അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ, കനത്ത ജാഗ്രതയോടെ ഇന്ത്യ

MAY 8, 2025, 2:30 AM

ഓപ്പറേഷൻ സിന്ദൂർ വഴി ഭീകരന്മാരുടെ കുടുംബം ഉൾപ്പെടെ മുന്നൂറോളം പേരെങ്കിലും കൊല്ലപ്പെട്ടുകാണുമെന്നാണ് നിഗമനം. ഇന്ത്യയുടെ അതിർത്തികളിൽ കനത്ത ജാഗ്രത. എന്നിട്ടും ഒരു ഇന്ത്യൻ സൈനീകൻ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. ഇങ്ങനെ പോയാൽ ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് സൂചന. ഇതിനിടെ ഇന്ത്യ പാക് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്മാർ സമാധാനചർച്ചകളും നടത്തിവരുന്നുണ്ട്. 

ലോകസമാധാനത്തിനു തന്നെ ഭീഷണിയായ ഭീകരവാദത്തിനെതിരെയുള്ള കനത്ത തിരിച്ചടിയാണ് വാസ്തവത്തിൽ ഇന്ത്യ ഇപ്പോൾ നൽകിയിരിക്കുന്നത്. അതിന് കശ്മീരിലെ പഹൽഗാം ഒരു നിമിത്തമായി എന്നുമാത്രം..! പാകിസ്ഥാന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന പാക് പഞ്ചാബ് പ്രവശ്യയിലേക്കായിരുന്നു ഇന്ത്യയുടെ ആക്രമണം. അതാണ് ഓപ്പറേഷൻ സിന്ദൂർ. 2025 മേയ് ഏഴ്. പുലർച്ചെ 1.05-1.30. കേവലം 25 മിനിറ്റിനുള്ളിൽ ദൗത്യം വിജയകരമായി അവസാനിപ്പിച്ചു.

അടിക്ക് ശക്തമായ തിരിച്ചടി നൽകിയാണ് ഇന്ത്യ പാകിസ്ഥാനോട് പകരം വീട്ടിയത്. പ്രതീക്ഷിക്കാതിരുന്നിടത്ത് പ്രഹരമേൽപ്പിക്കാനായത് വലിയ നേട്ടം തന്നെയാണ്. അകന്നു നിന്നുകൊണ്ടുള്ള അതിശക്തമായ പ്രഹരം. ഇങ്ങനെയൊരു ദൗത്യം ഇന്ത്യൻ സൈന്യം ആദ്യമായാണ് പരീക്ഷിച്ചത്. സ്‌കാൽപ് മിസൈലുകൾ, ഹാമർ, കാമിക്കാസ് ഡ്രോണുകൾ എന്നി അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെ ആകാശാതിർത്തി മറികടക്കാതെ തന്നെ പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങൾ തിരഞ്ഞുപിടിച്ചുകൊണ്ടായിരുന്നു തിരിച്ചടിച്ചത്.  

vachakam
vachakam
vachakam

നിയന്ത്രണ രേഖയിൽ മിക്കവാറും സ്ഥിരമായ വെടിവെയ്പുകൾ ഒഴിച്ചു നിർത്തിയാൽ ഇത് എട്ടാം തവണയാണ് പാകിസ്ഥാന് ഇന്ത്യൻ സൈന്യത്തിന്റെ പ്രഹരം ഏൽക്കേണ്ടിവന്നിട്ടുള്ളത്.  ഒന്നാം കശ്മീർ യുദ്ധം എന്നും വിളിക്കപ്പെടുന്നതായിരുന്നു ആദ്യ യുദ്ധം. 1947 ഒക്ടോബറിലാണത് അത് അരങ്ങേറിയത്. കശ്മീർ, ജമ്മു എന്നീ നാട്ടുരാജ്യങ്ങളുടെ മഹാരാജാവ് ഇന്ത്യയോട് ചേരുമെന്ന് പാകിസ്ഥാൻ ഭയന്നു. ആ അവസരത്തിലാണ് അത് സംഭവിച്ചത്. 

വിഭജനത്തെത്തുടർന്ന്, നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിൽ ചേരണോ അതോ പാകിസ്ഥാനിൽ ചേരണോ അതല്ല, സ്വതന്ത്രമായി തുടരണോ എന്ന് തിരുമാനിക്കാൻ സ്വാതന്ത്ര്യം ലഭിച്ചു. നാട്ടുരാജ്യങ്ങളിൽ ഏറ്റവും വലിയ സംസ്ഥാനമായ ജമ്മു കശ്മീരിൽ ഭൂരിപക്ഷവും മുസ്ലീം ജനസംഖ്യയും ഹിന്ദു ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗവും ഉണ്ടായിരുന്നു, എല്ലാം ഭരിച്ചത് ഹിന്ദു മഹാരാജാവ് ഹരി സിംഗ് ആയിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെ ഗോത്ര ഇസ്ലാമിക ശക്തികൾ നാട്ടുരാജ്യത്തിന്റെ ചില ഭാഗങ്ങൾ ആക്രമിക്കുകയും കൈവശപ്പെടുത്തുകയും ചെയ്തു.

ഇന്ത്യൻ സൈനിക സഹായം സ്വീകരിക്കുന്നതിനായി മഹാരാജാവ് നാട്ടുരാജ്യത്തെ ഇന്ത്യയുടെ ആധിപത്യത്തിലേക്ക് കൂട്ടിച്ചേർക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ടു. 1948 ഏപ്രിൽ 22ന് യുഎൻ സുരക്ഷാ കൗൺസിൽ 47-ാം പ്രമേയം പാസാക്കി. നിയന്ത്രണ രേഖ എന്നറിയപ്പെടുന്ന ഭാഗങ്ങളിൽ മുന്നണികൾ ക്രമേണ ശക്തിപ്പെട്ടു. 

vachakam
vachakam
vachakam

1949 ജനുവരി ഒന്നിന് രാത്രി 23:59ന് ഔപചാരിക വെടിനിർത്തൽ പ്രഖ്യാപിച്ചു.  ഇന്ത്യ സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിന്റെയും (കശ്മീർ താഴ്‌വര, ജമ്മു, ലഡാക്ക്) നിയന്ത്രണം നേടി, അതേസമയം പാകിസ്ഥാൻ കശ്മീരിന്റെ ഏകദേശം മൂന്നിലൊന്ന് (ആസാദ് കശ്മീർ, ഗിൽഗിറ്റ്ബാൾട്ടിസ്ഥാൻ) നേടി. പാകിസ്ഥാൻ നിയന്ത്രിത പ്രദേശങ്ങളെ മൊത്തത്തിൽ പാകിസ്ഥാൻ ഭരിക്കുന്ന കശ്മീർ എന്ന് വിളിക്കുന്നു. 

പിന്നീട് 1965ലാണ് തിത്വർ, ഉറി, പൂഞ്ച് മേഖലകളിൽ പാക്ക് പട്ടാളം കടന്നുകയറി തന്ത്രപ്രധാന പാതയായ ഹാജിപീർ പിടിച്ചെടുക്കുകയും ചെയ്തു. തിരിച്ചടിച്ച ഇന്ത്യൻ പട്ടാളം ലാഹോറിന്റെ അടുത്തുവരെ എത്തി. 50 ദിവസത്തിനു ശേഷം വെടി നിർത്തൽ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. പിന്നീട് നടന്നത് ബംഗ്ലാദേശ് വിമോചനയുദ്ധമാണ്. 1971 നടത്തിയ ആ യുദ്ധം 13-ാം ദിവസം പാകിസ്ഥാൻ കീഴടങ്ങി. 

1984ൽ ആയിരുന്നു സിയാച്ചിൻ പിടിച്ചെടുക്കാൻ പാകിസ്ഥാൻ ശ്രമിച്ചത്. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യം സിയാച്ചിനുമുകളിലുള്ള മലനിരകൾ നിയന്ത്രണത്തിലാക്കി.  കാർഗിൽ യുദ്ധമുണ്ടായത് 1998ലായിരുന്നു. 85 ദിവസമെടുത്തു ആ യുദ്ധം അവസാനിക്കാൻ. അതിലും ഇന്ത്യ വിജയം കണ്ടിരുന്നു.

vachakam
vachakam
vachakam

2016ലാണ് ഇന്ത്യൻ സൈനീകതാവളങ്ങളിൽ മിന്നലാക്രമണം നടത്തിയത്. പകരം ഇന്ത്യൻ കമാൻഡോകൾ പാക് നിയന്ത്രണ ഭൂമിയിലെ ക്യാംപുകൾ തകർത്ത് തരിപ്പണമാക്കി. ബാലാക്കോട്ട് ആക്രമണമായിരുന്നു. ഏഴാമത്തേത്, പുൽവാമയിൽ ചാവേർ ആക്രമണമണം നടത്തിയതായിരുന്നു. മറുപടിയായി ബാലക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രം ഇന്ത്യൻ സേന തകർത്തു.

ഒടുവിലത്തെതാണ് പഹൽഗാം സംഭവം. ആതിനുള്ള തിരിച്ചടിയായി ആദ്യം സിന്ധു നദീജല കരാർ മരവിപ്പിച്ചു. പിന്നെ പാക്കിസ്ഥാനിൽനിന്നുള്ള എല്ലാത്തരം ഇറക്കുമതിയും നിരോധിച്ചു. പാക്കിസ്ഥാൻ പൗരൻമാർക്കുള്ള എല്ലാവിധ വിസ സേവനങ്ങളും സസ്‌പെൻഡ് ചെയ്തതുൾപ്പടെ  പഹൽഗാമിനുശേഷം പാക്കിസ്ഥാനെതിരെ പല നടപടികളും സ്വീകരിച്ചിരുന്നുവെങ്കിലും ആ രാജ്യത്തെ വിറപ്പിക്കാനായത് 'ഓപ്പറേഷൻ സിന്ദൂരത്തിനാണ്. ഏറെ വർഷങ്ങളായി പാക്കിസ്ഥാൻ കരുപ്പിടിപ്പിച്ചെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തു തരിപ്പണമാക്കിയത്. 

പാക്കിസ്ഥാൻ എന്തൊക്കെപ്പറഞ്ഞാലും ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഭീകരസംഘടനകളിൽ പകുതിയും ആ രാജ്യം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവായാണ്. അവർക്കെല്ലാം പാകിസ്ഥാൻ ആവോളം പിന്തുണയും സഹായവും നൽകുന്നുണ്ട്. ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രം പാകിസ്ഥാൻ ആണെന്നതിൽ യാതൊരു സംശയവും ഇല്ല. എക്കാലത്തും ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ചുവരുന്ന പാക്ക് സൈനിക നേതൃത്വത്തിന്റെയും അവയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗവൺമെന്റിന്റെയും തെറ്റുകുറ്റങ്ങൾക്ക് അവിടത്തെ ജനതയെ ശിക്ഷിക്കാൻ ഇന്ത്യ ഒരുകാലത്തും ശ്രമിച്ചിട്ടില്ല.

പാക്ക് സൈനിക കേന്ദ്രങ്ങളെയല്ല അവിടത്തെ ഭീകരപ്രവർത്തന കേന്ദ്രങ്ങളെയാണ് ഇന്ത്യ ആക്രമിച്ചതെങ്കിലും അത് യുദ്ധസമാനമാണെന്നാണ് പാക്ക് നിലപാട്. ഇന്ത്യയ്ക്കുള്ള മറുപടി സൈന്യം തീരുമാനിക്കുമെന്നു പാകിസ്ഥാൻ വ്യക്തമാക്കിയതിൽ ഭീഷണിയുടെ സ്വരം ഉണ്ട്. ഭീകരസംഘടനകൾക്കെതിരെയുള്ള ആക്രമണത്തെ പാകിസ്ഥാനെതിരെയുള്ള ആക്രമണമായി ആ രാജ്യം കരുതുന്നുവെങ്കിൽ അവരുടെ ഗൂഢലക്ഷ്യം പറത്തുചാടുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. പാകിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യയുമായി ഒരു യുദ്ധം താങ്ങാനാവില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. 

ഇസ്ലാമാബാദിലെ ഭരണകൂടം ശക്തി വർദ്ധിപ്പിക്കുകയും മിസൈലുകൾ പരീക്ഷിക്കുകയും ചെയ്യുമ്പോൾ, ഇന്ത്യയുമായി ഒരു യുദ്ധത്തിന് ഖജനാവിന് പണമില്ലെന്ന് വിശകലന വിദഗ്ധർ അവരെ ഓർമ്മിപ്പിക്കുന്നു. ഒമ്പത് ഭീകര ക്യാമ്പുകൾ നശിപ്പിച്ചപ്പോഴും സിവിലിയൻമാർക്ക് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്ന് ഐഎഎഫ് പറയുന്നു. തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങൾ പാകിസ്ഥാന്റെ ബാഹ്യ ധനസഹായത്തിലേക്കുള്ള പ്രവേശനത്തെ തടസ്സപ്പെടുത്തുകയും വിദേശനാണ്യ കരുതൽ ശേഖരം സമ്മർദ്ദത്തിലാക്കുകയും ചെയ്യും. അടുത്ത കുറച്ച് വർഷത്തേക്ക് ബാഹ്യ കടം തിരിച്ചടവ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായതിനേക്കാൾ വളരെ താഴെയാണ് ഇത്, ആഗോള റേറ്റിംഗ് സ്ഥാപനമായ മൂഡീസ് മെയ് അഞ്ചിന് അവരുടെ ഇടപാടുകാർക്ക് നൽകിയ കുറിപ്പിൽ പറഞ്ഞിരുന്നു. 

ഇന്ത്യയുമായുള്ള യുദ്ധത്തിന്റെ ചെലവ് പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി കൂടുതൽ വഷളാക്കിയേക്കാം. മഹാമാരിയിൽ തുടങ്ങി റഷ്യ ഉക്രെയ്‌നിനെതിരായ ആക്രമണം, തുടർന്ന് ദുർബലമായ പണപ്പെരുപ്പത്തിലേക്ക് നയിച്ച നിരവധി പ്രഹരങ്ങളിൽ നിന്ന് കരകയറാൻ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 

സമീപ വർഷങ്ങളിൽ സമ്പദ്‌വ്യവസ്ഥയെ അഭൂതപൂർവമായ ആഴത്തിലേക്ക് തള്ളിവിട്ട രാഷ്ട്രീയ പ്രതിസന്ധികളുടെ ഒരു പരമ്പരയാണ് സാമ്പത്തിക വേദനയെ കൂടുതൽ വഷളാക്കിയത്. താരതമ്യപ്പെടുത്തമ്പോൾ, ഇതേ കാലയളവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.

2024 ഡിസംബർ അവസാനത്തോടെ പാകിസ്ഥാൻ വിദേശ വായ്പാദാതാക്കൾക്ക് 131 ബില്യൺ ഡോളറിലധികം കടപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി, അതായത് സാമ്പത്തിക വർഷം 23, സാമ്പത്തിക വർഷം 24 എന്നീ വർഷങ്ങളിലായി, അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് മുന്നുബില്യൺ ഡോളറിലധികം കടം വാങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ നിലവിലെ വിദേശനാണ്യ കരുതൽ ശേഖരം മൂന്ന് മാസത്തെ ഇറക്കുമതി ബില്ലുകൾക്കുള്ള തുക മാത്രമേ നൽകുന്നുള്ളൂ.

'പ്രാദേശിക സംഘർഷങ്ങൾ തുടർച്ചയായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, പാകിസ്ഥാനുമായി ഇന്ത്യയുടെ സാമ്പത്തിക ബന്ധങ്ങൾ വളരെ കുറവായതിനാൽ (2024 ൽ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 0.5% ൽ താഴെ) ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങളിൽ വലിയ തടസ്സങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. 

എന്നിരുന്നാലും, ഉയർന്ന പ്രതിരോധ ചെലവ് ഇന്ത്യയുടെ സാമ്പത്തിക ശക്തിയെ ബാധിക്കുകയും സാമ്പത്തിക ഏകീകരണത്തെ മന്ദഗതിയിലാക്കുകയും ചെയ്യും,' എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam