കുഴൽനാടൻ ചോദിക്കുന്നു: കോഴി കട്ടവന്റെ തലയിൽ തൂവലിനു പകരം കിരീടമോ?

FEBRUARY 15, 2024, 10:56 AM

സി.പി.എം.ൽ  ഒരു രാഷ്ട്രീയ പ്രതിസന്ധി പുകഞ്ഞുനിൽക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പായി നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ വിയർപ്പൊഴുക്കുന്നു. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ രാഷ്ട്രീയപ്രതിരോധം മാത്രം മതിയെന്ന ഇടതുപാർട്ടികളുടെ പരമ്പരാഗത സമീപനം ഇപ്പോൾ ഫലപ്രദമാകുന്നില്ല.
ഉദാഹരണം പറയാം: മാത്യു കുഴൽനാടൻ നിയമസഭയിൽ ഒരു ആരോപണം ഉന്നയിക്കാൻ നോട്ടീസ് നൽകുന്നു. നോട്ടീസ് നൽകുന്നതിനുമുമ്പ് ആരോപണ വിധേയനായ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള രേഖകളുടെ ഫേട്ടോസ്റ്റാറ്റ് സ്പീക്കറുടെ ചേംബറിലെത്തി കുഴൽനാടൻ നേരിട്ട് നൽകുന്നു. എന്നാൽ, സഭ ചേർന്നപ്പോൾ, ഫോട്ടോസ്റ്റാറ്റ് രേഖകൾക്കു പകരം ഒറിജിനൽ രേഖകൾ നൽകിയില്ലെന്ന കാരണത്താൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നു. ഒപ്പം കുഴൽനാടന്റെ മൈക്കും ഓഫാക്കുന്നു.
ഇവിടെ ഒരു ഫ്‌ളാഷ് ബാക്ക് ആവശ്യമുണ്ട് : വിവാദ പുരുഷനായ പി.വി. അൻവർ സഭയിൽ പ്രതിപക്ഷ നേതാവിനെതിരെ 150 കോടി രൂപയുടെ അഴിമതി സഭയിൽ ഉന്നയിക്കുകയുണ്ടായി. ഏത് രേഖകളുടെ അടിസ്ഥാനത്തിലാണ് അൻവറിന് ആരോപണമുന്നയിക്കാൻ സ്പീക്കർ അനുമതി നൽകിയതെന്ന പ്രതിപക്ഷത്തിന്റെ മറു ചോദ്യത്തിനു സ്പീക്കർ മറുപടി പറഞ്ഞിട്ടില്ല, ഇതുവരെ. കാരണം, മുഖ്യന്റെ പേര് കേട്ടാൽ തന്നെ മുട്ടുവിറയ്ക്കുന്ന തലശ്ശേരിക്കാരൻ ഷംസീറിന് എങ്ങനെ ആരോപണമുന്നയിക്കാൻ കുഴൽനാടനെ അനുവദിക്കാൻ കഴിയും? ചുരുക്കത്തിൽ സ്പീക്കർ ഭരണപക്ഷത്തേയ്ക്ക് ചാഞ്ഞു നിൽക്കുകയല്ല ചെരിഞ്ഞ് കിടക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതായി സ്പീക്കറുടെ അലറിവിളിച്ചുള്ള റൂളിംഗ്.

വക മാറ്റി, വക മാറ്റി വകയില്ലാതാകുമ്പോൾ

ബജറ്റ് ചർച്ച നിയമസഭയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് (ബുധൻ) ബജറ്റിനെ വിമർശിച്ചുകൊണ്ട് സംസാരിച്ച ലീഗിന്റെ പി.കെ. ബഷീറും, കോൺഗ്രസിന്റെ ചാണ്ടി ഉമ്മനും റോജി ജോണുമെല്ലാം ധനമന്ത്രിയുടെ നിലപാടുകളെ തള്ളിപ്പറയുകയുണ്ടായി. ഖജനാവിലേക്ക് ജനം അടയ്ക്കുന്ന പണം, ഏതൊരു ആവശ്യത്തിലേയ്ക്കണോ ചെലവഴിക്കേണ്ടത്, അത് ചെയ്യാതെ വകമാറ്റി ചെലവഴിക്കുന്നത് ധനമന്ത്രി ബാലഗോപാലിന്റെ സ്ഥിരം ശൈലിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. കടമെടുപ്പ് പരിധി ഉയർത്തി, സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനുള്ള കേരളത്തിന്റെ തത്രപ്പാടിനു പിന്നിൽ ഒരുപാട് കള്ളക്കളികളുണ്ട്. മാർച്ച് 31 നു മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച വിഹിതത്തിൽ പകുതിയോളം സർക്കാർ നൽകിയിട്ടില്ല. അധികാര വികേന്ദ്രീകരണത്തിനായി രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തീരാജ് ബില്ലിന്റെ എല്ലാ കരുത്തും ചോർന്നുപൊയ്ക്കഴിഞ്ഞു. യു.പി.എ. സർക്കാർ കൊണ്ടുവന്ന വിവരാവകാശ ബില്ലാകട്ടെ, കേന്ദ്രസർക്കാരും പിണറായി സർക്കാരും കൂടി കൊത്തിപ്പറിച്ച് വികൃതമാക്കിക്കഴിഞ്ഞു.

vachakam
vachakam
vachakam

ഇതെന്തു വ്യവസായമാണപ്പീ?

പി. രാജീവ് പണിയറിയാവുന്ന വ്യവസായ വകുപ്പ് മന്ത്രിയാണ്. എന്നാൽ പിണറായി ഭക്തി തലയിൽ കയറിയതോടെ, അദ്ദേഹം പറയുന്നത് എന്താണെന്നു പോലും അദ്ദേഹം മറന്നുപോകുന്നുണ്ട്. മാത്യു കുഴൽനാടന്റെ വാർത്താ സമ്മേളനത്തിന് സാധാരണഗതിയിൽ എ.കെ. ബാലനാണ് മറുപടി പറയാറുള്ളത്. എന്നാൽ ആരോപണ വലയത്തിൽ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള                     കെ.എസ്.ഐ.ഡി.സി. ഉള്ളതുകൊണ്ട് മന്ത്രി രാജീവ് തന്നെ മാധ്യമങ്ങളെ കണ്ടു. ആദ്യം മന്ത്രി പറഞ്ഞത് കുഴൽനാടന്റെ വെടി ഉണ്ടയുള്ളതാണ്. രണ്ടാമതായി പറഞ്ഞത്. ആ ഉണ്ട യു.ഡി.എഫിന്റെ നെഞ്ചിലാണ് തറയ്ക്കുന്നതെന്ന വിചിത്രവാദമായിരുന്നു. യു.ഡി.എഫാണ് കരിമണൽ ഖനനത്തിന് ആദ്യമായി അനുമതി നൽകിയതെന്നായിരുന്നു മന്ത്രി രാജീവിന്റെ മറുപടി. എന്നാൽ, പൊതുമേഖലയിൽ മാത്രമേ ഖനനം പാടുള്ളുവെന്ന കേന്ദ്രസർക്കാരിന്റെ നിലപാടും, ഖനനഭൂമി തിരിച്ചുപിടിച്ച് സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള സുപ്രീംകോടതി വിധിയും ആരാണ് പൊളിച്ചടുക്കിയതെന്ന് വ്യവസായ മന്ത്രി പറഞ്ഞതേയില്ല. വ്യവസായ വകുപ്പിൽ നിന്ന് ഫയൽ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി. 2019 മുതൽ ഈ ഫയൽ പി.വിയുടെ മുമ്പിലുണ്ടായിരുന്നുവെന്നതും ചരിത്രം. കരിമണൽ ഖനനത്തിനായി സ്വകാര്യമേഖലയെ അനുവദിച്ചാൽ അത് 'പൊല്ലാപ്പാ'കുമെന്ന നിയമവകുപ്പിന്റെ നിർദ്ദേശത്തിനു പകരം ഏ.ജി.യുടെ ഉപദേശം വാങ്ങി കർത്തായുടെ കമ്പനിക്ക് ഖനനാനുമതി നൽകിയത് മുഖ്യമന്ത്രിയാണ്. ഇക്കാര്യത്തിൽ, സി.എം.ആർ. എൽ., കെ.എസ്.ഐ.ഡി.സി. രണ്ടാമത്തെ ഷെയർ ഹോൾഡറായിരിക്കെ എന്തിനുവേണ്ടി ഈ അഴിമതിക്ക് കൂട്ടുനിന്നുവെന്ന് മന്ത്രി രാജീവ് പറഞ്ഞതേയില്ല. പിന്നെ മറ്റൊരു കാര്യം കൂടി പറയട്ടെ:  ഇടതു മുന്നണിയെ ജനം ഭരണം ഏൽപ്പിച്ചത് യു.ഡി.എഫ്. വരുത്തിയ തെറ്റുകൾ തിരുത്താനല്ലേ? പിന്നെ എന്തിന് ഇത്തരം ''ഉണ്ടയില്ലാ ന്യായീകരണ'' ങ്ങളുമായി മന്ത്രി താളം ചവിട്ടുന്നു? ഹൈക്കോടതി പോലും കെ.എസ്.ഐ.ഡി.സി. എന്തിന് അന്വേഷണത്തെ ഭയക്കുന്നുവെന്ന ചോദ്യത്തിനും മന്ത്രി കമാന്നൊരക്ഷരം പറഞ്ഞില്ല.

വയനാട്ടിലണോ വീട് ? സൂക്ഷിക്കണം !

vachakam
vachakam
vachakam

വയനാട്ടുകാർ ആകെ കട്ടക്കലിപ്പിലാണ്. കേരളത്തിലെ വന്യ മൃഗങ്ങളെ കൊണ്ടുതന്നെ മലയോര ജനത പൊറുതിമുട്ടിയിരിക്കെ, കർണ്ണാടകത്തിൽ നിന്നും അതിർത്തി കടന്നുവരുന്ന കാട്ടു മൃഗങ്ങളുടെ കുന്തളിപ്പും കൂടി അവർ സഹിക്കേണ്ടിവന്നിരിക്കുന്നു. ആന ചവിട്ടിയരച്ച അജീഷിന്റെ മകളുടെ ചോദ്യം നവമാധ്യമങ്ങളിൽ വൈറലാണ്. വയനാട്ടിലെ 75 ശതമാനം ജനങ്ങളും വന്യ മൃഗങ്ങളുടെ ആക്രമണ ഭീഷണിയിലാണെന്നാണ് ആ പിഞ്ചു പെൺകൊടി ചാനലിൽ പറഞ്ഞത്. കാട്ടാന വന്ന് ഒരാളെ ചവിട്ടിക്കൊല്ലുമ്പോഴാണോ വനപാലകർ സ്ഥലത്തെത്തേണ്ടത്? അതിനുപകരം, കാടുകളിലുള്ള വന്യ മൃഗങ്ങളുടെ ചലനങ്ങൾ നിരീക്ഷിക്കാനും പൊതു ജനങ്ങളെ സംരക്ഷിക്കാനും വനപാലകർക്ക് കടമയില്ലേ? തണ്ണീർക്കൊമ്പൻ കേരളത്തിൽ പ്രവേശിച്ച സംഭവത്തിനു തൊട്ടുപിന്നാലെ കർണ്ണാടകത്തിൽ നിന്ന് വീണ്ടും വന്യ മൃഗങ്ങൾ അതിർത്തി കടന്നുവരാൻ സാധ്യതയുണ്ടെന്ന് വനപാലകർക്ക് അജ്ഞാതമായ കാര്യമല്ലല്ലോ. കേരളത്തിനു തൊട്ടടുത്തുള്ള കർണ്ണാടകത്തിന്റെ അതിർത്തി വനങ്ങളിൽ ജലലഭ്യത ഏറെ കുറവാണ്. അങ്ങനെ വരുമ്പോൾ വെള്ളം കിട്ടാൻ സാധ്യതയുള്ള കേരളത്തിലെ വനപ്രദേശങ്ങളിലേക്ക് അവ വരാം. കാടിനെക്കുറിച്ചുള്ള ഈ പൊതുവിജ്ഞാനം പോലും അറിയാത്ത വനം വകുപ്പ് ഏതു തരത്തിലുള്ള സംരക്ഷണമാണ് ജനത്തിനു നൽകികൊണ്ടിരിക്കുന്നത് ?

കാട്ടുമൃഗങ്ങളുടെ നാട്ടു ജാഥകൾ !

വന്യമൃഗ ആക്രമണങ്ങളുടെ പഴയ കണക്കുകൾ പോലും നമ്മെ അമ്പരപ്പിക്കുന്നതാണ്. പുതിയ ഔദ്യോഗിക കണക്ക് ഇപ്പോഴും ലഭ്യമല്ല. 2017 ജൂൺ മുതൽ 2023  ഡിസംബർ വരെയുള്ള കാലയളവിൽ വയനാട്ടിൽ മാത്രം മരിച്ചത് 164 പേരാണ്. 2017-23 കാലഘട്ടത്തിൽ കേരളത്തിൽ വന്യ ജീവി ആക്രമണത്തിൽ 730 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ പകുതിയിലും പ്രതികൾ കാട്ടാനകളാണ്. ഇതുവരെ സംസ്ഥാന സർക്കാർ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നവിധ നിയമങ്ങൾ മാറ്റിയെഴുതിയിട്ടില്ല. കാട്ടുപന്നികളെ ഉപരാധികളില്ലാതെ വെടിവയ്ക്കാൻ ഹൈക്കോടതി കർഷകർക്ക് നൽകിയ അനുമതി (2021 ജൂലൈ 23)പോലും ഇതുവരെ സർക്കാർ വിജ്ഞാപനം ചെയ്തിട്ടില്ല. വനം വകുപ്പിന്റെ വനത്തിൽ എന്തു വളർത്തണമെന്ന നയം പോലും വന്യമൃഗങ്ങൾക്കോ മലയോര ജനതയ്‌ക്കോ സഹായകരമല്ല. തേക്ക് വച്ചുപിടിപ്പിക്കുമ്പോൾ ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന പ്രതികൂലമായ അവസ്ഥകൾ ഒഴിവാക്കാനും സർക്കാർ ഒന്നും ചെയ്യുന്നില്ല. അതിനു പകരം വനത്തിനുള്ളിൽ റിസോർട്ട് നിർമ്മിച്ച് പണമുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് സർക്കാർ പയറ്റുന്നത്.

vachakam
vachakam
vachakam

ഭ്രമയുഗം: ഒരു കൂടോത്ര കടങ്കഥ !

മമ്മൂട്ടിയുടെ ഭ്രമയുഗം കോടതി കയറിയിട്ടുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരാണ് പ്രശ്‌നം. പേര് മാറ്റാമെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചുകഴിഞ്ഞു. ഭ്രമയുഗത്തിന്റെ ട്രെയിലർ ഷാർജയിൽ വച്ചാണ് റിലീസ് ചെയ്തത്. യാതൊരു പ്രതീക്ഷകളുമില്ലാതെ വേണം ഈ ചിത്രം കാണാൻ തിയറ്ററുകളിൽ എത്തേണ്ടതെന്ന് മമ്മൂട്ടി ട്രെയിലർ പ്രകാശനവേളയിൽ പറഞ്ഞത് നിറഞ്ഞ കൈയ്യടികളോടെയാണ് ജനം സ്വീകരിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു കൂടോത്ര കഥയെന്നമട്ടിലാണ് ജനം ഭ്രമയുഗം കാണാൻ കാത്തിരിക്കുന്നത്. മമ്മൂട്ടി വില്ലനായിരിക്കുമോ നല്ലവനായിരിക്കുമോ എന്നൊന്നും ചിത്രത്തിന്റെ ട്രെയിലർ സൂചന നൽകുന്നില്ല. എന്തായാലും ജനങ്ങളെ ഭ്രമിപ്പിക്കുവാൻ എന്തൊക്കെയോ 'കരിമരുന്ന് പ്രയോഗങ്ങൾ' സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കിവച്ചിട്ടുണ്ട്. ആ കറുത്ത കരുനീക്കങ്ങൾക്കായി, ഇരുട്ടിൽ നമുക്ക് കാത്തിരിക്കാം.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam