മന്ത്രി സാറേ, ഖജനാവിൽ പൂച്ചയല്ല പെറ്റുകിടക്കുന്നത് ചീറ്റിപ്പേടിപ്പിക്കുന്ന പുലിയാണേ....

FEBRUARY 22, 2024, 11:56 AM

''ട്രഷറിയിൽ പൂച്ച പെറ്റു കിടക്കുകയൊന്നുമല്ല. അത്യാവശ്യ കാര്യങ്ങൾക്കുള്ള പണം സർക്കാരിന്റെ കൈവശമുണ്ട്'' ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിമയസഭയിൽ പറഞ്ഞ വാക്കുകളാണിത്. പ്രതിപക്ഷ നേതാവ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാണെന്നു പറഞ്ഞതിനെ ഖണ്ഡിച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ ഈ പ്രതികരണം. ഇപ്പോൾ, ഖജനാവിൽ  പൂച്ചയല്ല പുലിയാണ് പെറ്റുകിടക്കുന്നതെന്ന സംശയം പൊതുജനങ്ങൾക്കുണ്ട്.

സംസ്ഥാനത്തിന്റെ 55 മുതൽ 65 വരെ ശതമാനം നികുതി വരുമാനവും എറണാകുളം ജില്ലയിൽ നിന്നാണ്. ആ ജില്ലയുടെ ആസ്ഥാന കാര്യാലയമാണ് കാക്കനാട്ടുള്ള കളക്ടറേറ്റ്. അവിടെ ഇന്നലെ (ചൊവ്വാഴ്ച) കെ.എസ്.ഇ.ബി. ഫ്യൂസ് ഊരി. 57 ലക്ഷമാണ് കറന്റ് ചാർജ് കുടിശ്ശിക. കുടിശ്ശികയടയ്ക്കാൻ ജില്ലാ കളക്ടർ ഉമേഷ് പഠിച്ച പണിയെല്ലാം നോക്കിയിട്ടും കഴിഞ്ഞില്ല. ഇന്ന് (ബുധൻ) കറന്റ് കിട്ടിയേക്കുമെന്നാണ് വാർത്തകൾ. കളക്ടറേറ്റ് ഉദ്ഘാടനം ചെയ്തപ്പോഴുള്ള വയറിംഗിന്റെ പിഴവായിരിക്കാം, ജില്ലയിലെ ജി.എസ്.ടി. വിവരങ്ങൾ സൂക്ഷിച്ചിരുന്ന ഓഫീസിന് തീപിടിച്ചു. ഫയലുകളെല്ലാം കത്തി നശിച്ചു കഴിഞ്ഞു. ജി.എസ്.ടി. കുടിശ്ശിക പിരിക്കുന്നതിലെ വീഴ്ച മറയ്ക്കാനായിരുന്നുവോ ഈ അഗ്‌നിബാധ? അല്ലെങ്കിൽ കേരളീയത്തിന് ഏറ്റവും കൂടുതൽ പണം പിരിച്ച് പിണറായിയെ പ്രസാദിപ്പിച്ച സംസ്ഥാന ജി.എസ്.ടി. ഉദ്യോഗസ്ഥൻ സർക്കാരിനു സ്‌പോൺസർഷിപ്പായി 'സംഘടിപ്പിച്ച് നൽകിയ' തുകയുടെ കണക്ക് കത്തിക്കാനായിരുന്നുവോ ഈ അഗ്‌നി പരീക്ഷണം? സംശയിക്കാൻ ന്യായമേറെയുണ്ടെങ്കിലും അതെല്ലാം ജനം തീരുമാനിക്കട്ടെയെന്ന് പറയുന്നതാകും നല്ലത്.

കേരള സിലബസോ, ആർക്കു വേണം?

vachakam
vachakam
vachakam

വിദേശ സർവകലാശാല ആരംഭിക്കുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നേ ധനമന്ത്രി ബജറ്റിൽ പറഞ്ഞിട്ടുള്ളു. എങ്കിലും അതിനുമുമ്പേ വിദ്യാർത്ഥികൾ കേരളത്തെ എഴുതിത്തള്ളിക്കഴിഞ്ഞു. കേരളാ സിലബസ് ഇപ്പോൾ കുട്ടികൾക്ക് വേണ്ട. കേരള സിലബസിൽ കഴിഞ്ഞ 3 വർഷത്തിനിടെ കുറഞ്ഞത് 1.21 ലക്ഷം കുട്ടികളാണെന്ന് വാർത്തകൾ വന്നിരുന്നു. ഈ അധ്യയനവർഷം മാത്രം മുൻ വർഷത്തെക്കാൾ 85,748 കുട്ടികൾ കുറഞ്ഞുവെന്ന് നിയമസഭാ രേഖകളിലുമുണ്ട്. പൊതു വിദ്യാലയങ്ങളിൽ കേരള സിലബസ് പഠിച്ചിരുന്ന 94, 639 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിൽ 49,460 വിദ്യാർത്ഥികളുമാണ് കേരളാ സിലബസ് ഉപേക്ഷിച്ചത്. കോവിഡിനുശേഷം പൊതുഎയ്ഡഡ് സ്‌കൂളുകളിൽ വിദ്യാർത്ഥികൾ വർദ്ധിക്കുന്ന പ്രവണതയുണ്ടായിരുന്നു. ഇപ്പോൾ അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയാണ്.
പരീക്ഷകൾ നടത്താൻ പോലും വിദ്യാഭ്യാസ വകുപ്പിന്റെ കൈവശം പണമില്ലെന്ന് സ്‌കൂളുകളെ ഡിപ്പാർട്ടുമെന്റ് അറിയിച്ചു കഴിഞ്ഞു. 9,10 ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ച സ്‌പെഷ്യൽ ഫീസ് സ്‌കൂൾ അധികൃതർ എസ്.ബി.ഐ.യിൽ അടച്ചിട്ടുണ്ട്. ആ തുകയെടുത്ത് പരീക്ഷ നടത്തിക്കൊള്ളൂ എന്ന ഉത്തരവ് പത്രങ്ങളിൽ വന്നത് ബുധനാഴ്ചയാണ്. മാർച്ച് 1നും 4 നും പരീക്ഷകൾ തുടങ്ങേണ്ടതുണ്ട്. സർക്കാരിൽ നിന്ന് കിട്ടുമ്പോൾ തിരികെ തരാമെന്നാണ് ഡയറക്ടറുടെ സർക്കുലറിനുള്ളത്. 2019 മുതൽ പരീക്ഷാ പേപ്പർ നോക്കിയതിന്റെ പണം അധ്യാപകർക്ക് ഇനിയും നൽകിയിട്ടില്ല. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ വാങ്ങിയതിന്റെ കുടിശ്ശികയും സ്‌കൂളുകൾക്ക് ലഭിക്കാനുണ്ട്. അക്ഷരം പോലുമറിയാത്ത കുട്ടികൾക്ക് 'എ പ്ലസ്' ദാനം ചെയ്യാൻ എന്തിനാണോ ഇങ്ങനെ പരീക്ഷകൾ നടത്തുന്നത്? ഈ ചോദ്യത്തിനുള്ള മറുപടി മന്ത്രി ശിവൻകുട്ടിയിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.


അന്യസംസ്ഥാന കാട്ടു മൃഗങ്ങൾ വരുന്നേ...

vachakam
vachakam
vachakam

ഏതുവഴി പോയാലും പുൽപ്പള്ളിക്കാർ 'ഫോറസ്റ്റ് കാട് ' കടക്കാതെ പറ്റില്ല. അതാണ് ആ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രം. കാട്ടാന, കടുവ, കാട്ടുപോത്ത് എന്നു തുടങ്ങിയ സകല കാട്ടുമൃഗങ്ങളും കാടിറങ്ങി വരുന്നത് കണ്ട് അന്തം വിട്ട് നിൽക്കുകയാണ് നാട്ടുകാർ. കേരളത്തിലുള്ള കാട്ടുമൃഗങ്ങളെ പേടിച്ച് കഴിഞ്ഞിരുന്ന വയനാട്ടുകാർ ഇപ്പോൾ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വന്യ മൃഗങ്ങളെ കൊണ്ടും പൊറുതി മുട്ടിക്കഴിഞ്ഞു. കോഴിക്കോട്ടുവരെ വന്ന മുഖ്യമന്ത്രി വയനാട്ടിലേക്കുള്ള ചുരം കയറാതെ കണ്ണൂർക്ക് പോയി. കണ്ണുരിൽ എസ്.എഫ്.ഐ.ക്കാരെ 'പുല്ലു പോലെ' നേരിട്ട ഗവർണറാകട്ടെ വയനാട് സന്ദർശിക്കുകയും ചെയ്തു. ഗവർണറെ കൊണ്ട് സംസ്ഥാന ക്രമസമാധാന നില തകരാറിലല്ലെന്നു പറയാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതിനും ഫോറസ്റ്റുകാരുടെ വാഹനം ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട് പിണറായി പൊലീസ്. കണ്ടാൽ അറിയുന്നവരുടെ പേരിൽ കേസെടുത്ത പൊലീസ് വരും നാളുകളിൽ 'കൊണ്ടുതന്നെ' അറിയുന്ന അവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരും. അത്രത്തോളം കലിയിലാണ് പൊതുജനം. പകലെന്നോ, രാത്രിയെന്നോ ഇല്ലാതെ കാടിറങ്ങിവരുന്ന വന്യമൃഗങ്ങളെ 'ഡ്യൂട്ടി സമയം' നോക്കി മാത്രം ജോലി ചെയ്തു കാടു കയറ്റാൻ, കാട്ടിൽ നിന്നിറങ്ങിവരുന്നത് എസ്.എഫ്.ഐ. വിദ്യാർത്ഥികളൊന്നമല്ലെന്ന കാര്യം ഉദ്യോഗസ്ഥർ മറന്നോ?

കേസെടുത്ത് കലത്തിലിട്ടാൽ, വേവില്ല

സുപ്രീംകോടതിയിൽ കേസ് നടത്തി കേന്ദ്രം തരാനുള്ളത് കൈക്കലാക്കി അടുപ്പ് പുകയ്ക്കാൻ നോക്കുന്ന ധനമന്ത്രി ദിവസേന കേന്ദ്രത്തിനെതിരെ പ്രസ്താവനകൾ നടത്തുന്നുണ്ട്. ക്ഷേമപെൻഷൻ കുടിശ്ശിക മാത്രം കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 4600 കോടി രൂപയിൽ എത്തിക്കഴിഞ്ഞു. കരാറുകാരും സർക്കാർ ജീവനക്കാരുമെല്ലാം കുടിശ്ശികക്കാരുടെ ക്യൂവിലുണ്ട്. ധനമന്ത്രി നിയമസഭയിൽ പ്രകടിപ്പിച്ച ഈ ആത്മവിശ്വാസത്തിനു കൊടുക്കേണ്ടതല്ലേ 'ഭാരത് രത്‌ന'. മൂട്ടിൽ തുണിയില്ലെങ്കിലും ഇരുപ്പ് സിംഹാസനത്തിൽ തന്നെയെന്നു പറയാം. ജനുവരി മുതൽ പത്രപ്രവർത്തകരുടെ പെൻഷനും കുടിശ്ശികയാണ്. അതുകൊണ്ടാണ് ഏതോ സർക്കരേതര സന്നദ്ധ സംഘടന പാവങ്ങളായ സ്ത്രീകൾക്ക് നൽകാനുള്ള ഇ സ്‌കൂട്ടറുകൾക്ക് തലസ്ഥാനത്തെ പത്രപ്രവർത്തകരുടെ ഭാര്യമാരും അപേക്ഷിച്ചതായി മാത്യു സാമുവൽ എന്ന പഴയകാല മാധ്യമപ്രവർത്തകൻ പറഞ്ഞത്  യൂട്യൂബ് ചാനലിൽ കേൾക്കാൻ കഴിഞ്ഞത്. കരിമണൽ കർത്തായുടെ പട്ടിക പുറത്തു വരുമ്പോൾ ചില മാ.പ്ര.കൾ പണി നിർത്തി വീട്ടിലിരിക്കേണ്ടി വന്നേക്കും. മോൻസൺ മാവുങ്കലിനെ 'പതപ്പിച്ച് പരുവത്തിലാക്കി' ലക്ഷങ്ങൾ പിടുങ്ങിയ മാ.പ്ര.കളും ചിലപ്പോൾ പുതിയ പട്ടികയിൽ ഉൾപ്പെട്ടേക്കാം. മനോരമയും ഏഷ്യാനെറ്റും കഷ്ടിച്ച് മാതൃഭൂമി പത്രവും പ്രതിമാസ വേതനം ഇപ്പോൾ കൃത്യമായി മാസാമാസം നൽകുന്നുണ്ട്. ശേഷിച്ച മാ.പ്ര.കൾ 'ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ' എന്ന മാത്തമാറ്റിക്‌സിൽ ആശ്രയിച്ച് മുന്നോട്ടു പോവുകയാണ്. മാധ്യമലോകം നേരിടുന്ന 'വേതന പ്രതിസന്ധി' ആ മേഖലയിലുള്ളവരെ കൂടുതൽ കൈക്കൂലിക്കാരാക്കിയാൽ അവരെ എങ്ങനെ കുറ്റം പറയാൻ കഴിയും?

vachakam
vachakam
vachakam

വികസന രഥമുരുളുന്ന ചരൽപ്പാത...

കൊച്ചി നഗരം വികസനക്കുതിപ്പിലാണെന്ന് ഈയിടെ ഒരു മനോരമ ഫീച്ചറിൽ കണ്ടു. വരാൻ പോകുന്ന വികസന പദ്ധതികൾ പത്രം എണ്ണിപ്പറയുകയുണ്ടായി. ദേശീയ പാത 66ന്റെ വികസനം, പുറം കടൽ തുറമുഖം, കാക്കനാട്ട് വരാൻ പോകുന്ന 92 ലക്ഷം ചതുരശ്രടി കെട്ടിടങ്ങൾ, വാട്ടർ മെട്രോ,  ബി.പി.സി.എൽ. വികസനം വിമാനത്താവളം പോലെയുള്ള റെയിൽവേ സ്റ്റേഷൻ, മറൈൻ ഡ്രൈവിലെ ഹൗസിംഗ് ബോർഡ് പദ്ധതി തുടങ്ങി എന്തെല്ലാം വികസന പദ്ധതികളാണെന്നോ നഗരത്തിൽ നടപ്പാക്കാൻ പോകുന്നത്? എന്നാൽ ഈ പദ്ധതികൾക്കായുള്ള കുടിവെള്ളം എവിടെ നിന്ന് എന്ന് അധികൃതരോട് ചോദിച്ചു നോക്കൂ. ഒന്നും മിണ്ടില്ല. കേന്ദ്രവുമായി സഹകരിച്ച് നടപ്പക്കേണ്ട ജൽ ജീവൻ പദ്ധതി ഇനിയും ലക്ഷ്യം കൈവരിച്ചിട്ടില്ല. ഇതിനിടെ കൊച്ചി നഗരത്തിനായി 700 കോടി രൂപയുടെ ഒരു ജലവിതരണ പദ്ധതി വിഭാവന ചെയ്തിരുന്നു. പിന്നീട് ഇതേ എസ്റ്റിമേറ്റ് 800 കോടിയായി. 2017ൽ തയ്യാറാക്കിയതാണ് ഈ പദ്ധതി. 2024ൽ ഈ പദ്ധതി നടപ്പാക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ 'അമൃത്' പദ്ധതിയിൽപെടുത്തിയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും കുറെ പണികൾ നടന്നുകഴിഞ്ഞിട്ടുണ്ട്. അതെക്കുറിച്ച് കരാറുകാരും ജല അതോറിറ്റിയും മൗനം പാലിക്കുകയാണ്.

പ്രേമലു വൻഹിറ്റ്, ഭ്രമയുഗവും ഹിറ്റ്...

കഴിഞ്ഞ ഞായറാഴ്ചത്തെ കളക്ഷൻ അനുസരിച്ച് മമ്മൂട്ടിയുടെ ഭ്രമയുഗത്തെക്കാൾ 15-20 ലക്ഷം രൂപ കൂടുതൽ 'പ്രേമലു' നേടിക്കഴിഞ്ഞു. 'ആവർത്തന പ്രേക്ഷകർ' രംഗത്തിറങ്ങിയതാണ് രണ്ട് ചിത്രങ്ങളുടെയും തലവര മാറ്റിയത്. നസ്‌ലൻ കെ. ഗഫൂറും മമിതാ ബൈജുവുമാണ് പ്രേമലുവിലെ നായികാ നായകന്മാർ. ഏ.ഡി. ഗിരീഷാണ് റൈറ്റർ ഡയറക്ടർ. 3 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവ്. ഇപ്പോൾ തന്നെ 'പ്രേമലു'വിന്റെ കളക്ഷൻ 30 കോടി കവിഞ്ഞു. ഭ്രമയുഗത്തിന്റെ കളക്ഷൻ തൊട്ടുപിന്നാലെയുണ്ട്. എന്തായാലും മലയാള സിനിമയുടെ നല്ലകാലം. സായിപ്പന്മാർ പോലും ഞെട്ടിത്തെറിക്കാനിടയുള്ള 'ഭ്രമയുഗം' ഏതായാലും അതിർത്തികൾ കടന്നുപോകുന്ന മലയാള സിനിമയായി മാറും.

ആന്റണി  ചടയമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam