വിദേശികള്‍ക്ക് മദ്യം എന്നത് അകറ്റി നിര്‍ത്തപ്പെടേണ്ട ഒന്നല്ല. അത് കുടിക്കുന്നതില്‍ മാത്രമല്ല മദ്യ ഉല്പാദന സംരംഭത്തിലും അവര്‍ക്ക് മോശമായി ഒന്നും തന്നെ കാണാന്‍ കഴിയില്ല. ഈ കാഴ്ചപ്പാടിലെ വ്യത്യാസമാണ് എറണാകുളം ചമ്പക്കര സ്വദേശിനി സ്റ്റെഫി ജോയി പുതുശേരിയ്ക്ക് കാനഡയില്‍ നിന്ന് ഒരു മദ്യം ഉത്പാദിപ്പിക്കാനുള്ള ധൈര്യം നല്‍കിയത്.
2018 ല്‍ പഠനത്തിനായാണ് സ്റ്റെഫി കാനഡയില്‍ എത്തിയത്. 2019 ല്‍ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയപ്പോള്‍ കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാറിയോയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിച്ചു. ഐടി രംഗത്തുള്ള ഭര്‍ത്താവ് തൃപ്പൂണിത്തുറ സ്വദേശി ലൈജു വര്‍ഗീസും മക്കളും എത്തിയതോടെ തന്റെ ബിസിനസ് തുടങ്ങാം എന്ന് സ്റ്റെഫി തീരുമാനിക്കുകയായിരുന്നു. സ്റ്റെഫിയുടെ പിതാവ് ഏതാണ്ട് 40 വര്‍ഷത്തോളം ബിസിനസുകാരനായിരുന്നു. അതുകൊണ്ട് എങ്ങനെ ഒരു സംരംഭം വിജയിപ്പിച്ചെടുക്കാമെന്നത് വീട്ടില്‍ നിന്നുതന്നെ സ്റ്റെഫി മനസിലാക്കിയിരുന്നു. അങ്ങനെ ഇരുവരും ചേര്‍ന്ന് ഒരു ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. അത് മറ്റൊന്നുമല്ല, വോഡ്ക ബിസിനസ്. മദ്യത്തിന്റെ ബിസിനസ് ചില കുടുംബങ്ങള്‍ക്ക് ഒരു ഷോക്ക് ആകാം. ഇവിടെ സ്റ്റെഫിക്ക് ഏറ്റവും അധികം പിന്തുണ കുടുംബത്തില്‍ നിന്ന് തന്നെയാണ് ലഭിച്ചത്.
കാനഡയില്‍ കാപ്പി കുടിക്കുന്നത് പോലെ ഭക്ഷണത്തിന്റെ ഭാഗമാണ് മദ്യം. അച്ചടക്കത്തോടെയുള്ള മദ്യപാനം ഇവിടെത്തെ ജീവിത ശൈലിയില്‍ പെടുന്നു. എന്തുകൊണ്ട് അത്തരം ബിസിനസ് തുടങ്ങിയാലോ എന്നു ചിന്തിച്ചു. അങ്ങനെയാണ് സ്വപ്നപദ്ധതിയായ വോഡ്കയിലേക്ക് എത്തുന്നതെന്ന് സ്റ്റെഫി ഒരു മാധ്യമത്തോട് പങ്കുവച്ചിരുന്നു. 2021 മുതല്‍ വോഡ്ക നിര്‍മാണം തുടങ്ങാനുള്ള പദ്ധതികള്‍ തുടങ്ങി.
ഇത്തരം ബിസിനസുകള്‍ക്ക് നാട്ടില്‍ ലൈസന്‍സ് മുതല്‍ വന്‍ നിക്ഷേപം വേണം. എന്നാലും എളുപ്പത്തില്‍ നടക്കണമെന്നുമില്ല. ഇവിടെ എല്ലാം നിയമപരമായി മുന്നോട്ടു പോയാല്‍ മതി. നാട്ടിലെ പോലെ അത്ര മുതല്‍ മുടക്കും വേണ്ട. നിക്ഷേപത്തില്‍ അനിശ്ചതത്വം ഉണ്ടാവുകയുമില്ലെന്ന് സ്റ്റെഫി പറയുന്നു.
പിന്നെ ഇതിന് ചില നിയമവശങ്ങള്‍ ഒക്കെ ഉണ്ട്. അതിന് ആദ്യം രജിസ്റ്റര്‍ ചെയ്ത് കമ്പനി തുടങ്ങിയ ശേഷം സര്‍ക്കാരിന്റെ ലൈസന്‍സ് എടുക്കണം. മദ്യവുമായി ബന്ധപ്പെട്ട ഏതു ബിസിനസിനും മറ്റൊരു പ്രധാന കടമ്പ ഉണ്ട്. ഇത് നമ്മുടെ നാട്ടില്‍ നിന്നുള്ള വലിയ ഒരു വ്യത്യാസം ആണ്. മദ്യം വില്‍ക്കാന്‍ ബില്‍ അടിക്കുന്നവര്‍ മുതല്‍ മദ്യം വിളമ്പുന്നവരും മദ്യം ഉല്പാദിപ്പിക്കുന്നവരും ഒക്കെ അതേക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. അതിനാണ് സര്‍ക്കാര്‍ സ്മാര്‍ട്ട് സെര്‍വ് എന്നൊരു സര്‍ട്ടിഫിക്കറ്റ് വെച്ചിരിക്കുന്നത്. ഉത്തരവാദിത്തത്തോടെ മദ്യം ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമങ്ങളാണ് ഇതില്‍ ഉള്ളത്. ഒരു ബിയര്‍ ആണെങ്കില്‍ പോലും ആര്‍ക്ക് ഒക്കെ കൊടുക്കാം. ആര്‍ക്ക് കുടിക്കാം. എത്ര കുടിക്കാം. അതിനു ശേഷം ഡ്രൈവ് ചെയ്യുമോ ഇതെല്ലം ഈ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരും അറിഞ്ഞിരിക്കണം.
ആല്‍ക്കഹോള്‍ ആന്‍ഡ് ഗേമിങ് കമ്മിഷന്‍ ഓഫ് ഒന്റാറിയോ (AGCO) ആണ് സ്മാര്‍ട്ട് സെര്‍വ് സെര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അത് നേടിയ ശേഷം മദ്യ ഉല്പാദനത്തിന് LCBO അനുമതി നേടണം. നമ്മുടെ ബെവ്കോ പോലെ ഒന്റാറിയോയില്‍ മദ്യ വിതരണത്തിന് അധികാരമുള്ള കോര്‍പറേഷനാണ് ലിക്വര്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഒന്റാറിയോ (The Liquor Control Board of Ontario- LCBO). ധനകാര്യ മന്ത്രാലയം വഴി അസംബ്ലിയുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ലൈസന്‍സും മറ്റു നിയമപരമായ കാര്യങ്ങളും നേടാന്‍ സ്റ്റെഫിക്ക് ഏതാണ്ട് രണ്ടു വര്‍ഷം വേണ്ടി വന്നു. ടോറന്റോയിയിലുള്ള ഒരു ഡിസ്റ്റിലറി പാട്ടത്തിനെടുത്താണ് സംരംഭം നടത്തുന്നത്. ഏതാണ്ട് 5000 ചതുരശ്ര അടി വരും വിസ്തീര്‍ണം. തദ്ദേശീയരായ 12 പേരാണ് ഇപ്പോള്‍ ജോലിക്കാരായി ഉള്ളത്. എന്നാല്‍ ഇതിന്റെ പിന്നിലെ മിക്കവാറും എല്ലാം കേരളത്തിന്റെ സ്പര്‍ശം ഉണ്ട്. ഇന്ത്യയില്‍ ഉള്ള ഈ രംഗത്തെ വിദഗ്ധര്‍ നല്‍കിയ റെസിപിയിലാണ് നിര്‍മാണം. മാത്രമല്ല കേരളത്തില്‍ കൃഷി ചെയ്യുന്ന ജാതിക്കയില്‍ നിന്നാണ് ചേരുവ.
മറ്റു പല രുചികളും ആലോചിച്ചു. എന്നാല്‍ ആദ്യം ജാതിക്കയുടെ രുചി വേണമെന്നതും തങ്ങളുടെ താല്‍പര്യമായിരുന്നു. സുഗന്ധ വ്യഞ്ജനങ്ങളുടെ നാടായ കേരളത്തില്‍ ഒരു മരുന്ന് എന്ന നിലയിലാണല്ലോ ജാതിക്കയെ കാണുന്നത്. അതിനാല്‍ ജാതിക്കയുടെ രുചി വോഡ്ക്കയ്ക്ക് കൂടുതല്‍ ഗുണം നല്‍കുമെന്ന വിശ്വാസമാണ് ജാതിക്ക ഫ്‌ളേവറില്‍ എത്തിയതെന്ന് ഭര്‍ത്താവ് ലൈജു പറയുന്നു. കേരളത്തില്‍ നിന്നുള്ള ലോകത്തെ ഒന്നാം നമ്പര്‍ കമ്പനിയാണ് ജാതിപത്രിയില്‍ നിന്ന് ഇതിന്റെ ജാതിക്കാരുചിക്ക് പിന്നില്‍. ഒപ്പം കാനഡയിലെ പ്രീമിയം ഗ്രൈന്‍ സ്പിരിറ്റും.
പിന്നെ ബുദ്ധിമുട്ട് വോഡ്കയ്ക്ക് ഒരു പേര് ഇടുന്നതായിരുന്നു. ലോകത്തിന്റെ പല ഭാഗത്തും പൂവന്‍കോഴി വിജയത്തിന്റെ പ്രതീകം കൂടിയാണ്. പല പേരുകള്‍ ആലോചിച്ചുവെങ്കിലും ഒടുവില്‍ റൂസ്റ്ററില്‍ വന്നു. പൂവനെ കുപ്പിയില്‍ ഡിസൈന്‍ ചെയ്തതും മലയാളികള്‍ തന്നെയാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. അങ്ങനെ റൂസ്റ്റര്‍ വോഡ്ക കുപ്പിയിലായി. ഇക്കഴിഞ്ഞ ജനുവരി രണ്ടിന് റൂസ്റ്റര്‍ വോഡ്ക വിപണിയിലെത്തി. മലയാളികള്‍ ഹ്യൂമേട്ടന്‍ എന്ന് വിളിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിലെ ഫുട്‌ബോള്‍ താരം ഇയാന്‍ ഹ്യൂമാണ് ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചത്.
നിലവില്‍ ഓണ്‍ലൈന്‍ ഡിസ്റ്റിലറി സ്റ്റോര്‍ വഴിയുമാണ് വില്‍പന. കാനഡയും അമേരിക്കയുമാണ് ഇപ്പോള്‍ വോഡ്കയുടെ വിപണി. ഒരാഴ്ച കൊണ്ട് 1000 ലിറ്ററിന്റെ ഒരു ബാച്ച് പുറത്തിറങ്ങും. 40% ആല്‍ക്കഹോള്‍ കണ്ടന്റുണ്ട്. 750 മില്ലിയുടെ കുപ്പികളില്‍ എത്തുന്നു. കാനഡയിലെ LCBO സ്റ്റോറില്‍ മൂന്ന് മാസത്തിനുള്ളില്‍ ലഭ്യമാകും.
കേരളത്തിലും കിട്ടി തുടങ്ങും
ആറ് മാസത്തിനുള്ളില്‍ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലും എത്തും. ഇതിനായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കോഴിക്കോട്, കണ്ണൂര്‍ തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയും താമസിയാതെ എത്തും. ഇതോടൊപ്പം ഗള്‍ഫ് മേഖലയിലെ ചര്‍ച്ചകളും നടക്കുന്നു. അതിന് ശേഷം മറ്റു രുചികളില്‍ ഉള്ള വോഡ്കയും എത്തുമെന്ന് ഇവര്‍ പറയുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1