്ക് കൊടുക്കണം. കിഫ്ബിയുമായി ബന്ധപ്പെട്ട ഇത്തരം 'കള്ളത്തരങ്ങൾ' തപ്പിയെടുക്കാനും അവ തിരുത്താനും നഷ്ടം നികത്താനും പുതിയ സർക്കാർ വൈകരുത്. ഒരു കാര്യം പറയാം: പിണറായി ചതിക്കാത്ത ചന്തുവൊന്നുമല്ല. ചതിച്ചേ ആ നേതാവിന് ശീലമുള്ളൂ. ആ ജാഗ്രത യു.ഡി.എഫിനുണ്ടായാൽ നല്ലത്.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam