ഹസന്‍ നസ്രല്ലയുടെ പകരക്കാരനെ അറിയാം

SEPTEMBER 30, 2024, 11:06 PM

ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ വധിക്കപ്പെട്ടതിന് പിന്നാലെ പുതിയ മേധാവിയെ കണ്ടെത്തിക്കഴിഞ്ഞു. നസ്രല്ലയുടെ ബന്ധു കൂടിയായ ഹാഷിം സഫിദ്ദീന്‍ ആണ് പുതിയ തലവന്‍. 64 കാരനായ സഫിദ്ദീന്‍ ശരീരപ്രകൃതത്തിലും നസ്രലല്ലയുമായി ഏറെ സാമ്യമുള്ള നേതാവാണ്. നേരത്തേ അദ്ദേഹം ഇസ്രായല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം ഉണ്ടയിരുന്നു. എന്നാല്‍ സഫിദ്ദീന്‍ ജീവനോടെ ഉണ്ടെന്ന് സംഘടനയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിസ്ബുള്ളയുടെ ആദ്യ കാലത്ത് നസ്രല്ലയ്‌ക്കൊപ്പം തന്നെ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് സഫിദ്ദീന്‍.

1964 ല്‍ ദക്ഷിണ ലെബനനിലെ ദെയ്ര്‍ ഖാനന്‍ ല്‍ നഹര്‍ എന്ന സ്ഥലത്താണ് സഫദ്ദീന്‍ ജനിച്ചത്. 1990 ല്‍ ഇറാനില്‍ തന്റെ പഠനം പൂര്‍ത്തിയാക്കി ബെയ്‌റൂട്ടില്‍ എത്തിയതിന് പിന്നാലെ തന്നെ നസ്രല്ലയ്‌ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങി. ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ച് വരികയായിരുന്നു. ഗ്രൂപ്പിന്റെ ജിഹാദ് കൗണ്‍സില്‍ അംഗം കൂടിയാണ് സഫിദ്ദീന്‍. സംഘടനയുടെ സൈനികകാരങ്ങ്യളുടെ ചുമതലയാണ് ജിഹാദ് കൗണ്‍സിലിനുള്ളത്.

കഴിഞ്ഞ 30 വര്‍ഷമായി ഹിസ്ബുള്ളയുടെ സിവിലിയന്‍ ഓപ്പറേഷനുുകള്‍, വിദ്യാഭ്യാസ സംവിധാനങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയുടെയെല്ലാം മേല്‍നോട്ടം വഹിച്ചിട്ടുണ്ട് സഫിദ്ദീന്‍. സംഘടനയുടെ തന്ത്രപരമായ കാര്യങ്ങളായിരുന്നു നസ്രല്ലയുടെ ചുമതല. നസ്രല്ലയില്‍ നിന്നും വ്യത്യസ്തമായി ഏറെ കാലം ഇദ്ദേഹം ഒളിവിലായിരുന്നു. അടുത്തിടെയാണ് രാഷ്ട്രീയ-മതപരമായ പരിപാടികളില്‍ സജീവമായി തുടങ്ങിയത്.

മാത്രമല്ല യു.എസ് നയങ്ങളുടെ കൊടിയ വിമര്‍ശകന്‍ കൂടിയാണ് സഫുദ്ദീന്‍. 2017 ല്‍ യുഎസ് തീവ്രവാദികളുടെ പട്ടികയില്‍ സഫീദ്ദിനെ ഉള്‍പ്പെടുത്തിയിരുന്നു. ഹിസ്ബുള്ളയ്‌ക്കെതിരായ യുഎസ് നടപടിയെ 2017 ല്‍ സഫിദ്ദീന്‍ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ട്രംപിന്റെ കീഴിലുള്ള മാനസിക വൈകല്യമുള്ള യുഎസ് ഭരണകുടത്തിന് തങ്ങളുടെ ചെറുത്തുനില്‍പ്പുകളെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇത്തരം നടപടികളെല്ലാം സംഘടനയെ കൂടുതല്‍ ശക്തമാക്കുകയേ ഉള്ളൂവെന്നുമാണ് അദ്ദേഹം പറഞത്.

സിറിയന്‍ ഭരണത്തെ പിന്തുണച്ചതിന്റെ പേരില്‍ 2017 ല്‍ സൗദിയും സഫീദ്ദീനെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അന്തരിച്ച ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനിയുടെ ഭര്‍തൃപിതാവ് കൂടിയാണ് സഫിദ്ദീന്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുമായും അദ്ദേഹത്തിന് ശക്തമായ ബന്ധമുണ്ട്.

നസ്രല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി ഇസ്രായേല്‍ വകവരുത്തിയിരുന്നു. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായ ഹസന്‍ ഖലീല്‍ യാസിന്‍ എന്ന നേതാവിനെ വധിച്ചുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

ഇസ്രായേല്‍ ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ ഏഴ് ഹിസ്ബുള്ള നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല ഉള്‍പ്പെടെയുള്ള നേതാക്കളാണ് കൊല്ലപ്പെട്ടത്. നസ്റല്ലയ്ക്ക് ശേഷം ഹിസ്ബുള്ളയുടെ നേതൃസ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ച നബില്‍ കൗകും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 1980കളിലാണ് നബില്‍ ഹിസ്ബുള്ളയില്‍ ചേര്‍ന്നത്.

ശനിയാഴ്ച ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്. ഹിസ്ബുള്ളയുടെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു.

മൂന്ന് പതിറ്റാണ്ടുകളായി ഹിസ്ബുള്ളയെ നയിച്ചയാളാണ് ഹസന്‍ നസ്റല്ല. 1985ല്‍ യുഎസ്എയേയും സോവിയറ്റ് യൂണിയനെയും ഇസ്ലാമിന്റെ പ്രധാനശത്രുക്കളായി പ്രഖ്യാപിച്ച് തുറന്ന കത്തെഴുതിക്കൊണ്ടാണ് ഹിസ്ബുള്ള സ്ഥാപിക്കപ്പെട്ടത്. കൂടാതെ ഇസ്രായേലിനെ ഇല്ലാതാക്കുമെന്നും ഹിസ്ബുള്ള നേതാക്കള്‍ പറഞ്ഞിരുന്നു.

ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് പ്രധാന ഹിസ്ബുള്ള നേതാക്കള്‍

നബില്‍ കൗക്

ഹസന്‍ നസ്റല്ലയെ വധിച്ചതിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ പ്രധാന നേതാക്കളിലൊരാളാണ് നബില്‍ കൗക്. 1980കളിലാണ് ഇയാള്‍ ഹിസ്ബുള്ളയില്‍ ചേര്‍ന്നത്. തെക്കന്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2020ല്‍ കൗകിന് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

1995 മുതല്‍ 2010വരെ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ സൈന്യാധിപനായിരുന്നു കൗക്. മാധ്യമങ്ങളില്‍ മുഖം കാണിച്ചിരുന്ന കൗക് അനുയായികള്‍ക്കായി പ്രഭാഷണങ്ങളും നടത്തിയിരുന്നു.

ഇബ്രാഹിം അകില്‍


ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവായ ഇബ്രാഹിം അകില്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ഇബ്രാഹിം പദ്ധതിയിട്ടിരുന്നതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.

അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ചയാളുകൂടിയാണ് ഇബ്രാഹിം അകില്‍. 1980കളില്‍ നിരവധി ആക്രമണങ്ങളില്‍ ഇബ്രാഹിം പങ്കെടുത്തിട്ടുണ്ട്. 1983ല്‍ ബെയ്റൂട്ടിലെ യുഎസ് എംബസിയിലേക്കും യുഎസ് മറീന്‍ കോര്‍പ്സ് ബാറക്സിലേക്കും നടത്തിയ ബോംബാക്രമണത്തിലും ഇബ്രാഹിം പങ്കെടുത്തിരുന്നു. നിരവധി പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

അഹ്മദ് വെഹ്ബെ

ഹിസ്ബുള്ളയുടെ മറ്റൊരു പ്രധാന നേതാവാണ് അഹമദ് വെഹ്ബെ. ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാളും കൊല്ലപ്പെട്ടത്.

അലി കരാകി

ഹിസ്ബുള്ളയെ നയിച്ച പ്രധാന നേതാക്കളിലൊരാളാണ് അലി കരാകി. നിലവിലെ സംഘര്‍ഷത്തിലും ഇയാള്‍ പ്രധാനപങ്കുവഹിച്ചിരുന്നു. നസ്റല്ലയോടൊപ്പം കൊല്ലപ്പെട്ട കരാകിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മുഹമ്മദ് സുരോര്‍

ഹിസ്ബുള്ളയുടെ ഡ്രോണ്‍ യൂണിറ്റിന്റെ തലവനായിരുന്നു സുരോര്‍. ഇസ്രായേലിലേക്ക് നിരീക്ഷണ ഡ്രോണുകള്‍ അയയ്ക്കുന്നതിലാണ് സുരോറിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രദ്ധയൂന്നിയിരുന്നത്.

ഇബ്രാഹിം കൊബൈസി

തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ പ്രധാന നേതാക്കളിലൊരാളായ ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ മിസൈല്‍ യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam