ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ഭീതിപരത്തി മാര്‍ബര്‍ഗ് വൈറസ് പടരുകയാണ്. കഴിഞ്ഞ മാസം അവസാനമാണ് ഇവിടെ വൈറസ് വ്യാപനം സ്ഥിരീകരിച്ചത്. ഇതിനോടകം തന്നെ 11 പേര്‍ വൈറസ് ബാധിച്ച് മരിച്ചിരുന്നു. 46 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രോഗം ബാധിച്ചവരില്‍ 80 ശതമാനം പേരും ആരോഗ്യപ്രവര്‍ത്തകരാണ്. മാര്‍ബര്‍ഗ് വൈറസിനെതിരെയുള്ള വാക്‌സിന്‍ ട്രയലും ക്ലിനിക്കല്‍ ടെസ്റ്റുകളും രാജ്യം ഉടന്‍ ആരംഭിക്കുമെന്ന് റുവാണ്ടയുടെ ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
എന്താണ് മാര്‍ബര്‍ഗ് വൈറസ് ബാധ?
1967 ല്‍ ജര്‍മ്മനിയിലെ മാര്‍ബര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട് നഗരങ്ങളിലാണ് ആദ്യമായി ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉഗാണ്ടയില്‍ നിന്ന് കൊണ്ടുവന്ന ആഫ്രിക്കന്‍ കുരങ്ങുകളില്‍ നിന്നായിരുന്നു ഈ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നു പിടിച്ചത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക് അനുസരിച്ച് അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഘാന, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം എബോള വൈറസിന്റെ കുടുംബത്തില്‍പ്പെട്ട മറ്റൊരു വൈറസ് ആണ് മാര്‍ബര്‍ഗ്. എന്നാല്‍ മാര്‍ബര്‍ഗ് വൈറസ് എബോളയേക്കാള്‍ അപകടകാരി ആണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ വൈറസ് രക്തക്കുഴലുകളുടെ ഭിത്തികള്‍ക്ക് ക്ഷതം ഏല്‍പ്പിക്കുകയും ആന്തരിക രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്ന ഹെമറാജിക് ഫീവറിന് കാരണമാകുന്നു.
മാര്‍ബര്‍ഗ് വൈറസ് ബാധിക്കപ്പെട്ടവരുടെ മരണനിരക്ക് 88 ശതമാനമാണ്. ഒരാള്‍ക്ക് ഈ വൈറസ് ബാധയുണ്ടായാല്‍ രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. രോഗം ഗുരുതരമാകുന്നവരില്‍ രക്തസ്രാവമുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. വൈറസ് ഉള്ളില്‍ പ്രവേശിച്ച് അഞ്ച് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ആണ് ആളുകളില്‍ രക്തസ്രാവം ഉണ്ടാകുന്നത്.
രോഗലക്ഷണങ്ങള്‍ എന്തൊക്കെ?
പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, വിശപ്പില്ലായ്മ, രക്തസ്രാവം, വയറുവേദന എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗം തീവ്രമാകുന്നതിനനുസരിച്ച് പല രോഗികളിലും രക്തസ്രാവം കൂടും. മൂക്ക്, മോണ, സ്വകാര്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരെ രക്തസ്രാവം ഉണ്ടാകും. ഇത് പിന്നീട് രോഗിയുടെ സ്ഥിതി വഷളാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.
വൈറസ് പടരുന്നത് എങ്ങനെ?
ഈ വൈറസ് എങ്ങനെയാണ് പടര്‍ന്നു പിടിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. ഗുഹകളിലും മറ്റുമായി കണ്ടുവരുന്ന പഴം തീനി വവ്വാലുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചില ആളുകള്‍ക്ക് മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീര സ്രവങ്ങള്‍, നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയിലൂടെ ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാം. രോഗി ഉപയോഗിച്ച ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍ എന്നിവ പോലും വൈറസ് വ്യാപനത്തിന് കാരണമാകാം എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഈ വൈറസ് വായുവിലൂടെ പകരില്ല.
രോഗം എങ്ങനെ തടയാം
മാര്‍ബര്‍ഗ് വൈറസ് രോഗത്തിന് വാക്‌സിനുകളോ ചികിത്സകളോ ലഭ്യമല്ല. മാര്‍ബര്‍ഗ് വൈറസിന് വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. കൂടാതെ കനേഡിയന്‍ സര്‍ക്കാരുമായും യൂറോപ്യന്‍ യൂണിയന്റെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രിപ്പേഡ്നെസ് ആന്‍ഡ് റെസ്പോണ്‍സ് അതോറിറ്റിയുമായും (HERA) സഹകരിച്ച് വാക്സിന്‍ ട്രയലുകള്‍ക്കായി ഫണ്ട് അനുവദിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
സാബിന്‍ വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണടിസ്ഥാനത്തില്‍ നിര്‍മിച്ച മാര്‍ബര്‍ഗ് വാക്‌സിന്റെ 700 ഡോസുകള്‍ ഇതിനോടകം റുവാണ്ടയ്ക്ക് നല്‍കിയിട്ടുമുണ്ട്. കൂടാതെ വ്യക്തി ശുചിത്വം പാലിക്കുകയും രോഗികളുമായി സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്താല്‍ ഈ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1