മാന്യതയ്ക്കും മാനവികതയ്ക്കും വേണ്ടി ഉറച്ചുനില്‍ക്കേണ്ട സമയം; പ്രചാരണ വേദിയില്‍ വീണ്ടും മിഷേല്‍ ശബ്ദം

AUGUST 21, 2024, 2:27 PM

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. ട്രംപ് ലക്ഷ്യം വെയ്ക്കുന്ന ജോലി 'ബ്ലാക്ക് ജോബ്' ആയേക്കുമെന്ന് അദ്ദേഹത്തോട് ആരാണ് ഒന്ന് പറഞ്ഞ് മനസിലാക്കുകയെന്ന് മിഷേല്‍ ചോദിച്ചു. കുടിയേറ്റക്കാര്‍ 'ബ്ലാക്ക് ജോബ്' ചെയ്യുന്നവരാണെന്ന് നേരത്തേ ട്രംപ് വിമര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മിഷേലിന്റെ വിമര്‍ശനം. ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യവെയാണ് അവര്‍ ഇത്തരമൊരു പ്രസ്താവന പറഞ്ഞത്.

മിഷേല്‍ ഇതിന് മുമ്പും ട്രംപിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ആ സംഭവം 2020 ലെ തിരഞ്ഞെടുപ്പ് സമയത്താണ്. അന്ന് ബൈഡനുവേണ്ടി പ്രചരണരംഗത്തുണ്ടായിരുന്നു മിഷേല്‍. ട്രംപ് വംശീയവാദിയാണെന്നും, പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും മിഷേല്‍ തുറന്നടിച്ചു. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ അറിവോടെയും ശ്രദ്ധയോടെയും തീരുമാനമെടുക്കാന്‍ അമേരിക്കക്കാരോട് അന്ന് അവര്‍ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്ത് സ്ഥിരത വീണ്ടെടുക്കുക. ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നോമിനി ജോ ബൈഡന് വേണ്ടി വാദിച്ചുകൊണ്ട് , രാജ്യം അരാജകത്വത്തിലാണെന്നും എന്താണ് അപകടത്തിലായതെന്ന് വോട്ടര്‍മാര്‍ അറിയണമെന്നും 24 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ അവര്‍ വികാരാധീനമായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ട്രംപ് പിന്നെ പരാജയപ്പെട്ടതാണ് രാജ്യം കണ്ടത്.

'ക്ലോസിംഗ് ആര്‍ഗ്യുമെന്റ്' എന്ന് പേരിട്ടിരുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ബൈഡന്‍ കാമ്പെയ്നിലും പ്രദര്‍ശിപ്പിച്ചിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. വോട്ടുകള്‍ ഇപ്പോഴേ രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്  നിങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കുക. കാരണം അനുയോജ്യമല്ലാത്ത ഒരു പ്രസിഡന്റ് കാരണം നമ്മുടെ രാജ്യം അരാജകത്വത്തിലാണെന്ന് അവര്‍ വീഡിയോയില്‍ വ്യക്തമാക്കുകയുണ്ടായി. അന്ന് ട്രംപ് പ്രസിഡന്റ് ആയിരുന്നു.

ഇന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും യോഗ്യതയുള്ള സ്ഥാനാര്‍ത്ഥി കമല ഹാരിസ് ആണെന്ന് അവര്‍ പറഞ്ഞു. പ്രസംഗത്തില്‍ ട്രംപിന്റെ വംശീയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മിഷേല്‍ ആഞ്ഞടിച്ചത്. അധികാരത്തില്‍ ഇരുന്നപ്പോള്‍ വര്‍ഷങ്ങളോളം ജനങ്ങളെ ഭയപ്പെടുത്താന്‍ ട്രംപ് തന്റെ കഴിവിന്റെ പരമാവധി ചെയ്തു. ലോകത്തെക്കുറിച്ചുള്ള പരിമിതവും ഇടുങ്ങിയതുമായ വീക്ഷണം കാരണം കറുത്തവരായ, കഠിനാധ്വാനികളും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുമായ രണ്ട് പേരുടെ വിജയം ട്രംപിന് ഭീഷണിയായി അനുഭവപ്പെട്ടെന്നും മിഷേല്‍ വിമര്‍ശിച്ചു. ബരാക് ഒബാമ പ്രസിഡന്റ് ആയതിനെ നേരത്തേ ട്രംപ് പരിഹസിച്ചിരുന്നു. എന്തായിരുന്നു അദ്ദേഹത്തിന്റെ യോഗ്യത എന്നായിരുന്നു വിമര്‍ശനം.

അതേസമയം ഡൊമോക്രാറ്റുകള്‍ യഥാര്‍ത്ഥ അമേരിക്കക്കാര്‍ അല്ലെന്ന ട്രംപിന്റെ വിമര്‍ശനത്തിനും മിഷേല്‍ ചുട്ട മറുപടി നല്‍കി. യഥാര്‍ത്ഥ അമേരിക്കക്കാര്‍ എന്ന നിര്‍വചനം ആര്‍ക്കും സ്വന്തമല്ലെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ എല്ലാവരും ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളണമെന്ന് അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. 'നോക്കൂ നിങ്ങള്‍ ഡെമോക്രാറ്റുകളായാലും റിപ്പബ്ലിക്കനായാലും സ്വതന്ത്രനായാലും ഇതിലൊന്നും ഉള്‍പ്പെടുന്നില്ലെങ്കിലും പ്രശ്‌നമല്ല, ഹൃദയത്തിലെ ശരിക്കൊപ്പം നിലകൊള്ളേണ്ട സമയമാണിത്. നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, മാന്യതയ്ക്കും മാനവികതയ്ക്കും അന്തസിനും ജനാധിപത്യത്തിനും വേണ്ടി ഉറച്ച് നില്‍ക്കേണ്ട സമയമാണിത്'.- മിഷേല്‍ കൂട്ടിച്ചേര്‍ത്തു.

ഒപ്പം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനേയും മിഷേല്‍ പ്രശംസിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും യോഗ്യതയുള്ള മത്സരാര്‍ത്ഥിയാണ് കമലയെന്നായിരുന്നു മിഷേലിന്റെ പ്രതികരണം. കമല ഹാരിസിന് പിന്തുണയുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും കണ്‍വെന്‍ഷനില്‍ സംസാരിച്ചു. കമലയോട് പരാജയപ്പെടുമോയെന്ന ഭയമാണ് ട്രംപിനെന്ന് അദ്ദേഹം പറഞ്ഞു.

അതായത് കുഴപ്പങ്ങള്‍ മാത്രം നിറഞ്ഞ മറ്റൊരു നാല് വര്‍ഷം കൂടി യുഎസിന് ആവശ്യമില്ല. ഈ രാജ്യത്തെ 'നമ്മള്‍' എന്നും 'അവര്‍' എന്നും വേര്‍തിരിച്ചിരിച്ച് കാണണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതായത് പിന്തുണയ്ക്കുന്ന 'യഥാര്‍ത്ഥ' അമേരിക്കക്കാരും 'പുറത്തുള്ളവരും'എന്ന നിലയില്‍. രാഷ്ട്രീയത്തിലെ ഏറ്റവും പഴക്കമുള്ള തന്ത്രമാണിത്. ഈ ചിത്രം നമ്മള്‍ നേരത്തേ കണ്ടതാണ്. അതുകൊണ്ട് അരാജകത്വം നിറഞ്ഞൊരു നാല് കൊല്ലം കൂടി ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആ ചിത്രം  തന്നെ വളരെ മോശമായിരുന്നു, അപ്പോള്‍ അതിന്റെ തുടര്‍ച്ചയും മോശമായിരിക്കുമല്ലോ'. എന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam