പോലീസ് ഭരണം ഏത് കാലത്തും ഒരു കായംകുളം വാളുപോലെ അധികാരികളെ സ്വയം മുറിവേൽപ്പിക്കാൻ ശക്തിയുള്ള ഒന്നാണ് ജനാധിപത്യത്തിൽ. രാഷ്ട്രീയത്തിൽ എതിരാളികളെ കൈകാര്യം ചെയ്യാൻ മൂർച്ചയുള്ള ആയുധം തന്നെ പോലീസ് സംവിധാനം. എന്നാൽ കണ്ണൊന്നു തെറ്റിയാൽ അതേ ആയുധം ശരവേഗത്തിൽ അവനവന്റെ കഴുത്തിൽ തന്നെ വന്നുപതിക്കുന്നതും പതിവാണ്. ലോകം മുഴുക്കെയുള്ള അനുഭവമാണത്. പോലീസ്, പട്ടാളം തുടങ്ങിയ സായുധസേനകളെ അധികാര രാഷ്ട്രീയത്തിൽ നിന്നും പരമാവധി അകറ്റി നിർത്തണം എന്നു പറയുന്നത്, അങ്ങനെയല്ലാതെ അവർ ദൈനംദിന ഭരണത്തിൽ കടന്നുകയറിയാൽ ഉണ്ടാകാവുന്ന ആപത്തുകൾ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്.
പക്ഷേ തങ്ങളുടെ താത്കാലികനേട്ടങ്ങളാണ് പലപ്പോഴും അധികാരികൾ പരമപ്രധാനമായി കാണുന്നത്. ഭരണ സംവിധാനത്തിനും ജനാധിപത്യ ക്രമത്തിനും അതുണ്ടാക്കുന്ന കടുത്ത ആഘാതമൊന്നും അധികാരത്തിൽ രമിക്കുന്ന അവസരത്തിൽ ആരെയും അലട്ടുന്നതായി കാണാറില്ല. ജനാധിപത്യത്തിനു് വേരോട്ടം കിട്ടിയിട്ടില്ലാത്ത ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിൻ അമേരിക്കയിലേയും പല രാജ്യങ്ങളിലും പട്ടാളം അധികാരത്തിൽ ഇടപെടുന്നത് മാത്രമല്ല, അധികാരം പൂർണമായും കയ്യടക്കുന്നതും പതിവാണ്. ജനങ്ങളെ ആയുധശക്തി ഉപയോഗിച്ച് അടിച്ചമർത്തി അധികാരം കയ്യടക്കുക എന്നതാണ് പൊതുനയം.
ജനക്ഷേമം ആരുടെയും വിഷയമല്ല. രാജ്യത്തിന്റെ സമ്പത്ത് പരമാവധി കവർന്നെടുക്കുക, അതെല്ലാം രാജ്യത്തിന് പുറത്ത് സുരക്ഷിതമായ കേന്ദ്രങ്ങളിൽ ഒളിപ്പിച്ച് വെക്കുക ഇതൊക്കെയാണ് ഇങ്ങനെയുള്ള അധികാരികൾ പതിവായി ചെയ്തു വരുന്നത്. പണ്ടൊക്കെ സ്വിസ് ബാങ്കുകൾ ആയിരുന്നു ഇങ്ങനെ കൊള്ളമുതൽ സൂക്ഷിച്ചു വെക്കാനുള്ള ഏറ്റവും നല്ല ഉപാധികൾ. ഇപ്പോൾ വേറെയും പല സംവിധാനങ്ങളും അതിനായി വികസിപ്പിച്ചിട്ടുണ്ട്. നികുതിരഹിത ദ്വീപ് രാജ്യങ്ങൾ മുതൽ വമ്പൻ വിമാനത്താവളങ്ങളിലെ നികുതിരഹിത സ്വതന്ത്ര ഏരിയകൾ വരെ അതിനായി ഉപയോഗിക്കാൻ കഴിയും. പണ്ടൊക്കെ കാശായും സ്വർണമായും കലാശേഖരങ്ങളായും ഒക്കെയാണ് സമ്പത്ത് സൂക്ഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ ക്രിപ്‌റ്റോ കറൻസി മുതൽ ആഗോള ഫിനാൻസ് സംവിധാനവും ഓഹരിവിപണിയും മറ്റ് ഏർപ്പാടുകളും അതിനായി ഉപയോഗിക്കപ്പെടുന്നു.
നിമിഷാർദ്ധം കൊണ്ട് കോടാനുകോടി ഡോളറുകൾ പോലും ഒരു രാജ്യത്തിന്റെ അതിർത്തിയിൽ നിന്നും കടത്തി മറ്റൊരു പ്രദേശത്ത് എത്തിക്കാനും ഇന്ന് കഴിയും. അതിന്റെ അനന്ത സാദ്ധ്യതകൾ എത്രയെന്ന് ഈയിടെ പനാമപേപ്പറുകൾ എന്ന പേരിൽ പുറത്ത് വന്നരേഖകൾ വെളിപ്പടുത്തുകയുണ്ടായി. പല പ്രധാന രാജ്യങ്ങളിലെയും അധികാരികൾ പനാമയിലെ ഒരു അഭിഭാഷക കമ്പനി വഴി ലോകമെങ്ങും നിക്ഷേപമായി ഒളിപ്പിച്ചു വെച്ച അളവറ്റ ധനത്തിന്റെ വിവരങ്ങളാണ് അതിലൂടെ വെളിയിൽ വന്നത്. പ്രധാനമന്ത്രിമാരും രാജാക്കന്മാരും പട്ടാളമേധാവികളും ബിസിനസ്സ് പ്രമാണിമാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരിൽ പലരും അവികസിത രാജ്യങ്ങളിലെ കൊള്ളക്കാരായ ഭരണാധികാരികളുടെ കൂട്ടത്തിൽ ഉള്ളവർ മാത്രമായിരുന്നില്ല.
പല വികസിത രാജ്യങ്ങളിലെയുംസോഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന നാടുകളിലെയും അധികാരികളും ലിസ്റ്റിലെ കൊള്ളക്കാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. അങ്ങനെ അധികാരം എന്നത് നാടിനെ കൊള്ളയടിക്കാനുള്ള ഒരു മാർഗം എന്ന നിലയിലാണ് പല രാഷ്ട്രീയ പാർട്ടികളും അധികാരികളും കണക്കാക്കുന്നത്. ജനക്ഷേമത്തെ കുറിച്ചും സമത്വസുന്ദരസോഷ്യലിസ്റ്റ് വ്യവസ്ഥയെക്കുറിച്ചും അവർ വാചാലമായി സംസാരിക്കും. എന്നാൽ കാര്യത്തോടടുക്കുമ്പോൾ അധികാരം സ്വാർത്ഥതാല്പര്യത്തിന് മാത്രം എന്നതാണ് ലോകാനുഭവം. അതിനാൽ ഇന്ന് അധികാരികളെ സംബന്ധിച്ച ജനങ്ങളുടെ ബഹുമാനം പഴയപോലെ കാണാനില്ല. മിക്ക രാജ്യങ്ങളിലും ജനങ്ങൾ അധികാരികളെ വെറുക്കുന്ന കാഴ്ചയാണ് കാണുന്നത്. അധികാരം ദുരുപയോഗം ചെയ്യുന്ന പ്രവണത വ്യാപകമായി എന്നത് തന്നെയാണ് അതിന് കാരണം. പലപ്പോഴും സഹികെട്ട് ജനങ്ങൾ ആയുധമെടുത്ത് തെരുവിൽ ഇറങ്ങുന്ന കാഴ്ചയും കാണുന്നുണ്ട്.
ഏഷ്യയിൽ ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളുടെ മാത്രം അനുഭവം നോക്കുക. കിഴക്ക് ബർമയിലെ ആങ്‌സാൻ സു കിയുടെ പാർട്ടിയെ അധികാരത്തിൽ നിന്നും ഏകപക്ഷീയമായി മാറ്റി പട്ടാളം നേരിട്ട് അധികാരം പിടിച്ചെടുത്തു. നേരത്തെയും അവിടെ അധികാരം കയ്യാളിയ കൂട്ടരാണ് പട്ടാളം. ആംഗ്‌സന്റെ പിതാവിനെ കൊന്നുകൊണ്ടാണ് അവർ അധികാരത്തിൽ ആദ്യം കടന്നുകയറിയത്. പിന്നീട് അതൊരു തീക്കളിയായി ബോധ്യപ്പെട്ടപ്പോൾ ഏതാനും വർഷം മുമ്പാണ് ജനാധിപത്യ പുനഃസ്ഥാപനത്തിന് പട്ടാളം തയ്യാറായത്. എന്നാൽ അധികം വൈകാതെ അവർ വീണ്ടും ഭരണം പിടിച്ചെടുത്തു. ഇപ്പോൾ ജനങ്ങളും പട്ടാളവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുകയാണ് അന്നാട്ടിൽ. യാങ്കോൺ നഗരം ഒഴികെ രാജ്യത്തെ മറ്റു പ്രധാന പ്രദേശങ്ങൾ മിക്കതും സൈന്യത്തിന്റെ നിയന്ത്രണത്തിൽ നിന്നും നഷ്ടമായിരിക്കുന്നു. ഇനി അധികം വൈകാതെ പട്ടാള അധികാരികളെ ജനം നാട്ടിൽ നിന്നും തൂത്തെറിയും എന്ന സ്ഥിതിയാണ് അവിടെ.
ശ്രീലങ്കയിലും ഇതുതന്നെയാണ് കണ്ടത്. രാജപക്ഷ കുടുംബം അധികാരം ഒരു കുടുംബ സ്വത്താക്കി മാറ്റി, രാജ്യത്തെ കൊള്ളയടിച്ചു. ജനങ്ങൾ സഹികെട്ട് തെരുവിൽ ഇറങ്ങി. അവസാനം പ്രസിഡന്റിന്റെ കൊട്ടാരം ജനം കയ്യേറി. ഗോതബയ രാജപക്ഷം രായ്ക്കുരാമാനം നാടുവിട്ടു. ഇന്നും ശ്രീലങ്കയിൽ പൂർണമായ നിലയിൽ ജനാധിപത്യ ഭരണം പുനഃസ്ഥാപിച്ചിട്ടില്ല. പക്ഷേ ജനം കുപിതരായാൽ എന്തുസംഭവിക്കും എന്ന് അധികാരികൾക്ക് അവിടെ ബോധ്യമായി.
പിന്നീട് ബംഗ്ലാദേശിൽ ഇതേ നാടകം ആവർത്തിച്ചു. ആദ്യ പ്രസിഡന്റ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകൾ ബീഗം ഹസീന ഷെയ്ഖ് കുറേക്കാലമായി അവിടെ ഭരിക്കുന്നു. നാട് കൊള്ളയടിക്കുക മാത്രമല്ല, സർക്കാർജോലികൾ അവരുടെ സ്വന്തം പാർട്ടിക്കാർക്ക് സംവരണം ചെയ്യുകയും അവരുടെ പരിപാടിയിൽ ഉൾപ്പെട്ടു. തൊഴിൽതേടി നട്ടം തിരിഞ്ഞ യുവജനത സർവ്വകലാശാലകൾ വിട്ട് തെരുവിൽ ഇറങ്ങി.
നിരവധിപേർ പോലീസിന്റെയും പട്ടാളത്തിന്റെയും വെടിയേറ്റ് മരിച്ചു. അവസാനം ഹസീനയ്ക്ക് ഇന്ത്യയിലേക്ക് ഓടിപ്പോരേണ്ടി വന്നു. ഇത് ഇന്ത്യയുടെ ചുറ്റുമുള്ള നാടുകളിലെ അനുഭവം. അഫ്ഘാനിസ്ഥാൻ മുതൽ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലും സമാന അനുഭവങ്ങൾ ധാരാളം. ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും ഇത്തരം അനുഭവങ്ങൾ നിരവധി. എന്നാൽ ഈ പ്രവണത വികസ്വര രാജ്യങ്ങളിൽ നിന്നും വികസിത ജനാധിപത്യ രാജ്യങ്ങളിലേക്ക് പോലും പ്രസരിക്കുന്നതാണ് ഡൊണാൾഡ് ട്രംപിന്റെ കാലത്ത് അമേരിക്കയിൽപ്പോലും കണ്ടത്. ഇനി വീണ്ടും അധികാരത്തിൽ വന്നാൽ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ പട്ടാളത്തെ ഉപയോഗിക്കും എന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
ഈയൊരു പശ്ചാത്തലത്തിലാണ് നമ്മൾ കേരളത്തിലെ ഭരണസംവിധാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കാണേണ്ടത്. ഭരണത്തിൽ ഇരിക്കുന്നവരുടെ പിണിയാൾപണി പോലീസ് ഏറ്റെടുക്കുന്നു. അതിനായി അധികാര സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നു. സകാര്യമായി ഫോൺചോർത്തൽപോലും നടക്കുന്നു. സർക്കാർ സംവിധാനത്തെ അട്ടിമറിച്ച് പോലീസ് ഒരു സ്വകാര്യസേനപോലെ പ്രവർത്തിക്കുന്നു. അധികാരികളെ പ്രീണിപ്പിക്കുന്നതിന്റെ മറവിൽ പോലീസിലെ പ്രമാണിമാർ തങ്ങളുടെ സ്വകാര്യ അഴിമതി സാമ്രാജ്യം സമാന്തരമായി കെട്ടിപ്പടുക്കുന്നു. പല വ്യവസായ പ്രമുഖരും അത്തരം ഇടപാടുകളിൽ പോലീസും സർക്കാരിലെ പ്രമുഖരും ഉദ്യോഗസ്ഥ പ്രമുഖരുമായി യോജിച്ച് തങ്ങളുടെ സ്വകാര്യ താല്പര്യങ്ങൾ നടപ്പിലാക്കുന്നു. അതിനായി വിവിധ പാർട്ടികളിലെ അധികാരകേന്ദ്രങ്ങൾക്കിടയിലെ പാലമായി പോലീസ് യജമാനന്മാർ പ്രവർത്തിക്കുന്നു.
ഇന്നത്തെകേരളത്തിലെ അവസ്ഥ യഥാർത്ഥത്തിൽ ആരെയും ഞെട്ടിക്കുന്നതാണ്. മുഖ്യമന്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പോലീസ് സംവിധാനം ആർ.എസ്്.എസിന്റെ തീട്ടൂരം അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന ബോധ്യം നാട്ടിലെ ജനങ്ങളിൽ ഭൂരിപക്ഷത്തിനും വന്നുകഴിഞ്ഞു. അതിനുള്ള പല തെളിവുകളും അവർക്ക് മുന്നിലുണ്ട്. പ്രതിപക്ഷം മാത്രമല്ല ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഭരണപക്ഷത്തെ പല നേതാക്കളും എംഎൽഎമാരും എന്തിന് മന്ത്രിമാർപോലും പരസ്യമായോ സകാര്യമായോ ഇത്തരം ആശങ്കകൾ പങ്കുവെക്കുന്നു. അധികാരികൾക്ക്, പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക്, അതേപ്പറ്റി ഒന്നും പറയാനുമില്ല!
ഗുരുതരമായ ഒരു ഭരണത്തകർച്ചയുടെ മുന്നിലാണ് ഇന്ന് കേരളം നിൽക്കുന്നത്. എന്നാൽ ഇതൊരു സാധാരണ നിലയിലുള്ള അധികാരത്തകർച്ചയായി കാണാനുമാവില്ല. കാരണം പോലീസ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതിനുള്ള കളമൊരുക്കിയത് കേരളത്തിലെ അധികാരികൾ തന്നെയാണ്. അതിനുള്ള ശിക്ഷ അവരെ കാത്തിരിക്കുന്നുമുണ്ട്.
പോലീസിന്റെ അമിതമായ ദുരുപയോഗം എങ്ങനെ തിരിച്ചടിക്കും എന്നതിന് കേരളത്തിൽ തന്നെ ധാരാളം മുൻകാല ഉദാഹരണങ്ങളുണ്ട്. ഒരുകാലത്ത് പോലിസിനെ സ്വന്തം സ്വകാര്യസേനയായി ഉപയോഗിച്ച ലീഡർ കെ.കരുണാകരൻ പിന്നീട് അതിന് കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു. രാഷ്ട്രീയ സംരക്ഷണത്തിന്റെ ബലത്തിൽ പോലീസ് ഒരു ക്രിമിനൽ സംഘമായി മാറിയ കാഴ്ചയാണ് അടിയന്തിരാവസ്ഥ മുതൽ കേരളം കണ്ടത്. പിന്നീടും കരുണാകര ഭരണത്തിൽ ഇതുതന്നെ ആവർത്തിച്ചു. അതിനു തിരിച്ചടിയുമുണ്ടായി.
രണ്ടു തവണ അദ്ദേഹം രാജിവെക്കേണ്ടി വന്നതും പോലീസിന്റെ ഇത്തരം അധികാര ദുർവിനിയോഗങ്ങളുടെ പേരിലായിരിന്നു. എന്നാൽ ഓരോ അധികാരിയും മുൻഗാമിയുടെ അനുഭവങ്ങൾ മറക്കുന്നു. തല മറന്ന് എണ്ണതേയ്ക്കുന്നു; അവസാനം പോലീസ് എന്ന അടിയന്ത്രം തല തന്നെ തല്ലിപ്പൊളിക്കുന്നു!
എൻ.പി. ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1