ഇനി കാണാം രാഷ്ട്രീയത്തിലെ അന്തർധാരകളുടെ നാണംകെട്ട പൊറാട്ട് നാടകങ്ങൾ

JUNE 12, 2024, 8:57 PM

'ജനം' ടി.വി. ചാനലാണ് ചൊവാഴ്ച രാത്രി 11.40ന് സുരേഷ് ഗോപി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതിന്റെ തൽസമയ സംപ്രേക്ഷണത്തിനു മുതിർന്നത്. പാർട്ടി പ്രവർത്തകർ വരവേൽപ്പ് ഒരു ഉൽസവമാക്കി മാറ്റി. പാത്രിരാത്രിയിൽ, ഒരു കേന്ദ്രമന്ത്രിയെ കാത്തുനിന്ന് ഇത്തരമൊരു വരവേൽപ്പ് നൽകാൻ തക്കവിധം മലബാറിന്റെ മണ്ണിൽ ബി.ജെ.പി. വളർന്നു കഴിഞ്ഞു.

നല്ല 'വടകര അരി മുറുക്ക് ' കടിച്ചു പൊട്ടിക്കുന്നതുപോലെയുള്ള സുരേഷ് ഗോപിയുടെ സിനിമാ ഡയലോഗുകൾ, ആ നടനെ ജനപ്രിയനാക്കുകയായിരുന്നു. രൺജിപണിക്കർ എന്ന പത്രപ്രവർത്തകൻ ഇംഗ്ലീഷിലും മലയാളത്തിലും എഴുതിവച്ച തീപ്പൊരി ഡയലോഗുകളിലൂടെ മലയാളികൾ രാഷ്ട്രീയത്തിലെ 'അന്തർ ധാര'കൾ തിരിച്ചറിയുകയായിരുന്നു. അതേ അന്തർധാരകളാൽ അനുഗ്രഹിക്കപ്പെട്ടാണ് സുരേഷ് ഗോപി ഇപ്പോൾ കേന്ദ്ര മന്ത്രി പദത്തിൽ എത്തിയിട്ടുള്ളതും. എന്നാൽ സുരേഷ് ഗോപിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ബി.ജെ.പി.യുടെ ഔദ്യോഗിക ഭാരവാഹികളോ സി.പി.എം. സർക്കാരോ വേണ്ടത്ര പിന്തുണ നൽകാനിടയില്ല.

കാരണം പറയാം: കോട്ടയം ജില്ലയിലെ കാണക്കാരിയിൽ നിന്നുള്ള ജോർജ് കുര്യൻ ബി.ജെ.പി. സംസ്ഥാന നേതാക്കളോടൊപ്പമാണ് മന്ത്രിപദമേറ്റെടുക്കാൻ എത്തിയത്. സുരേഷ് ഗോപിയാകട്ടെ 'ഒറ്റക്കൊമ്പൻ' എന്ന പുതിയ സിനിമാപ്പേര് അന്വർത്ഥമാക്കുന്ന വിധം   അകമ്പടിയൊന്നുമില്ലാതെ ടൂറിസം, പെട്രോളിയം മന്ത്രാലയങ്ങളെത്തി ചുമതലയേൽക്കുകയായിരുന്നു.

vachakam
vachakam
vachakam

തൃശൂർ പൂരം അലങ്കോലമാക്കിയതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ സുരേഷ് ഗോപി പറഞ്ഞത് തൃശൂരിലെ അന്നത്തെ പൊലീസ് കമ്മീഷണറെയും കളക്ടറെയും നിലനിർത്തിക്കൊണ്ടു തന്നെ പൂരം നടത്തിപ്പിന് പുതിയ സിസ്റ്റമുണ്ടാക്കുമെന്നാണ്. ഒറ്റ ദിവസത്തിനുള്ളിൽ ഇടതു സർക്കാർ തൃശൂരിലെ വിവാദ പൊലീസ് കമ്മീഷണറെ മാറ്റി. ഇപ്പോൾ പദവിയൊന്നുമില്ലാതെ ചുറ്റിത്തിരിയുകയാണ് ആ മുൻ കമ്മീഷണർ!

'ഹൗ സ്വീറ്റ്' എന്നു പറയാൻ വരട്ടെ...

നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ തന്ത്രജ്ഞൻ കേരളത്തനായി എന്തെങ്കിലും ഹിഡൻ അജൻഡ തയ്യാറാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് കേരളത്തിനു പൂർണ്ണമായും ഗുണകരമാകുമോ? അതല്ലെങ്കിൽ കേരളത്തിന്റെ ജനപദത്തിന്റെ 'ഇഴ ചേർന്ന തുന്നലു' കൾക്ക് ദോഷകരമാകുമോ? ദേശീയതലത്തിൽ ഒരു തിരുത്തൽ ശക്തിയെന്ന നിലയിൽ കേരളീയർ ഒരുമിച്ച് നിന്ന് ചില ഹീനമായ പ്രവണതകളെ ചെറുക്കേണ്ടിവരുമോ? നമ്മുടെ രാഷ്ട്രീയ നേതാക്കൾ അധികാരത്തിനപ്പുറത്തേയ്ക്കുള്ള വിശുദ്ധ ജാലകങ്ങൾ അടച്ചിട്ട് നാളുകളേറെയായി. ജനങ്ങളെ കരുതി രാഷ്ട്രീയ, മത, സമുദായിക തലങ്ങളിൽ പടരുന്ന 'അവനവനിസ'ത്തിനായുള്ള ദുഷ് പ്രവണതകൾ ചെറുക്കാൻ പുതിയ തലമുറ തുടക്കമിട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വെറുപ്പിന്റെ രാഷ്ട്രീയത്തിന് അറുതി വരുത്തി, ജാതിയോ മതമോ വർണ്ണമോ നോക്കാതെ ഏവരെയും ചേർത്തുനിർത്താൻ തക്കവിധം ജനകീയ 'പ്രകടന പത്രികകൾ' നാം തയ്യാറാക്കേണ്ടതുണ്ട്. സുരേഷ് ഗോപിയുടെ എല്ലാ വാക്കുകളും പ്രവൃത്തികളും തികച്ചും ഒരു ഭാരതീയ പൗരന്റേതാണ്. എന്നാൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയിൽ ഏതു സന്ദർഭത്തിലും പൊട്ടിയൊലിക്കാവുന്ന വെറുപ്പിന്റെ തടയണകളുണ്ട്. ആ തടയണകളുടെ ഷട്ടറുകൾ നിർഭാഗ്യവശാൽ സുരേഷ് ഗോപിയെന്ന 'വലിയ മനസ്സുള്ള' മനുഷ്യന്റെ കൈവശമല്ല.

മതമില്ലാത്ത സിനിമയും മതമുള്ള രാഷ്ട്രീയവും

സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരിക്കലും മതത്തിന്റെ വേർതിരിവുകളില്ല. എന്നാൽ അദ്ദേഹം ഏറ്റെടുത്തു കഴിഞ്ഞ ടൂറിസം വകുപ്പിന്റെ പ്രവർത്തന മേഖലയിൽ ഏതെങ്കിലും ഒരു മതത്തിന് കൂടുതൽ പ്രാധാന്യം കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മതങ്ങളുടെ തലപ്പത്തുള്ളവരുമായി 'ഡെൽഹി' ഉണ്ടാക്കുന്ന 'അന്തർധാര'കൾ ആരും അറിഞ്ഞെന്നുവരില്ല.

vachakam
vachakam
vachakam

ഈ ആരോപണം വെറുതെയല്ല. ഭാരതത്തിലെ സൈനിക സ്‌കൂളുകൾ പലതും ആർ.എസ്.എസ്. നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ ഗ്രൂപ്പുകൾക്ക് നൽകി വരുന്നതായി നേരത്തെ ആരോപണമുണ്ട്. സ്വകാര്യ മേഖലയിൽ ആദ്യത്തെ സൈനിക സ്‌കൂൾ കേന്ദ്ര സർക്കാർ അനുവദിച്ചത് എൻ.എസ്.എസിനാണെന്ന് ഒരു വാർത്ത കണ്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിട്ടും കരമന നിറമൺകരയിലുള്ള മന്നം സ്മാരക റസിഡൻഷ്യൽ സ്‌കൂൾ സൈനിക സ്‌കൂളാക്കി കേന്ദ്ര സർക്കാർ ഉയർത്തിക്കഴിഞ്ഞു. ലോകസഭയിൽ രണ്ട് സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പി. കേരളത്തിൽ ഇനിയും വളർന്നു  പന്തലിക്കുമെന്ന എൻ.എസ്.എസ്. സെക്രട്ടറി സുകുമാരൻ നായരുടെ പ്രവചനത്തിനു പിന്നിലെ 'അന്തർധാര' യാണ് ഇപ്പോൾ ചില മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.

സിനിമ എല്ലാ മതസ്ഥരുമുള്ള പ്രവർത്തന മേഖലയാണ്. സിനിമ കാണുന്നവരും അങ്ങനെ തന്നെ. സുരേഷ് ഗോപിയുടെ ജീവിതത്തിൽ ഉടനീളം കേരളത്തിന്റെയും അദ്ദേഹം ഇപ്പോഴും സജീവമായിട്ടുള്ള സിനിമാ മേഖലയുടെയും 'മതേതര ചമയമുണ്ട്' അത് മേക്കപ്പല്ല. യേശുദാസിന്റെ പാട്ട് പോലെ 'കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്‌ക്കരിച്ചാലും ദൈവമൊന്ന്' എന്ന മനോഭാവം സുരേഷിന്റെ വാക്കിലും പ്രവൃത്തിയിലുമുണ്ട്. എന്നാൽ, അതിന് കടകവിരുദ്ധമായ രാഷ്ട്രീയ, വികസന സമീപനങ്ങൾ സുരേഷ് ഗോപിയിലുള്ള പച്ചയായ മനുഷ്യനെ വേദനിപ്പിക്കും.

ടൂറിസ വികസനത്തിലെ 'പ്രതിഷ്ഠ' ഏത് ?

കേരളത്തെ സംബന്ധിച്ച് മോദി രണ്ട് മന്ത്രിമാരിലൂടെയും ലക്ഷ്യമിടുന്ന ചില കാര്യങ്ങളുണ്ട്. ഇവിടെ ഒരു ഫ്‌ളാഷ് ബാക്ക് വേണ്ടിവരും. 2017 സെപ്തംതബർ 3ന് അൽഫോൻസ് കണ്ണന്തനത്തെ മോദി ടൂറിസം സഹമന്ത്രിയാക്കി. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായപ്പോൾ നടത്തിയ ഈ പുനഃസംഘടന അരങ്ങേറിയതും ഒരു ഞായറാഴ്ചയായിരുന്നു.

എന്നാൽ പിണറായി വിജയൻ രാഷ്ട്രീയത്തിലേക്ക് എം.എൽ.എ. പദം നൽകി ആനയിച്ച കണ്ണന്താനം തന്റെ വിധേയത്വം ഫേസ് ബൂക്കിലൂടെ ലോകത്തെ അറിയിച്ചു. കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം കിട്ടിയത് കേരളത്തിനുള്ള ഓണസമ്മാനമാണെന്ന് പിണറായി നവ മാധ്യമങ്ങളിലൂടെ പ്രതികരിക്കുക മാത്രമല്ല, സെപ്തംതബർ 6ന് കണ്ണന്താനം കേരള ഹൗസിലെത്തി പിണറായിയെ നേരിൽ കാണുകയും ചെയ്തു. അതോടെ, കണ്ണന്താനം വഴി കേരളത്തിന് കൈവരേണ്ട ടൂറിസം വികസന പദ്ധതികൾ പലതും പാതിയിൽ വച്ച് മുടങ്ങുകയായിരുന്നു.

തളി, കൊട്ടിയൂർ ക്ഷേത്രദർശനങ്ങൾ തുടക്കം മാത്രം?

ഈ ആഴ്ചക്കുറിപ്പെഴുതുമ്പോൾ സുരേഷ് ഗോപി കോഴിക്കോട്ടെ തളി ക്ഷേത്ര ദർശനം കഴിഞ്ഞ് കണ്ണൂർ ജില്ലയിലെ മാരാർജി സ്മാരകം സന്ദർശിച്ചിരിക്കാം. തുടർന്ന് മുൻ മുഖ്യൻ നായനാരുടെ പത്‌നി ശാരദാ ടീച്ചറെ സന്ദർശിച്ച ശേഷം അദ്ദേഹം പോകുന്നത് കണ്ണൂർ ജില്ലയിലെ സുപ്രസിദ്ധ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കൊട്ടിയൂരിലേക്കായിരിക്കും. പോകുന്ന വഴി മണത്തണ എന്ന സ്ഥലത്താണ് ബി.ജെ.പി. യുടെ ആദ്യകാല നേതാവായ പി.പി. മുകുന്ദന്റെ വീട്. തലശ്ശേരിയിൽ നിന്ന് 57 കിലോമീറ്റർ അകലെ  ബാവലിപ്പുഴയുടെ തീരത്തുള്ള കൊട്ടിയൂർ ശിവക്ഷേത്രവും ജൂൺ 12ലെ സുരേഷ് ഗോപിയുടെ സന്ദർശന ലിസ്റ്റിലുണ്ട്. 80 ഏക്കറിലുള്ള ഇക്കരെ കൊട്ടിയൂർ ക്ഷേത്രം വനഭൂമി വിട്ടു കിട്ടിയാലേ വികസിപ്പിക്കാനാകൂ.

ശിവനും പാർവതിയും പാല് കാച്ചിയെന്നു ഹൈന്ദവർ വിശ്വസിക്കുന്ന പാല് കാച്ചി മലയും വനഭൂമിയിലാണുള്ളത്. ഇളനീരാട്ടവും നെയ്യാട്ടവുമെല്ലാം ചേർന്ന് ഒരു മാസം നീളുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ ഉൽസവം ഇന്ന് രാത്രി (ബുധൻ) സമാപിക്കും. ഈ ക്ഷേത്രത്തിന്റെ വികസനം ബി.ജെ.പിയുടെ അജണ്ടയിൽ പെടും. ബി.ജെ.പി. കേരളമൊന്നാകെ ലക്ഷ്യമിടുന്ന 'റിലീജിയസ് ടൂറിസം സർക്യൂട്ടി' ൽ മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള കൊട്ടിയൂർ ക്ഷേത്രവും ഉൾപ്പെടും. ശബരിമല സന്നിധാനം ഉൾപ്പെടുന്ന റിലീജിയസ് ടൂറിസം സർക്യൂട്ടിനോടൊപ്പം ശിവഗിരിയും ഈ പട്ടികയിൽ പെടും. കോടികൾ ചെലവിടാൻ പോകുന്ന ടൂറിസം വികസന പദ്ധതികളിൽ എങ്ങനെ രാഷ്ട്രീയം കലർത്താമെന്ന കൗശലം ബി.ജെ.പിയെ ആരും പഠിപ്പിക്കേണ്ടതില്ല.

പത്തനംതിട്ട വാഗമൺ ഗവി  എക്കോ ടൂറിസം സർക്യൂട്ടും ആദിവാസി ഗ്രാമങ്ങളെ കോർത്തിണക്കിയുള്ള ട്രൈബൽ ടൂറിസം സർക്യൂട്ടും കൂടി കേരളത്തിൽ നടപ്പാക്കാനുള്ള ത്വരിത നടപടികൾ കേന്ദ്രസർക്കാരിൽ നിന്നുണ്ടാകും. മലയാറ്റൂർ കുരിശുമല കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതി ഇതിനകം കേന്ദ്രം തള്ളിക്കളഞ്ഞിട്ടുണ്ട്. കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദ് കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയും ഇനിയും അനങ്ങിയിട്ടില്ല. ഇന്ത്യാ സഖ്യത്തിൽ ഉൾപ്പെട്ട കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ അധികാരം ലക്ഷ്യമാക്കിയുള്ള 'പ്രാദേശിക യുദ്ധങ്ങൾ' അരങ്ങ് തകർക്കുമ്പോൾ, കലക്കവെള്ളത്തിൽ മീൻപിടിക്കുക എന്ന മിനിമം രാഷ്ട്രീയ പരിപാടിയിലേക്കുള്ള ബി.ജെ.പിയുടെ കരുനീക്കങ്ങൾക്ക് 'മതേതര സ്വഭാവം' ഉണ്ടായേ പറ്റൂ.

ഇന്ത്യയിലെ 14 ശതമാനം വരുന്ന ഒരു സമുദായത്തിന്റെ പ്രാതിനിധ്യമില്ലാത്ത കേന്ദ്രമന്ത്രിസഭയുടെ പ്രവർത്തനങ്ങൾ ഏതെങ്കിലും ഒരു ജനവിഭാഗത്തിന് ഹാനികരമാകാതിരിക്കാനുള്ള പ്രതിരോധമതിൽ ഉയർത്താൻ സുരേഷ് ഗോപിയും, ജോർജ് കുര്യനും കഴിയണം. സത്യപ്രതിജ്ഞയിലെ വാചകങ്ങൾ ദേശീയതലത്തിൽ പ്രാവർത്തികമാക്കി ഒരു സമുദായവും മതവും 'അദൃശ്യവത്കരിക്കപ്പെടാനുള്ള' കരുതലും കാവലും മലയാളികളായ നമ്മുടെ സുരേഷ് ഗോപിക്കും ജോർജ് കുര്യനുമല്ലേ ഉണ്ടാകേണ്ടത്? ദുർബലരെന്ന് കരുതെന്നവരെയും ചിലപ്പോൾ ജനം മഹത്തായ ദൗത്യങ്ങൾ ഏൽപ്പിച്ചുവെന്നുവരും. അതല്ലേ നാം വായിച്ചിട്ടുള്ള ചരിത്രസാക്ഷ്യമേറെയും?

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam