'പച്ചപ്പും ഹരിതാഭേം' ഔട്ട്, കേരളം കൂളല്ല, പക്ഷേ കൊടും ക്രിമിനലുകൾ കൂൾ, കൂൾ!

FEBRUARY 27, 2025, 12:29 AM

കേരളം മൊത്തത്തിൽ കൂളല്ല. ഭയങ്കര ചൂടിലാണ്. ന്യൂജെൻ കുട്ടികൾ വയലൻസ്  സിനിമ കണ്ടും രാസലഹരി വിഴുങ്ങിയും വെളിവില്ലാപ്പരുവത്തിൽ. എപ്പോഴാണ് മക്കളോ പേരക്കിടാങ്ങളോ ജോലിക്കുനിൽക്കുന്ന വേലക്കാരോ തലയ്ക്കടിച്ചു വീഴ്ത്തുകയെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ മുതിർന്ന പൗരന്മാർ. ചേന്ദമംഗലത്തെ റിതു ജയനും നെന്മാറയിലെ ചെന്താമരയും വെഞ്ഞാറമൂട്ടിലെ അഫാനും ആരെ കൊല്ലാനും തയ്യാറാണെന്ന മനോഭാവത്തിലുള്ളവരുടെ പ്രതീകങ്ങളാണ്. കൊടും ചൂടിലാണ് സംസ്ഥാനത്തെ കാലാവസ്ഥയും.

രാഷ്ട്രീയരംഗത്തും സ്ഥിതി വ്യത്യസ്തമല്ല. തരൂർ ബി.ജെ.പി.യിലേക്ക് ഇല്ലെന്നു പറയുമ്പോഴും അത് വിശ്വസിക്കാൻ ആരും തയ്യാറല്ല. സങ്കുചിത രാഷ്ട്രീയത്തിനെതിരെ എന്നു തരൂർ പറയുമ്പോഴും ആ വിശ്വപൗരന്റെ 'പദവിമോഹ'ത്തിന്റെ  ഗന്ധം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. എന്നാൽ, കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം തരൂരിന്റെ കള്ളലാക്ക് തിരിച്ചറിയുന്നുണ്ട്. നേരുപറയുന്ന നേതാവല്ല തരൂർ. കേരളത്തിൽ നിയമസഭാ തിരെഞ്ഞെടുപ്പ് അടുത്ത വർഷമാണ് നടക്കുക. അതിനുമുമ്പ്  രാഷ്ട്രീയ വിലപേശലിന് പറ്റിയ സമയമാണിതെന്ന് തരൂർ കരുതുന്നു.

കീശയിൽ കാശുളളതുകൊണ്ട്, വേണമെങ്കിൽ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനെതിരെ ഒരു കൈ നോക്കാമെന്ന് തരൂർ കരുതിയിട്ടുണ്ടാകാം. കേരളത്തിലും കേന്ദ്രത്തിലും ചൂണ്ടയിട്ട് കാത്തിരിക്കുകയാണ് ഈ പാലക്കാട്ടുകാരൻ. തനി കെ.കെ.പി.പി. പാർട്ടി. കിട്ടിയാൽ കിട്ടി, പോയാൽ പോയിയെന്ന ചിന്താഗതിക്കാരുടെ ഈ പാർട്ടിയിൽ തരൂരും പെടും. ആശാവർക്കർമാരുടെ സമരപ്പന്തലിൽ ഇന്ന് (ബുധൻ) തരൂർ എത്തിയിരുന്നു. എന്തിനാണാവോ എന്തോ?

vachakam
vachakam
vachakam

എന്തുകൊണ്ട് കൊടുംക്രൂരതകൾ?

സോഷ്യൽ മീഡിയയിലാകെ പൊരിഞ്ഞ ചർച്ച നടക്കുകയാണ്. എന്തുകൊണ്ട് സമൂഹത്തിൽ അക്രമം പെരുകുന്നുവെന്നതിനെക്കുറിച്ചാണ് വായ്ത്താരിയെങ്കിലും, കാലാവസ്ഥാ പ്രവചനംപോലെയുള്ള കൺക്ലൂഷനാണ് ഈ ചർച്ചയിൽ ഉണ്ടാകാറുള്ളത്. കലാലയങ്ങൾ, തെരുവുകൾ, വീടകങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ചോരത്തുളളികൾ വീഴുമ്പോൾ, ആ ദാരുണ സംഭവം സെൽഫിയിൽ പകർത്തി സെൽഫ് ഗോളടിക്കുകയാണ് മലയാളികളിൽ പലരും.
സാമൂഹികമായ സുനാമികളുടെ തിരയടിച്ചു കയറുമ്പോഴും സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾക്കുപോലുമുണ്ട് ഒരു തരികിട സ്വഭാവം.

ആരും അഭിമുഖീകരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാത്തവിധം സമൂഹത്തിൽ അക്രമങ്ങളുടെ കാട്ടുതീ പടരുമ്പോൾ, ഇങ്ങനെ നിസംഗത പാലിക്കാൻ എങ്ങനെ നാം പഠിച്ചു? തെരുവിൽ ഏതെങ്കിലും അക്രമം നടക്കുമ്പോൾ, നമ്മുടെ 'തടി വട്ടമാക്കി' രക്ഷപ്പെടുകയെന്ന നിർവികാരഭാവത്തിലാണ് നാം. ഒരു സമൂഹത്തിന്റെ നല്ല നടപ്പിന് ഈ ശീലം ഗുണം ചെയ്യില്ലെന്നും നമുക്കറിയാം. എന്നിട്ടും, തലവലിച്ച് സ്വന്തം സേഫ്റ്റിയുടെ പുറംതോടിനകത്തേക്ക് ചുരുണ്ടുകൂടുകയാണോ ഞാനും നിങ്ങളും?

vachakam
vachakam
vachakam

പണ്ട് തൊഴിലാളി, ഇന്ന് മുതലാളി

മാവൂർ റയൺസിലെ വെറുമൊരു തൊഴിലാളിയായിരുന്ന എളമരം കരീമിന്റെ കൈയിൽ പണ്ട് പിരിവിനായി പാട്ടയും ബക്കറ്റുമെല്ലാമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ കൈവശമുള്ളത് വിലകൂടിയ മൊബൈൽ ഫോണാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കരീം മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മീഷനു മുന്നിൽ ഡിക്ലയർ ചെയ്ത വരുമാനം ഒരു കോടി 14 ലക്ഷം രൂപയായിരുന്നു. പണ്ട് ഒരു യഥാർത്ഥ സി.ഐ.ടി.യു. തൊഴിലാളിയായി വിയർത്തൊലിച്ചുനിന്ന കരീമല്ല ഇന്നുള്ളത്. കോടികളുടെ ഇടപാടാണ് 'ട്രേഡ് യൂണിയൻ ബിസിനസ്' വഴി കരീം സ്വന്തമാക്കിയിട്ടുള്ളതെന്ന് എതിരാളികൾ പറഞ്ഞേക്കാം.

അതൊന്നും മുഖവിലയ്‌ക്കെടുക്കല്ലേ! കാരണം കരീം ഇന്നും തൊഴിലാളികളുടെ 'നീറുന്നതും നീറാത്തതുമായ' പ്രശ്‌നങ്ങൾക്കുവേണ്ടി പോരാടുന്ന ധീര നേതാവാണ്. കോഴിക്കോട് ടൗണിന്റെ ഹൃദയഭാഗത്തുള്ള നൂറുകോടിയിലേറെ വിലവരുന്ന പൂട്ടിപ്പോയ സ്റ്റീൽ കോംപ്ലെക്‌സിന്റെ ഭൂമി നിസ്സാര തുകയ്ക്ക് ഒരു അന്യ സംസ്ഥാന കമ്പനിക്ക് അടിയറ വച്ചതിൽ കരീമിനാണോ മന്ത്രി റിയാസിനാണോ കൂടുതൽ ഷെയർ കിട്ടിയതെന്നത് ഇപ്പോഴും 'കോയിക്കോട്ട് അങ്ങാടി'യിലെ ചൂടുള്ള ചർച്ചയാണ്. ഇത്തരക്കാരെ സഭ്യമായ ഭാഷയിൽ 'കരിങ്കാലി'യെന്നോ 'മാമ'യെന്നോ ഒക്കെ പറയുമായിരിക്കാം. എങ്കിലും വ്യക്തമായ തെളിവില്ലാതെ ഇത്തരം ആരോപണമുന്നയിക്കാൻ ആരും സന്നദ്ധരല്ല.

vachakam
vachakam
vachakam

സമരനാടകത്തിലെ കണ്ണീർമുഖങ്ങൾ

ഒരു സമരം എങ്ങനെ നടത്തണമെന്നും എങ്ങനെ പൊളിക്കണമെന്നും സഖാക്കൾക്കാണ് കൂടുതൽ മിടുക്കെന്ന് പലരും പറയുന്നു. തിരുവനന്തപുരത്തു നടന്നുവരുന്ന ആശാവർക്കർമാരുടെ സമരത്തിന്റെ പിന്നാമ്പുറത്തുള്ളത് ആദർശം തലയ്ക്കുപിടിച്ച കുറേ ഇടതുമനസ്സുകളാണ്. ആശാവർക്കർമാരുടെ സി.ഐ.ടി.യു. സംഘടനയാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നേടിത്തന്നതെന്നാണ് പുതിയ സി.പി.എം. ക്യാപ്‌സൂൾ. എന്നാൽ, 'ആശ'മാരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ആ സംഘടന സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്താൻ മടിച്ചുവെന്ന് മാധ്യമങ്ങൾ പറയുന്നു. അതിനുപകരം കേന്ദ്ര സർക്കാരിന്റെ ഏതോ ഒരു ഓഫീസിലാണത്രേ ഈ 'കോമ്രേഡു'കൾ സമരം നടത്തിയത്.

ആശാവർക്കർമാരുടെ സങ്കടഭാവങ്ങളെല്ലാം വിവിധ ചാനലുകളിലൂടെ ജനമറിഞ്ഞുകഴിഞ്ഞു. എന്നാൽ, കേരളം ഭരിക്കുന്ന സി.പി.എം. എന്തുകൊണ്ടോ ഈ പാവങ്ങൾക്കെതിരെ കട്ടക്കലിപ്പിലാണ്. ജില്ലാ മെഡിക്കൽ ഓഫീസർമാർവഴി സമരം ചെയ്യുന്ന 'ആശ'മാരുടെ കണക്കെടുത്തിട്ടുണ്ട്. ഇന്നാകട്ടെ, ആശമാർ ജോലിക്ക് ഹാജരായില്ലെങ്കിൽ ബദൽ സംവിധാനമൊരുക്കാൻ സർക്കാർ സന്നദ്ധരാകുമെന്നുള്ള 'വാട്ട്‌സാപ്പ് കൽപ്പന' സർക്കാർ പുറപ്പെടുവിച്ചുകഴിഞ്ഞു. വിരട്ടൽ വേണ്ടെന്ന് 'ആശ'മാർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ആശമാരുടെ മഹാസംഗമം ഉദഘാടനം ചെയ്ത ജോസഫ് സി. മാത്യുവിനെ ഒന്നാം പ്രതിയാക്കി കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

പെൻഷൻകാർക്ക് പുല്ലുവില

ക്ഷേമ പെൻഷൻകാരോട് ഇത്രയേറെ 'അലർജി'യുള്ള മറ്റൊരു ധനമന്ത്രിയെ ഇതിനുമുമ്പ് കേരളം കണ്ടിട്ടില്ല. ആശാവർക്കർമാർ കുടിശ്ശികയ്ക്കും മറ്റുമായി സമരം ചെയ്യുമ്പോൾ, കെ.എസ്.ആർ.ടി.സി.യിലെ 42000 പെൻഷൻകാരോടും രണ്ടര ലക്ഷത്തോളം വരുന്ന അവരുടെ കുടുംബങ്ങളോടുമുള്ള സർക്കാരിന്റെ അവഗണനയായിരിക്കും ഇനിയുള്ള നാളുകളിൽ നാം ചർച്ച ചെയ്യേണ്ടിവരിക. എല്ലാ മാസവും 5നും 7നും ഇടയ്ക്കുള്ള തീയതികളിൽ കെ.എസ്.ആർ.ടി.സി.യിൽ ശമ്പളവും പെൻഷനും നൽകിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടുവെങ്കിലും ഇപ്പോഴും നടപ്പാക്കിയിട്ടില്ല.

സ്‌കൂൾ പാചകത്തൊഴിലാളികൾ, സർക്കാർ സ്‌കൂളിലെ കുട്ടികൾക്ക് സൗജന്യ യൂണിഫോമിനുള്ള തുണി നിർമ്മിച്ചു നൽകിയ കൈത്തറി തൊഴിലാളികൾ തുടങ്ങി എല്ലാ പാവങ്ങൾക്കുമുള്ള പണം സർക്കാർ നൽകാതെ പിടിച്ചുവച്ചിരിക്കുകയാണ്. ഈ 'നക്കാപ്പിച്ച' പോലും നൽകാൻ കഴിയാത്തവർ കൊച്ചിയിൽ നടത്തിയ 'നിക്ഷേപ സംഗമം' നാം കണ്ട ഏറ്റവും നല്ല കോമഡിയായി മാറുകയും ചെയ്തു.

പുകയില്ലാത്ത അടുപ്പും പകയുള്ള കുടുംബങ്ങളും

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും കേരളത്തിൽ കുതിച്ചുയരുകയാണ്. മലപ്പുറം ജില്ലയിൽ മാത്രം സ്ത്രീധന, സ്ത്രീപീഡനക്കേസുകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നെണ്ണം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ജനുവരി 30നാണ് തൃക്കലങ്ങോട്ട്  നവവധുവായ വിഷ്ണുജയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 5നാകട്ടെ 19 വയസ്സുള്ള ആൺ സുഹൃത്ത് മർദ്ദിച്ചതിന്റെ പേരിൽ ഷൈമ എന്ന പതിനെട്ടുകാരിയും ആത്മഹത്യ ചെയ്തതായി വാർത്ത വന്നിരുന്നു.

കുടുംബങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. പ്രളയവും കോവിഡും തകർത്ത സമ്പദ്‌വ്യവസ്ഥയുടെ സന്താനങ്ങളാണ് സാമൂഹിക തിന്മകൾക്ക് വഴിച്ചാലൊരുക്കുന്നത്. 24 മണിക്കൂറും പാർട്ടി വളർത്താനും കസേര കൈവിടാതെ നോക്കാനും ശ്രമിക്കുന്ന നേതാക്കൾ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ ഏതോ അരങ്ങിൽ അവതരിപ്പിക്കപ്പെടുന്ന ഫാൻസി ഡ്രസ് മത്സരംപോലെയാണ് കാണുന്നത്.

ഇരിട്ടിക്കടുത്താണ് ശശീന്ദ്രന്റെ 'ചൊവ്വ'

മന്ത്രി എ.കെ. ശശീന്ദ്രന്റെ സ്വദേശം ചൊവ്വയാണ്. ചൊവ്വാ ഗ്രഹമല്ല. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് ഈ ഭൂമിയിലുള്ള ഒരു ഗ്രാമമാണ് ചൊവ്വ. വന്യജീവിമനുഷ്യസംഘർഷത്തിൽ പ്രതിക്കൂട്ടിലാണെങ്കിലും, ഇതിനിടയിലും മന്ത്രിപദം കാത്തുസൂക്ഷിക്കാൻ പഴയ യൂത്തനായ ശശീന്ദ്രൻ പ്രകടിപ്പിച്ച രാഷ്ട്രീയ മെയ്‌വഴക്കം പ്രശംസനീയമാണ്. എന്നാൽ, മലയോര ജനതയുടെ കണ്ണിൽ മന്ത്രി ശശീന്ദ്രൻ ഒരു ബഫൂൺ മാത്രമാണ്. 'ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർപോലെ' എന്ന പദപ്രയോഗത്തിന് എന്തുകൊണ്ടും അർഹനാണ്  മന്ത്രി ശശീന്ദ്രൻ.

തന്നെ മന്ത്രിപദത്തിൽനിന്നും താഴെയിറക്കാൻവന്ന ചാക്കോയെ, പിണറായിയുടെ പിൻബലത്തോടെ ശശീന്ദ്രൻ ചുരുട്ടിക്കൂട്ടി ചാക്കിലാക്കി. മാത്രമല്ല, മന്ത്രിപദത്തിനായി 'കുട്ടനാടൻ വള്ളംകളി' അവതരിപ്പിച്ച തോമസ് കെ. തോമസിനെ ചാക്കോയ്ക്കു പകരം എൻ.സി.പി.യുടെ പ്രസിഡന്റുമാക്കി. ഒരു വെടിക്ക് ണ്ടോ മൂന്നോ പക്ഷിയെന്ന രാഷ്ട്രീയ തന്ത്രം പയറ്റി വിജയിച്ച ശശീന്ദ്രനെ വന്യജീവികളും മലയോര ജനതയും കൂടി ചവിട്ടിക്കൂട്ടുകയാണിപ്പോൾ. ദിവസേന 'രാവിലെയും വൈകുന്നേരവും' എന്ന മട്ടിലാണ് മലയോരങ്ങളിലെ പാവങ്ങളെ വന്യമൃഗങ്ങൾ ചവിട്ടിയും കുത്തിയുമെല്ലാം കാലപുരിക്ക് അയയ്ക്കുന്നത്.

മന്ത്രി ശശീന്ദ്രന്റെ ജന്മഗ്രാമത്തിനരികെ ഇരിട്ടിയിൽ സണ്ണി ജോസഫ് എം.എൽ.എ. നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. വന്യമൃഗങ്ങളും സർക്കാരും ചേർന്ന് മലയോര ജനതയെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് ആർച്ച് ബിഷപ്പ് കുറ്റപ്പെടുത്തുകയുണ്ടായി. പ്രായത്തിന്റെ പേരിലെങ്കിലും തന്നെ വിമർശിക്കരുതേയെന്ന മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് ആർച്ച് ബിഷപ്പ് ശശീന്ദ്രനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

എങ്കിലും ഇത്രത്തോളം 'പച്ചക്കറിയായ' ഒരു മന്ത്രി എന്തിന് തെറികേൾക്കാൻ മാത്രമായി തന്റെ മന്ത്രിപദം ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കുന്നതെന്ന  ചോദ്യമുയരുന്നുണ്ട്. വാർദ്ധക്യം വിമർശനം തടയാനുള്ള പരിചയാക്കിയ 'കടത്തനാടൻ ശൈലി' മുറ്റ് പരിപാടിയായി. മന്ത്രിപദം ഈ പ്രായത്തിലും വിട്ടുകൊടുക്കാതെ 'അള്ളിപ്പിടിച്ചിരിക്കുന്നത്' ആ കസേരയുടെ 'കുളിരും ലഹരിയും' ഇനിയും നഷ്ടപ്പെടാത്തതുകൊണ്ടല്ലേയെന്ന് ജനം ചോദിച്ചുതുടങ്ങിയിട്ടുണ്ട്. മറുപടി ഫയലിൽ എഴുതിയാൽ പോരാ, അടുത്ത തവണ മൽസരിക്കുന്നുണ്ടെങ്കിൽ ജനങ്ങളോട് നേരിട്ട്  ശശീന്ദ്രൻ  പറയേണ്ടിവരും.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam