രണ്ടായിരത്തിന്റെ തുടക്കത്തിൽ, ഗാന്ധികുടുംബമെന്ന പിന്തുടർച്ചാ ഭാരവുമായി ഇന്ത്യൻ രാഷ്ട്രീയത്തിലിറങ്ങുമ്പോൾ രാഹുൽ ഗാന്ധിയെ ബുദ്ധിയും വിവേകവുമില്ലാത്ത ഒരു ചെറുപ്പക്കാരനായാണ് ദേശീയമാധ്യമങ്ങളും ബുദ്ധിജീവികളും വിശേഷിപ്പിച്ചിരുന്നത്. എന്നാലിന്ന് കളിയാകെ മാറിയിരിക്കുന്നു. രാഹുൽ പല വമ്പന്മാരുടേയും ഉറക്കം കെടുത്തുകയാണിന്ന്
പ്രമുഖനായ ഒരു രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാണ് ബെനഡിക്റ്റ് ആൻഡേഴ്‌സൺ. 1983ൽ പ്രസിദ്ധീകരിച്ച ഇമാജിൻഡ് കമ്മ്യൂണിറ്റീസ് അദ്ദേഹത്തിന്റെ പ്രശസ്തകൃതിയാണ്. അയർലൻഡുകാരായ മാതാപിതാക്കളുടെ മകനായി ചൈനയിൽ ജനിച്ച്, അമേരിക്കയിൽ ജോലി ചെയ്ത്, ഇന്തോനേഷ്യയിലെ ദ്വീപുകളിലൂടെ നിരന്തരം സഞ്ചരിച്ച് ഗവേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബെനഡിക്റ്റ് ആൻഡേഴ്‌സൺ ഇമാജിൻഡ് കമ്മ്യൂണിറ്റീസ് (സങ്കൽപ്പിത സമൂഹം) എന്ന പുസ്തകം രചിച്ചത്.
ദൃശ്യമാധ്യമങ്ങൾ വിപുലമായി സ്വാധീനമാകാത്ത കാലത്ത്, സവിശേഷമായ ഒരതിർത്തിക്കുള്ളിൽ താമസിക്കുന്നവരിൽ അച്ചടിമാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന സഹഭാവത്തെയാണ് അദ്ദേഹം ദേശീയതാബോധം എന്ന് വിശേഷിപ്പിച്ചത്. ഒരേസമയം ജനങ്ങളെ അടുപ്പിക്കാനും ഭിന്നിപ്പിക്കാനും കഴിയുന്ന വ്യവഹാരമായാണ് ഈ അവബോധം പ്രവർത്തിക്കുന്നത്.
ഇങ്ങനെയൊരു പുസ്തകമെഴുതിയതിന്റെ പേരിൽ സുഹാർത്തോയുടെ ഭരണകൂടം ഇന്തോനേഷ്യയിൽനിന്ന് ആൻഡേഴ്‌സനെ പുറത്താക്കുകയും പിന്നീട് സുഹാർത്തോ ഭരണമൊഴിഞ 1998 ലാണ് ആ രാജ്യത്തേക്ക് ബെനഡിക്റ്റ് ആൻഡേഴ്‌സണ് പ്രവേശനം ലഭിച്ചത്! അക്കാലത്ത് ജക്കാർത്തയിലെ ഒരു യോഗത്തിൽ അദ്ദേഹം പ്രസംഗിച്ചത് ഇപ്രകാരമാണ്.
സഹപൗരർ ഉൾപ്പെടെയുള്ളവർക്കെതിരേ തന്റെ രാഷ്ട്രം അല്ലെങ്കിൽ ഭരണകൂടം അക്രമം നടത്തുമ്പോൾ ലജ്ജിതരാകാത്തവർക്ക് ഒരു യഥാർഥ ദേശീയവാദിയായിരിക്കാൻ സാധ്യമല്ല. യഥാർഥത്തിൽ, ദേശീയതയെ അർഥരഹിതമായും അപരഹിംസയ്ക്കായും ഉപയോഗിക്കുന്ന വ്യത്യസ്ത രാഷ്ട്രങ്ങളുടെ ചരിത്രത്തെ അഭിമുഖീകരിക്കുന്നതിന്റെ യുക്തിയും നിലപാടും ഈ നിരീക്ഷണത്തിലുണ്ട്. വിയോജിപ്പുകളെയും വിമർശനങ്ങളെയും നിയമംമൂലം നിയന്ത്രിക്കാനും നിശബ്ദമാക്കാനും കഴിയുമെന്ന ഭരണകൂടയുക്തിയെക്കൂടി പുനർവിചാരണ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് ഈ വാക്കുകൾ.
നമ്മുടെ രാജ്യത്തിപ്പോൾ, പ്രത്യേകിച്ച് പ്രതിപക്ഷ രാഷ്ട്രീയമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ സാന്നിധ്യത്തെയും വാക്കുകളെയും ബി.ജെ.പി സർക്കാർ അസഹിഷ്ണുതയോടെയാണ് കാണുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മുൻപൊരിക്കലും ഇന്ത്യയിൽ ഒരു പ്രതിപക്ഷ നേതാവിനും ഈവിധത്തിലുള്ള പ്രത്യാക്രമണങ്ങളും പക്ഷപാത പെരുമാറ്റങ്ങളും പാർലമെന്റിന്റെ അകത്തും പുറത്തും നേരിടേണ്ടിവന്നിട്ടില്ല.
രണ്ടായിരത്തിന്റെ തുടക്കത്തിൽ, ഗാന്ധികുടുംബമെന്ന പിന്തുടർച്ചാ ഭാരവുമായി ഇന്ത്യൻ രാഷ്ട്രീയത്തിലിറങ്ങുമ്പോൾ രാഹുൽ ഗാന്ധിയെ ബുദ്ധിയും വിവേകവുമില്ലാത്ത ഒരു ചെറുപ്പക്കാരനായാണ് ദേശീയമാധ്യമങ്ങളും ബുദ്ധിജീവികളും വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിലെ ജനാധിപത്യസംസ്‌കാരവും അഭിപ്രായസ്വാതന്ത്ര്യവും മുതിർന്ന നേതാക്കളുടെ തൻപ്രമാണിത്തവും തുടക്കത്തിൽ അദ്ദേഹത്തിന്റെ നേതൃത്വപരമായ മികവുകളെ നിഴലിൽനിർത്തിയെങ്കിലും ക്രമേണ അതിനെയെല്ലാം കഠിനാധ്വാനത്തിലൂടെ മറികടക്കുന്നത് ഇന്ത്യൻ ജനത നോക്കിക്കണ്ടു.
അധികാരമില്ലായ്മ, സാമ്പത്തിക അപര്യാപ്തത, ദേശീയമാധ്യമങ്ങളുടെ അവഗണന, തുടർച്ചയായുണ്ടാകുന്ന തെരഞ്ഞെടുപ്പ് തോൽവി, ദേശവിരുദ്ധനെന്ന ബി.ജെ.പിയുടെ പ്രചാരണം, രാഷ്ട്രീയത്തിലെ അസ്ഥിരവ്യക്തിത്വം എന്ന ഇടതുപക്ഷവിമർശനം തുടങ്ങിയവയെയെല്ലാം അപ്രസക്തമാക്കുന്ന വിധത്തിൽ വിപുലമായസ്വീകാര്യതയുള്ള നേതാവായി അദ്ദേഹം വളരുകയായിരുന്നു എല്ലാ അർഥത്തിലും.
2022ഓഗസ്റ്റിൽ കന്യാകുമാരിയിൽനിന്ന് തുടങ്ങി 2023 ജനുവരിയിൽ കശ്മിരിൽ അവസാനിച്ച 4080 കി.മീറ്റർ, നൂറ്റിയൻപത് ദിവസംകൊണ്ട് പിന്നിട്ട ഭാരത് ജോഡോ യാത്രയിലൂടെയാണ് രാഹുൽ ഗാന്ധിയിൽ ഏറെ ആഴത്തിലും പരപ്പിലുമുള്ള രാഷ്ട്രീയവ്യക്തിത്വം രൂപംകൊള്ളുന്നത്. ചരിത്രകാരനും സാമൂഹികശാസ്ത്രജ്ഞനുമായ രാമചന്ദ്ര ഗുഹ ഡെമോക്രാറ്റുകളും വിമതരും എന്ന പുസ്തകത്തിൽ പറയുന്നു: ഒരു പതിറ്റാണ്ടിലേറെയായി രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലുണ്ട്, ഒരാളുടെ നേതൃത്വഗുണം വെളിപ്പെടുത്താൻ ആവശ്യമായതിലധികം സമയം.
വസ്തുനിഷ്ഠമായി, താരതമ്യം നടത്തുമ്പോൾ മനസിലാകുന്നത് അയാൾക്ക് ഇന്ദിരയ്ക്കുണ്ടായിരുന്ന സാമൂഹികവിജ്ഞാനമോ സാമൂഹികമാറ്റങ്ങൾ ഉണ്ടാക്കുവാൻ ആധുനിക സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് രാജീവ് ഗാന്ധിക്കുണ്ടായിരുന്ന വിശ്വാസമോ സോണിയ ഗാന്ധിക്കുള്ളതായ കഠിനാധ്വാനത്തിനുള്ള ശാരീരികശേഷിയോ ഇല്ലായെന്നാണ്. നെഹ്‌റുവിന് തന്റെ രാജ്യത്തോടുണ്ടായിരുന്ന തീവ്രസ്‌നേഹമോ പ്രതിബദ്ധതയോ അയാൾക്കില്ല എന്നു രാമചന്ദ്ര ഗുഹ തന്നെ എഴുതിയതിപ്പോൾ തിരുത്താൻ നേരമായിരിക്കുന്നു.
രാഹുൽ ഗാന്ധിയാകട്ടെ ഇന്ത്യയുടെ മനസിനെ നന്നായി പഠിച്ചിരിക്കുന്നു. സാമൂഹികവൈവിധ്യങ്ങളൊക്കേയും തന്റെ കഠിനാധ്വാനത്തിലൂടെ മനസിലാക്കിയിരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭൂതകാല തെറ്റുകളെ തിരുത്താനുള്ള സന്നദ്ധതയും ആർജവവും നേടിയ രാഷ്ട്രീയപക്വതയിലേക്ക് അത്ഭുതകരമായി വികസിച്ച രാഹുൽ ഗാന്ധിയുടെ ചിത്രമാണ് ഇന്ന് ആർക്കും കാണാൻ കഴിയുന്നത്.
ചൈനയുടെ ഇന്ത്യൻ ഭൂപ്രദേശത്തുള്ള കടന്നുകയറ്റം, വ്യാജ ദേശീയവാദത്തിനുള്ളിലെ ഭീരുത്വവും പൊള്ളത്തരവും, വ്യാപാര കരാറിലൂടെ അമേരിക്കൻ സാമ്രാജ്യത്വത്തിന് മുമ്പിലുള്ള ഇന്ത്യയുടെ ലജ്ജാകരമായ കീഴടങ്ങൽ, എപ്സ്റ്റീൻ ഫയലുകൾക്കുള്ളിലുള്ള ഇന്ത്യൻ ഭരണനേതൃത്വത്തിന്റെ ധാർമികവും നൈതികവുമായ സംശയങ്ങൾ തുടങ്ങി നിരവധി വസ്തുതകളെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പാർലമെന്റിൽ ഉന്നയിക്കാനുള്ള അവസരത്തെയാണ് ഇന്ത്യൻ ഭരണകൂടം ആസൂത്രിതമായി ഇല്ലാതാക്കുന്നത്.
ഇന്ത്യയിലെ മറ്റേതൊരു രാഷ്ട്രീയനേതാവിനെക്കാളും വസ്തുതകൾ പഠിച്ച് അവതരിപ്പിക്കുന്ന രാഹുലിന്റെ ശൈലി, പാർലമെന്റിനെ മൈതാനപ്രസംഗവേദിയാക്കുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഭയപ്പാടോടുകൂടി മാത്രമേ അഭിമുഖീകരിക്കാനാവൂ. ദേശവിരുദ്ധൻ, അർബൻ നക്‌സൽ, വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നവൻ തുടങ്ങിയ ആക്ഷേപത്തിലൂടെ അത് ഒഴിവാക്കാനാണ് ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന അപകടത്തെക്കുറിച്ചും വോട്ടുചോരിയുടെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനങ്ങൾ അദ്ദേഹത്തിന്റെ അന്വേഷണ താൽപര്യത്തിന്റെയും അവതരണ മികവിന്റെയും മികച്ച മാതൃകയാണ്.
ഉത്തരേന്ത്യയിലെ ബഹുജനരാഷ്ട്രീയത്തിൽ കോൺഗ്രസിന് നഷ്ടപ്പെട്ട ദലിത് പിന്നോക്ക ന്യൂനപക്ഷ അടിത്തറ പതിയെയെങ്കിലും വീണ്ടെടുക്കാൻ രാഹുലിന്റെയും അഖിലേന്ത്യാ കോൺഗ്രസിന്റെയും നിലപാടുകൾക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നത്. സ്വപ്‌നലോകത്ത് ജീവിക്കുന്ന രാഹുൽ ഗാന്ധിക്ക് താഴെ നടക്കുന്നത് അറിയില്ല; മോദിയെ തൊടാൻ നിങ്ങൾക്കാവില്ല; എന്നൊക്കെ വീമ്പിളക്കി നടന്നവർക്കൊക്കെ മുട്ടിടിക്കാൻ തുടങ്ങിയിരിക്കുന്നു എന്നു ചുരുക്കം.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
