അനുദിനം ഗോൾഡിന് വിലയേറുമ്പോൾ, വിവാദങ്ങൾ ഒരു പണത്തൂക്കത്തിലല്ല കിലോ കണക്കിൽ കുതിക്കുന്നു....

OCTOBER 8, 2025, 10:28 AM

സ്വർണ്ണത്തിന് വില കുതിച്ചുയരുകയാണ്. അതുകൊണ്ടാവാം സൂപ്പർ സ്പീഡിൽ സ്വർണ്ണപ്പാളി വിവാദവും കത്തിപ്പടരുന്നു. നിർഭാഗ്യമെന്നു പറയട്ടെ, തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാൻ മാസങ്ങളാണ് ബാക്കിയുള്ളതെങ്കിലും പരിപാവനമായ ആ ജനാധിപത്യ പ്രക്രിയയ്ക്ക് കൂടുതൽ മാറ്റ് കൂട്ടേണ്ട രാഷ്ട്രീയ പാർട്ടികൾ ആ വഴിയിലല്ല.

പ്രത്യേകിച്ചും ഭരിക്കുമ്പോൾ ഒരു മുഖവും പ്രതിപക്ഷത്തിനായിരിക്കുമ്പോൾ മറ്റൊരു മുഖവും പ്രത്യക്ഷമായി തന്നെ പ്രകടിപ്പിക്കാൻ എന്തുകൊണ്ടോ രാഷ്ട്രീയ പാർട്ടികൾ മൽസരിക്കുകയാണെന്നു പറയാം.

വെള്ളിയാഴ്ചയോടെ പുകിലൊക്കെ തീരും...!

vachakam
vachakam
vachakam

രണ്ടാം പിണറായി സർക്കാരിന്റെ പതിനാലാം നിയമസഭാസമ്മേളനം ഈ വെള്ളിയാഴ്ച ഉച്ചയോടെ തീരും. അതോടെ ഇനിയൊരു നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബജറ്റ് പാസാക്കുകയെന്ന വഴിപാട് പരിപാടി മാത്രമേ ഈ സർക്കാരിന്റേതായി നാം കാണേണ്ടിവരികയുള്ളൂ. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചില ചില്ലറ പെയിന്റടിക്കൽ നടത്താൻ ഏതായാലും സർക്കാർ തയ്യാറായേക്കാം. ആ 'പുളുവടി' ബജറ്റിലോ ബജറ്റിനു മുമ്പോ നടത്തണമെന്ന കാര്യം മാത്രമേ ഇനി ഭരണപക്ഷത്തിന് തീരുമാനിക്കുവാനുള്ളൂ.

അഞ്ചു ദിവസത്തിനുള്ളിൽ 24 ബില്ലാണ് പിണറായി സർക്കാർ ഇത്തവണ പാസാക്കിയെടുത്തത്. യു.ഡി.എഫ്. അധികാരത്തിലിരിക്കേ ഒറ്റ ദിവസം 3 ബില്ലിൽ കൂടുതൽ അവതരിപ്പിക്കാൻ അന്നത്തെ സർക്കാരിനെ അനുവദിക്കാതിരുന്ന ഇടതുപക്ഷമാണ് ഇപ്പോൾ ഒറ്റ ദിവസം 5 ബിൽ പാസാക്കിയത്. പാസാക്കിയ ബില്ലുകളെല്ലാം ജനങ്ങൾക്കുവേണ്ടി തിരക്കിട്ട് പാസാക്കിയെന്നു വാദിക്കാൻ സർക്കാരിനു കഴിയില്ല. സ്വകാര്യാവകാശത്തിന് അധിക ഭൂമി  കൈവശം വയ്ക്കാനുള്ള ബിൽ ഇവയിൽ ആദ്യത്തേത്. രണ്ടാമത്തേത് രാജ്യത്തെങ്ങും ഇതുവരെ സ്ഥാപിച്ചിട്ടില്ലാത്ത ഡിജിറ്റൽ വാഴ്‌സിറ്റി നിയമ ഭേദഗതികളുള്ള രണ്ട് ബില്ലുകളാണ്. ഒക്‌ടോബർ 7ന് അവതരിപ്പിച്ചത് പൊതു വിൽപന നികുതി സംബന്ധിച്ചും സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ചുമുള്ളതായിരുന്നു.

കയർത്തൊഴിലാളി ക്ഷേമനിധി സെസ് സംബന്ധിച്ച ബില്ലും അന്ന് പാസായി. ഇന്നും നാളെയും അവതിപ്പിക്കേണ്ടിയിരുന്ന ബില്ലുകളിൽ ഒന്ന് ഹൈക്കോടതി വിധി മറികടക്കാനുള്ളതായിരുന്നു. പൊതു സ്ഥലങ്ങളിൽ ഫെള്ക്‌സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാനുള്ള ഈ ബിൽ ഏതായാലും ബുധനാഴ്ച ഉച്ചവരെ പാസാക്കിയെടുക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ജനങ്ങൾക്ക് അനിവാര്യമായ ഒരു 'ക്ഷേമ നടപടി' യെന്ന നിലയിൽ ഫ്‌ളക്‌സ്  ബോർഡും ബാനറുമില്ലെങ്കിൽ സർക്കാരിന് എന്ത് ആഘോഷമെന്ന ചോദ്യമുയരുന്നുണ്ട്.

vachakam
vachakam
vachakam

ന്റെ ശിവനേ, ശിവൻ കുട്ടിയേ....

ബുധനാഴ്ച നിയമസഭയിൽ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ചുകൊണ്ട് ബാനർ പ്രദർശിച്ചപ്പോൾ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശിവൻകുട്ടി, ഗ്യാലറിയിലിരുന്ന വിദ്യാർത്ഥികളെ നോക്കി ഇതെല്ലാം ജനാധിപത്യത്തെക്കുറിച്ച് തെറ്റായ ധാരണ പുതുതലമുറയ്ക്ക് നൽകില്ലേയെന്ന സന്ദേഹം പ്രകടിപ്പിച്ചതു കേട്ട് വാച്ച് ആൻഡ് ഗാർഡ് പോലും ഉള്ളിൽ ചിരിച്ചിട്ടുണ്ടാകാം.

ഇതേ ശിവൻകുട്ടി തന്നെയല്ലേ നിയമസഭയിൽ ചവിട്ടു നാടകം നടത്തിയതിന്റെ പേരിൽ സുപ്രീംകോടതിയിൽ നടന്നുവരുന്ന കേസിലെ പ്രതിപ്പട്ടികയിലുള്ളതെന്ന് അവർക്കും സംശയമുണ്ട്. ഇന്നലത്തെ തെറ്റ് ഇന്നത്തെ ശരിയും മറിച്ചുമെല്ലാം നിർവചിക്കുന്ന നാവിന് എല്ലില്ലാത്ത രാഷ്ട്രീയക്കാർ ഇതിനുമപ്പുറവും പറയുമെന്ന് കരുതാനേ പറ്റൂ.

vachakam
vachakam
vachakam

തദ്ദേശ സ്ഥാപനങ്ങളുടെ സങ്കടങ്ങൾ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തീരാജ്, ജനാധിപത്യ സംവിധാനത്തെ ജനങ്ങൾ തൊട്ടറിയാവുന്ന അധികാരമധുരമായിരുന്നു. ഓരോ നാടിനും വേണ്ടതെന്ത്, വേണ്ടാത്തതെന്ത് എന്നു തീരുമാനിക്കാനുള്ള അധികാരം പഞ്ചായത്തുകൾ പോലെയുള്ള ജനകീയ ഭരണകൂടങ്ങൾക്ക് ലഭ്യമാക്കിയതിൽ അന്ന് ഇടതുപക്ഷവും അനുകൂലമായിരുന്നു. ഇന്ന് അതേ അധികാരങ്ങൾ കവർന്നെടുക്കാനുള്ള ശ്രമത്തിലാണ് ഈ സർക്കാരെന്ന് പലരും ഭയപ്പെടുന്നു. 

ഗുജറാത്തിൽ മദ്യ നിരോധനം എടുത്തു കളഞ്ഞ ദേശീയ പാർട്ടിയും, മദ്യ വിൽപ്പനയെ എതിർത്തിരുന്ന ഇടതുപക്ഷ പാർട്ടികളും ഇന്ന് അവരുടെ നിലപാടുകൾ മാറ്റിക്കഴിഞ്ഞു. പാലക്കാട്ടെ എലപ്പുള്ളിയിൽ സ്ഥാപിക്കാൻ അനുമതി കൊടുത്ത ബ്രൂവറിയുടെ കാര്യവും ബാറുകൾ തോന്നിയതുപോലെ അനുവദിച്ചതുമെല്ലാം ഇടതുപക്ഷത്തിന്റെ നയത്തിലുള്ള വെള്ളം ചേർക്കലാണ്.

അതു മാത്രമല്ല, പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഭരണശൈലിയും ഇപ്പോൾ ഈ സർക്കാർ പിന്തുടരുന്നുണ്ട്. ഖജനാവിലേക്ക് ഏറ്റവും കൂടുതൽ നികുതി പിരിച്ചു നൽകിക്കൊണ്ടിരിക്കുന്ന എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വികസന പുരോഗതി മാത്രം ഒന്ന് നിരീക്ഷിക്കാം. സാമ്പത്തിക വർഷം പകുതി പിന്നിട്ടു കഴിഞ്ഞിട്ടും പദ്ധതി നിർവഹണം 25 ശതമാനം പോലുമെത്താത്ത തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്.

മുപ്പതോളം പഞ്ചായത്തുകളുടെ പദ്ധതി നടപ്പാക്കൽ 15% ൽ താഴെയാണ്!
എറണാകുളം ജില്ലയിൽ 111 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇവയിൽ 6 ഗ്രാമപഞ്ചായത്തുകൾക്കാണ് പദ്ധതി നടത്തിപ്പിൽ 25% പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. പകുതിയോളം തദ്ദേശ സ്ഥാപനങ്ങൾ 20% ൽ താഴെ, 30 തദ്ദേശ സ്ഥാപനങ്ങൾ 15%ൽ താഴെ എന്നിങ്ങനെയും കണക്കുകളിൽ പറയുന്നു. 
പതിനായിരത്തോളം പദ്ധതികൾക്ക് ജില്ലാ പ്ലാനിംഗ് ബോർഡ് നൽകിയിരുന്നു. പൂർത്തിയാക്കിയ വികസന പദ്ധതികളുടെ ബിൽതുക പോലും പല പഞ്ചായത്തുകൾക്കും സർക്കാർ നൽകിയിട്ടില്ല. ഇതിനിടയിലാണ് ട്രഷറി ഇടപാടുകൾ നടത്തിവരുന്ന ഓൺലൈൻ സംവിധാനത്തിന്റെ തകരാറുകൾ.

ഏറെ രസമെന്നു പറയട്ടെ, ഇതേ പഞ്ചായത്തുകൾ തനതു ഫണ്ടിൽ നിന്ന് പണമെടുത്ത് വികസന സദസ്സുകൾ സംഘടിപ്പിക്കണമെന്ന് സർക്കാർ ഉത്തരവിറക്കിക്കഴിഞ്ഞു. നടക്കാത്തതും പൂർത്തിയാക്കാത്തതുമായ വികസന പദ്ധതികളെപ്പറ്റി എന്ത് 'സദസ്സ്' നടത്താനാണെന്നു ചോദിക്കുന്നവരെ വികസന വിരോധികളുടെ ലിസ്റ്റിൽ പെടുത്താനുള്ള ഗൂഢനീക്കമാണത്രെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

കള്ളന്മാർക്കും 916 മാർക്കോ?

ബുധനാഴ്ച ക്ലിഫ് ഹൗസിലേക്കും പത്തനംതിട്ട ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്കും ബി.ജെ.പി.യും യുവമോർച്ചയുമെല്ലാം ഇന്ന്  മാർച്ച് നടത്തി. ഹരിപ്പാട്ട് വിവാദ ഉദ്യോഗസ്ഥൻ മുരാരി ബാബുവിന്റെ ഓഫീസിലേക്ക് യൂത്തു കോൺഗ്രസും സമരം നയിക്കുകയുണ്ടായി. എന്നാൽ, ഇവിടെ മാർച്ച് നടത്തേണ്ട വഴി ക്ഷേത്രത്തിനു മുമ്പിൽ വച്ച് തടയാൻ പൊലീസ് കയർ വലിച്ചു കെട്ടിയത് ചെരിഞ്ഞു വീഴാറായ വൈദ്യുതിത്തൂണിലേയ്ക്കായിരുന്നു.

അമ്പലം കഴിഞ്ഞ് കയർ കെട്ടാനും തടയാനും സൗകര്യമുണ്ടായിരിക്കെ, ഇത്തരമൊരു 'കുപ്പിക്കഴുത്തിൽ' കയർ കെട്ടിയതോടെ വൈദ്യുതി പോസ്റ്റ് പൊലീസിന്റെയും സമരക്കാരുടെയും മുകളിലേക്ക് വീഴുമെന്ന  അവസ്ഥയായി. ഇതോടെ വൈദ്യുതി പോസ്റ്റ് വീഴാതെ താങ്ങിനിർത്താൻ സമരക്കാർ നിർബന്ധിതരായി. ഒരു 'പ്രതിപക്ഷ സമരം' പൊളിച്ചടുക്കാനുള്ള പൊലീസിന്റെ കുരുട്ടു ബുദ്ധി അപാരം. ഈ ബുദ്ധിയൊക്കെ ജനത്തിന് സംരക്ഷണം നൽകാൻ നമ്മുടെ പൊലീസ് ഏമാന്മാർ ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ!

അഴിമതിയുടെ ചെമ്പ് പുറത്താകാതെ നോക്കാൻ...

ചിലപ്പോഴെങ്കിലും അഴിമതിക്കാരെ സംരക്ഷിക്കുന്നതിൽ രണ്ടാം പിണറായി സർക്കാർ പ്രത്യേകം 'ജാഗ്രത' പുലർത്തുന്നതായി തോന്നും. മുരാരി ബാബു ഏറ്റുമാന്നൂർക്കാരനാണ്. സഹകരണ വകുപ്പു മന്ത്രി കോട്ടയംകാരനും. ഏലയ്ക്കായിൽ കീടനാശിനി കണ്ടെത്തിയതിന്റെ പേരിൽ മോശമായ അരവണ പായസം നശിപ്പിക്കാൻ ദേവസ്വം ബോർഡ് ചെലവഴിച്ചത് രണ്ടര കോടി രൂപയാണ്. അരവണ പായസം മീൻ തീറ്റയായും പായസ ടിന്നിന്റെ ലേബൽ 400 ഏക്കർ വരുന്ന കൃഷിത്തോട്ടത്തിൽ വളമായും ടിൻ ആക്രിയായും മാറ്റാൻ 65 ലക്ഷം രൂപ തന്നാൽ മതിയെന്ന് ബോർഡിനെ അറിയിച്ച വ്യക്തിയെ ഇരുട്ടിൽ നിർത്തി,

ഏറ്റുമാനൂരിലെ 'രണ്ടര കോടി കമ്പനി' യെ തന്നെ ആ ദൗത്യം ഏൽപ്പിച്ചതും ഇപ്പോൾ 'മറുനാടൻ' വാർത്തയാക്കിക്കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെല്ലാം ആർക്കോ ലാഭമുണ്ടാക്കാനായി വഴിതിരിച്ചു വിട്ടോയെന്ന സംശയമാണുയർന്നിട്ടുള്ളത്.
അവതാരങ്ങളെ പടിക്കു പുറത്തുനിർത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. ഇപ്പോൾ അവതാരങ്ങളുടെ പൂരപ്പറമ്പാണ് ഭരണരംഗമെന്ന പരാതി വ്യാപകമാണ്.

കോടതി എല്ലാം കാണുന്നുണ്ട്, കേട്ടോ

ക്ഷേത്രങ്ങളിലെ സ്വർണത്തെപ്പറ്റിയാണ് ഇപ്പോൾ ബഹളമുണ്ടായിട്ടുള്ളത്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും പൊന്നും ഭൂമിയുമെല്ലാം ക്രമം തെറ്റിയ രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരു മാഫിയ അണിയറയിലുണ്ടോ? കണ്ണൂരിലെ ക്ഷേത്രഭൂമി സംബന്ധിച്ച 'ദിവ്യ' ആരോപണങ്ങൾ ഇപ്പോഴും കനൽമൂടിയ നിലയിലാണ്. ക്ഷേത്ര ഭരണത്തിനുമേൽ പിടിമുറുക്കാൻ നിലവിലുള്ള ക്ഷേത്ര ഭരണ നടത്തിപ്പുകളിലെ പിടിപ്പുകേട് മുതലാക്കാൻ ബി.ജെ.പി. ഏതറ്റം വരെയും പോകും. മാത്രമല്ല കോടതി നിരീക്ഷണത്തിലാണ് അന്വേഷണം.

ദൈവവും ഭക്തിയും വികാരപരവശതയുമെല്ലാം ചേർന്ന പായസപ്പരുവത്തിലാണ് ഇപ്പോൾ 'ശബരിമല വിഷയം' കത്തുന്നത്. പായസത്തിന്റെ പങ്ക് പറ്റിയിട്ടില്ലെങ്കിൽ കഴിയുന്നത്ര വേഗം, 'കഠിനമായ ഈ കരിമലക്കയറ്റ' ത്തിൽ നിന്ന് പിന്മാറി കത്തിക്കയറുന്ന ഈ പ്രശ്‌നങ്ങളിൽ നിന്ന് തലയൂരാൻ ഇടതുഭരണകൂടം രാഷ്ട്രീയ മര്യാദ കാണിക്കണം.

കാരണം, ഇത് കൈതോലപ്പായയിൽ ഒളിച്ചുകടത്തിയ കറൻസി നോട്ടുകളോ, ബിരിയാണിച്ചെമ്പിൽ കടത്തിയ സ്വർണ്ണ ബിസ്‌ക്കറ്റുകളോ ഒന്നുമല്ല. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം ഈ പ്രശ്‌നത്തിന്റെ 'സെന്റിമെന്റ്‌സ്' മൈൻഡ് ചെയ്യാതെ പോകരുത്. ആരുടെ തലയാണെങ്കിലും അത് വീഴട്ടെ, പകരം ഭക്തരുടെ വിശ്വാസം പരുക്കേൽക്കാതെ 'മല' കയറട്ടെ!

ആന്റണി ചടയമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam