അമ്മയ്‌ക്കോ അച്ഛനോ വിദേശപൗരത്വം: കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമോ

FEBRUARY 8, 2024, 10:28 AM

മാതാപിതാക്കളില്‍ ഒരാള്‍ വിദേശ പൗരത്വം സ്വീകരിച്ചാല്‍ കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്ന നിയമം കര്‍ശനമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ നിയമം വിദേശപൗരത്വമുള്ള ഇന്ത്യക്കാരെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

2023 ല്‍ പാസാക്കിയ പുതിയ പൗരത്വ നിയമം പ്രകാരം ഇന്ത്യയില്‍ ജനിച്ച് ഇന്ത്യന്‍ പൗരത്വം നേടിയ കുട്ടികള്‍ക്ക് പോലും അവരുടെ മാതാപിതാക്കളില്‍ ഒരാള്‍ വിദേശ പൗരത്വം സ്വീകരിക്കുകയാണെങ്കില്‍ പൗരത്വം നഷ്ടപ്പെടാം എന്നതാണ് ആശങ്ക ഉളവാക്കുന്നത്.


എന്താണ് നിയമം പറയുന്നത്

2004 ഡിസംബര്‍ മൂന്നിന് അല്ലെങ്കില്‍ അതിനുശേഷം ജനിച്ച കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളില്‍ ഒരാള്‍ വിദേശ പൗരത്വം സ്വീകരിക്കുകയാണെങ്കില്‍ പൗരത്വം നഷ്ടപ്പെടാം. അതേസമയം 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഈ നിയമത്തില്‍ നിന്ന് ഇളവ് ലഭിക്കും. പൗരത്വം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ പുനരധിവാസത്തിന് അപേക്ഷിക്കാം.

നിയമ പ്രകാരം വിദേശ ഇന്ത്യക്കാരായ മാതാപിതാക്കളില്‍ ഒരാള്‍ വിദേശ പൗരത്വമെടുത്താല്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കാണ് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുന്നത്. എന്നാല്‍ മൈനര്‍ പദവി തീരുന്ന മുറയ്ക്ക് നിര്‍ദിഷ്ട ഫോമില്‍ ഇന്ത്യന്‍ പൗരത്വം തുടരാനാഗ്രഹിക്കുന്നുവെന്ന് അറിയിച്ചാല്‍ പൗരത്വം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

നിയമം കര്‍ശനമാക്കിയാല്‍ വിദേശങ്ങളിലുള്ള പലര്‍ക്കും അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. ഈ വ്യവസ്ഥ രണ്ടാഴ്ച മുന്‍പാണ് കര്‍ശനമാക്കിയതെന്നാണ് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മുഖേന ലഭിച്ചവിവരം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് 5 വര്‍ഷത്തേക്കാണ് പാസ്‌പോര്‍ട്ട് നല്‍കുന്നത്. ലണ്ടനില്‍ സ്ഥിരതാമസക്കാരായ ഒരു മലയാളി കുടുംബം ഇളയ കുട്ടിയുടെ പാസ്‌പോര്‍ട്ട് പുതുക്കാനെത്തിയപ്പോഴാണ് ഇങ്ങനെയൊരു കാര്യം അധികൃതര്‍ അറിയിച്ചത്. കുട്ടിയുടെ മാതാവ് അടുത്തിടെ ബ്രിട്ടിഷ് പൗരത്വമെടുത്തിരുന്നു. ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസന്‍ കാര്‍ഡുമുണ്ട്.

അതേസമയം നിയമം കര്‍ശനമാക്കിയതായി വിദേശകാര്യമന്ത്രാലയവും ശരിവച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വം സംബന്ധിച്ച നിയമങ്ങള്‍ കാലാകാലം പുതുക്കുന്നത്. ഇതു സംബന്ധിച്ച നോട്ടിസ് ആഭ്യന്തര മന്ത്രാലയം ഇറക്കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കണമെന്ന മുന്നറിയിപ്പോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടിസ്. ഇന്ത്യന്‍ പൗരത്വ നിയമം (1955) 8-ാം വകുപ്പിലെ സബ് സെക്ഷന്‍ 1 പ്രകാരം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ (മാതാവോ പിതാവോ) പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുമെന്ന് ഇതില്‍ വ്യക്തമാക്കി. മൈനര്‍ പദവി തീരുന്ന മുറയ്ക്ക് നിര്‍ദിഷ്ട ഫോമില്‍ ഇന്ത്യന്‍ പൗരത്വം തുടരാനാഗ്രഹിക്കുന്നുവെന്ന് അറിയിച്ചാല്‍ പൗരത്വം ലഭിക്കുമെന്നും നോട്ടിസില്‍ പറയുന്നു.

അടുത്ത കാലത്ത് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് സമീപകാലത്ത് വിദേശങ്ങളിലേക്ക് പൗരത്വം ഉപേക്ഷിച്ച് കുടിയേറിയതെന്ന് വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടികളില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പൗരത്വ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ഈ സാഹചര്യത്തില്‍ സ്വഭാവികമായും ഇരട്ട പൗരത്വത്തെപ്പറ്റി ചോദ്യം ഉയരാം. ഇന്ത്യയില്‍ ഇരട്ട പൗരത്വം അനുവദനീയമാണോ എന്ന് നോക്കാം.

ഇരട്ട പൗരത്വം എന്നാല്‍ ഒരു വ്യക്തിക്ക് ഒന്നിലധികം ദേശീയതകള്‍ ഉണ്ടായിരിക്കാം എന്നാണ്. ഇത് വ്യക്തിക്ക് രാജ്യത്തിന്റെ പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഒന്നിലധികം പൗരത്വമുണ്ടെങ്കില്‍ രണ്ട് രാജ്യങ്ങളിലും ജോലി ചെയ്യാനും പഠിക്കാനും താമസിക്കാനും കഴിയും. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ മുതലായ ആനുകൂല്യങ്ങളും ലഭിക്കും.

ഇരട്ട പൗരത്വമുള്ള വ്യക്തികള്‍ക്ക് ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ കൈവശം വയ്ക്കാന്‍ കഴിയും. അത് അവരെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നു. കൂടാതെ, അവര്‍ക്ക് മിക്ക രാജ്യങ്ങളിലേക്കും വിസയില്ലാതെ യാത്ര ചെയ്യാം.

ഇന്ത്യക്കാര്‍ക്ക് ഇരട്ട പൗരത്വം ലഭിക്കുമോ?


ഇന്ത്യന്‍ ഭരണഘടനയില്‍ ഇരട്ട അല്ലെങ്കില്‍ ഒന്നിലധികം പൗരത്വം സംബന്ധിച്ച് ഒരു വ്യവസ്ഥയും ഇല്ല. പകരം, ഒരു ഇന്ത്യക്കാരന് തിരഞ്ഞെടുത്ത രാജ്യത്തിന്റെ രണ്ടാമത്തെ പാസ്പോര്‍ട്ട് സ്വന്തമാക്കാം. എന്നാല്‍ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടാന്‍ അവര്‍ ബാധ്യസ്ഥരാണ്. 1967-ലെ പാസ്പോര്‍ട്ട് നിയമം ഓരോ ഇന്ത്യന്‍ താമസക്കാരനും മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടിയ ശേഷം അവരുടെ പാസ്പോര്‍ട്ട് അടുത്തുള്ള എംബസിക്ക് സമര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു. വിദേശ പൗരത്വം ലഭിച്ചതിന് ശേഷം ഇന്ത്യക്കാര്‍ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) പദവി ലഭിക്കേണ്ടതുണ്ട്.

ആര്‍ട്ടിക്കിള്‍ 5, 6, 8 എന്നിവ പ്രകാരം വിദേശ പൗരത്വം സ്വമേധയാ തേടുന്ന ആള്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. ഇന്ത്യയില്‍ ഇരട്ട പൗരത്വത്തിന് വ്യവസ്ഥകളൊന്നുമില്ലെങ്കിലും വ്യക്തികള്‍ക്ക് ഒസിഐ കാര്‍ഡ് തിരഞ്ഞെടുക്കാം. ഇത് ഇന്ത്യയിലും തിരഞ്ഞെടുത്ത രാജ്യത്തും അനിശ്ചിതമായി ജീവിക്കാനും ജോലി ചെയ്യാനും ബിസിനസ്സ് തുടരാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നു. അവര്‍ക്ക് സ്വത്തും സ്വന്തമാക്കാം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam