നിലമ്പൂരിൽ നിലമൊരുങ്ങുന്നത് ആർക്കുവേണ്ടി?

APRIL 17, 2025, 1:40 AM

പിണറായി വിജയനോട് പിണങ്ങിപ്പിരിഞ്ഞ പി.വി. അൻവറിനെ നിലമ്പൂരിലെ വോട്ടർമാർ പിന്തുണയ്ക്കുമോ എന്നത് വലിയൊരു ചോദ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഉപതെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ സൂചനയാണെങ്കിൽ ആ ചോദ്യത്തിന് കോടികളുടെ മൂല്യമുണ്ട്. പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ  പ്രതീക്ഷയെല്ലാം കേരളത്തിലും പിണറായിയിലും കേന്ദ്രീകരിക്കുന്ന ഈ ഘട്ടത്തിൽ. പ്രായപരിധിയുടെ മാനദണ്ഡങ്ങൾ അദ്ദേഹത്തിന് മുന്നിൽ വഴിമാറുന്നു.

മുഖ്യമന്ത്രി പദത്തിൽ റെക്കോർഡ് സ്ഥാപിച്ചു നിൽക്കുന്ന പിണറായി വിജയൻ എന്ന വൻമരം കേരളത്തിൽ കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയെന്ന നേട്ടമാണ് സ്വന്തമാക്കുന്നത്. മുഖ്യമന്ത്രി പദത്തിൽ 3246 ദിവസങ്ങളാണ് പിണറായി വിജയൻ  വിഷുദിനത്തിൽ പൂർത്തിയാക്കിയത്. കെ. കരുണാകരനെയാണ് പിണറായി ഇതോടെ പിന്തള്ളിയത്.

അതിനുമുമ്പുതന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്നയാൾ എന്ന റെക്കോർഡ് അദ്ദേഹം നേടിയിരുന്നു. 2022 നവംബർ 14ന് സി. അച്യുതമേനോനെ പിന്തള്ളിയാണ് ആ റെക്കോർഡ്  സ്വന്തമാക്കിയത്. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി പദത്തിൽ 4009 ദിവസം ചെലവിട്ട ഇ.കെ. നായനാർ മാത്രമാണ് ഇനി പിണറായിയുടെ മുന്നിൽ.

vachakam
vachakam
vachakam

അതുകൊണ്ടാണ് പി.വി. അൻവറിന്റെ വെല്ലുവിളിക്കും പ്രസക്തിയേറുന്നത്. തുടർഭരണത്തിന്റെ ഗുണദോഷങ്ങൾ പ്രതിഫലിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലമായിരിക്കും നിലമ്പൂരിൽ നിന്ന് പുറത്തു വരിക എന്നാണ് അൻവർ ആണയിടുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ വാശി പിടിക്കുന്നതും കളം കൊഴുപ്പിക്കാനാണ്.

നിലമ്പൂരിന്റെ നിറം

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നാല് ഉപതെരഞ്ഞെടുപ്പുകൾ കണ്ട വോട്ടർമാരാണ് കേരളത്തിലുള്ളത്. തൃക്കാക്കരയും പുതുപ്പള്ളിയും സിറ്റിംഗ് സീറ്റുകൾ യു.ഡി.എഫ് നിലനിർത്തിയപ്പോൾ ചേലക്കരയും പാലക്കാടും ഇടതും നിലനിർത്തി. മാറി ചിന്തിക്കേണ്ട സാഹചര്യമോ അങ്ങനെ സ്വാധീനിക്കാൻ പ്രാപ്തമായ വോട്ടിംഗ് പറ്റേൺ വ്യതിയാനമോ ആ മണ്ഡലങ്ങളിൽ സംഭവിച്ചില്ല.

vachakam
vachakam
vachakam

എന്നാൽ നിലമ്പൂരിൽ ചിത്രം വൃത്യസ്ഥമാണ്. അവിടെ നിലവിൽ ഒരു പ്രവചന സാധ്യത വിദൂരത്താണ്. അത് എങ്ങോട്ടു വേണമെങ്കിലും ചായാം. പണ്ട് ആറ് തവണ ആര്യാടൻ മുഹമ്മദിനെ നിയമസഭയിലേക്ക് അയച്ച മണ്ഡലമാണ് അത്. എന്നാൽ, 2016 ൽ കഥ മാറി. അന്ന് സി.പി.എം, പി.വി. അൻവർ എന്ന സ്വതന്ത്രനെ മണ്ഡലത്തിൽ പരീക്ഷിച്ച് ഗതിമാറ്റി.

11, 500 വോട്ടിനാണ്  അൻവർ എന്ന ഇടതു സ്വതന്ത്രൻ ജയിച്ചുകയറിയത്. 2021 ൽ അൻവറിന് രണ്ടാം വിജയവും സമ്മാനിച്ച് നിലമ്പൂർ പിണറായി വിജയനെ സംപ്രീതനാക്കി. അതേ അൻവറാണ് ഇന്ന് ശത്രു പാളയത്തിൽ കയറിക്കൂടി കരുക്കൾ നീക്കാൻ തിരക്കു കൂട്ടുന്നത്. യു.ഡി.എഫിനെ കീഴ്‌പ്പെടുത്തിയ അൻവറിന്റെ തിരിച്ചുവരവ് ഇത്തവണ കോൺഗ്രസിന് തുണയാകുമെന്ന് ചിലരെങ്കിലും കണക്കു കൂട്ടുന്നുണ്ട്. കൂടാതെ കഴിഞ്ഞ തവണ മൂവായിരത്തിലധികം വോട്ടുകൾ നേടിയ എസ്.ഡി.പി.ഐ നിലവിൽ യു.ഡി.എഫിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്. അത് വോട്ടിൽ പ്രതിഫലിച്ചാൽ ഗുണമാണ്.

എന്നാൽ അനുകൂല ചുറ്റുപാടുകൾ നിലനിൽക്കുമ്പോഴും സ്ഥാനാർത്ഥി നിർണയം യു.ഡി.എഫിനെ കുഴയ്ക്കുന്ന കാഴ്ച കാണാം.

vachakam
vachakam
vachakam

ആര് കളത്തിലിറങ്ങും?

യു.ഡി.എഫിനെപ്പറ്റി പറഞ്ഞാൽ ആര്യാടൻ ഷൗക്കത്തും വി.എസ്. ജോയിയും ചിത്രത്തിൽ വന്നു കഴിഞ്ഞു. അത് രണ്ടു പക്ഷമായി നിൽക്കുന്ന നേതാക്കളാണെന്ന വസ്തുത കോൺഗ്രസിന്റെ എക്കാലത്തേയും ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ദൃഷ്ടാന്തമാണ്. അതായത്, മികച്ച കാലുവാരലിനുള്ള അനന്ത സാദ്ധ്യത കോൺഗ്രസ് സ്വയം ഭയക്കണം. ആര്യാടൻ ഷൗക്കത്ത് വിഭാഗം നിലമ്പൂരിൽ പ്രബലമാണ്. കഴിഞ്ഞ തവണത്തെ പി.വി. അൻവറിന്റെ ഭൂരിപക്ഷം കേവലം 2100 വോട്ടായി കുറഞ്ഞിരുന്നു എന്നത് കാണുമ്പോൾ അന്ന് സ്വാധീനിച്ച ഘടകങ്ങളിൽ ഒന്ന് ആര്യാടൻ വിഭാഗത്തിന്റേതും ആകാം. 

ഇതിനിടെ മുസ്ലിം ലീഗിന്റെ നിലപാടും നിർണായകം തന്നെ. ഷൗക്കത്തിനെ ലീഗിൽ ഒരു വിഭാഗം പിന്തുണയ്ക്കുമ്പോൾ വി.എസ്. ജോയി മത്സരിക്കട്ടെ എന്ന് കരുതുന്ന ലീഗുകാരും നിലമ്പൂരിലുണ്ട്. ഇതിനെല്ലാം പുറമെ മലപ്പുറം ജില്ലയിൽ നിലമ്പൂർ മണ്ഡലത്തിൽ ഹിന്ദു വോട്ടുകളും നിർണായകമാണ്. 45 ശതമാനമാണ് ഹൈന്ദവ വോട്ടുകൾ. മുസ്ലിം വോട്ടുകളേക്കാൾ മേലെ. വെള്ളാപ്പള്ളി നടേശൻ നിലമ്പൂരിൽ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ ഗുണഭോക്താവ് വെള്ളാപ്പള്ളിയെ പിന്നാലെ ആദരിച്ച പിണറായി വിജയന്റെ സ്ഥാനാർത്ഥി ആവുമോ എന്ന കൗതുക രാഷ്ട്രീയവും നിലമ്പൂരിന്റെ മണ്ണിൽ മുള പൊട്ടുന്നുണ്ട്.

ഇതിനിടെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പ്രവേശനം പി.വി. അൻവറിന് അനിവാര്യതയാണ്. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യു.ഡി.എഫ്  നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അൻവർ പറയുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങൾ പിന്നീട് ആലോചിക്കേണ്ടിവരുമെന്നും പി.വി. അൻവർ മുന്നറിയിപ്പ് നൽകുന്നു. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തോ, വി.എസ്. ജോയിയോ കോൺഗ്രസ് സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തീരുമാനം പറയാൻ പറ്റില്ലെന്നും അൻവർ നിലപാടെടുക്കുകയാണ്.

നിലമ്പൂരിന്റെ മുനമ്പത്ത്

വെള്ളാപ്പള്ളിയുടെ ജാതി പരാമർശം യാദൃശ്ചികമല്ലാത്തതുപോലെ വഖഫ് വിഷയം നിലമ്പൂരിൽ ഇറക്കുമതി ചെയ്യുന്നതും നിർദ്ദോഷമായിട്ടല്ല. 10 ശതമാനം ക്രൈസ്തവ വോട്ടുകൾ കൂടിയുള്ള നിലമ്പൂരിൽ, ഇടതുപക്ഷത്തിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് നീക്കിവയ്ക്കാവുന്ന വില പേശൽ വോട്ടായി ക്രിസ്ത്യൻ വോട്ടുകൾ മാറാം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വഖഫ്, മുനമ്പം വിഷയങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ബി.ജെ.പിയുടേയും നീക്കം.

ഏതായാലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പു ഫലം ചുറ്റിക്കറങ്ങുക അൻവർ ഇഫക്ടിൽ ആയിരിക്കും. യു.ഡി.എഫ് ബന്ധത്തെ 'തറവാട്' അഥവാ പൂർവ്വിക പാർട്ടിയിലേക്കുള്ള തിരിച്ചുവരവാണെന്ന് വിശേഷിപ്പിച്ചാണ് മുന്നണിയിലേക്കുള്ള പ്രവേശന സാധ്യതയെ അൻവർ സ്വപ്‌നം കാണുന്നത്. യു.ഡി.എഫിന്റെ വാതിൽ അൻവറിനു മുന്നിൽ 'അടഞ്ഞിട്ടില്ല, തുറന്നിട്ടുമില്ല' എന്നും യു.ഡി.എഫ് ഉചിതമായ സമയത്ത് ഈ വിഷയം ചർച്ച ചെയ്യുമെന്നും യു.ഡി.എഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശൻ പറഞ്ഞ വാക്ക് അവിടെത്തന്നെ നിൽക്കുകയാണ്.

പനമരം പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണത്തെ അട്ടിമറിച്ചതാണ് അൻവർ നൽകിയ സമ്മാനം. അടുത്തിടെ തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുൻ എൽ.ഡി.എഫ് കൗൺസിലർ ബെന്നി ചെറിയാൻ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ പനമരത്ത് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തു. 'വയനാടിലെ ഒരു നഗരസഭയിൽ എൽ.ഡി.എഫിനെ അട്ടിമറിക്കാൻ എനിക്ക് കഴിയുമെന്നതാണ് യു.ഡി.എഫിനുള്ള എന്റെ സമ്മാനം അൻവറിന്റെ ഈ ആത്മ വിശ്വാസം പിണറായിസത്തെ തകർക്കാനുള്ള കരുത്ത് നേടുമോ എന്നാണ് കണ്ടറിയേണ്ടത്.

എന്നാൽ നിലമ്പൂരിൽ കഴിഞ്ഞ എട്ടര വർഷത്തിലധികമായി നടന്ന വികസന പ്രവർത്തനങ്ങൾ ഇടതു സ്ഥാനാർഥിക്ക് വോട്ടായി മാറുമെന്നാണ് സി.പി.എമ്മിന്റെ വിശ്വാസം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനാണ് സി.പി.എം മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കുന്ന കാര്യവും സി.പി.എമ്മിന്റെ സജീവ പരിഗണനയിലുണ്ട്. ഏതുനിമിഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നേരിടാനുള്ള സർവ്വ സംവിധാനങ്ങളുമായാണ് മൂന്നു മുന്നണികളിലും നിലമ്പൂരിൽ നിലയുറപ്പിച്ചിട്ടുള്ളത്.

അതിനിടെ വ്യാജ വോട്ടർ പട്ടിക ആരോപണം യു.ഡി.എഫ് ഉയർത്തിയിട്ടുണ്ട്. പതിവു പോലെ ക്രമക്കേടുണ്ടെങ്കിൽ അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് സർക്കാരും ഇടതുമുന്നണിയും.

പ്രജിത് രാജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam