നിലാവുള്ള രാത്രിയില്‍ ആകാശത്തേയ്ക്ക് നോക്കുമ്പോള്‍ നമ്മെ നോക്കി പുഞ്ചിരിക്കുന്ന ആ ചന്ദ്രനെ ഒരു ആണവ സ്‌ഫോടനം കൊണ്ട് തകര്‍ക്കാന്‍ ഒരു ശക്തി ഒരുങ്ങിയിരുന്നുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വാസിക്കുമോ ? കേള്‍ക്കുമ്പോള്‍ ഇത് ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെ രംഗം പോലെ തോന്നിയേക്കാം എന്നാല്‍ ഇത് സിനിമയൊന്നുമല്ല, സംഗതി ഉള്ളതാണ്.
1950 കളുടെ അവസാനത്തില്‍ ലോകം ശീതയുദ്ധത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന സമയം. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊണ്ട കാലം. എതിരാളികളായ സോവിയറ്റ് യൂണിയനോട് തങ്ങളുടെ സാങ്കേതിക ശക്തി തെളിയിക്കാന്‍, ശത്രുവിനേക്കാള്‍ തങ്ങള്‍ ഒരുപടി മുകളിലാണ് എന്ന് തെളിയിക്കണം. അതിനായി അമേരിക്കയുടെ വ്യോമസേന രഹസ്യമായി ഒരു പദ്ധതിക്ക് രൂപം നല്‍കി. ഇന്നത്തെ കാലത്ത് വിശ്വസിക്കാന്‍ ഏറെ പ്രയാസമുള്ള ഒരു രഹസ്യ പദ്ധതിയാണ് അമേരിക്ക അന്ന് ആസൂത്രണം ചെയ്തത്. ചന്ദ്രനില്‍ ഒരു ആണവ ബോംബ് പൊട്ടിക്കുക. പ്രോജക്ട് എ119 (Project A119) എന്നായിരുന്നു ആ രഹസ്യമായ പദ്ധതിയുടെ പേര്.
1957 ഡിസംബര്‍ 6-ന് ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള അമേരിക്കയുടെ ആദ്യ ശ്രമത്തിനുള്ള വിക്ഷേപണ വാഹനമായിരുന്നു വാന്‍ഗാര്‍ഡ് ടിവി-3 റോക്കറ്റ്. വാന്‍ഗാര്‍ഡ് വിക്ഷേപിച്ചെങ്കിലും ദൗത്യം സമ്പൂര്‍ണ്ണ പരാജയമായിരുന്നു. അന്ന് ഫ്‌ലോപ്‌നിക് എന്നും കപുട്‌നിക് എന്നും വിളിപ്പേരുകള്‍ നല്‍കി അമേരിക്കയുടെ ഈ ദൗത്യത്തെ മാധ്യമങ്ങള്‍ കളിയാക്കി. തങ്ങളുടെ ആത്മാഭിമാനം തിരിക്കെ പിടിക്കാന്‍ വേണ്ടിയാണ് അമേരിക്ക ചന്ദ്രനെ തന്നെ ലക്ഷ്യം വച്ചത്.
സോവിയറ്റ് യൂണിയന്റെ മുന്‍പില്‍ സൈനിക ശക്തിയും ആണവ പ്രാപ്തിയും പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അമേരിക്കയുടെ നടപടി. തങ്ങള്‍ നടത്തുവാന്‍ പോകുന്ന ദൗത്യം കണ്ട് ലോകം ഞെട്ടണം, ഒടുവില്‍ അമേരിക്കയുടെ വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അതിനുള്ള വഴി കണ്ടെത്തി. ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ആണവ ബോംബ് പൊട്ടിക്കാം, ആ പൊട്ടിത്തെറിയുടെ പ്രകാശം നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഭൂമിയിലെ മനുഷ്യര്‍ക്ക് കാണുവാന്‍ സാധിക്കണം. സ്‌ഫോടനത്തിന്റെ ഫലമായി ചന്ദ്രോപരിതലത്തില്‍ നിന്ന് ഉയരുന്ന പൊടിപടലങ്ങള്‍ സൂര്യപ്രകാശത്തില്‍ പ്രതിഫലിക്കുന്നത് ഭൂമിയില്‍ നിന്ന് ദൃശ്യമാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഈ വിചിത്രമായ പദ്ധതിയുടെ സംഘത്തെ നയിച്ചത് ഡോ. ലിയോനാര്‍ഡ് റീഫെല്‍ (Dr. Leonard Reiffel) ആയിരുന്നു.
പ്രശസ്ത ബഹിരാകാശ ഗവേഷകനായ കാള്‍ സാഗന്‍ (Carl Sagan) ഈ സംഘത്തിന്റെ ഭാഗമായിരുന്നു. 1950 കളുടെ മധ്യത്തില്‍ ലോസ് അലാമോസ് സയന്റിഫിക് ലബോറട്ടറി വികസിപ്പിച്ചെടുത്ത ഒരു ചെറിയ വ്യോമ പ്രതിരോധ ന്യൂക്ലിയര്‍ വാര്‍ഹെഡ് ആയ W25 ആണ് അന്ന് ദൗത്യത്തിനായി തിരഞ്ഞെടുത്തത്. ഇത്രയൊക്കെ ഒരുക്കങ്ങള്‍ നടത്തിയിട്ടും അമേരിക്ക ഒടുവില്‍ ഈ ദൗത്യത്തില്‍ നിന്നും പിന്മാറി, 1959-ല്‍ ഈ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു. കാള്‍ സാഗന്‍ ഉള്‍പ്പെടെ സംഘത്തിലുണ്ടായിരുന്നവര്‍ ഈ ദൗത്യത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ആണവ സ്‌ഫോടനം ചന്ദ്രോപരിതലത്തെ മലിനമാക്കുന്ന റേഡിയോ ആക്ടീവ് വീഴ്ചയ്ക്ക് കാരണമാകുമെന്നും ഭാവിയിലെ ശാസ്ത്രീയ ഗവേഷണത്തിനും പര്യവേഷണത്തിനും അത് തടസ്സമാകുമെന്ന ആശങ്ക ശക്തമായിരുന്നു.
വിക്ഷേപണ പരാജയം ന്യൂക്ലിയര്‍ വാര്‍ഹെഡ് ഭൂമിയിലേക്ക് തിരികെ വീഴാന്‍ കാരണമാകുമെന്നും അത് അമേരിക്കന്‍ ജനതയെ അപകടത്തിലാക്കുമെന്നും വാന്‍ഗാര്‍ഡ് സംഭവത്തേക്കാള്‍ വലിയ ദുരന്തവും നാണക്കേടും സൃഷ്ടിക്കുമെന്ന് സൈനിക നേതാക്കള്‍ ഭയപ്പെട്ടിരുന്നു. വ്യോമസേന ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ നേട്ടങ്ങളെക്കാള്‍ അപകടസാധ്യതകളായിരുന്നു കൂടുതല്‍. ഇത്തരം ഒരു പ്രകോപനപരമായ പ്രവൃത്തി ലോകരാജ്യങ്ങളുടെയും പൊതുജനങ്ങളുടെയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കുമെന്നും അത് അമേരിക്കയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും തിരിച്ചറിഞ്ഞതോടെ പിന്‍മാറുകയായിരുന്നു.
ആ തിരിച്ചറിവ്#റെ ഫലമായി മനുഷ്യനും ചന്ദ്രനുമായുള്ള ആദ്യ സംഗമം പൊട്ടിത്തെറിയില്‍ കലാശിച്ചില്ല. പ്രോജക്ട് A119 ല്‍ നിന്ന് അമേരിക്ക പിന്മാറിയെങ്കിലും പിന്നെയും ചന്ദ്രനെ തന്നെ ലക്ഷ്യം വച്ചു. മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് അമേരിക്കന്‍ ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അപ്പോളോ 11 ദൗത്യത്തിലൂടെ ആ വിജയം സ്വന്തമാക്കുകയും ചെയ്തു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
