ജീവനെടുക്കുന്ന വെടിക്കെട്ടും, പാഠമാക്കാത്ത ചരിത്രങ്ങളും...

APRIL 22, 2026, 10:18 AM

ആഘോഷ വേളകളിലെ വെടിക്കട്ടില്‍ ആവര്‍ത്തിച്ചുള്ള ദുരന്തങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നില്ലെന്ന വിമര്‍ശനം മുന്‍പും നമ്മള്‍ കേട്ടതാണ്. കൊല്ലം പുറ്റിങ്ങല്‍ അപകടത്തിന് പിന്നാലെ ഉഗ്ര ശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചിരുന്നു. എന്നാല്‍ വിധി വന്ന് എട്ട് വര്‍ഷമായിട്ടും ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ വീഴ്ച സംഭവിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായ അപകടവും ചൂണ്ടിക്കാണിക്കുന്നത് ഒന്ന് തന്നെയാണ്. മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ ഇതുവരെ 14 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിര്‍മാണം നടന്നത്. അഞ്ചിടത്തും തീ പടര്‍ന്നു. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായാണ് വിവരം.

2024 ഒക്ടോബര്‍ 24നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ ആറ് പേര്‍ മരിച്ചത്. ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ ഉണ്ടായ തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീണാണ് പൊട്ടിത്തെറിയുണ്ടായത്. നീലേശ്വരം ദുരന്തം വാര്‍ത്തകളില്‍ നിന്ന് മായും മുമ്പാണ് അഴിക്കോട് മറ്റൊരു ദുരന്തവും ഉണ്ടായത്. ഈ ലിസ്റ്റിലേക്ക് ഇപ്പോള്‍ മുണ്ടത്തിക്കോട് വെടിക്കെട്ടപകടവും ഇടം പിടിച്ചിരിക്കുകയാണ്.

നിയമങ്ങളും വ്യവസ്ഥകളും

2008ലെ സ്ഫോടക വസ്തു നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം ഗസ്റ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. വെടിക്കെട്ടിനുള്ള മരുന്ന് സൂക്ഷിക്കുന്ന സ്ഥലത്തുനിന്ന് 200 മീറ്റര്‍ അകലെ മാത്രമേ വെടിക്കെട്ട് നടത്താവൂ എന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെ ആളുകള്‍ നില്‍ക്കണം, ആളുകള്‍ നില്‍ക്കുന്ന ഇടം ബാരിക്കേഡ് കെട്ടി തിരിക്കണം, വിവിധ വലിപ്പത്തിലുള്ള അമിട്ടുകള്‍ തമ്മിലുള്ള അകലം 50 സെന്റിമീറ്റര്‍ വേണം തുടങ്ങി വെടിക്കെട്ടുമായി ബന്ധപ്പെട്ട 35 വ്യവസ്ഥകള്‍ വിജ്ഞാപനത്തിലുണ്ട്.

ജീവനെടുക്കുന്ന വെടിക്കെട്ടുകള്‍:

കേരളത്തില്‍ നടന്ന വെടിക്കെട്ട് അപകടങ്ങളില്‍ ഇതേവരെ 400 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. തൃശൂര്‍ അപകടത്തിന്റെ കണക്കിന് പുറമെയാണിത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത് കൊല്ലം ജില്ലയിലാണ്. 2016 ല്‍ കൊല്ലം പരവൂര്‍ പുറ്റിങ്ങലില്‍ ഉണ്ടായ വെടിക്കെട്ട് അപകടമാണ് ഈ കണക്കിന്റെ വ്യാപ്തി കൂട്ടിയത്. ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകടത്തില്‍ അന്ന് 114 പേരാണ് മരിച്ചത്. കേരളത്തിലുണ്ടായ ഏറ്റവും വലിയ വെടിക്കെട്ട് അപകടമാണ് ഇത്. ഏറ്റവും കൂടുതല്‍ ആളുകള്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചതും 2016 ല്‍ ആണ്.

2024 ഒക്ടോബര്‍ 24 നീലേശ്വരം വീര്‍ക്കാവില്‍ നടന്ന വെടിക്കെട്ട് അപകടത്തില്‍ ആറ് പേരാണ് മരിച്ചത്. അപകടത്തില്‍ 150 പേര്‍ക്ക് പരിക്കേറ്റു. 2016 ല്‍ കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകടത്തില്‍ 114 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കേരളത്തിലുണ്ടായ ഏറ്റവും വലിയ വെടിക്കെട്ട് അപകടമാണിത്.

2016 ല്‍ എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലിക്ക് വെടിക്കെട്ട് തയ്യാറാക്കുന്ന തെക്കേ ചേരുവാരം വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. 2008 ലും ഇതേ അമ്പലത്തില്‍ അപകടമുണ്ടായിരുന്നു. 2008 ഫെബ്രുവരി 18ന് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിനിടെ ആളുകളുടെ ഇടയിലേക്ക് പടക്കം വീണു പൊട്ടി മൂന്ന് പേര്‍ മരിച്ചിരുന്നു. 2013 ല്‍ പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേരാണ് മരിച്ചത്. 2011ല്‍ ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് 13 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

2006 ല്‍ തൃശൂര്‍ പൂരത്തിന് തയ്യാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 1999ല്‍ പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1998 ല്‍ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണ ശാലയില്‍ പൊട്ടിത്തറിയുണ്ടായി 13 പേര്‍ മരിച്ചു. 1997ല്‍ തൃശൂര്‍ ചിയ്യാരം പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയുണ്ടായി ആറ് പേരാണ് മരിച്ചത്. 1990ല്‍ കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തില്‍ 26 പേര്‍ മരിച്ചു. 1989 തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ ഉണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. 1984 ലും ഇവിടെ അപകടമുണ്ടായിരുന്നു. അന്ന് 20 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

1988ല്‍ തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാര്‍ മരിച്ചിരുന്നു. ആകെ പത്ത് പേരാണ് അന്ന് മരിച്ചത്. 1987 ല്‍ ഏറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിന് വെടിക്കെട്ടൊരുക്കുന്ന വടക്കേ ചേരുവാരം വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. 1987 ല്‍ തൃശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

1978ല്‍ തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. 1952 ജനുവരി 14 ന് പകല്‍ മൂന്ന് മണിക്ക് ശബരിമലയിലുണ്ടായ കരിമരുന്ന് സ്‌ഫോടനത്തില്‍ 68 പേരാണ് മരിച്ചത്. ഇവ കൂടാതെ സംസ്ഥാനത്തുണ്ടായ മറ്റ് 54 വെടിക്കെട്ട് അപകടങ്ങളിലായി 160 ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

'മരിച്ച് കഴിഞ്ഞിട്ടല്ല, മരിക്കുന്നതിന് മുന്‍പേയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്' എന്ന് വിളിച്ച് പറഞ്ഞാണ് കളക്ടറേറ്റില്‍ വിളിച്ച് ചേര്‍ത്ത മന്ത്രിമാരുടെ വാര്‍ത്താ സമ്മേളനത്തിനിടെ ഒരു യുവതി പ്രതിഷേധിച്ചത്. അതേ, ജീവനല്ലെ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഇനിയും എന്തിനാണി കാലതാമസം

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam