പുതിയ തലമുറയ്ക്ക് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരുനിമിഷത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആവില്ല. ഇന്ന് കാണുന്ന മൊബൈല്‍ ഫോണ്‍ എന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1947 ലാണ് മൊബൈല്‍ ഫോണ്‍ എന്ന ആശയം ഉടലെടുക്കുന്നത്. അക്കാലത്ത് അമേരിക്കയിലെ കാറുകളില്‍ ആശയ വിനിമയത്തിനായി മൊബൈല്‍ ഫോണുകളുടെ മാതൃകയിലുള്ള ഒരു തരം ആശയ വിനിമയ സംവിധാനം ഉപയോഗിച്ചിരുന്നു. ഒരു നിശ്ചിത പരിധിയില്‍ ഒതുങ്ങിനിന്നായിരുന്നു ഇവയുടെ പ്രവര്‍ത്തനം.
എന്നാല്‍ ഈ സംവിധാനം വികസിപ്പിക്കാന്‍ പോന്ന തരത്തിലുള്ള മികച്ച സാങ്കേതിക വിദ്യയൊന്നും അന്നില്ലായിരുന്നു. കൂടാതെ റേഡിയോ, ടെലിവിഷന്‍ സംപ്രേഷണവുമായി ബന്ധപ്പെട്ട എന്തു പരീക്ഷണവും ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ ചെയ്യാനും കഴിയുമായിരുന്നുള്ളൂ.
അക്കാലത്താണ് അമേരിക്കയിലെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ അതികായരായിരുന്ന ഐടി ആന്‍ഡ് ടി എന്ന കമ്പനി പുതിയൊരു നിര്‍ദ്ദേശവുമായി എഫ്‌സിസിയെ സമീപിച്ചത്. റേഡിയോ സ്‌പെക്ട്രം ആവൃത്തി കൂടുതല്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ മൊബൈല്‍ ഫോണ്‍ സംവിധാനം വിപുലപ്പെടുത്താം എന്നതായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ എഫ്‌സിസിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ നൂതന സംവിധാനത്തെകുറിച്ച് അത്ര പിടിയില്ലായിരുന്നു. അതിനാല്‍ ഐടി ആന്‍ഡ് ടിയുടെ ആവശ്യത്തിന് എഫ്‌സിസിയില്‍ നിന്നും അത്രനല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്.
1968- ല്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഐടി ആന്‍ഡ് ടിയുടെ നിര്‍ദ്ദേശം എഫ്‌സിസി അംഗീകരിച്ചു. തുടര്‍ന്ന് ഐടി ആന്‍ഡ് ടിയും ബെല്‍ ലാബ്സും ചേര്‍ന്ന് ഒരു സെല്ലുലാര്‍ സംവിധാനം നിര്‍മ്മിച്ച് എഫ്‌സിസിക്ക് നല്‍കി. ഇതോടെ മൊബൈല്‍ ഫോണ്‍ രംഗത്ത് കമ്പനികളും വ്യക്തികളും കൂടുതല്‍ പരീക്ഷണം നടത്താന്‍ തുടങ്ങി. അങ്ങനെ ആദ്യത്തെ ഉപയോഗപ്രദമായ മൊബൈല്‍ ഫോണ്‍ നിര്‍മ്മിക്കാന്‍ ബെല്‍ ലാബ്സും മോട്ടോറോള കമ്പനിയും തമ്മിലുള്ള മത്സരവും തുടങ്ങി.
അമേരിക്കയിലെ ടെലിഫോണ്‍ വിപണി അടക്കി ഭരിച്ചിരുന്നത് ഐടി ആന്‍ഡ് ടി എന്ന കമ്പനിയായിരുന്നു. എന്തെങ്കിലും വ്യത്യസ്തമായ ഒരു ഉല്‍പന്നം അവതരിപ്പിച്ചാല്‍ മാത്രമെ മറ്റൊരു കമ്പനിക്ക് ഈ മേഖലയിലേക്ക് കടന്നുവരാന്‍ സാധിക്കുമായിരുന്നുളളു. ഈ സാഹചര്യത്തിലാണ് വയര്‍ലെസ് ഫോണ്‍ വികസിപ്പിക്കുന്ന ചുമതല മാര്‍ട്ടിന്‍ കൂപ്പര്‍ക്ക് ലഭിക്കുന്നത്. അക്കാലത്ത് ഇതു സംബന്ധമായ നിരവധി ഗവേഷണങ്ങള്‍ നടന്നെങ്കിലും പ്രായോഗികമായി ഉപയോഗിക്കാവുന്ന തരത്തില്‍ ഒരു ഉല്‍പന്നം പുറത്തിറങ്ങിയിരുന്നില്ല. വെല്ലുവിളി ഏറ്റെടുത്ത കൂപ്പര്‍ തൊണ്ണൂറ് ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കി കൈയടി നേടി.
മൊബൈല്‍ ഫോണിന് ജന്മം നല്‍കുമ്പോള്‍ പിതാവായ ഡോ മാര്‍ട്ടിന്‍ കൂപ്പറിന് നാല്‍പ്പത്തിനാല് വയസായിരുന്നു പ്രായം. 1973 ഏപ്രില്‍ മൂന്നിനായിരുന്നു ആ ചരിത്ര സംഭവം നടന്നത്. അതായത് വിയറ്റ്നാമില്‍ നിന്ന് അമേരിക്ക പിന്‍മാറിയ വര്‍ഷം. അന്നത്തെ ആദ്യ ഫോണ്‍വിളിയെപ്പറ്റി 2017 ല്‍ 88 വയസുകാരനായ മാര്‍ട്ടിന്‍ കൂപ്പര്‍ ഓര്‍ക്കുന്നതിങ്ങനെ- 'അന്ന് ഞാന്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു നടക്കുമ്പോള്‍ പരിഷ്‌കാരികളായ ന്യൂയോര്‍ക്ക് നിവാസികള്‍ പോലും എന്നില്‍ നിന്നും അകലം പാലിച്ച് കൗതുകത്തോടെ നോക്കുമായിരുന്നു. ഓരോ ഫോണ്‍വിളിയിലും എന്നെ ചുറ്റിപ്പറ്റി ആരെങ്കിലുമുണ്ടാകുമായിരുന്നു. കോഡ്ലെസ് ടെലിഫോണുകള്‍ പോലുമില്ലാതിരുന്ന അന്ന് എന്റെ കൈയിലെ ഫോണ്‍ ഒരു അത്ഭുത വസ്തു തന്നെയായിരുന്നു. റോഡുകള്‍ മുറിച്ചു കടക്കുമ്പോള്‍ പോലും എന്റെ ചെവിയില്‍ ഫോണുണ്ടായിരുന്നു. ധാരാളം ഫോണ്‍വിളികള്‍ ഞാന്‍ നടത്തി.' ഇതേ കൂപ്പറാണ് പിന്നീട് മോട്ടോറോള മൊബൈല്‍ കമ്പനിയുടെ ജനറല്‍ മാനേജറായി മാറിയത്.
അമേരിക്കയില്‍ മോട്ടോറോള കമ്പനിയുടെ സിസ്റ്റം ഡിവിഷന്റെ ജനറല്‍ മാനേജറായിരുന്നു മാര്‍ട്ടിന്‍ കൂപ്പര്‍. 1928ല്‍ അമേരിക്കിയലെ ഷിക്കാഗോയില്‍ ജനിച്ച മാര്‍ട്ടിന്‍ കൂപ്പര്‍ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത ശേഷമാണ് മോട്ടറോള കമ്പനിയില്‍ ഉദ്യോഗസ്ഥനായത്. ഒരു ഏപ്രില്‍ മാസത്തില്‍ കൂപ്പര്‍ ന്യൂയോര്‍ക്കിലെ തെരുവിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ ഒരു കൊച്ചുയന്ത്രമുണ്ട്. ഇന്നത്തെ മൊബൈലിന്റെ മൂലരൂപമായിരുന്നു അത്.
പലരും അയാളെ അമ്പരപ്പോടെയാണ് നോക്കിക്കൊണ്ടിരുന്നത്. ക്ഷണിച്ചു വരുത്തിയ മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ നോക്കി നില്‍ക്കെ അദ്ദേഹം ആ യന്ത്രത്തില്‍ ഡയല്‍ ചെയ്ത് ഒരു സുഹൃത്തിനെ വിളിച്ചു. മോട്ടോറോളയുടെ ബദ്ധശത്രു, ബിസിനസ് എതിരാളി ഡോ. ജോയേല്‍ എസ് ഇന്‍ജെലിന്റെ ലാന്‍ഡ് ഫോണിലേക്കായിരുന്നു ആ വിളി.യഥാര്‍ഥ സെല്ലുലാര്‍ ഫോണില്‍ നിന്നാണ് താന്‍ സംസാരിക്കുന്നത് എന്നായിരുന്നു വിജയശ്രീലാളിതനായ കൂപ്പറിന്റെ വാക്കുകള്‍. കോള്‍ കട്ട് ആയി വീണ്ടും അടുത്ത കോള്‍ ' വാട്സണ്‍ നീ എന്റെ അടുത്തേക്ക് വരൂ നിന്നെ എനിക്ക് ആവശ്യം ഉണ്ട് 'അതായിരുന്നു ലോകത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍ സംഭാഷണം.
മാധ്യമ പ്രവര്‍ത്തകരെ ആ ഫോണില്‍ നിന്ന് വിളിക്കാനനുവദിച്ച കൂപ്പര്‍ താന്‍ നുണ പറയുന്നതല്ലെന്ന് അവരെ ബോധ്യപ്പെടുത്തി. 1973 ല്‍ ഒരു കൈക്കുള്ളില്‍ ഒതുക്കി ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച ഉടന്‍ ബെല്‍ ലാബ്‌സ് മേധാവിയെ വിളിച്ച് മാര്‍ട്ടിന്‍ വിജയശ്രീലാളിതനായി സംസാരിച്ചത് വെറുതെയല്ല.
ജെയിംസ് ബോണ്ട് തന്റെ വാഹനത്തിന് വെളിയില്‍ വെച്ച് ഫോണ്‍വിളി നടത്താമെന്ന് സ്വപ്നം പോലും കാണാത്ത കാലത്ത് സഞ്ചരിക്കുമ്പോള്‍ കൊണ്ടുനടക്കാവുന്ന ഫോണ്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ കൂപ്പര്‍ പിന്നീട് മോട്ടോറോള മൊബൈല്‍ കമ്പനിയുടെ ജനറല്‍ മാനേജറായി ചുമതലയേറ്റു. എന്നാല്‍ പിന്നെയും പത്ത് വര്‍ഷം വേണ്ടി വന്നു മൊബൈല്‍ ഫോണിന്റെ വാണിജ്യ രൂപം പുറത്തിറങ്ങാന്‍.
വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മിച്ചതും മോട്ടറോള തന്നെയായിരുന്നു. 1983 ലാണ് ഈ ഫോണ്‍ വിപണിയിലിറങ്ങുന്നത്. ഡൈനാടാക് 8000എക്‌സ്(DynaTAC 8000x) എന്നായിരുന്നു ഫോണിന്റെ പേര്. രണ്ട് കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു.
മാര്‍ട്ടിന്‍ കൂപ്പറിന്റെ പേരില്‍ 11 കണ്ടെത്തലുകളാണ് ഉള്ളത്. അദ്ദേഹത്തിന്റെ ഭാര്യ ആര്‍ളിന്‍ ഹാരിസും ഈ മേഖലയിലെ ഗവേഷകയായിരുന്നു. 'ഫസ്റ്റ് ലേഡി ഓഫ് വയര്‍ലെസ്' എന്നാണ് അവരെ വിളിക്കുന്നത് തന്നെ. സാങ്കേതിക രംഗത്തെ സംഭാവനകളെ മാനിച്ച് ഇല്ലിനോയിസ് സര്‍വകാലാശാല 2004 ല്‍ മാര്‍ട്ടിന്‍ കൂപ്പര്‍ക്ക് ബഹുമതിയായി ഡോക്ടറേറ്റ് സമ്മാനിച്ചു
1990 കളിലാണ് മൊബൈല്‍ തരംഗമായി തുടങ്ങുന്നത്. 1990ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുണ്ടായിരുന്നു.
നാല് പതിറ്റാണ്ട് മുമ്പ് മാര്‍ട്ടിന്‍ കൂപ്പര്‍ നടന്നതുപോലെ എണ്ണിയാലൊടുങ്ങാത്ത സ്മാര്‍ട് ഫോണ്‍ വകഭേദങ്ങളും കൈയ്യിലൊതുക്കി ഇന്ന് കോടിക്കണക്കിനാളുകള്‍ ലോകത്തെ വിവിധ തെരുവുകളിലൂടെ തലങ്ങുംവിലങ്ങും നടക്കുന്നു. ഇപ്പോള്‍, ലോകത്തിലേറ്റവും ആളുകള്‍ നേരിട്ടു പ്രവര്‍ത്തിക്കുന്ന യന്ത്രസംവിധാനമാണ് മൊബൈല്‍ ഫോണ്‍. ലോകജനസംഖ്യയുടെ പകുതിയിലധികമായിരിക്കുന്നു മൊബൈല്‍ഫോണുകളുടെ എണ്ണം.ടുജിയും ത്രീജിയും ഫോര്‍ജിയും കടന്ന് ഫൈവ് ജിയില്‍ എത്തിയിരിക്കുന്നു.
ആദ്യകാലത്ത് മോട്ടറോളയായിരുന്നു മൊബൈല്‍ വിപണിയിലെ രാജാക്കന്മാര്‍. പിന്നീട് നോക്കിയ അവതരിച്ചതോടെ മൊബൈല്‍ ഫോണ്‍ രംഗത്ത് വിപ്ലവം നടന്നു. തുടര്‍ന്ന് സാംസങ്ങ് വിപണി കീഴടക്കി. പിന്നീട് സാംസങ്ങ് തകരുന്ന കാഴ്ചയും കണ്ടു. ഇപ്പോള്‍ സാംസങ്ങിനൊപ്പം ആപ്പിളും ഹുവായിയും ഓപ്പോയും ഷവോമിയുമൊക്കെ വിപണി പങ്കിട്ടെടുത്തിരിക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1