ആരാകണം കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രി എന്നു തീരുമാനിക്കാൻ ആ പാർട്ടിക്ക് 24 മണിക്കൂർ പോലും വേണ്ടിവന്നില്ല. മൂന്നേമൂന്നു പേരുകൾ മാധ്യമങ്ങളുടെ ഊഹാപോഹങ്ങളിൽ ഉണ്ടായിരുന്നുള്ളു. ഉമ്മൻ ചാണ്ടി, വക്കം പുരുഷോത്തമൻ, വയലാർ രവി. വക്കം പുരുഷോത്തമനോ, വയലാർ രവിയോ ആയാൽ പിന്നോക്ക സമുദായ പ്രാതിനിധ്യമാകുമെന്നു ചൂണ്ടികാണിക്കപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും കേരളത്തിന്റെയും ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രിപദം. ഏതാണ്ട് 30 വർഷത്തിൽ ഏറെയായി കോൺഗ്രസിൽ കൊടികുത്തിവാണ ഇരു ധ്രുവ ലോകത്തിന് അവധിയായി. കെ. കരുണാകരൻ എ.കെ. ആന്റണി എന്ന രണ്ട് ട്രാക്കിൽ തളച്ചിട്ടിരുന്ന കോൺഗ്രസിന് ഒരു പുതുവഴി തെളിഞ്ഞുകിട്ടലായിരുന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധികാര പ്രവേശം.
ആരാകണം കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രി എന്നു തീരുമാനിക്കാൻ ആ പാർട്ടിക്ക് 24 മണിക്കൂർ പോലും വേണ്ടിവന്നില്ല. മൂന്നേമൂന്നു പേരുകൾ മാധ്യമങ്ങളുടെ ഊഹാപോഹങ്ങളിൽ ഉണ്ടായിരുന്നുള്ളു. ഉമ്മൻ ചാണ്ടി, വക്കം പുരുഷോത്തമൻ, വയലാർ രവി. വക്കം പുരുഷോത്തമനോ, വയലാർ രവിയോ ആയാൽ പിന്നോക്ക സമുദായ പ്രാതിനിധ്യമാകുമെന്നു ചൂണ്ടികാണിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ രവിയുടെ മൂന്നാം ഗ്രൂപ്പ് ഉമ്മൻ ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. കരുണാകരൻ ഗ്രൂപ്പ് വക്കത്തിനെ പിന്തുണയ്ക്കാൻ തയ്യാറായെങ്കിലും ഹൈക്കമാന്റ് പ്രതിനിധികളെക്കണ്ട് ഭൂരിപക്ഷം എം.എൽ.എമാരും ഉമ്മൻ ചാണ്ടിയെ അനുകൂലിച്ചതോടെ വക്കവും നിഷ്‌ക്രമിച്ചു. ഗ്രൂപ്പ് സമവാക്യത്തിലുണ്ടായ മാറ്റമാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായത്.
ആന്റണിയേക്കാൾ വലിയ ആണി ഗ്രൂപ്പുകാരനായ ഉമ്മൻ ചാണ്ടിക്ക് ഭൂരിപക്ഷം എം.എൽ.എമാരുടേയും പിന്തുണ ഉണ്ടായിരുന്നു എന്നത് പകൽ പോലെ സത്യമായിരുന്നു. സ്വാതന്ത്ര്യാനന്തരം ജനകീയ സർക്കാർ അധികാരമേറിയ 1949 മുതൽ കേരളം രൂപം കൊള്ളുന്നത് വരെയുള്ള ഏഴ് വർഷക്കാലം നാലുപേർ കോൺഗ്രസിൽ നിന്ന് തിരുകൊച്ചിയുടെ പ്രധാനമന്ത്രിമാർ ആയിട്ടുണ്ട്. പറവൂർ ടി.കെ. നാരായണപിള്ള, സി. കേശവൻ, എ.ജെ. ജോൺ, പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ കേരളം രൂപീകൃതമായ 1956 നു ശേഷമുള്ള 48 വർഷത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രിമാർ ആയവർ മൂന്നു മാത്രം. ഇതിൽ രണ്ടു വർഷക്കാലം ആർ. ശങ്കർ ആയതൊഴിച്ചാൽ മറ്റെല്ലായിപ്പോഴും മുഖ്യമന്ത്രിമാരായിരിക്കാൻ യോഗം ഉണ്ടായ കോൺഗ്രസുകാർ രണ്ടേ രണ്ടു പേർ മാത്രം...!
കെ. കരുണാകരൻ അല്ലെങ്കിൽ എ.കെ. ആന്റണി. ഇതിൽ കരുണാകരൻ നാലു പ്രാവശ്യമായി ഒമ്പതുവർഷത്തിലേറെയും ആന്റണി മൂന്ന് തവണയായി അഞ്ചര വർഷവും മുഖ്യമന്ത്രിയായി ഇരുന്നു. ഈ രണ്ടുപേരുടെയും പ്രശസ്തമായ പരസ്പര ശത്രുത ഇവർക്കു തന്നെയാണ് ഏറ്റവും ഗുണകരമായതെന്ന് പി.സി. ചാക്കോയേയും കെ.പി. വിശ്വനാഥനെയും പോലെയുള്ള കോൺഗ്രസുകാർ അക്കാലത്തുതന്നെ തുറന്നു പറഞ്ഞു തുടങ്ങിയിരുന്നു.
ഉമ്മൻ ചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനം വഴി കോൺഗ്രസിൽ മൂന്നാമതൊരു അധികാര കേന്ദ്രത്തിന്റെ ആവിർഭാവമായി കഴിഞ്ഞു. ഇത്തവണ ആന്റണി സർക്കാർ വന്നശേഷം കുറച്ചുകാലമായി മുഖ്യമന്ത്രിയുടെ രീതികളിൽ അതൃപ്തരായ എ വിഭാഗക്കാരുടെ നേതാവായി ഉമ്മൻചാണ്ടി മറ്റൊരു ശക്തി കേന്ദ്രമായി. അത് ഉമ്മൻ ചാണ്ടിപോലും പോലും അറിയാതെ അദ്ദേഹം ഉയർന്നുവരികയായിരുന്നു.
കോൺഗ്രസിൽ ഇത് യഥാർത്ഥ ശക്തികേന്ദ്രം ആകണമെങ്കിൽ അധികാര കേന്ദ്രം കൂടിതന്നെയാകണം. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ പല മാറ്റങ്ങൾക്കും ഇത് വഴിമരുന്നിട്ട് തരും. എന്തായാലും ആന്റണി കരുണാകരൻ ബലാബലത്തിന്റെ 40 വർഷത്തെ നീണ്ട അധ്യായം സംസ്ഥാനത്തെ കോൺഗ്രസിൽ അവസാനിക്കുകയാണ് എന്നുതന്നെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
എങ്കിലും ഇക്കണ്ട കാലമത്രയും ആന്റണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഉമ്മൻചാണ്ടിയുടെ ആവിർഭാവം കോൺഗ്രസിനുള്ളിലെ ബലാബലത്തിൽ അല്ലാതെ സംസ്ഥാനത്ത് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. ഒരു പരിധി വരെ ഇത് ശരിയും ആകാം. ഉമ്മൻചാണ്ടി തന്നെ ആന്റണി സർക്കാരിന്റെ നയപരിപാടികളുടെ തുടർച്ച മാത്രമേ താൻ ഉദ്ദേശിക്കുന്നുള്ളൂ എന്ന് വ്യക്തമാക്കിക്കഴിഞ്ഞതുമാണ്. മാറ്റം വ്യക്തിപരമായ ശൈലിയിൽ മാത്രമായിരിക്കും എന്നാണ് മാറ്റം എന്ന വാക്കിനോട് തന്നെ അലർജി പ്രകടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ പക്ഷം. മാത്രമല്ല ആന്റണി സർക്കാരിന്റെ ഏറ്റവും വിവാദപരമായ നടപടികൾ സ്വാശ്രയ കോളേജ്, എക്‌സ്പ്രസ് ഹൈവേ കൂടുതൽ ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്ന് സൂചനയാണ് പുതിയ മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.
ഇവയിൽ ഒന്നും മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് മാത്രമല്ല, അവ ധൈര്യപൂർവ്വം നടപ്പാക്കുമെന്നു പറയുകയും ചെയ്തിരിക്കുന്നു. നിശ്ചയദാർഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും കുറവായിരുന്നു ആന്റണി സർക്കാരിന്റെ പ്രധാന ദൗർബല്യം എന്ന് വിശ്വസിക്കുകയും മുമ്പ് തന്നെ ചിലപ്പോഴെങ്കിലും അത് തുറന്നു പറഞ്ഞിട്ടുള്ള ആളുമാണ് ഉമ്മൻചാണ്ടി എന്ന് ഓർക്കണം. മാത്രമല്ല അധികാരമേറിയശേഷവും ഉമ്മൻചാണ്ടിയുടെ വാക്കുകളിലും ശരീരഭാഷയിലും ദൃശ്യമാകുന്ന പുതിയ ഉറപ്പ് പ്രതിഷേധങ്ങളെ അവഗണിച്ച് മുന്നോട്ടു പോവുകയാണ്, മുൻ സർക്കാരിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്ന സർക്കാർ എന്ന പ്രതിച്ഛായ കൈ വരുത്താനുള്ള മാർഗം എന്ന് വിശ്വാസത്തിന്റെ സൂചനയാണ് ആന്റണിയുടെ ഏറ്റവും ഉറ്റവർ പോലും അദ്ദേഹത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന ഒരാക്ഷേപം കർമ്മഭീരത്വം ആയിരുന്നുവല്ലോ. അതുകൊണ്ട് ആ കുറവ് നികത്തുകയാണ് തന്റെ മാർഗ്ഗമെന്ന് ഉമ്മൻചാണ്ടി കരുതുന്നതിൽ അത്ഭുതമില്ല.
പക്ഷേ ഇത് എത്രമാത്രം സാധ്യമാണെന്നതും എത്രത്തോളം ഇത് ഭൂരിപക്ഷം ജനതയുടെ പ്രീതി നേടാൻ സഹായകരമാകും എന്നുമാണ് ഇനി അറിയാനുള്ളത്. ഇപ്പോൾ തീരെ മോശമായി കിടക്കുന്ന സർക്കാരിന്റെ പ്രതിച്ഛായ മെച്ചമാക്കിയാൽ മാത്രമേ അടുത്ത വർഷവസാനം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മറ്റൊരു വൻ തകർച്ച ഒഴിവാക്കാൻ യു.ഡി.എഫിന് ആകുക എന്ന് വ്യക്തം.
അതിനുശേഷം ഒരു വർഷം കൂടി കഴിയും മുമ്പ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഭരണം വച്ചൊഴിയുന്ന അവസ്ഥ ഇല്ലാതാക്കുകയും വേണം. വാസ്തവത്തിൽ ഇനിയുള്ള 20 മാസക്കാലം ഏതൊരു വലിയ നടപടിക്കും തീരെ ഹൃസ്വമാണെന്ന് സംശയമില്ല. വലിയ മാറ്റങ്ങൾ വരുത്താൻ മനുഷ്യസാധ്യമായ കാലയളവല്ല ഇത്. അപ്പോൾ ചെയ്യാനുള്ളത് ചില സുപ്രധാന പദ്ധതികൾക്കോ പരിപാടികൾക്കോ ശക്തമായ തുടക്കം കുറിക്കുകയാണ്. അത് സാധിക്കാൻ ഒരുപക്ഷേ സർക്കാരിന്റെ ഉറച്ച ഇച്ഛാശക്തിയും കർമ്മ ശേഷിയും ആത്മാർത്ഥമായ കഠിനാധ്വാനവും കൊണ്ട് കഴിയും.
വാസ്തവത്തിൽ ഇതിനുള്ള ഏറ്റവും വലിയ സാധ്യത തുറക്കുന്നത് വല്ലാർപാടം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ പദ്ധതിയാണ്. ഈ പദ്ധതിയുടെ മറ്റൊരു വലിയ ആകർഷണം ഒരൊറ്റ പദ്ധതിയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയും ദീർഘനാളുകളായുള്ള മുരടിപ്പിൽ നിന്ന് വളർച്ചയുടെ അതിവേഗ പാതയിലേക്ക് സംസ്ഥാനത്തിന് കാൽ കുത്താൻ ആവുന്നതും ആണ്. ഉമ്മൻചാണ്ടി ഈ ഒരൊറ്റ പദ്ധതിക്ക് വേണ്ടി സർവ്വശ്രമങ്ങളും നടത്തുകയും തുടങ്ങി വയ്ക്കുകയും ചെയ്യാൻ മാത്രം ഈ 20 മാസക്കാലം ചെലവഴിച്ചാൽ തന്നെ ഭരണം മുന്നണിക്ക് ജനങ്ങളെ ധൈര്യപൂർവ്വം അടുത്ത തെരഞ്ഞെടുപ്പിൽ നേരിടാൻ ആവും. എൽ.എൻ.ജി ടെർമിനൽ, ഐ.ഐ.ടി, എ.ഐ.എം.എസ് മാതൃകയിലുള്ള ആശുപത്രി തുടങ്ങിയ പദ്ധതികൾക്കുള്ള ശ്രമങ്ങളും ശക്തമായി നീക്കിയാൽ സമൂഹത്തിന്റെ അജണ്ടയിൽ വികസന കാര്യങ്ങൾ മാത്രം നിറച്ചുവയ്ക്കാൻ ആകും.
ഇതോടെ കടുത്ത വിമർശകരുടെ കൊമ്പ് ഓടിക്കാൻ കഴിയുകയും ചെയ്യും. പ്രതിപക്ഷത്തുനിന്ന് മാത്രമല്ല മുന്നണിയിലും പാർട്ടിയിലും ഉള്ള എതിർപ്പുകളെയും അതിജീവിക്കാൻ വാസ്തവത്തിൽ ഉമ്മൻചാണ്ടിയുടെ പ്രധാന ആയുധം ഇതാണ്. സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് ഉമ്മൻ ചാണ്ടിക്ക് ആന്റണിയുടെതുപോലെ വലിയ എതിർപ്പിന് സാധ്യത ഇല്ല. അതിന് ഏറ്റവും പ്രധാന കാരണം ഐ ഗ്രൂപ്പിന്റെ ഗതികേടാണ്.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1