അഞ്ചു വർഷക്കാലം നിത്യേന ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന വി.ഡി.സതീശൻ എന്ന രാഷ്ട്രീയ നേതാവ്, ഇന്ന് താൻ ഉന്നയിച്ച അതേ ചോദ്യങ്ങൾ യൂടേൺ എടുത്തു വരുമ്പോൾ പണ്ട് ഭരണപക്ഷത്തു നിന്ന് കേട്ട മറുപടികളിന്മേൽ തട്ടിത്തടയുകയാണോ ?
കൂടു മാറ്റത്തിൽ ചോദ്യങ്ങൾ മറു ചോദ്യങ്ങളായി ആവർത്തിക്കേണ്ടി വരുന്ന ദിനങ്ങൾ. പ്രതിപക്ഷം ഇടതുപക്ഷമായതിനാൽ പ്രതീക്ഷിക്കാവുന്ന അവരുടെ ശൈലി നന്നായി അറിയാവുന്ന ആളാണ് പണ്ടത്തെ പ്രതിപക്ഷ നേതാവ്. പിണറായി വിജയനോളം പോന്ന ഒരു മുഖ്യമന്ത്രിയുടെ മുന്നിൽ ഒട്ടും തളരാതെ പിടിച്ചുനിന്ന പ്രതിപക്ഷ നേതാവായിരുന്നു സതീശൻ.
പിണറായിയോട് ഏറ്റുമുട്ടി അതൊരു പതിവും ശീലവും ആയപ്പോൾ സതീശൻ ഒരു വേള അറിയാതെ പിണറായിയെ പോലും അനുകരിച്ചു തുടങ്ങിയിരുന്നു. ആരോ ഉപമിച്ചത് പോലെ സതീശൻ ഒരു പാതി പിണറായി ആയി മാറിയിരിക്കുന്നു!
മന്ത്രിസഭയിൽ നിലവിലുള്ള ഏത് മന്ത്രിമാരേക്കാളും കാര്യങ്ങൾ നന്നായി അറിയാവുന്ന മന്ത്രി, സതീശൻ എന്ന മുഖ്യമന്ത്രി തന്നെയാണ്. പണ്ടത്തെ പിണറായി വിജയനെയും ഇപ്പോഴത്തെ പിണറായി വിജയനെയും ഞങ്ങൾക്ക് പേടിയില്ല എന്ന് നിയമസഭയിൽ പ്രഖ്യാപിച്ച സതീശൻ, കോൺഗ്രസുകാരുടെ പതിവ് മൃദുശൈലി ഉപേക്ഷിച്ച് ഖദറിന്റെ വീര്യം കാട്ടുന്നത് നമ്മൾ കണ്ടതാണ്.
എത്രയെത്ര ഏറ്റുമുട്ടലുകൾ..
എത്രയെത്ര സംവാദങ്ങൾ.. പരിഹാസങ്ങൾ ...
ഇറങ്ങിപ്പോക്കുകൾ ...
പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ സതീശൻ പാർട്ടിയുടെയോ സഹപ്രവർത്തകരുടെയോ പിന്തുണയൊന്നും കാര്യമായി തേടാതെ ഒറ്റയ്ക്ക് മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. കാര്യങ്ങൾ വിശദമായും ഗഹനമായും പഠിക്കുന്നതിൽ സതീശനോളം മികവുള്ളവർ കുറവാണ്. അക്കാരണത്താൽ, ഉമ്മൻചാണ്ടി പോലും തന്റെ ഭരണകാലത്ത് ഫയലുകൾ പഠിക്കാൻ നിയോഗിച്ചിരുന്നത് സതീശനെയായിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാനുള്ള മികവ് തന്നെയായിരുന്നു അടിസ്ഥാനം. പാർട്ടി ഒരിക്കലും മന്ത്രിപദം വച്ചു നീട്ടിയില്ലെങ്കിലും !
ഉത്തരം തേടുന്ന ചോദ്യങ്ങൾ
മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ പോലെയുള്ള വിഷയങ്ങൾ മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കുന്നതിൽ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരുത്തേണ്ട ചുമതലയും പുതിയ സർക്കാരിന്റെ ചുമലിലായി. എന്നാൽ ചില നയംമാറ്റങ്ങൾ സതീശൻ സർക്കാർ പ്രഖ്യാപിച്ചത് എടുത്തുചാട്ടം ആയി എന്ന് വിമർശിക്കുന്നവരും ഉണ്ട്.
ഉദാഹരണത്തിന് വിദ്യാർത്ഥിനികളുടെ ആർത്തവ അവധി. വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു തീരുമാനമാണ് ചർച്ചകൾക്ക് ഇടം നൽകാതെ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ഉടനെ വിവാദമായി എന്നറിഞ്ഞപ്പോൾ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു, വിഷയം ചർച്ചയ്ക്ക് വെക്കാമെന്ന്! ആർത്തവ അവധി പ്രാബല്യത്തിൽ വന്നാൽ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും അതിനെ ചോദ്യം ചെയ്യുന്ന അധ്യാപകർക്ക് എതിർപ്പ് നേരിടാനുള്ള സാധ്യതയും വിദ്യാഭ്യാസ വിദഗ്ധർ ഒരുപോലെ കാണുന്നുണ്ട്.
അതുപോലെ, ഇടതു സർക്കാർ ബാറുകളുടെ സമയക്രമം നിശ്ചയിച്ച് മാസങ്ങൾ പിന്നിടും മുമ്പ് പുതിയ മദ്യനയം യു.ഡി.എഫ് സർക്കാർ തിരക്കിട്ട് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് ബജറ്റ് പടിവാതിൽക്കൽ എത്തി നിൽക്കെ.
ബാർ ഉടമകളുമായി തിരക്കിട്ട് നടത്തുന്ന നീക്കുപോക്കുകൾ പിന്നീട് വിവാദത്തിന് വഴി വെക്കുമെന്ന് ഉറപ്പാണ്. ഏതായാലും ബാറുകളുടെ പ്രവർത്തന സമയം പിണറായി നീട്ടി നൽകിയത് ഒന്നുകൂടി നീട്ടി നൽകാൻ കോൺഗ്രസ് സർക്കാർ തയ്യാറാവില്ലെന്ന് ഉറപ്പാണ്.
എ.കെ.ആന്റണിയുടെയും വി.എം. സുധീരന്റെയും പിന്മുറക്കാർ പ്രത്യേകിച്ച് !
ഏതായാലും,ഇന്ധനവില വർദ്ധന എന്നതാണ് കൂട്ടത്തിൽ പൊതുജനങ്ങളെ പ്രത്യക്ഷമായി ബാധിക്കുന്ന ഏറ്റവും പ്രധാന വിഷയം. നികുതി സംബന്ധിച്ച് കഴിഞ്ഞ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ ആർക്കും എളുപ്പം പരിഹരിക്കാവുന്നവയല്ല. ജനപ്രിയതക്ക് വേണ്ടി ചാടി കയറിയേക്കാവുന്ന ഒന്നല്ല അത്. വലിയ നയരൂപീകരണവും സാമ്പത്തിക അവലോകനവും നടത്തിയ ശേഷമേ പെട്രോൾ - ഡീസൽ വില സംബന്ധിച്ച് ഉദാര സമീപനം കൈക്കൊള്ളാൻ കഴിയൂ.
എന്നാൽ പ്രതിപക്ഷത്തിരുന്നപ്പോൾ സതീശൻ ജനങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടിയത് ഇപ്പോൾ ബൂമറാങ്ങായി തിരിച്ചുവന്നു. പണ്ട് താൻ പറഞ്ഞത് ഇന്ന് തന്നോട് ചോദിക്കുന്ന അവസ്ഥ.
അധിക നികുതിയായി സംസ്ഥാന സർക്കാർ 1200 കോടി രൂപ പിരിച്ചെടുക്കുന്നു. കേന്ദ്രസർക്കാർ അടിക്കടി വില വർദ്ധിപ്പിക്കുന്നു. എന്നാൽ ഇന്ധന വില വർദ്ധനയിലൂടെ ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വെക്കാൻ തയ്യാറല്ലെന്ന് സതീശൻ വ്യക്തമാക്കി കഴിഞ്ഞു.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അധികനികുതി വരുമാനം വേണ്ടെന്നു വയ്ക്കണമെന്ന് പിണറായി സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു സതീശൻ. അന്ന് അങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണെന്ന് ഭരണപക്ഷം സതീശനെ തിരുത്തിയിരുന്നു. ഇന്ന് അതേ ചോദ്യം തനിക്ക് നേരെ വരുമ്പോൾ, താൻ മണ്ടത്തരം ചെയ്യണമെന്നാണോ പ്രതിപക്ഷം ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി സതീശൻ തിരിച്ചടിക്കുന്നു.
പ്രതിമാസം 500 കോടിയുടെ വരുമാന നഷ്ടം ഉണ്ടായാൽ ഇടതു സർക്കാർ വരുത്തിവെച്ച നഷ്ടം ആരു നികത്തും എന്നാണ് സതീശന്റെ ചോദ്യം. ഏതായാലും നയപരമായി വലിയ തീരുമാനത്തിൽ എത്തേണ്ട ഘട്ടമാണ്. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നത് കൗതുകകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ മത്സരിപ്പിച്ച നടപടിയെ വിമർശിച്ച കോൺഗ്രസിന്, റവന്യൂ മന്ത്രി സണ്ണി ജോസഫ് സ്വന്തം അളിയനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിന് പോലും സമാധാനം പറയാൻ സതീശന് സമയം കണ്ടെത്തിയേ തീരൂ.
ഏതായാലും,കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈയാഴ്ച ചേരുമ്പോൾ കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വരുമെന്ന് കണക്കാക്കാം. ഏതായാലും, ചിരി മാത്രം പോരാ നയം കൂടി വേണം എന്ന് സി.പി.എം മുഖപത്രം വി.ഡി. സതീശനെ ഉപദേശിക്കുന്നുണ്ട്. ആ ഉപദേശം പൂർണമനസ്സോടെ അദ്ദേഹം സ്വീകരിക്കുമെന്ന് തന്നെ കരുതാം. കാരണം സതീശൻ എന്നും തനിച്ചാണ്.
ഇനി പ്രതിപക്ഷത്തോടും പാർട്ടിയിലെയും മന്ത്രിസഭയിലെയും സഹപ്രവർത്തകരോടും ഒരുപോലെ പോരാടി മാത്രമേ സതീശന് മുന്നോട്ടു പോകാൻ കഴിയൂ. അടുത്ത അഞ്ചുവർഷക്കാലം അദ്ദേഹം എങ്ങനെ അതിനെ ഒറ്റയ്ക്ക് നേരിടും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
