സ്വന്തം പേരിന്റെ ബ്രായ്ക്കറ്റിൽ ഗ്രൂപ്പ് ഇല്ലാത്തതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന നേതാക്കൾ ഉണ്ടെങ്കിൽ കോൺഗ്രസിൽ ഉദയം കൊള്ളുന്ന പുതിയ സമവാക്യങ്ങൾക്ക് ഒന്ന് കതോർക്കാം. നിയമസഭാ തെരഞ്ഞെടുപ്പ് വിജയം വി.ഡി. സതീശൻ പ്രവചിച്ചതു പോലെ കൃത്യം കണക്കൊപ്പിച്ചു വന്നപ്പോൾ, പാർട്ടിക്കുള്ളിൽ കണക്കുകൂട്ടലുകൾ തെറ്റിയ പലരും ഒന്ന് അമ്പരന്നു. അവർ തുടങ്ങിവച്ച ഗ്രൂപ്പ് ഒളിപ്പോരാട്ടം ഇപ്പോൾ പ്രേക്ഷക സമക്ഷം മറനീക്കി എത്തിയിരിക്കുന്നു. ഇനി കളി തുടങ്ങാം എന്ന മട്ടിൽ !
ആരാകണം കോൺഗ്രസിന്റെ മുഖ്യമന്ത്രി എന്ന തീരുമാനിക്കാനാവാതെ ഹൈക്കമാൻഡ് പോലും അന്തിച്ചു നിന്ന നാളുകളിൽ, വി.എസ്. മോഡൽ ഓപ്പറേഷൻ നടത്തി 'ജനകീയ' പ്രതിച്ഛായ സൃഷ്ടിച്ചു സതീശൻ. ജില്ലകൾ തോറും തന്നെ പിന്തുണയ്ക്കുന്നവരുടെ പരസ്യ പ്രതികരണങ്ങൾ. അവഗണിക്കാൻ വയ്യാത്ത സാന്നിധ്യമായി സതീശൻ പെട്ടെന്ന് മാറുന്നു. അദ്ദേഹം മികച്ച ഓപ്പറേറ്റർ ആണെന്ന് പരമ്പരാഗത ഗ്രൂപ്പു മനേജർമാർ പോലും വിസ്മയത്തോടെ തിരിച്ചറിഞ്ഞ നിമിഷം.
താനും തന്നെ പിന്തുണയ്ക്കുന്ന വരും സ്വപ്‌നം കണ്ടതുപോലെയല്ല കാര്യങ്ങളുടെ പോക്ക് എന്ന് സാക്ഷാൽ കെ.സി. വേണുഗോപാൽ തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്. ഹൈക്കമാന്റ് എന്ന മൂവർ കുടുംബത്തിന് നേരെ ക്യാമറ തിരിച്ചു വെച്ചാൽ ആ ഫ്രെയിമിൽ ഉറപ്പായും ഉണ്ടാകുമെന്ന് നമുക്ക് ഉറപ്പിക്കാവുന്ന കെ.സി. വേണുഗോപാലിന്റെ ഉന്നത സ്വാധീനത്തെ പോലും സൈഡാക്കിയ സതീശൻ മാജിക്!
പറവൂരിലെ ആദ്യ തോൽവിക്ക് ശേഷം കാൽ നൂറ്റണ്ടോളം ജനപ്രതിനിധിയായി പറവൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ച ആ നേതാവ് ഒരിക്കൽ പോലും ഒരു അധികാരക്കസേരയിൽ ഇരുന്നിട്ടില്ല. ഒരിക്കൽ ഇടത് കോട്ടയായിരുന്ന വടക്കൻ പറവൂരിൽ വലിയ മാജിക് ഒന്നും കാണിക്കാതെ തന്നെ സതീശൻ തിളങ്ങി നിന്നു. ചിരിക്കുന്ന കോൺഗ്രസുകാരിൽ ഏറ്റവും നന്നായി ചിരിക്കുന്നയാൾ. കോൺഗ്രസുകാരുടെ മുഖമുദ്രയായ, സദാ വെച്ചുപിടിപ്പിച്ച ആ ചിരി സതീശനും അന്യമായിരുന്നില്ല. അധികാരത്തിൽ കയറിയപ്പോൾ ആ ചിരിയുടെ വകഭേദത്തിന് പുതുതലമുറ അവരുടെ പേര് നൽകിയെങ്കിലും.
ഇനി ചിരി മങ്ങുമോ?
ഒരു പതിറ്റാണ്ട് ഭരിച്ച പിണറായി വിജയനെ, നിരന്തരം എണ്ണം പറഞ്ഞ് ചോദ്യം ചെയ്ത് കസേരയിൽ നിന്ന് താഴെ ഇറക്കിയ ശേഷം അവിടെ കയറിയിരുന്ന വടശ്ശേരി ദമോദര മേനോൻ സതീശൻ എന്ന രാഷ്ട്രീയ നേതാവ് വിവാദങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കേരളം പിന്നെ കണ്ടത്. സ്വന്തം ശൈലി ആർക്കുവേണ്ടിയും മാറ്റാൻ ഒരുക്കമല്ല എന്ന ശരീരഭാഷയും വർത്തമാനവും.
പ്രതിപക്ഷ മാധ്യമങ്ങളോടുള്ള നിരന്തര ഏറ്റുമുട്ടൽ. മന്ത്രിസഭാംഗങ്ങൾ പോലും അന്തം വിട്ടു നിൽക്കുന്ന മെഗാ പ്രഖ്യാപനങ്ങൾ. ട്രോളന്മാർക്ക് വിരുന്നൊരുക്കുന്ന പ്രതികരണങ്ങൾ..
സതീശന്റെ ചിരി പെട്ടെന്ന് മായ്ക്കാൻ കഴിയില്ലെന്ന് ഭിന്നിച്ചു നിൽക്കുന്ന പ്രതിപക്ഷത്തിന് നന്നായി അറിയാം. അവർ പരമ്പരാഗത രീതിയിൽ പ്രതിഷേധ മുറകളുമായി ഒരു താളത്തിൽ അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് സ്വന്തം പാളയത്തിൽ നിന്ന് ഒരു വെടിയൊച്ച മുഖ്യമന്ത്രി കേട്ടത്.
അപ്പോൾ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന് മുഖ്യമന്ത്രിയോടുള്ള അതൃപ്തി പ്രകടിപ്പിക്കാൻ പാർട്ടി വേദിയും സംവിധാനങ്ങളും ഉണ്ടായിരുന്നിട്ടും അദ്ദേഹം ഒരു പത്രസമ്മേളനത്തെ അതിന് വേദിയാക്കിയത് കോൺഗ്രസിൽ തിരിച്ചു വരുന്ന ഗ്രൂപ്പ് ബലാബലങ്ങളുടെ കൊടിയേറ്റമായി വേണം കാണാൻ.
പരാതിക്ക് പിന്നിലാര്?
കോൺഗ്രസിലോ മുന്നണിയിലോ ആലോചിക്കാതെ സർക്കാർ തലത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്ന് യു.ഡി.എഫ് കൺവീനർ വെട്ടിത്തുറന്നു പറഞ്ഞത് പാർട്ടിയെയും ഞെട്ടിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രതിനിധിയായ എം.കെ. മുനീറിനെ ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാനായി നിയമിച്ചതടക്കമുള്ള വിവരങ്ങൾ യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ തന്നെ അറിയിച്ചിരുന്നില്ലെന്ന് അടൂർ പ്രകാശ് ചൂണ്ടിക്കാട്ടുമ്പോൾ ആക്ഷേപം നിസ്സാരമല്ലെന്ന് വ്യക്തം.
താൻ ഒന്നും അറിയുന്നില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞപ്പോഴാണ് പാർട്ടിക്കാർ പോലും അതറിയുന്നത്. അടൂരിന്റെ പരാതിക്ക് പരിഹാരം വേണമെന്ന് കെ. സുധാകരൻ പിന്നാലെ പറയുകയും മഹിളാ കോൺഗ്രസ് നേതാവ് ജിബി മേത്തർ എംപി പിന്തുണയ്ക്കുകയും ചെയ്തതോടെ വി.ഡി. ക്യാമ്പ് ഉണർന്നു. ജിബി മേത്തർക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടതോടെ വ്യക്തമായ ഗ്രൂപ്പ് സമവാക്യങ്ങൾ രൂപപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ. ഭരിച്ചുകൊണ്ടിരിക്കെത്തന്നെ ഒരു ഗ്രൂപ്പിനെ നന്നായി മനേജുചെയ്യുകയും എതിർഗ്രൂപ്പിനെ തലോടുകയും ചെയ്ത കെ. കരുണാകരന്റെ മെയ് വഴക്കം ഇനി സതീശന് ഉണ്ടയേ മതിയാവൂ.
ആന്റണിയെ പോലെ തക്കസമയത്ത് ചാടിവീണ് അവകാശങ്ങൾ പിടിച്ചു പറ്റാൻ കഴിയുന്ന നേതാക്കൾ എതിർ ക്യാമ്പിൽ ഉണ്ടെന്ന് സതീശൻ തിരിച്ചറിയണം എന്ന് മാത്രം. ഏതായാലും, ഡൽഹിയിൽനിന്ന് കെ.സി. വേണുഗോപാൽ നിയന്ത്രിക്കുന്ന ഗ്രൂപ്പിന്റെ ശബ്ദമാണ് അടൂർ പ്രകാശിലൂടെ പുറത്തുവന്നത് എന്ന് കരുതുന്നവർ ധാരാളം. അതിനു തെളിവാണ് ഹൈക്കമാൻഡിലെ ഉന്നതരുമായി ഈ വിഷയം ചർച്ച ചെയ്യാൻ യു.ഡി.എഫ് കൺവീനർക്ക് അവസരം ഒരുങ്ങിയത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ കോൺഗ്രസ് നേതാക്കളുമായി ഒരു തരത്തിലുള്ള ചർച്ചകൾക്കും തയ്യാറാവുന്നില്ല, ഘടകക്ഷികളായ ലീഗുമായി മാത്രം ചർച്ച ചെയ്യുന്നു എന്നാണ് എതിർവിഭാഗത്തിന്റെ പരാതി. അടൂർ പ്രകാശ് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ പരാതി എന്താണെന്ന് പുറത്തുവന്നിട്ടില്ല. അതിൻമേൽ ഒരു ചർച്ചയ്ക്ക് ഹൈക്കമാന്റിന് തൽക്കാലം നേരവുമില്ല. മറുവശത്ത്, യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കെ.പി.സി.സി പുനഃസംഘടനയും പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതും വൈകുന്നത് പാർട്ടിയിൽ വലിയ ചർച്ചകൾക്കും അതൃപ്തിക്കും കാരണമായിട്ടുണ്ട്.
നിലവിലെ കെ.പി.സി.സി അധ്യക്ഷനായ സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയായി ചുമതലയേറ്റതിനാൽ, പാർട്ടിക്ക് ഒരു മുഴുവൻസമയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിട്ട് പോലും ഒന്നും സംഭവിച്ചില്ല. രാജ്യ തലസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പാറ്റ മോഡൽ സമരം നടത്തുന്ന തിരക്കിലാണ് കോൺഗ്രസ് നേതൃത്വം. അതിനിടെ കേരളത്തിലെ ചേരിപ്പോര് കേൾക്കാൻ എവിടെ സമയം?
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം ആധിപത്യം പുലർത്തിയ 'എ' , 'ഐ' ഗ്രൂപ്പ് സമവാക്യങ്ങളും ഉൾപാർട്ടി തർക്കങ്ങളും ചരിത്രമാണ്. കെ. കരുണാകരന്റെ കാലത്തെ ഗ്രൂപ്പ് പോര് പാർട്ടിയെ പലപ്പോഴും ഉലച്ചിട്ടുണ്ടെങ്കിലും ഒരു പരിധി വരെ കോൺഗ്രസിന്റെ അടിത്തറ സജീവമായി നിലനിർത്താനും ഇത് കാരണമായിട്ടുണ്ട്.
ഒന്നോർത്താൽ ഗ്രൂപ്പ് നൽകുന്ന ഊർജ്ജമാണ് കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ എക്കാലവും ഊർജ്ജസ്വലമായി നിർത്തിയിട്ടുള്ളത്. ഇപ്പോഴത്തെ ചേരിതിരിവിനെ ഇങ്ങനെ പോസിറ്റീവായി കണ്ടാൽ അതും പാർട്ടിക്ക് ഗുണം ചെയ്യും എന്ന് കരുതുന്നവരുണ്ട്. സമരമാണ് ഇടതുപക്ഷത്തിന്റെ ഊർജമെങ്കിൽ ഗ്രൂപ്പ് പ്രവർത്തനങ്ങളും അതിന്റെ
ചരട് വലികളും ഇന്ധനമായി മാറുന്ന പ്രത്യേക പ്രതിഭാസം കോൺഗ്രസിന് മാത്രം സ്വന്തമാണ്.
അങ്ങനെയെങ്കിൽ ഈ ഭരണകാലം കൊണ്ട് പാർട്ടി ഒന്നുകൂടി വളരും. കസേരയിൽ ഇരിക്കുന്ന സതീശന് അല്പം അസ്വസ്ഥതകൾ സമ്മാനിക്കാൻ അത് കാരണമാകുമെങ്കിലും !
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
