കെ.എം. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് വിജിലൻസ് ഉദ്യോഗസ്ഥർ 2015 ജൂലൈയിൽ വിജിലൻസ് കോടതിയിൽ റിപ്പോർട്ടു നൽകി. ബാർ കോഴക്കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മാണിയും, കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദനും ബാർ ഉടമയും ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു. എന്നാൽ അദ്ദേഹം മരിച്ച് ചൂടാറും മുമ്പ് ബാർ കോഴക്കേസ് കോടതിയുടെ പരിഗമണനയ്ക്കു വന്നു. പുതിയ സാഹചര്യത്തിൽ കോഴക്കേസിന് പ്രസക്തിയില്ലെന്നു പറഞ്ഞ് കോടതി കേസ് തീർപ്പാക്കുകയും ചെയ്തു.
കെ.എം. മാണിക്കെതിരെ അക്കാലത്ത് പലതരത്തിലുള്ള അന്വേഷണങ്ങളും നടന്നു. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് വിജിലൻസ് ഉദ്യോഗസ്ഥർ 2015 ജൂലൈയിൽ വിജിലൻസ് കോടതിയിൽ റിപ്പോർട്ടു നൽകി. ബാർ കോഴക്കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മാണിയും കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദനും ബാർ ഉടമയും ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു.
മഹാകവി പാലാ നാരായണൻ നായർ കെ.എം. മാണിയെ ഒരു കവിതയിൽ വിശേഷിപ്പിച്ചത് 'മാണി പ്രമാണി' എന്നാണ്. കെ.ആർ. നാരായണൻ പ്രസിഡന്റായ ശേഷം പാലായിൽ വന്നപ്പോൾ 'മാണി സാർ' എന്നാണ് അഭിസംബോധന ചെയ്തത്. രാഷ്ട്രീയ രംഗത്തെ നേട്ടങ്ങളാണ് ഈ വിളിപ്പേരുകൾക്കു പിന്നിൽ. ഒരു മണ്ഡലം രൂപീകരിച്ച ശേഷം ആ മണ്ഡലത്തിൽനിന്ന് എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുക എന്ന റെക്കോർഡ് അടക്കം നിരവധി രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉടമയാണ് കെ.എം. മാണി.1967ൽ നിയമസഭാംഗമായി. 50 വർഷം മുമ്പ് മാർച്ച് 15ന് ആണ് കെ.എം. മാണി ആദ്യമായി നിയമസഭയിൽ എത്തിയത്. അതിന്റെ ആഘോഷങ്ങളെല്ലാം പൊടിപൊടിച്ചു. അദ്ദേഹത്തെ എല്ലാവരും മുക്തകണ്ഡം പ്രശംസിക്കാൻ മത്സരിക്കുകയായിരുന്നു.
കേരള രാഷ്ട്രീയത്തിൽ ആരു വിചാരിച്ചാലും മാറ്റി നിർത്താൻ കഴിയാത്ത, പകരക്കാരനില്ലാത്ത പ്രമാണിയാണ് കെ.എം. മാണിയെന്നു പറഞ്ഞത് പിണറായി വിജയൻ ആണ്. ഇങ്ങനെ പറഞ്ഞവരിൽ പലരും പിന്നീട് പിന്നിൽ നിന്നും കുത്തിയ ചരിത്രമാണുള്ളത്. എന്നാൽ ഉമ്മൻ ചാണ്ടി പറയുമായിരുന്നു
തനിക്കു മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ബാർ തുറന്നുകിട്ടാൻ ധനമന്ത്രിക്ക് എന്തിനു കോഴ കൊടുക്കണം? ധനമന്ത്രിക്ക് ഇതിൽ എന്താണു കാര്യം? ബാർ തുറക്കുന്ന കാര്യത്തിൽ ബജറ്റ് വഴി ഇടപെടൽ നടത്താൻ ധനമന്ത്രിക്ക് സാധിക്കില്ല. പിന്നെ എന്തിന് മാണിസാറിന് കോഴ നല്കണം? ഇതിൽ അന്നും എന്നും ഉറച്ചു നിന്നയാളാണ് ഉമ്മൻ ചാണ്ടി. ഇല്ലാത്ത പൂച്ചയെ ഇരുട്ടത്തു തപ്പുകയായിരുന്നു പ്രതിപക്ഷം എന്ന ആക്ഷേപം കുടി ഉണ്ട് ഉമ്മൻ ചാണ്ടിക്ക്. അത് സത്യമാണെന്നു കാലം തെളിയിക്കുകയും ചെയ്തു.
ഈ വിഷയത്തിൽ കെ.എം. മാണിയെ മരണം വരെ വേട്ടയാടുകയും ചെയ്തു. അവസാനകാലത്ത് പ്രായത്തിന്റെ പല അവശതകളും അദ്ദേഹത്തിനുണ്ടായിരുന്നു. ന്യൂമോണിയായെ തുടർന്ന് കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. 2019 ഏപ്രിൽ ഒൻപതിന് രാവിലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും മൂന്ന് മണിയോടെ വീണ്ടും സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ക്രമാതീതമായി കുറഞ്ഞതോടെ മരണം സംഭവിക്കുകയായിരുന്നു.
ദീർഘകാലമായി ആസ്ത്മയ്ക്ക് ചികിത്സയിലായിരുന്ന കെ.എം. മാണിയ്ക്ക് ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശത്തിൽ അണുബാധയും ഉണ്ടായിരുന്നു. ട്യൂബ് വഴി അദ്ദേഹത്തിന് ഭക്ഷണം നൽകുകയായിരുന്നു.
കേരള രാഷ്ട്രീയത്തിന്റെ അമരത്ത് അരനൂറ്റാണ്ടിലധികം കാലം നിറഞ്ഞുനിന്ന നേതാവാണ് കെ.എം. മാണി. ഒരു കാലഘട്ടത്തിന്റെ സ്മരണയായ നേതാവ്, കേരളരാഷ്ട്രീയത്തിലെ അതികായനായ നേതാവ്
പി.ടി. ചാക്കോയുടെ മരണത്തിന് പിന്നാലെ ചാക്കോയോട് കോൺഗ്രസ് നീതിപുലർത്തിയില്ലെന്ന് ആരോപിച്ച് തിരുനക്കരമൈതാനിയിൽ ഒരു യോഗം നടന്നു. അന്നവിടെ തിരികൊളുത്തി പിറന്നത് കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിശ്ചയിച്ച ഒരു പ്രസ്ഥാനമായിരുന്നു, കേരളാകോൺഗ്രസ്. ആ മൈതാനത്തിൽ പിറവിയെടുത്ത കേരളാകോൺഗ്രസിലേക്ക് പിന്നീടൊരു പകൽ കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറിയുമെത്തി.
കോട്ടയം കോൺഗ്രസുകാരെ അടിച്ചുവാരിക്കൂട്ടിയെത്തിയ ആ നേതാവിന്റെ പേര് കരിങ്ങോഴക്കൽ മാണി കുഞ്ഞുമാണിയെന്നായിരുന്നു. പിന്നീടയാൾ കേരളത്തിന്റെ കെ.എം. മാണിയും പാലായുടെ മാണി സാറുമായി. അഞ്ചരപതിറ്റാണ്ടുകാലം കേരളരാഷ്ട്രീയത്തിലെ അതികായനായി.
കെ.എം. മാണിയെ ഓർക്കുമ്പോൾ പാലായെക്കുറിച്ചും പറയണം. അവരങ്ങനെ ഇരട്ടപെറ്റവരെപോലെയായിരുന്നു. പാലാ സമം കെ.എം. മാണി എന്നതിനപ്പുറം ഒരു സമവാക്യം അവിടുത്തെ സമ്മതിദായകര് ആലോചിച്ചതേയില്ല. അഞ്ചു പതിറ്റാണ്ടിലേറെ എംഎൽഎ, ഒരു മണ്ഡലത്തില് നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ചു കയറിയ രണ്ടാമത്തെ നിയമസഭാ സാമാജികൻ, പന്ത്രണ്ട് മന്ത്രിസഭകളിൽ അംഗം, അച്ച്യുതമേനോൻ സർക്കാരിൽ തുടങ്ങി, കെ. കരുണാകരൻ, എ.കെ. ആന്റണി, ഇ.കെ. നായനാർ അവസാനം ഉമ്മൻചാണ്ടി നയിച്ച സർക്കാരുകളിലും സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു.
ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി, ഒരു പക്ഷേ കേരള രാഷ്ട്രീയത്തിൽ ഇനിയാർക്കും സാധ്യമാവാത്ത റെക്കോർഡുകളുടെ കൂടി ചരിത്രമായിരുന്നു കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതം.
കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30ന് ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം. ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. രാഷ്ട്രീയത്തിൽ സജീവമായി. 1959ൽ കെ.പി.സി.സിയിൽ അംഗം.1964 മുതൽ കേരള കോൺഗ്രസ്സിൽ. 1975ലെ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായി.
തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കുമ്പോഴാണ് കെ.എം. മാണിയുടെ വിടവാങ്ങൽ. ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാവുന്ന സുഹുത്തും ഉപദേഷ്ടാവുമായിരുന്നു മാണി. നിയമസഭാ പ്രവർത്തനത്തിൽ എന്നും മാതൃകയുമായിരുന്നു.
കെ.എം. മാണി അന്തരിച്ച് 24 മണിക്കൂറിനകം ബാർ കോഴക്കേസ് കോടതിയുടെ പരിഗമണനയ്ക്കു വന്നു. പുതിയ സാഹചര്യത്തിൽ കോഴക്കേസിന് പ്രസക്തിയില്ലെന്നു പറഞ്ഞ് കോടതി കേസ് തീർപ്പാക്കുകയും ചെയ്തു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1