ഇന്ത്യയുടെ രഹസ്യ നിധിയെപ്പറ്റി അറിയാം

OCTOBER 30, 2024, 5:25 PM

ഇന്ത്യയില്‍ ഒരു തരി പൊന്നെങ്കിലും ഇല്ലാത്തവര്‍ വിരളമാണ്. ഇന്ത്യയിലെ വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും സത്യം അതാണ്. വിവിധ ആരാധനാലയങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ഇതിന് പുറമെയാണ്. ആരാധനാലയങ്ങള്‍ക്ക് നേര്‍ച്ചയായി കിട്ടുന്ന സ്വര്‍ണങ്ങളുമുണ്ട്. ഇതിനെല്ലാം പുറമെയാണ് ഔദ്യോഗികമായി ഇന്ത്യ സ്വര്‍ണം വാങ്ങുന്നതും സൂക്ഷിക്കുന്നതും. റിസര്‍വ് ബാങ്ക് മുഖേനയാണ് ഈ ഇടപാടുകള്‍ നടത്തുന്നത്.

കഴിഞ്ഞ മാസം വരെയുള്ള കണക്ക് പ്രകാരം റിസര്‍വ് ബാങ്കിന്റെ കൈവശം 855 മെട്രിക് ടണ്‍ സ്വര്‍ണമാണുള്ളത്. ഇതില്‍ 510 ടണ്‍ ഇന്ത്യയില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ബാക്കി വിദേശത്തും. വന്‍തോതില്‍ വിദേശത്ത് സൂക്ഷിക്കുന്ന രീതിയായിരുന്നു നേരത്തെ ആര്‍ബിഐ സ്വീകരിച്ചിരുന്നതെങ്കില്‍ സമീപകാലത്ത് നിലപാട് മാറ്റി. വിദേശത്തുള്ള സ്വര്‍ണം വന്‍തോതില്‍ ഇന്ത്യയിലെത്തിക്കുകയാണ്.

അടുത്തിടെ 102 ടണ്‍ സ്വര്‍ണം ആര്‍ബിഐ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തിച്ചു. ലണ്ടന്‍ കേന്ദ്രമായുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് എന്നീ ബാങ്കുകളിലാണ് ഇന്ത്യയുടെ സ്വര്‍ണം ഉള്ളത്. ഏറെ കാലം വിദേശത്ത് സൂക്ഷിക്കുന്നത് ഉചിതമാകില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. തുടര്‍ന്നാണ് ഈ വര്‍ഷം രണ്ട് തവണയായി കോടികളുടെ മൂല്യമുള്ള സ്വര്‍ണം നാട്ടിലെത്തിച്ചത്.

അന്തര്‍ദേശീയ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യം അടിമുടി മാറുകയാണ്. അതുകൊണ്ടുതന്നെ വിദേശത്തുള്ള സ്വര്‍ണം ഇന്ത്യയിലെത്തിക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ട്. 2022 സെപ്റ്റംബറിന് ശേഷം 214 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ വിദേശത്ത് നിന്ന് എത്തിച്ചത്. 1990കള്‍ക്ക് ശേഷം വിദേശത്ത് സൂക്ഷിച്ച സ്വര്‍ണം വന്‍തോതില്‍ നാട്ടിലെത്തിക്കുന്നത് ഈ വര്‍ഷമാണ്.

2022 മാര്‍ച്ചില്‍ ഇന്ത്യയില്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള സ്വര്‍ണം 295 ടണ്‍ ആയിരുന്നു. ഇപ്പോള്‍ അത് 510 ടണ്‍ ആയി ഉയര്‍ന്നു. ബാക്കി വിദേശത്ത് സൂക്ഷിച്ച സ്വര്‍ണവും വൈകാതെ നാട്ടിലെത്തിക്കുമെന്നാണ് സൂചന. വിദേശത്തുള്ള സ്വര്‍ണം അതീവ രഹസ്യമായിട്ടാണ് ഇന്ത്യയിലെത്തിക്കുക. ആഭ്യന്തര-സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാലാണിത്.

പ്രത്യേക വിമാനത്തിലാണ് സ്വര്‍ണം ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇനി 324 ടണ്‍ സ്വര്‍ണമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിലുമായി ബാക്കിയുള്ളത്. ആര്‍ബിഐയുടെ മൊത്തം നിക്ഷേപങ്ങളില്‍ 20 ശതമാനത്തിലധികം സ്വര്‍ണമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്ന രണ്ടാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ആദ്യത്തേത് ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ആണ്.

ലണ്ടന്‍ സ്വര്‍ണ വിപണിയില്‍ നിന്ന് വേഗത്തില്‍ കൈമാറ്റത്തിന് സാധിക്കുമെന്നതിനാലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ ഇന്ത്യ സ്വര്‍ണം സൂക്ഷിക്കാന്‍ കാരണം. ഇന്ത്യയുടെ മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളുടെയും സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ്. സമീപകാലത്ത് സംഭവിക്കുന്ന ആഗോള രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളില്‍ എല്ലാ രാജ്യങ്ങളും ആശങ്കയിലാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ എല്ലാ കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ആര്‍ബിഐ 8.1 ശതമാനത്തില്‍ നിന്ന് 9.3 ശതമാനമാക്കി സ്വര്‍ണ നിക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam